കരിനീലക്കടലും പച്ചപുതച്ച മലനിരകളും; ഇത് ബാലിയിലെ വിസ്മയ ദ്വീപ്
text_fields
ഒന്നാം വിവാഹവാർഷികത്തോടനുബന്ധിച്ചുതന്നെ ബോണസ് കിട്ടിയാൽ അതിന് ഒരു അർഥമേയുള്ളൂ, അതുപയോഗിച്ച് ഏറ്റവും ഇഷ്ടമുള്ള കാര്യം ചെയ്യുക. യാത്ര തലക്കുപിടിച്ച നല്ലപാതി കൂടെയുണ്ടെങ്കിൽ ഏതു പാതിരാക്കും കെട്ടുമുറുക്കാം. ബംഗളൂരുവിലെ തിരക്കുപിടിച്ച െഎ.ടി ജോലിക്കിടെ കമ്പ്യൂട്ടറിലൂടെ ഗൂഗ്ൾ വഴിയുള്ള ടൂർ മാത്രമാണ് കുറച്ചുകാലമായി നടക്കുന്നത്. ഇൗ വിർച്വൽ അലഞ്ഞുതിരിയലിനിടയിൽ പലപ്പോഴും െചന്നുനിന്നിട്ടുള്ള സ്ഥലമാണ് നുസ പെനിദ. അതുകൊണ്ട് എവിടെ പോകണമെന്ന കാര്യത്തിൽ ഏറെയൊന്നും ചിന്തിക്കേണ്ടിവന്നില്ല.
നമ്മുടെ രാജ്യത്തിെൻറയും ഭൂഖണ്ഡത്തിെൻറയും പേരുകൾ ചേർന്നിരിക്കുന്ന ഇന്തോനേഷ്യയിലാണ് നുസ പെനിദ. ഹിന്ദു, ബുദ്ധിസ്റ്റ്, മുസ്ലിം സംസ്കാരങ്ങൾ പരസ്പരം ലയിച്ചുചേർന്നിരിക്കുന്ന രാജ്യമാണിത്. വിനോദസഞ്ചാരം മാത്രമല്ല ചരിത്രാന്വേഷണത്തിനും പറ്റിയ ഇടമാണ് ഇവിടം. സംസ്കാരം, പാരമ്പര്യം, ഭാഷ എന്നിവയുടെ സമന്വയമാണ് ഇന്തോനേഷ്യയിലെ ജനങ്ങൾ.
അക്വേറിയത്തിൽ മീൻതീറ്റ ഇട്ടപോലെ കടലിൽ ചിതറിക്കിടക്കുന്ന 17,508 ദ്വീപുകൾ കൂടിച്ചേർന്നാൽ ഇന്തോനേഷ്യയായി. നെടുമ്പാശ്ശേരിയിൽനിന്ന് രാത്രി 12നായിരുന്നു വിമാനം. ആദ്യം മലേഷ്യയിലെ ക്വാലാലംപുരിലേക്ക്. അവിടെ മൂന്ന് മണിക്കൂർ കാത്തിരിപ്പിനുശേഷം ബാലിയിലേക്കുള്ള വിമാനമെത്തി. പ്രാദേശിക സമയം വൈകീട്ട് നാലിന് ബാലിയിൽ ഇറങ്ങി. ബാലിയുടെ തെക്കുകിഴക്കൻ ഭാഗത്തുള്ള ക്ലംകുങ് ജില്ലയിലാണ് നുസ പെനിദ. ബദുങ് കടലിടുക്കിനോട് ചേർന്നാണ് മലകൾ നിറഞ്ഞ നുസ പെനിദ. സമുദ്രനിരപ്പിൽനിന്ന് 524 മീറ്റർ ഉയരം വരും.
