ജിന്നുകോട്ടയുടെ രാത്രിവാതിൽ തുറക്കുേമ്പാൾ
text_fieldsപോയകാലത്തിെൻറ രേഖപ്പെടുത്തലുകളാണ് ചരിത്രസ്മാരകങ്ങൾ. ഒരു ജനത ജീവിച്ചുമരിച്ചതിെൻറയോ ആധുനിക സൗകര്യങ്ങൾ തിരഞ്ഞ് ഒരിടത്തുനിന്ന് മറ്റൊരിടത്തേക്ക് കൂട്ടപ്പലായനം ചെയ്തതിെൻറയോ ശേഷിപ്പുകൾ ഇന്നും കോട്ടംതട്ടാതെ സൂക്ഷിക്കുമ്പോഴാണ് ആധുനികർ എന്നവകാശപ്പെടുന്നവരൊക്കെ ചരിത്രത്തോട് പ്രതിബദ്ധതയുള്ളവരാകുന്നത്.
സൗദിയിലെ മധ്യപ്രവിശ്യയായ പഴയകാല നജ്ദിലെ അൽ സുദൈർ പ്രദേശത്തിെൻറ തലസ്ഥാനമായ അൽ മജ്മ എന്ന ഉൾനാടൻ ഗ്രാമത്തിലുള്ള, 18ാം നൂറ്റാണ്ടിലെ അൽ മുനീഖ് കോട്ടയും അതിനോടുചേർന്ന് പണ്ടുണ്ടായിരുന്ന ഒരു ജനവാസകേന്ദ്രവും കാണുകയെന്ന ലക്ഷ്യത്തിലാണ് ബലിപെരുന്നാൾ അവധിക്കാലത്ത് ഞങ്ങൾ അഞ്ചംഗ സംഘം പുറപ്പെട്ടത്. ദീര ഗദീം എന്നറിയപ്പെടുന്ന ആ പ്രദേശം വിദൂരങ്ങളിൽനിന്ന് ഹജ്ജിനുപോകുന്ന കാഫിലകളെ നിരീക്ഷിക്കുകയും സംരക്ഷിക്കുകയും ചെയ്യുന്ന ഒരിടത്താവളമായിരുന്നു.
പഴക്കംചെന്ന ആ കോട്ടയുടെ വലിയ ഇരുമ്പുവാതിൽ തുറന്ന് അകത്തേക്കു പ്രവേശിക്കുമ്പോൾ, നിഴലുകൾ നീളംെവക്കുന്ന സായന്തന സൂര്യകിരണങ്ങൾ ആ പ്രാചീന കൊട്ടാരത്തിെൻറ തവിട്ടു മൺഭിത്തികളിൽ കുങ്കുമവെളിച്ചത്തിെൻറ കാകളിയെഴുതിത്തുടങ്ങിയിരുന്നു. പ്രാപഞ്ചികമായ അറിവുപ്രകാരം, പ്രാദേശികമായി ലഭിച്ചിരുന്ന അസംസ്കൃത വസ്തുക്കളായ ചുവന്ന കളിമണ്ണും ഈത്തപ്പന നാരുകളും കൊണ്ടായിരുന്നു കൊട്ടാരച്ചുമരുകളും കോട്ടമതിലുകളും പടുത്തുയർത്തിയിരുന്നത്.
ഈത്തപ്പനത്തടികളും മറ്റു മരത്തടികളും നെടുകെയും കുറുകെയും പാകി അവക്കൊപ്പം കുഴച്ച കളിമണ്ണുകൊണ്ട് നിർമിച്ച മട്ടുപ്പാവിലേക്ക് കയറാൻ പ്രത്യേക മൺപടവുകൾ. ഞങ്ങൾ അതുവഴി നേരേ മുകളിലേക്കു കയറി. അവിടെനിന്ന് നോക്കിയാൽ ആധുനിക നഗരത്തിൽനിന്ന് വേറിട്ട്, മജ്മയുടെ പൗരാണിക സൗന്ദര്യം ദൃശ്യമാകും. കോട്ടക്കുള്ളിൽത്തന്നെ, പുരാതന മാതൃകയിൽ നിർമിച്ച ഒരു പള്ളിയുണ്ട്. മിമ്പറും ഹൗളുകളും തുറന്ന ജാലകങ്ങളോടുകൂടിയ നമസ്കാരപ്പുരയും അതിെൻറ പരമ്പരാഗത നിർമാണശൈലികൊണ്ട് വ്യത്യസ്തമായി തോന്നി.
