മനുഷ്യർ ഒന്നാകുന്ന ഗുരുദ്വാരകൾ
text_fieldsവൈവിധ്യങ്ങളുടെ മനോഹര കാഴ്ചകളാലും വ്യത്യസ്‌ത സംസ്കാരങ്ങളാലും അദ്ഭുതകഥകൾ നിറഞ്ഞ ചരിത്രങ്ങളാലും ഇന്ത്യയെന്ന ലോകം കാണാൻ എന്നും എല്ലാവർക്കും ആശ്ചര്യം തന്നെയാണ്. ഇത്തരത്തിൽ, ദേവഭൂമിയായ ഉത്തരാഖണ്ഡിലെ ഹിമാലയൻ പർവതനിരകൾക്ക് ചാരെയുള്ള പൂക്കളുടെ താഴ്വരയിലേക്കും ഹേംകുണ്ഡ് തടാകം സ്ഥിതി ചെയ്യുന്ന മാമലകളിലേക്കും ബദ്രീനാഥ്-കേദാർനാഥ് എന്നീ ക്ഷേത്രങ്ങളിലേക്കും ഇന്ത്യയുടെ അവസാന ഗ്രാമം എന്നറിയപ്പെടുന്ന മന വില്ലേജിലേക്കും യാത്ര ചെയ്യുന്നവർക്ക് സാഹോദര്യത്തിെൻറ സ്നേഹോഷ്മള ആതിഥേയത്വം സംവേദനം ചെയ്യപ്പെടുന്ന ഇടമാണ് ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാരകൾ.
മലയാളികൾക്ക് എന്നും അന്യവും അപരിചതവുമായ സംസ്കാരമാണ് സിഖ് മതം. അവരുടെ ആചാരങ്ങളിലെ കണിശത കാഴ്ചയിൽനിന്ന് തന്നെ ബോധ്യമാകും. പല വർണങ്ങളിലെ തലപ്പാവുകൾ, നീട്ടി വളർത്തിയ താടി, ആയുധങ്ങൾ എന്നിങ്ങനെ ആകർഷണീയമായ അലങ്കാരങ്ങൾ നിരവധിയുണ്ട്.
മലഞ്ചെരുവിലൂടെയുള്ള ദുർഘടവും ദുസ്സഹവുമായ പാതയിലൂടെ കുറഞ്ഞത് 15 മണിക്കൂർ യാത്ര ചെയ്തുവേണം, ഡൽഹിയിൽനിന്ന് 520 കിലോമീറ്റർ അകലെയുള്ള ഗോവിന്ദ് ഘട്ട് എന്ന ഗുരുദ്വാര സ്ഥിതി ചെയ്യുന്ന സ്ഥലത്ത് എത്തിച്ചേരാൻ. ബസിൽ നിന്നിറങ്ങി മഴ നനഞ്ഞു ചെളിക്കളമായ വഴികൾ നടന്ന് ഗുരുദ്വാരയുടെ മുന്നിലെത്തിയപ്പോൾ തന്നെ, സങ്കൽപ്പത്തിലുള്ള സംവിധാനമല്ലെന്ന് ഒറ്റനോട്ടത്തിൽ ഉറപ്പായി. വൃത്തിയും വിശാലതയുമുള്ള ഇവിടേക്ക് ആളുകൾ വലിയ ബാഗുകളും ലഗേജ്ജുകളുമായി വന്നുകൊണ്ടേയിരിക്കുന്നു.
കൊട്ടാരങ്ങളിലെ പാറാവുകാരെ അനുസ്മരിപ്പിക്കുന്ന വിധം, വാതിലിനിരുവശത്തും നിലയുറപ്പിച്ചിരിക്കുന്ന കാവൽക്കാർ ഞങ്ങളെ പുഞ്ചിരിതൂകി സ്വീകരിച്ചു. ഒരൊറ്റ നിബന്ധന മാത്രമേ അവർക്കുള്ളൂ, തല മറക്കണം. അതിനുള്ള തൂവാല മാത്രമല്ല, അത് അവർ കെട്ടിത്തരികയും ചെയ്തു.