ബാലിയിലെ ഫേം സൺസെറ്റ് ഹോട്ടലിലായിരുന്നു താമസ സൗകര്യം ഏർപ്പെടുത്തിയിരുന്നത്. നേരേത്ത ബുക്ക് ചെയ്തിരുന്നതിനാൽ പൂക്കളുമായി ഹോട്ടൽ അധികൃതർ കാത്തുനിന്നിരുന്നു. യാത്രാക്ഷീണം തീർത്ത് അതിരാവിലെ എഴുന്നേറ്റ് സനൂർ ബീച്ചിലേക്കുള്ള റോഡിലേക്ക് എത്തി. അവിടെനിന്നാണ് നുസ പെനിദയിലേക്ക് പോകുന്നത്. സനൂറിലേക്ക് കേറുന്നിടത്തും ബാലിയുടെ പ്രത്യേകതയായ ഗേറ്റ് ഉണ്ട്. നിറയെ ചിത്രപ്പണികളുള്ള ഉയരം കൂടുംതോറും കൂർത്തുകൂർത്ത് വരുന്ന ഗേറ്റ്. അവിടെനിന്നുതന്നെ ഓരോ ഏജൻറുമാർ നമ്മളെ സമീപിച്ചുതുടങ്ങും.
'നുസ പെനിദ... നുസ പെനിദ.. ബോട്ട്... ബോട്ട്...' എന്ന വിളികളാണ് എവിടെയും. ദ്വീപിലേക്കുള്ള ബോട്ടിലേക്ക് ആളുകളെ കൂട്ടുകയാണവർ. ബാലിയിലെ ആളുകൾ അതിഥികളോട് നല്ല രീതിയിൽ പെരുമാറുന്നവരാണ്. അവർ ഒരിക്കലും തർക്കിച്ചോ ദേഷ്യെപ്പട്ടോ നമ്മളെ ദേഷ്യെപ്പടുത്തില്ല. അവർക്കറിയാം അവരുടെ പ്രധാന വരുമാനം ടൂറിസം ആണെന്ന്. നുസ പെനിദയിലേക്കുള്ള ബോട്ട് നേരേത്ത ബുക്ക് ചെയ്തിരുന്നു. രാവിലെ എട്ടുമണിയോടെ ഞങ്ങളുടെ ഡ്രൈവർ ഞങ്ങളെ സനൂരിൽ ട്രാവൽ ഏജൻസിയുടെ ഓഫിസിൽ എത്തിച്ചു. എങ്കിലും ഇടക്ക് ഓരോ ഏജൻറുമാർ വന്ന് കാൻവാസിങ് നടത്തുന്നുണ്ട്. സനൂർ ബീച്ചിലേക്കുള്ള വഴിയുടെ ഒരുവശം കടലും മറുവശം കടകളും നുസ പെനിദയിലേക്ക് കൊണ്ടുപോകുന്ന ഏജൻസികളുടെ ഓഫിസുകളും ചെറിയ ചായക്കടകളും ഒക്കെ ആണ്.
കടലിനരികിലെ റോഡിനോട് ചേർന്ന് നിറയെ ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്നു. അവെയല്ലാം ന്യൂസായിലേക്കു യാത്രികരെ കൊണ്ടുപോകുന്നവയാണ്. ഹോട്ടലിൽ നിന്ന് തന്നുവിട്ട ഭക്ഷണം ഞങ്ങൾ അവിടെ ഇരുന്നാണ് കഴിച്ചത്. യാത്രയിൽ ഒപ്പംകൂടിയ സുഹൃത്ത് ജോയ്സും ഭാര്യ ടാനിയയും ബോട്ടുകളെക്കുറിച്ച് തർക്കിച്ചുകൊണ്ടിരിക്കുന്നു. 'ആ ബോട്ട് ആയിരുന്നാൽ മതിയാരുന്നു' അവിടെ നങ്കൂരമിട്ടിരിക്കുന്ന മഞ്ഞ കളർ ഉള്ള ഒരു ബോട്ട് നോക്കി ജോയ്സ് പറഞ്ഞു. 'എെൻറ ഇച്ചായാ അതൊക്കെ കൂടിയ ഇനമാണ്' ടാനിയക്ക് സംശയമില്ല. ബോട്ടുകൾ ആളുകളെ നിറച്ചു പോയിത്തുടങ്ങി. കൂടുതലും യൂറോപ്യന്മാരാണ്. കുറച്ചു കഴിഞ്ഞപ്പോൾ ഞങ്ങളുടെ ബോട്ടിെൻറ ആളുകളും എത്തി. കൈയിൽ ഒരു ബാൻഡ് കെട്ടാൻ തന്നു.