തുറസ്സായ ചത്വരത്തിൽനിന്നുകൊണ്ട് ഒരു വിഹഗവീക്ഷണം നടത്തിയാൽ, കഴിഞ്ഞ കാലങ്ങളെ ഓർത്തെടുക്കത്തക്ക സംയോജിത നിർമിതികളുടെ എടുപ്പുകളും ആധുനിക തച്ചുശാസ്ത്രത്തെ വെല്ലുന്ന രീതിയിലുള്ള പുരാതന ഇസ്ലാമിക വാസ്തുവിദ്യയുടെ ചാരുതയും കണ്ണുകൾകൊണ്ട് ഒപ്പിയെടുക്കാം. ക്ഷയോന്മുഖമായ കോട്ടയുടെ ഗതകാല പ്രൗഢി അതേപടി നിലനിർത്താനായില്ലെങ്കിലും, പഴമയും പുതുമയും സമ്മേളിക്കത്തക്കരീതിയിൽ സർക്കാർ അവയെ പൈതൃകഗ്രാമങ്ങളായി സംരക്ഷിച്ചുപോരുന്നു. ഈയടുത്ത കാലത്താണ് യുനെസ്കോയുടെ ലോക പൈതൃകപ്പട്ടികയിൽ ഇടംനേടുക എന്ന ലക്ഷ്യത്തോടെ ഈ സൂക്ഷിപ്പുകളും പുനരുദ്ധരിക്കാൻ തുടങ്ങിയത്.
മൺകുടികളിലുറങ്ങുന്ന ജിന്നുകൾ
കോട്ടയെയും പുരാതന ജനവാസകേന്ദ്രത്തെയും വേർതിരിച്ചുകൊണ്ട്, ടാറിട്ട റോഡ് നിലവിൽവന്നിട്ടുണ്ട്. സൂര്യൻ അസ്തമയ യാമത്തോടടുക്കുന്നു. കോട്ടയിൽനിന്നിറങ്ങി വാഹനത്തിൽ കയറിയ ഞങ്ങൾ ആ മൺനിർമിതികൾക്കുള്ളിലേക്ക് പ്രവേശിക്കാൻ അൽപം മുന്നോട്ടുപോയി യു ടേൺ എടുത്തു. മൺസൗധങ്ങൾക്കിടയിൽ വാഹനങ്ങൾക്ക് പ്രവേശിക്കത്തക്ക രീതിയിൽ ഒരു ഗല്ലി കണ്ടപ്പോൾ നസീർ അതിെൻറ ഓരത്ത് പാർക്ക് ചെയ്ത് കാമറയുമായി പുറത്തിറങ്ങി. അപ്പോഴേക്കും സന്ധ്യയുടെ ചോപ്പ് പതിയെ കാർവർണമായിത്തുടങ്ങിയിരുന്നു.
പൗരാണികതയുടെ പ്രൗഢിയോടെ തലയുയർത്തി നിൽക്കുന്ന ആ മൺകുടീരങ്ങളിൽ അങ്ങിങ്ങായി വൈദ്യുതിവിളക്കുകൾ മങ്ങിക്കത്തുന്നു. അകത്തേക്ക് നടന്നുകയറുംതോറും, ഇരുവശത്തും ഒരേ മാതൃകയിൽ തൊട്ടുതൊട്ട് അനേകം മൺവീടുകൾ. അനസ, ഷമ്മാർ തുടങ്ങിയ ഗോത്രവർഗക്കാരിലാരോ പുരാതനകാലത്ത് പണികഴിപ്പിച്ച ചരിത്രനിർമിതികളായ മൺസൗധങ്ങൾ. അവയിൽ ചിലതെല്ലാം വാതിലുകളടഞ്ഞ് ഭദ്രമായ നിലയിൽ. മറ്റു ചിലത് വാതിലുകൾ പാതി തുറന്നുകിടക്കുന്ന നിലയിൽ.