ആദ്യമേ തന്നെ താമസിക്കാൻ സ്ഥലം തരപ്പെടുത്താനായി കൗണ്ടറിലേക്ക് നീങ്ങി. ഹോട്ടലുകളിലെ റിസപ്ഷൻ ഡെസ്ക് പോലെ ആളുകൾ സജ്ജമായി ഇരിക്കുന്നു. തിരിച്ചറിയിൽ കാർഡിലെ വിവരങ്ങൾ നൽകിയാൽ സൗജന്യമായി റൂം ലഭിക്കും. നല്ല വൃത്തിയും വിശാലതയുമുള്ള റൂമുകളും ഡോർമെട്രികളും ഇവിടെ ലഭ്യമാണ്.
ഇതിെൻറ ബാൽക്കണിയിൽ നിന്നാൽ രാത്രിയിലെ കുളിര് കോരുന്ന തണുത്ത കാറ്റിലലിഞ്ഞ്, മാമലകൾ ഉയർന്ന് നിൽക്കുന്ന മനോഹാരിത മങ്ങിയ വെളിച്ചത്താൽ കാണാം. തൂക്ക് പാലത്തിന് താഴ്ഭാഗത്ത്കൂടെ ഒഴുകുന്ന അളകനന്ദ നദിയുടെ കളകള താളം കേൾക്കാം. കൂടെ, സംഗീതസാന്ദ്രമായ പ്രാർത്ഥനാ മന്ത്രങ്ങൾ കണ്ണടച്ച് ആസ്വദിക്കാം. മനസ്സിന് സാന്ത്വനമോതുന്ന, ഹൃദയങ്ങളിൽ കരുത്ത് പരത്തുന്ന വരികൾ കൊണ്ട് സമ്പന്നമാണവ.
കിടുകിടാ വിറപ്പിക്കുന്ന തണുപ്പിൽ ആശ്വാസമേകാൻ നല്ല നിലവാരമുള്ള കമ്പിളി പുതപ്പുകൾ എത്ര വേണമെങ്കിലും അവിടെ ലഭിക്കും. വലിയ കനമുള്ള പുതപ്പുകൾ അട്ടികളായി നിരത്തിയിരിക്കുന്നത് കാണാൻ തന്നെ ആശ്ചര്യമാണ്.
അദ്ഭുതങ്ങളുടെ കലവറ
ലങ്കാർ എന്ന പാചകപ്പുരയും ഭക്ഷണം വിളമ്പുന്ന ഹാളും അദ്ഭുതങ്ങളുടെ കലവറ തന്നെയാണ്. ചെരുപ്പും ഷൂവും ഷോക്‌സും പുറത്ത് അഴിച്ചുവെക്കണം. അതിനായി പ്രത്യേക കൗണ്ടറുകൾ ലഭ്യമാണ്. പാത്രം, സ്പൂൺ, ഗ്ലാസ് എന്നിവ എടുത്ത് നിരനിരയായി ഇരുന്നാൽ മതി. സന്നദ്ധസേവകർ കല്യാണസദ്യ വിളമ്പുന്ന പോലെ ഓരോ വിഭവങ്ങളുമായി വന്നുകൊണ്ടേയിരിക്കും. റൊട്ടി ലഭിക്കാൻ മാത്രം ഇരു കൈകളും നീട്ടണം.
അത് അവരുടെ പ്രാർത്ഥനയുടെ ഭാഗമായ പ്രസാദ് ഗുരു ആണ്. ഭക്ഷണം എത്ര വേണേലും വിളമ്പിതരും. എല്ലാം വെജിറ്റേറിയൻ. മുഴുവനായും കഴിക്കണം എന്ന നിബന്ധന തീർച്ചയായും പാലിക്കേണ്ടതുണ്ട്. പായസം അടക്കമുള്ള വിഭവങ്ങൾ അടങ്ങിയ ലങ്കാറുകൾ മനസ്സ് നിറക്കുന്ന ഭോജനാലയങ്ങളാണ്.