'നുസ പെനിദ 8.30 സ്റ്റാർട്ട്...'
അവർ പറയുന്നത് പ്രത്യേക ഇംഗ്ലീഷ് ആണ്. ഇന്തോനേഷ്യൻ ഭാഷ പുരട്ടിയ ഇംഗ്ലീഷ്. വിനയവും ബഹുമാനവും കൂടിക്കലർന്ന ഇംഗ്ലീഷ്. ഓരോരുത്തർക്കും ലൈഫ് ജാക്കറ്റ് തന്ന് അവർ ഞങ്ങളുടെ ബോട്ടിലേക്ക് കൈചൂണ്ടി. 'സ്റ്റാർട്ട്. 8.30 ഗോ...' ജോയ്സിെൻറ മുഖത്ത് ചിരിമായുന്നില്ല. അവൻ കണ്ണുവെച്ച മഞ്ഞ ബോട്ടാണത്. ടാനിയ മിണ്ടുന്നില്ല. ചെറിയ തിര വരുന്ന കടലിലൂടെ ഞങ്ങൾ ബോട്ടിലേക്ക് കാലുവെച്ചു. കടൽ തിര കൊണ്ട് ഞങ്ങളെ പിന്നിലേക്ക് തള്ളിക്കൊണ്ടിരുന്നു.
ബോട്ട് അത്യാവശ്യം വലുപ്പമുള്ളതാണ്. 60 പേരെങ്കിലും ഉണ്ടാവും. കടലിലൂടെ ഒരു മണിക്കൂർ യാത്ര ചെയ്താലേ നുസയിൽ എത്തൂ. പതിയെ നീങ്ങിത്തുടങ്ങിയ ബോട്ടിന് വേഗം കൂടിയത് പെട്ടെന്നായിരുന്നു. തിരയിൽനിന്ന് തിരയിലേക്കു ചാടിച്ചാടി ഉള്ള യാത്ര. ഓരോ തിരയിലും ബോട്ടിെൻറ മുൻ വശം ഉയരും. പിന്നെ തിരക്കെതിരെ ഒരു പറക്കൽ. പിന്നെ കടലിൽ വന്നുപതിക്കും. ചിലപ്പോൾ കടൽവെള്ളം അകത്തേക്ക് തെറിക്കും. നല്ലപാതി ശ്രീവിദ്യയും ടാനിയയും പേടിച്ചുതുടങ്ങി.
സ്വന്തം നിലക്കുതന്നെ ആവശ്യത്തിന് പേടി ഉണ്ടായിരുന്നതുകൊണ്ട് ആശ്വസിപ്പിക്കാനൊന്നും പോയില്ല. ഇഷ്ട ബോട്ടിൽ ഇഷ്ടംപോലെ സെൽഫി എടുക്കുകയാണ് ജോയ്സ്. ബോട്ട് ഓരോതവണ ചാടുേമ്പാഴും ചെറിയ പേടി ആർക്കും തോന്നും. അര മണിക്കൂർ കഴിഞ്ഞപ്പോൾ അകലെ തീരം ചെറുതായി കണ്ടുതുടങ്ങി. അവിടേക്ക് അടുക്കുംതോറും നുസ ദ്വീപിലെ പച്ചനിറവും മരങ്ങളുടെ ഭംഗിയും ഏറിവന്നു. തെളിഞ്ഞ നീലാകാശത്തോട് ചേർന്ന് പച്ച നിറത്തിൽ നുസ കിടക്കുന്നു. ഇവിടെ ബീച്ചിനു വെളുത്ത നിറമാണ്. ഈ വെള്ളാരം മണൽ തന്നെയാണ് ഇതിെൻറ ആകർഷണവും. സൂര്യപ്രകാശത്തിൽ മണൽ വജ്രംപോലെ വെട്ടിത്തിളങ്ങും. ഒപ്പം ആകാശത്തിെൻറ നീലനിറം കടലിൽ പ്രതിഫലിക്കും. ഇതോടെ നുസ പലനിറത്തിൽ തിളങ്ങും.