അവയിലേക്കൊന്ന് എത്തിനോക്കിയാൽ കട്ടപിടിച്ച ഇരുട്ടു മാത്രം. തലങ്ങും വിലങ്ങും അനേകം ഇടുങ്ങിയ ഗല്ലികൾ. ഒരു വീടിെൻറ മട്ടുപ്പാവിൽനിന്ന് ഗല്ലിക്കപ്പുറമുള്ള വീട്ടിലേക്ക് പണിത പുരാതന ഫ്ലൈഓവറുകൾ. ആധുനിക അറബ് സമൂഹത്തിെൻറ പ്രപിതാക്കന്മാർ, കൊടുത്തും വാങ്ങിയും സമൂഹമായി ജീവിച്ചുപോന്നതിെൻറ വ്യക്തമായ തെളിവുകൾ. ആ സമയം പുറത്തുനിന്ന് വന്ന ഞങ്ങൾ അഞ്ചു പേരല്ലാതെ മറ്റൊരു ജീവിയും അതിനകത്തില്ല, കടുത്ത ഭയവും വിഹ്വലതകളും ജനിപ്പിക്കുന്ന ഒരന്തരീക്ഷമായിരുന്നു അത്. ഭർത്താവുൾപ്പെടെ നാലു പുരുഷന്മാരോടൊപ്പം ഞാനൊരു സ്ത്രീ ഒറ്റക്ക് എന്നൊരു നീലിച്ച സങ്കടം എെൻറയുള്ളിലുണ്ടായിരുന്നു. ചാഞ്ഞും ചരിഞ്ഞും ഒറ്റയ്ക്കും കൂടിനിന്നും ഫോട്ടോയെടുത്തും തമാശകൾ പറഞ്ഞും ആ ഇരുണ്ട ഗല്ലികളിലൂടെ നടക്കുമ്പോൾ ആൾപ്പാർപ്പില്ലാത്ത മൺകുടികളിൽ അന്തിയുറങ്ങാനെത്തുന്ന ജിന്നുകളെപ്പറ്റിയായിരുന്നു എെൻറ ചിന്ത മുഴുവൻ. ഏറ്റവും പിന്നിൽ നടന്നിരുന്ന ഞാൻ ആ ചിന്തകളെ കൂടെ നടന്ന സുഹൃത്ത് നസീറുമായി പങ്കുെവച്ചു.
അതേയതേ... കഥയെഴുതാൻ പറ്റിയ വിഷയം തന്നെ. അദൃശ്യരായ ജിന്നുകളെ കാണാൻ കഴിയുന്ന പ്രത്യേക തരം ലെൻസോടുകൂടിയ ഒരു കാമറ കൈവശമുണ്ടെന്നു കരുതുക. പിന്നീട് അതിലൂടെ കാണുന്ന ദൃശ്യങ്ങൾ ഫാൻറസിക്ക് സമാനമായി എഴുതിയാൽ നന്നായിരിക്കും. പുള്ളി, ഒരു നിഗൂഢ കഥയുടെ ത്രെഡ് മനസ്സിലിട്ടുതന്നതോടെ, എെൻറയുള്ളിൽ അതിസങ്കീർണമായ ഒരു ഭയം ചേക്കേറുന്നതുപോലെ. നസീർ ലെൻസുകളെപ്പറ്റി പറഞ്ഞപ്പോൾ ആ മരണരശ്മികളെപ്പറ്റിയാണ് പൊടുന്നനെ ഞാനോർത്തത്.
അദൃശ്യരായ ജിന്നുകളിലാരൊക്കെയോ തൊട്ടുപിന്നിലായി എന്നെ പിന്തുടരുന്നു എന്നൊരു ദുരൂഹ ചിന്ത ഉൾവിളിയായപ്പോൾ, പിന്നിൽ നടന്ന ഞാൻ മുന്നിലേക്കു കയറി നടപ്പ് തുടങ്ങി. കണ്ടുമറഞ്ഞതുതന്നെ വീണ്ടും വീണ്ടും കാണുന്നതുകൊണ്ടോ എന്തോ, മെക്സിക്കോയിലെ മായൻ സംസ്കാരത്തിെൻറ നിർമിതികൾപോലെ ഇവിടെയും മൺകുടീരങ്ങളുടെ നിർമിതിയിൽ, ചില ജ്യാമിതീയ നിഗൂഢതകൾ ഒളിഞ്ഞിരിപ്പുണ്ടെന്ന് എനിക്കു തോന്നി.