ഭക്ഷണശേഷം പാത്രങ്ങൾ നിക്ഷേപിച്ചാൽ മാത്രം മതി. അവ കഴുകി വൃത്തിയാക്കാൻ ആവേശത്തോടെ ഒരുപാട് സേവകർ നിൽക്കുന്നുണ്ടാകും. നല്ല ചൂട് ചായയും സ്‌നാക്‌സും എപ്പോഴും തയാറാണ്. കോരിത്തരിപ്പിക്കുന്ന തണുപ്പിൽ, ആവി പറക്കുന്ന ഈ ചായ സജ്ജീകരിച്ചതിന് മാത്രം എത്ര നന്ദി പറഞ്ഞാലും മതിയാകില്ല. അതും കുടിച്ച്, അനേകം ദേശങ്ങളിലെ, വ്യത്യസ്‌തതരം മതങ്ങളാചരിക്കുന്ന, പലതരത്തിലുള്ള ജോലികൾ ചെയ്യുന്ന മനുഷ്യർ ആൺ-പെൺ വ്യത്യാസമില്ലാതെ നിരനിരയായിരുന്ന് ഒരേ ഭക്ഷണം കഴിക്കുന്ന കാഴ്ച മനസ്സിൽ വല്ലാത്ത ആനന്ദമേകും.
ചെരുപ്പ് വെച്ച കൗണ്ടറിൽ ടോക്കൺ തിരികെ നൽകിയാൽ ലഭിക്കുക നമ്മൾ കൊടുത്ത പോലെയാകില്ല. എല്ലാം നന്നായി തുടച്ചുവൃത്തിയാക്കി പോളിഷ് ചെയ്തു വെച്ചിരിക്കും. ഇവിടെയും സമൂഹത്തിലെ ഉന്നത ശ്രേണിയിലെ ഉയർന്ന ആളുകളെ അടക്കം സന്നദ്ധ സേവകരായി കാണാം. എല്ലാം അവരുടെ ആരാധനയുടെ ഭാഗമാണ്. ഒരുപാട് ആളുകൾ താമസിക്കുന്ന ഇടങ്ങളിൽ, പ്രത്യേകിച്ച് ഉത്തരേന്ത്യൻ ഭാഗങ്ങളിൽ ഏറ്റവും പ്രയാസം വൃത്തിയുള്ള ടോയ്‍ലെറ്റുകൾ ലഭിക്കലാണ്. പലരും ആവുംവിധം മലിനമാക്കിയാലും കൃത്യമായ ഇടവേളകളിൽ വൃത്തിയാക്കുന്ന സന്നദ്ധ സേവകരുടെ പ്രയത്നം മൂലം ശുചിത്വ പൂർണമായ ടോയ്‍ലെറ്റുകൾ ഇവിടെ കാണാം. കുളിക്കാനുള്ള ബാത്റൂമുകൾ വേർതിരിച്ച് പ്രത്യേകം സജ്ജീകരിച്ചിട്ടുണ്ട്. അതിനടുത്ത് ചൂട് വെള്ളം ലഭിക്കാനുള്ള സംവിധാനവും തയാർ.
ദൂരെ ദിക്കുകളിൽനിന്നും വന്നെത്തിയവർക്ക് യാത്ര തുടരുമ്പോൾ, അവരുടെ ബാഗുകളും ലഗ്ഗേജുകളും സൂക്ഷിക്കാനുള്ള ക്ലോക്ക് റൂമുകൾ പുലർച്ചെ നാല് മുതൽ ലഭ്യമാണ്. എല്ലാ സൗകര്യങ്ങളോടും കൂടിയ ഡിസ്‌പെൻസറി എന്നത് അവിശ്വസനീയമായൊരു അനുഭവമാണ്. പരിശോധനകൾക്കായി ഡോക്ടർമാരും വിതരണത്തതിനായി മരുന്നുകളും സംവിധാനിച്ചിട്ടുണ്ട്. സർവതും സൗജന്യം ആണ് എന്നതും എടുത്തുപറയേണ്ടത് തന്നെ. ഗുരുദ്വാരയോട് ചേർന്ന് ആവശ്യ സാധനങ്ങൾ വാങ്ങാൻ ചെറിയ കടകൾ ചേർന്നൊരു മിനി മാർക്കറ്റുമുണ്ട്.