സ്വപ്നദ്വീപിൽ
നുസ ഇറങ്ങിയപ്പോൾതന്നെ മനസ്സ് നിറഞ്ഞു. വർണിക്കാനാവാത്ത ഭംഗിയാണ് നുസക്ക്. ഞങ്ങൾക്കൊപ്പമുള്ള ഏജൻറ് യാത്രാപദ്ധതി വിശദീകരിച്ചു തുടങ്ങി. നുസ പെനിദയിൽ കാണാൻ പോകുന്നത് നാല് അന്താരാഷ്ട്ര വിനോദ കേന്ദ്രങ്ങളാണ്. ക്ലീൻ കിങ് ബീച്ച്, ബില്ല ബോങ്, ബ്രോക്കൺ ബീച്ച്, ക്രിസ്റ്റൽ ബേ ബീച്ച്. ആദ്യം എങ്ങോട്ട് പോകും എന്നത് തുടങ്ങി അഞ്ചു മണിയോടെ തിരിച്ചു ജെട്ടിയിൽ എത്തും വരെയുള്ള കാര്യങ്ങൾ പറഞ്ഞുമനസ്സിലാക്കി. ഇനിയുള്ള യാത്ര വാഹനത്തിലാണ്.
ഏജൻറ് ആ വണ്ടിയുടെ ഡ്രൈവർ കൂടിയാണ്. വണ്ടി നമ്പറും ഡ്രൈവറെയും നമ്മൾ ഓർത്തുവെക്കണം. ജോയ്സിെൻറ ബുദ്ധി ഉണർന്നു. അവൻ ഡ്രൈവറുടെ ഫോട്ടോ എടുത്തു. എങ്ങാനും ആളെ മറന്നുപോയാൽ ഫോട്ടോ നോക്കി കണ്ടുപിടിക്കാമേല്ലാ. ആദ്യം ക്ലിൻ കിങ്ങിലേക്ക് യാത്ര തുടങ്ങി. റോഡുകൾ വളരെ മോശമാണ്. നല്ല പരിചയം ഉള്ളവർക്കേ വണ്ടി ഓടിക്കാനാവൂ. നിറയെ ഗട്ടറുകൾ നിറഞ്ഞ, തുടരത്തുടരെ വളവുകളും കയറ്റവും ഇറക്കവും ഒക്കെ നിറഞ്ഞ വഴി. ബാലിയിലെ നാവികർ മാത്രമല്ല ഡ്രൈവർമാരും അഭ്യാസികളാണ്.
ക്ലിൻ കിങ്
കടലിെൻറ കരിനീലിമയിലേക്ക് ദിനോസറിെൻറ ആകൃതിയിൽ കയറിക്കിടക്കുന്ന കരയുടെ ഭാഗമാണ് ക്ലിൻ കിങ്. കരയോട് ബന്ധമില്ലാത്ത വൃത്താകൃതിയിലുള്ള ഒരു ഭാഗവും കൂടി ചേരുന്നുണ്ട്. ക്ലിൻ കിങ് മുകളിൽനിന്ന് കാണാൻ വല്ലാത്ത ഭംഗിയാണ്. സർഫിങ്ങിന് പേരുകേട്ടതാണ് ക്ലിൻ കിങ്ങിലെ ചെറിയ ബീച്ച്. വെള്ളാരംകല്ലുകൾ നിറഞ്ഞ ബീച്ച് തികച്ചും പ്രകൃതിയോട് ഇഴുകിച്ചേർന്നു നിൽക്കുന്നു. വിദേശികൾ സർഫ് ചെയ്യുകയും വെയിൽ കായുകയും ചെയ്യുന്നുണ്ട്. അവിടെനിന്ന് ന്യൂസായിലെ മറ്റു ബീച്ചുകളിലേക്കും ബോട്ടുകളിൽ പോകാം. കടലിലൂടെ പല ആകൃതികളിലുള്ള ബീച്ചുകളിലേക്കുള്ള യാത്ര ഒരു അനുഭവംതന്നെയാണ്.