ഇരുമ്പുവാതിൽ കടന്നെത്തിയ വൃദ്ധൻ
സന്ധ്യ കഴിഞ്ഞ നേരത്ത് ആ നിഗൂഢ നിർമിതികളുടെ അജ്ഞാത കാന്തികശക്തിക്കുള്ളിലൂടെ നടക്കുമ്പോൾ അവിചാരിതമായി ഞങ്ങൾക്കു മുന്നിലെ ഇരുമ്പുവാതിൽ ഭീമാകാരശബ്ദത്തോടെ തുറക്കപ്പെട്ടു. തോബും ഷിമാഗും ധരിച്ച വൃദ്ധനായ ഒരറബി, പരുക്കൻ സ്വരത്തിൽ അഭിവാദ്യങ്ങളോടെ ഞങ്ങൾക്കു മുന്നിൽ പ്രത്യക്ഷപ്പെട്ടു. എെൻറ കൂടെയുണ്ടായിരുന്നവർ പ്രത്യഭിവാദ്യം ചെയ്തുകൊണ്ട് ആ വൃദ്ധന് ഹസ്തദാനം ചെയ്ത് അയാൾക്കു പിന്നാലെ, തുറക്കപ്പെട്ട ആ ഇരുമ്പുവാതിലിലൂടെ അകത്തേക്കു പ്രവേശിച്ചു. ഒരു ഇന്ദ്രജാലത്തിലെന്നപോലെ അതെല്ലാം കണ്ടുനിന്ന ഞാൻ പൊടുന്നനെ സ്ഥലകാലബോധം വീണ്ടെടുത്ത് അവരോടൊപ്പം അകത്തേക്കു പ്രവേശിച്ചു.
പുറത്തുകണ്ട പ്രതീതിയൊന്നുമല്ല അകത്ത്. പൗരാണിക ഗ്രാമത്തിെൻറ സംസ്കൃതിയുടെ തിരുശേഷിപ്പുകൾ ഭംഗിയോടും സൂക്ഷ്മതയോടുംകൂടി സൂക്ഷിക്കുന്ന ഇടമായിരുന്നു അത്. വൃദ്ധൻ ഞങ്ങളോടൊപ്പം ചുറ്റിനടന്ന് ഓരോന്നും വിശദീകരിച്ചുതന്നു. കുലച്ചുനിൽക്കുന്ന ഈന്തപ്പനകളിൽനിന്ന് പാതി പഴുത്ത ഈത്തപ്പഴങ്ങൾ കൈയെത്തിച്ച് ഞങ്ങൾ അടർത്തിയെടുത്തു. തൊട്ടടുത്തുതന്നെ പാകമായ അത്തിപ്പഴങ്ങളുമുണ്ടായിരുന്നു. കോഴികളെയും ചെമ്മരിയാടുകളെയും പരിപാലിക്കുന്നതിനായി ബംഗാളികളായ ആമിലുകൾ. വൃദ്ധനായ അറബി ഞങ്ങളെ ഒരു വലിയ കിണറ്റിനടുത്തേക്ക് കൂട്ടിക്കൊണ്ടുപോയി.
ഒട്ടകം, കഴുത തുടങ്ങിയ ഉരുക്കളെ വടത്തിൽ ബന്ധിച്ച്, ഒരറ്റത്ത് വലിയ തൊട്ടി കെട്ടിയിറക്കിയാണ്, കിണറ്റിലെ വെള്ളം മുകളിൽ എത്തിച്ചിരുന്നത്. ഉരുക്കൾക്ക് പകരം ആമിലുകളെക്കൊണ്ട്, വടം വലിപ്പിച്ച് വെള്ളംകോരുന്ന വിദ്യ വിവരിച്ചു. കാൽപനികതയിലൂടെയുള്ള അപഥസഞ്ചാരങ്ങൾ അൽപം കൂടുതലുള്ളതുകൊണ്ടോ മനോദൗർബല്യങ്ങളുടെ പരികൽപനകൾകൊണ്ടോ എന്തോ, വർത്തമാനങ്ങളിൽ നിന്നുകൊണ്ടുതന്നെ മനസ്സ് ഭൂതകാലത്തിെൻറ ചിറകുകളെടുത്തണിഞ്ഞു. ഋതുഭേദങ്ങൾ വകവെക്കാതെ, അത് കാലാന്തരങ്ങളിലേക്ക് സഞ്ചരിക്കാൻ തുടങ്ങി.