മഞ്ഞുമല താണ്ടി പൂക്കളുടെ താഴ്വരയിൽ
ഇവിടെനിന്ന് കുറച്ചകലെ വേറെയും ഗുരുദ്വാരകളുണ്ട്. പുലർച്ചെ തന്നെ അങ്ങോട്ട് യാത്ര ആരംഭിച്ചു. ആദ്യ നാല് കിലോമീറ്റർ ദൂരം വാഹനം ലഭ്യമാണ്. ശേഷം 12 കിലോമീറ്റർ സുന്ദരമായ വനത്തിലൂടെ മലഞ്ചെരുവുകൾ താണ്ടി പുഴകൾ കടന്നുള്ള സ്വസ്ഥമായൊരു നടത്തം. ട്രെക്കിങ്ങ് കഴിയാത്തവർക്ക്, പണം നൽകിയാൽ കോവർ കഴുതകളും ഹെലികോപ്റ്ററുകളും ലഭ്യമാണ്. അവിടെയുള്ള ഗംഗാരിയാ ഗുരുദ്വാരയും ആതിഥേയത്വം കൊണ്ടും ആദരവ് കൊണ്ടും നമ്മെ അത്ഭുതപ്പെടുത്തുന്ന ഇടമാണ്.
മഞ്ഞു പുതച്ചുറങ്ങുന്ന മാമലകൾക്ക് ചാരെ, യാതൊരു വിധ മൊബൈൽ സിഗ്നലുകളും ലഭ്യമല്ലാത്ത ഒറ്റപ്പെട്ട ഇവിടം പോലും അനേകം ആളുകൾക്ക് 24 മണിക്കൂറും ഭക്ഷണവും താമസവും സൗജന്യമായി സജ്ജീകരിച്ചിരിക്കുന്നു. ഡിസ്പെൻസറികളും ക്ലോക്ക് റൂമുകളും ഇവിടെയും ലഭ്യമാണ്. അസ്ഥി വിറക്കണ തണുപ്പത്ത്, ആവി പറക്കണ ചൂട് ചായ എത്ര കുടിച്ചാലും കൊതി തീരില്ല.
ഇവടെ നിന്നും ആറ് കിലോമീറ്റർ നടന്നാൽ ഹേംകുണ്ഡ് സാഹിബ് ഗുരുദ്വാരയിലേക്കും തടാകത്തിലേക്കും എത്തിച്ചേരും. കാഴ്ചകളിൽ ആസ്വാദനത്തിെൻറ ആർപ്പുവിളികളുയരുന്ന, മഞ്ഞുമൂടിയ ഹിമാലയൻ മാമലകളിലേക്കാണ് ഈ നടത്തം. മറ്റൊരു വഴിയിൽ നാല് കിലോമീറ്റർ സഞ്ചരിച്ചാൽ പൂക്കളുടെ താഴ്വരയിലെത്തും. അവിടെ മുതൽ 10 കിലോമീറ്റർ വിശാലതയിൽ പൂക്കൾ നിറഞ്ഞ് നിൽക്കുന്ന നിറവാർന്ന താഴ്‌വര കാഴ്ച ആരെയും കൊതിപ്പിക്കും.
മഞ്ഞുമൂടിയ പാതകളിലെ ട്രെക്കിങ്ങും മതിവരാത്ത ഹിമാലയൻ കാഴ്ചകളും കഴിഞ്ഞു ഏവരും വിശാലമായി വിശ്രമിക്കാൻ ഗുരുദ്വാരകളിലേക്ക് തന്നെ തിരികെയെത്തുന്നു. ഗുരുദ്വാരകൾ സിഖ് മതാനുയായികളുടെ പ്രധാന പ്രാർത്ഥനകേന്ദ്രങ്ങൾ ആണ്. എന്നാൽ, മറ്റു മനുഷ്യർക്ക് അത് ആശ്രയവും അത്താണിയുമാണ്.
മനസ്സാകെ തൊടുന്നൊരു അനുഭൂതിയാൽ നമ്മൾ ഒന്നെന്ന ഒരേ വികാരത്താൽ മനുഷ്യരെയാകെ പരസ്പരം സ്നേഹിക്കാൻ ഉള്ളിൽ പ്രചോദനമേകുന്നൊരിടം. സൗന്ദര്യവും സമാധാനവും നിറഞ്ഞ് തുളുമ്പുന്ന ഈ പ്രകൃതി പോലെ നമ്മുടെ ജീവിതവും സുന്ദരമാകണമെന്ന് ഇവിടം ജാതി-മത-ദേശ-വർണ്ണ-വർഗ്ഗ-ലിംഗ ഭേദമില്ലാതെ ഓർമിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.