ബില്ല ബോങ് ബ്രോക്കൺ ബീച്ച്
വലിയ കല്ലുകളും മുനമ്പുകളും കടലിൽനിന്ന് വെള്ളവും കേറിക്കിടക്കുന്ന ചെറിയ പ്രദേശവും ഒപ്പം വെള്ളാരം മണൽ ബീച്ചുകളും കൂടി ചേർന്നതാണ് ഈ സ്ഥലങ്ങൾ. ഇത്ര കരിനീല നിറമുള്ള കടൽ അധികം കാണില്ല. കല്ലുകളിൽ പതയുന്ന തിരയിൽ സൂര്യപ്രകാശം വീഴുേമ്പാൾ കടലിന് ഒരു വെള്ളിയരഞ്ഞാണം ഇട്ടപോലെ തോന്നും. കൂടെ പ്രകൃതി കല്ലുകൾ കൊണ്ടു തീർത്ത വിവിധ രൂപങ്ങളും. പൊള്ളുന്ന വെയിലിലും ഈ സൗന്ദര്യം ആസ്വദിച്ച് മടുക്കില്ല. അവിടെനിന്ന് തിരിച്ചുനടക്കെവ കരിക്കു വിൽക്കുന്ന കടകൾ കണ്ടു. 2000 റുപിയ കൊടുത്ത് ഒരു കരിക്കു വാങ്ങി. അവരുടെ 200 റുപിയ ആണ് നമ്മുടെ ഒരു രൂപ.
ഇന്തോനേഷ്യൻ കരിക്കിന് നമ്മുടെ രണ്ടു കരിക്കു കൂടുന്ന വലുപ്പം ഉണ്ട്. രണ്ടുപേർക്ക് വയർ നിറയെ വെള്ളവും തേങ്ങയും കഴിക്കാൻ ഒരു കരിക്കു മതി. ഇനി ഭക്ഷണം കഴിക്കുന്നിടത്തേക്കാണ് യാത്ര. പാക്കേജിൽ ഉച്ചക്കുള്ള ഭക്ഷണവും ഉൾപ്പെടുന്നുണ്ട്. തനി ഇന്തോനേഷ്യൻ ഭക്ഷണമാണ് അവർ വിളമ്പിയത്. ചിക്കൻ ഫ്രൈഡ് റൈസും സലാഡും ജ്യൂസും വയർ നിറയാനുള്ളതുണ്ട്. ഭക്ഷണത്തിനുശേഷം ക്രിസ്റ്റൽ ബേ ബീച്ചിലേക്ക് തിരിച്ചു.
ക്രിസ്റ്റൽ ബേ ബീച്ച്
നുസ പെനിദയുടെ പടിഞ്ഞാറൻ വശത്താണ് ക്രിസ്റ്റൽ ഉൾക്കടൽ. തീരത്ത് ഒറ്റതിരിഞ്ഞുനിൽക്കുന്ന തെങ്ങുകൾ കാണാം. ഒരു ടൂറിസ്റ്റിനു വേണ്ടതെല്ലാം-കുടകൾ, കസേരകൾ, സ്നോർക്കൽ ഗിയറുകൾ, ലഘുഭക്ഷണം തുടങ്ങിയവ ലഭ്യമാണ്. ഇവിടത്തെ ജലം വളരെ നിർമലമായതിനാൽ ജലത്തിനടിയിലെ കാഴ്ചകൾ വ്യക്തമാണ്. ആഴം കുറവായതിനാൽ അപകടമില്ലാതെ നീന്താം. ഈലുകൾ, നെപ്പോളിയൻ മത്സ്യം, കടലാമ എന്നിവയെ വ്യക്തമായി കാണാനാകും. തിരകളോ വേലിയേറ്റമോ ഉണ്ടെങ്കിൽ സൂക്ഷിക്കണമെന്നുമാത്രം.