വെള്ളമൊഴുകിയ വഴികളൊക്കെ പൊടുന്നനെ ഉർവരമായി. ഒഴുക്കു നിലച്ച് പണ്ടെങ്ങോ മൺമറഞ്ഞുപോയ നദികളൊക്കെ ഞൊടിയിടയിൽ സജലങ്ങളായി. നിശ്ചലമായതെല്ലാം ചടുലമായി. ഉർവരമായ ഇടങ്ങളിലേക്ക് ഒട്ടകപ്പുറത്ത് സാർഥവാഹകസംഘങ്ങൾ വന്നിറങ്ങി. അവരുടെ കൈകളിൽ ഉഴവുകലപ്പയും വാൾ, കത്തി തുടങ്ങിയ ആയുധങ്ങളുമുണ്ടായിരുന്നു. അവർ മരുഭൂമിയുടെ മാസ്മരികതയിൽ ആട്ടിൻപറ്റങ്ങെളയും ഒട്ടകക്കൂട്ടങ്ങെളയും മേച്ചുനടന്നു. ഈന്തപ്പനകളും ഒലിവും അത്തിയും സിദ്ർ മരങ്ങളും ഫലം കായ്ച്ചുനിന്നു. ഗോതമ്പുപാടങ്ങൾ വെള്ളം തേവി നനച്ച് അവർ ധാന്യങ്ങൾ ശേഖരിച്ചു. മോഹിപ്പിക്കുന്ന നിർമാണശൈലിയിൽ, അൽ ബൈത്തുൽ തിമാഹി എന്നറിയപ്പെടുന്ന മൺസൗധങ്ങൾ പണിതുണ്ടാക്കി. സൂഖുകൾ എന്നറിയപ്പെടുന്ന കച്ചവടകേന്ദ്രങ്ങൾ സ്ഥാപിക്കപ്പെട്ടു. നിരത്തിെവച്ചിരിക്കുന്ന സുഗന്ധദ്രവ്യങ്ങൾ, നാടൻ ഔഷധങ്ങൾ, ഗോത്രവർഗക്കാരുടേതെന്ന് തോന്നിക്കുന്ന ഉടയാടകൾ, ആഭരണങ്ങൾ, മൺപാത്രങ്ങൾ തുടങ്ങിയ കച്ചവടസാമഗ്രികൾക്കിടയിൽ വാണിഭക്കാരുടെ കലപിലകൾ.
അത്തറും കുന്തിരിക്കവും മണക്കുന്ന തെരുവുകളിലൊക്കെയും തലയിൽ ഇലയും പൂവുമണിഞ്ഞ് നടക്കുന്ന സ്ത്രീപുരുഷന്മാർ സാധനങ്ങൾ വിലപേശി വാങ്ങുന്നു. അവർ അവരുടെ മൺകുടികളിൽ, ഭൂമിക്കടിയിലേക്ക് ഗുഹകൾപോലെ ഗർത്തങ്ങൾ പണിതുണ്ടാക്കി, വറുതിക്കാലത്തേക്കുള്ള ധാന്യങ്ങളും ഈത്തപ്പഴവും ശേഖരിച്ചു. കൂടാതെ, ഈത്തപ്പഴം ഉണക്കാനുള്ള വിശാലമായ തളങ്ങൾ, ആടിെനയും ഒട്ടകെത്തയും അറുത്ത് കെട്ടിത്തൂക്കാനുള്ള മരക്കാലുകൾ, ചോരയുണങ്ങിയ ബലിക്കല്ല്. വൈദ്യവും മന്ത്രവാദവും ഒരുമിച്ചുചേർന്നുള്ള ചികിത്സാരീതിയായതിനാലാവാം, ഗോത്രസംസ്കൃതിയോളം പഴക്കമുള്ള ആഭിചാരക്രിയകളുെടയും പ്രവചനങ്ങളുെടയും പ്രതീകമായ കൂടോത്രവെള്ളരിപോലെ, വലിയ ഉണക്കച്ചുരങ്ങകൾ റാന്തലുകൾക്കൊപ്പം കെട്ടിത്തൂക്കിയിരുന്നു.
