ടെൻറടിച്ച് സൂര്യോദയം കാണാം; ചീങ്ങേരിപ്പാറ ഇനി വേറെ ലെവലാകും
text_fieldsകാലമെത്ര കഴിഞ്ഞാലും സഞ്ചാരികൾക്ക് ഒഴിച്ചുകൂടാനാകാത്ത പ്രിയപ്പെട്ട ഇടമാണ് എന്നും വയനാട്. പരമ്പരാഗത ടൂറിസ്റ്റ് കേന്ദ്രങ്ങൾക്ക് പുറമെ ഒട്ടനവധി പുതിയ സ്ഥലങ്ങൾ കൂടി വയനാടിെൻറ സഞ്ചാര ഭൂപടത്തിൽ വന്നുകൊണ്ടിരിക്കുന്നു.
കോടമഞ്ഞിൽ കുളിച്ചൊരുങ്ങുന്ന വയനാടിന്‍റെ വിശ്വരൂപം ഏതൊരു സഞ്ചാരിയെയും ആകർഷിക്കും. അതുകൊണ്ട് തന്നെ ഇൗ മലനാടിനോടുള്ള പ്രിയം മലയാളികൾക്ക് വർധിക്കുകയാണ്.
ഇത്തരത്തിലെ മനോഹരമായ സ്ഥലമാണ് ചീങ്ങേരിപ്പാറ. പുതുവർഷത്തിൽ സഞ്ചാരികൾക്കായി വയനാട് ഒരുക്കിയ ഏറ്റവും സവിശേഷമായ സമ്മാനം. ട്രെക്കിങ്ങും നയനാനന്ദകരാമായ കാനന കാഴ്ചകളും അൽപ്പം സാഹസികതയും ഇഷ്ടപ്പെടുന്ന സഞ്ചാരികൾക്ക് നിസ്സംശയം തിരഞ്ഞെടുക്കാവുന്ന സ്ഥലം.
വയനാടിെൻറ ഹൃദയമായ ചെമ്പ്രയോളം തന്നെ മനം മയക്കുന്ന കാഴ്ചയും അനുഭവവും ചെങ്കുത്തായ മലയിലേക്കുള്ള കയറിൽ പിടിച്ചുള്ള കയറ്റവും വ്യൂപോയിൻറുമെല്ലാം സാഹസികരുടെ മനസ്സ് കീഴടക്കും.
ജനുവരി പകുതിയോടെ ഇവിടെ ടെൻറ് സ്റ്റേയും മറ്റു സൗകര്യങ്ങളും ഒരുക്കാനുള്ള തയാറെടുപ്പിലാണ് സർക്കാർ. മലമുകളിൽ വസന്തം തീർക്കുന്ന ഉദയവും അസ്തമയവുമെല്ലാം ഭംഗിയോടെ അതോടെ സഞ്ചാരികൾക്ക് നുകരാനാകും.
അതിസാഹസികം എന്ന് വിളിക്കാനാകില്ലെങ്കിലും ഉയരങ്ങൾ കീഴടക്കാൻ മനസ്സുള്ളവർക്ക് ചെരിഞ്ഞും ഇടക്ക് കുത്തനെയുമായുള്ള പാറക്കെട്ടുകൾ ഒരു അനുഭവമാണ്. ചെങ്കുത്തായ മലമുകളിലേക്ക് നടന്നും കയറിൽ തൂങ്ങിയും ഒന്നരമണിക്കൂർ ട്രക്കിങ് മനസ്സിനെയെന്നപോലെ ശരീരത്തെയും ഉത്തേജിപ്പിക്കും. ഇടയിൽ വിശ്രമിച്ചും സുഹൃത്തുക്കളോട് തള്ളിമറിച്ചുമുള്ള യാത്ര രണ്ട് കിലോമീറ്ററോളം ദൈർഘ്യമുണ്ടാകും.
മുകളിലെത്തിയാൽ കാരാപ്പുഴ ഡാം റിസർവോയറും സമീപപ്രദേശങ്ങളുമെല്ലാം വയനാടിന്‍റെ തിരുനെറ്റിയിൽ നിന്നുകൊണ്ട് 360 ഡിഗ്രിയിൽ കണ്ടാസ്വദിക്കാം. മുകൾഭാഗത്തായി കുടപോലെ നിൽക്കുന്ന പാറയും കൗതുകകാഴ്ചയാണ്. 80 രൂപയാണ് പ്രവേശന ഫീസ്. രാവിലെ ആറ് മുതൽ ട്രെക്കിങ് ആരംഭിക്കും.
അമ്പലവയലിനടുത്ത് കാരാപ്പുഴ ഡാം പാർക്കിൽനിന്നും 3.5 കിലോമീറ്റർ ദൂരമാണ് ഇവിടേക്ക്. മറ്റൊരു പ്രധാന ആകർഷകമായ കടുവക്കുഴി ഇതിന്‍റെ പരിസരത്താണ്. പ്രശസ്തമായ എടക്കൽ ഗുഹ ചീങ്ങേരിപ്പാറയിൽനിന്ന് ഏഴ് കിലോമീറ്റർ മാത്രം ദൂരമേയുള്ളൂ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.