ക്രിസ്റ്റൽ എന്ന പേര് കിട്ടിയതെന്താവും എന്ന് ആലോചിക്കേണ്ട ആവശ്യമില്ല. അവിടെ മണലല്ല; കിടക്കുന്നതു തനി ക്രിസ്റ്റൽതന്നെ. കടലിലേക്കു നോക്കിയാൽ ഞെട്ടിപ്പോകും. സ്വർണവും വെള്ളിയും തിളങ്ങുന്ന കടൽ. ഡ്രൈവർ ഞങ്ങൾക്ക് മുങ്ങാനുള്ള ഉപകരണങ്ങൾ തന്നു. പവിഴപ്പുറ്റുകളാൽ സമ്പന്നമാണ് ഇവിടം. 2009ലെ സർവേ പ്രകാരം, 1419 ഹെക്ടർ സ്ഥലത്ത് പവിഴപ്പുറ്റുകൾ ഉണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. ഇതിൽ 66 ശതമാനം പവിഴപ്പുറ്റുകൾ മൂന്നു മീറ്റർ ആഴത്തിലും 74 ശതമാനം 10 മീറ്റർ ആഴത്തിലുമാണ് നിലകൊള്ളുന്നത്.
സൂര്യപ്രകാശത്തിൽ കടലിെൻറ അടിയിൽ സ്വർണവും വെള്ളിയും മുത്തും പവിഴവും തിളങ്ങുന്നതായി തോന്നും. ഇതിനു മുന്നേ 'സ്നോർക്കലിങ്' ചെയ്തിട്ടുള്ള ജോയ്സ് എങ്ങനെ അത് ഉപയോഗിക്കണം എന്ന് കാണിച്ചുതന്നു. വെള്ളത്തിൽ നീന്തിനടന്ന് ഞങ്ങൾ കടലിെൻറ അടിയിൽ ഉള്ള പവിഴപ്പുറ്റുകൾ ആവോളം ആസ്വദിച്ചു. പല നിറത്തിലുള്ള മീനുകൾ പവിഴപ്പുറ്റുകൾ കയറിയിറങ്ങുന്നത് അസാധ്യ കാഴ്ചയായിരുന്നു.
രണ്ടു മണിക്കൂർ പോയതറിഞ്ഞില്ല. മനുഷ്യെൻറ ഇടപെടൽ തീരെ കുറവുള്ള ബീച്ചാണിവിടം. നുസ പെനിദയിൽ ഡൈവ് ചെയ്യാനുള്ള അനേകം സ്ഥാനങ്ങളുണ്ട്. പെനിദ ഉൾക്കടൽ, സ്രാവുകളെയും മന്ദ തിരണ്ടിയെയും കാണാനും അതിനൊപ്പം നീന്താനും വിനോദസഞ്ചാരികൾ മത്സരിക്കുന്ന ബാട്ടു ലംബങ് (മന്ദ പോയൻറ്), ബാടു മെലിങ്, ബാടു അബാഹ്, പവിഴപ്പുറ്റുകൾ നീണ്ടുകിടക്കുന്ന തോയ പക്കെഹ്, മാലിബു പോയൻറ് എന്നിവ ഇതിനു പറ്റിയ സ്ഥലങ്ങളാണ്. വേലിയേറ്റത്താലുള്ള ഒഴുക്കിെൻറ ശക്തിയെയും ദിശെയയും മൺസൂൺ കാലാവസ്ഥ സ്വാധീനിക്കുന്നുണ്ട്. തെക്കുകിഴക്കൻ മൺസൂൺ കാലത്ത്, വേലിയേറ്റത്തിെൻറ ഒഴുക്ക് തെക്കോട്ടാകും. വടക്കുകിഴക്കൻ മൺസൂൺ കാലത്ത് ഈ ഒഴുക്ക് വടക്കോട്ടും.
ഞങ്ങളുടെ ഡ്രൈവർ, പോകാനുള്ള സമയമായി എന്നറിയിച്ചു. മനസ്സില്ലാ മനസ്സോടെ ഞങ്ങൾ വണ്ടിയിൽ കയറി. വണ്ടിയിൽ കയറി ജെട്ടി എത്തുന്നതുവരെ ക്രിസ്റ്റൽ ബേയിലെ സ്നോർക്കലിങ്ങിനെക്കുറിച്ച് വാതോരാതെ സംസാരിച്ചു. ജീവിതകാലത്തേക്കുള്ള ഓർമകൾ ഇവിടെനിന്ന് മുങ്ങിയെടുത്തിട്ടുണ്ട്.