എണ്ണവറ്റി മുനിഞ്ഞുകത്തുന്ന ശരറാന്തലുകൾക്കരികിൽ ആട്ടിൻതോൽ നിലത്തു വിരിച്ച് അതിന്മേൽ മന്ത്രവടിയും പിടിച്ചിരിക്കുന്ന വൃദ്ധകളായ ആഭിചാരിണികൾ. പകർച്ചവ്യാധികളെ ഉന്മൂലനം ചെയ്യാനോ ജിന്നുബാധയൊഴിപ്പിക്കാനോ ആയിരിക്കണം അവരിലൊരാൾ ആകാശത്തേക്ക് കൈകൾ ചുഴറ്റി എന്തൊക്കെയോ മന്ത്രങ്ങളാവാഹിച്ചെടുത്ത്, മുന്നിലിരിക്കുന്നയാളുടെ കണ്ണുകളിലേക്കെറിയുന്നു. മോഹനിദ്ര വിട്ടിട്ടെന്നപോലെ കണ്ണുതുറന്നു അയാൾ, ഗ്രാമഫോൺ റെേക്കാഡിൽനിന്ന് ഏതോ പൗരാണിക ഗാനത്തിെൻറ പതിഞ്ഞ ശ്രുതി.
താളത്തിനൊപ്പം വളരെ സാവധാനത്തിൽ വാളുയർത്തി നൃത്തച്ചുവടുവെക്കുന്ന പുരുഷന്മാർ. വരണ്ട മൗനം പിടഞ്ഞുവീഴുന്ന ഇലയനക്കങ്ങൾക്കരികിൽ ചിലർ സങ്കൽപരഥ്യയിലെന്നവണ്ണം ആത്മീയതയിൽ ലയിച്ചിരിക്കുന്നു. അവരുടെ തള്ളവിരലുകൾക്കിടയിൽ ജപമണികൾ ഉരുളുന്നു. ചുണ്ടുകൾ നിശ്ശബ്ദ കീർത്തനങ്ങൾ ഉരുവിടുന്നു. ദൈവസന്നിധിയിലേക്ക് സ്വയം സമർപ്പിച്ച ചിലരൊക്കെ ദുർഘടപാതകൾ താണ്ടി ഒട്ടകപ്പുറത്തും കഴുതപ്പുറത്തും കാൽനടയായുമൊക്കെ ദൈവഗേഹത്തിലേക്ക് സഞ്ചരിക്കുന്നു. ലബ്ബൈക്കല്ലാഹ് വിളികൾ വായുവിലലിയുന്നു.
പരിഷ്കൃത സമൂഹത്തിെൻറ പൂർവികരായിരുന്നു അവരെല്ലാം. ആധുനിക മനുഷ്യരെന്നവകാശപ്പെടുന്ന ഞങ്ങൾ തൊട്ടടുത്ത് നിന്നിട്ടും ഞങ്ങളെ കാണാത്ത ഭാവമായിരുന്നു അവരുടെ മുഖങ്ങളിൽ. ഇടനാഴിയിലൂടെ പാഞ്ഞുവന്ന കാറ്റ് ഇശാ ബാങ്കിെൻറ ഈണവും കൊണ്ടുവന്നപ്പോഴാണ്, കൂടെയുള്ളവർ സമയത്തെപ്പറ്റി ബോധവാന്മാരായതും തിരിച്ചുപോകാം എന്ന് ധിറുതി കൂട്ടിയതും. പ്രതീതിയാഥാർഥ്യംപോലെ മുന്നിൽക്കണ്ട ഭാവനകളിൽനിന്നൊക്കെ മനസ്സ് പൂർണമായും മുക്തമായി, തിരികെ വീണ്ടും ആ ഇരുമ്പുവാതിൽ ലക്ഷ്യമാക്കി ഞങ്ങൾ തിരിച്ചുനടന്നു.