ബാലി പക്ഷിസങ്കേതം
ഈ വർണക്കാഴ്ചകളെക്കാൾ മനം കുളിർപ്പിക്കുന്ന മറ്റൊന്നുകൂടിയുണ്ട് ഇവിടെ; അതാണ് ബാലി പക്ഷിസങ്കേതം. നുസ പെനിദയും അടുത്തുകിടക്കുന്ന നുസ ലെംബോങ്ങൻ, നുസ കെനിങ്ങൻ എന്നിവയും പക്ഷിസങ്കേതമായി പ്രഖ്യാപിച്ചിട്ടുള്ളതാണ്. കർശനനിയമങ്ങളും കാവലും മറ്റും അടിച്ചേൽപിച്ചല്ല; മറിച്ച്, ദ്വീപിലുള്ള ജനങ്ങൾ പരമ്പരാഗതമായ നിയന്ത്രണങ്ങൾ കൊണ്ടുവന്നാണ് ഈ പക്ഷിസങ്കേതത്തെ പരിപാലിക്കുന്നത്.
ഫ്രണ്ട്സ് ഓഫ് നാഷനൽ പാർക്സ് ഫൗണ്ടേഷനാണ് ഇവിടെ പക്ഷിസങ്കേതം എന്ന ആശയം കൊണ്ടുവന്നത്. 2006ൽ ഈ ഭാഗത്തുള്ള ഡസൻ കണക്കിന് ഗ്രാമങ്ങൾ ഈ ജനകീയ പദ്ധതിക്ക് പിന്നിലുണ്ട്. തുടക്കംമുതൽ ഇന്തോനേഷ്യയിലെ വിവിധ പക്ഷികളെ ഇവിടെ മാറ്റിപ്പാർപ്പിക്കുന്നുമുണ്ട്. ഇവയിൽ, ബാലിയിൽ മാത്രം കണ്ടുവന്നിരുന്ന അത്യപൂർവ പക്ഷിയായ ബാലി സ്റ്റർലിങ്ങും പെടും. 2005ൽ ഈ പക്ഷികളുടെ കാട്ടിലെ എണ്ണം വെറും 10ൽ താഴെ മാത്രമായി ചുരുങ്ങിയിരുന്നു.
കൂട്ടിൽ പിടിച്ചിട്ടിരുന്ന 64 ബാലി സ്റ്റർലിങ് പക്ഷികളെ സംഘടനയുടെ രണ്ടു വർഷത്തെ പ്രവർത്തനഫലമായി ഇൗ സങ്കേതത്തിലേക്ക് തുറന്നുവിട്ടിരുന്നു. 2009ൽ ഈ ഇനം പക്ഷികളുടെ എണ്ണം 100 ആയി വർധിച്ചു. ജാവ കുരുവി, മിറ്റ്ചെൽസ് ലോറിക്കീറ്റ്, സൾഫർ ക്രസ്റ്റഡ് കൊക്ക്ക്കാറ്റൂ എന്നിവയാണ് ഈ സങ്കേതത്തിലേക്ക് മാറ്റിപ്പാർപ്പിച്ച മറ്റു പക്ഷികൾ. മനുഷ്യൻ പ്രകൃതിയോട് എങ്ങനെ ഇടപെടണം എന്നതിെൻറ നേർസാക്ഷ്യമാണ് ഇൗ പക്ഷിസങ്കേതം.
അഞ്ചു മണിയോടു കൂടി ജെട്ടിയിൽ എത്തിയ ഞങ്ങൾ ബോട്ട് കാത്തിരുന്നു. തിരയുടെ ശക്തി കൂടിയിട്ടുണ്ട്. തിരിച്ചുള്ള യാത്ര തിരയിൽനിന്ന് തിരയിലേക്കുള്ള പറക്കൽ ആവർത്തിക്കുഅമല്ലോ എന്ന പേടിയുമുണ്ട്. പക്ഷേ, ഇതുവരെയുള്ളതും ഇനിയുണ്ടാകുന്നതുമായ എല്ലാ പേടികളുമില്ലാതാക്കാൻ നുസ പെനിദയിൽ കഴിഞ്ഞ മണിക്കൂറുകളുടെ ഓർമ മാത്രം മതിയാകും.
(മാധ്യമം കുടുംബം മാഗസിനിൽ പ്രസിദ്ധീകരിച്ചത്)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.