ഭയത്തിെൻറ മൺതരികൾ
ഇടുങ്ങിയ ഗല്ലിയിലേക്കിറങ്ങുമ്പോൾ, അവിടം മുഴുവൻ നിഗൂഢവും വിശുദ്ധവുമായ ഒരു വെളിച്ചം തങ്ങിനിൽക്കുന്നതുപോലെ. ഏതു വഴിയിലൂടെയാണ് ഞങ്ങളവിടെ എത്തിച്ചേർന്നതെന്നറിയാതെ കുഴങ്ങി. എല്ലാ വഴികളും ഒരുപോലെ. വണ്ടി പാർക്ക് ചെയ്ത ഗല്ലി അന്വേഷിച്ച് ഞങ്ങൾ നടപ്പു തുടങ്ങി. ഓരോ ഗല്ലിയിലേക്കു കടക്കുമ്പോഴും ഇതിലേതന്നെയാണല്ലോ മുമ്പും നടന്നത് എന്നവിധത്തിലുള്ള ദിഗ്ഭ്രമം പിടികൂടി. എത്ര നടന്നിട്ടും വണ്ടി പാർക്ക് ചെയ്ത ഗല്ലി മാത്രം കണ്ടില്ല. ഒന്നിച്ചു നടന്ന് വഴിതെറ്റുന്നതിെനക്കാൾ ഭേദം രണ്ടു വഴികളായി പിരിഞ്ഞ് അന്വേഷിക്കാം എന്ന ആശയം മുന്നോട്ടുെവച്ചത് ലത്തീഫും അൻവറുമാണ്. ഇരുവഴികളിലായി വീണ്ടും ഞങ്ങൾ തിരച്ചിലാരംഭിച്ചു.
രാത്രിയുടെ മലർക്കെത്തുറന്ന വാതിലിലൂടെ നടക്കുമ്പോൾ ചില അസാധാരണ മുഴക്കങ്ങൾ, മൺപൊത്തുകളിൽനിന്ന് മരതകപ്രാവുകളുടെ കുറുകൽ. കുെറ മുന്നോട്ടുചെന്നപ്പോൾ എതിെര വരുന്ന രണ്ടു യുവാക്കളെ കണ്ടു. ആധുനിക രീതിയിൽ വസ്ത്രധാരണം ചെയ്ത്, യൂറോപ്യൻ ഛായയുള്ള അവരോട് ഞങ്ങൾ പുറത്തുകടക്കാനുള്ള വഴി ചോദിച്ചു. ഇടത് വശത്തേക്ക് ചൂണ്ടി അറബിയിൽ അവർ വഴി പറഞ്ഞുതന്നു. ഒടുവിൽ കറങ്ങിത്തിരിഞ്ഞ്, എങ്ങനെയോ ആ മൺസാമ്രാജ്യത്തിൽനിന്ന് പുറത്തുകടന്ന് ഞങ്ങൾ ടാറിട്ട റോഡിലെത്തി, അപ്പോഴാണ് ശ്വാസം നേെര വീണത്.
അൽപസമയത്തിനുള്ളിൽ മറ്റു രണ്ടു പേരും കറങ്ങിത്തിരിഞ്ഞ് പുറത്തുകടന്നു. പിന്നെ, വാഹനങ്ങൾ പോകുന്ന റോഡിലൂടെ ഏറെ ദൂരം നടന്ന് കാർ പാർക്ക് ചെയ്ത ഗല്ലി കണ്ടെത്തി. ഹോ, എന്തൊരാശ്വാസം. വണ്ടി അതാ കിടക്കുന്നു. ഭയത്തിെൻറ മൺതരികൾ കുടഞ്ഞുകളഞ്ഞ് എല്ലാവരും വണ്ടിയിൽ കയറി. അപ്പോഴേക്ക്, കഴിച്ച ഉച്ച ബിരിയാണിയൊക്കെ ദഹിച്ച്, അഞ്ചു വയറുകളിൽ വിശപ്പിെൻറ കൂട്ടവിളി തുടങ്ങിയിരുന്നു...
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.