Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightമാടായിപ്പാറയിലെ...

മാടായിപ്പാറയിലെ നീലവസന്തം

text_fields
bookmark_border
madayippara
cancel
camera_alt

പഴയങ്ങാടി പുഴയുടെ വിദൂര ദൃശ്യം (ചിത്രം: സഹീർ ബിൻ ഷാദുലി)

കണ്ണൂർ ജില്ലയിലെ മാടായി ഗ്രാമപഞ്ചായത്തിൽ സ്ഥിതിചെയ്യുന്ന കുന്നിൻ പ്രദേശമാണ് മാടായിപ്പാറ. കണ്ണൂര്‍ നഗരത്തില്‍നിന്നും 25 കിലോമീറ്റര്‍ അകലെയായി പഴയങ്ങാടിയിലാണ് ഇൗ മനോഹരമായ നാടുള്ളത്​. ഏകദേശം 600 ഏക്കറോളം പരന്നുകിടക്കുന്ന ഈ സ്ഥലം പ്രകൃതിഭംഗിയാലും ജൈവവൈവിധ്യങ്ങളാലും സമ്പന്നമാണ്.

മാടായിപ്പാറക്ക് നമ്മോട് പറയാൻ ഏറെ ചരിത്രങ്ങളുണ്ട്. പ്രാക്തനകാലം മുതൽ നാവികർക്ക് വഴികാട്ടിയായ ഏഴിമലക്ക് തൊട്ടുകിഴക്കാണ് മാടായിപ്പാറ. ഒരു കാലത്ത് ഈ പ്രദേശം മുഴുവൻ വെള്ളത്തിനടിയിലായിരുന്നു. ഏഴിമലക്ക്​ നാല് ചുറ്റും കടലായിരുന്നുവെന്ന് കേരളോൽപ്പത്തിയിൽ പരാമർശമുണ്ട്. വെള്ളം നീങ്ങി ഉയർന്നുവന്ന കരഭാഗത്തിന് മാട് എന്ന് പേരുണ്ട്. അങ്ങനെ മാട് ആയ സ്ഥലമാണ് 'മാടായി' എന്ന് പിന്നീട് അറിയപ്പെട്ടത്.

മഞ്ഞുകണികൾക്കിടയിലൂടെ ചെഞ്ചായം പൂശിയെത്തുന്ന സൂര്യകിരണങ്ങൾ

കേട്ടറിഞ്ഞ കഥകളുമായി കഴിഞ്ഞ ഓണക്കാലത്താണ്​ ഒരിക്കൽ കൂടി മാടായിപ്പാറ കാണാൻ ഇറങ്ങുന്നത്​. വീടിനടുത്തുനിന്നും നാല്​ കിലോമീറ്റർ മാത്രമാണ്​ ദൂരം. കൂടെ സുഹൃത്തുക്കളായ തസ്‌ലീമും സഹീറുമുണ്ട്​. 10 മിനിറ്റ് യാത്ര വേണ്ടി വന്നുള്ളൂ ലക്ഷ്യസ്​ഥാനമെത്താൻ. പ്രകാശം പരക്കുന്നതേയുള്ളൂ. ഉദയ സൂര്യനെ കാണാനാണ് നേരത്തെ ഇറങ്ങിയത്. മഞ്ഞുകണികൾക്കിടയിലൂടെ ചെഞ്ചായം പൂശി സൂര്യകിരണങ്ങൾ വന്നുതുടങ്ങി. സുന്ദരമായ ആ കാഴ്​ച മനസ്സിന് കുളിരേകി.

പ്രായമുള്ളവരും സ്ത്രീകളുമെല്ലാം നടക്കാനിറങ്ങിയിട്ടുണ്ട്​. നടത്തക്കാരുടെടെയും വ്യായാമ പ്രിയരുടെയും ഇഷ്​ടസ്ഥലമാണ് മാടായിപ്പാറ. മഴക്കാലമായതിനാൽ പ്രദേശമാകെ പച്ചപ്പരവതാനി വിരിച്ച്​ സുന്ദരിയായിരിക്കുന്നു. അതിരാവിലെയുള്ള കാഴ്​ചകൾ ആരെയും മനം മയക്കും​. കാലങ്ങൾക്കനുസരിച്ച് ഇവിടത്തെ കാഴ്​ചയും അനുഭവവുമെല്ലാം മാറും. അത് അനുഭവിച്ചുതന്നെ അറിയണം.

മാടായിപ്പാറയി​ൽ പ്രകൃതി ഒരുക്കിയ പച്ചപ്പരവതാനി

ഒരു യാത്രികനെ സംബന്ധിച്ചിടത്തോളം കാണുന്ന കാഴ്ചകൾ എല്ലാം കണ്ണുകളിൽ പകർത്തി ഹൃദയത്തിൽ സൂക്ഷിക്കണം. കിട്ടുന്ന സമയവും സന്ദർഭവും ജീവിതത്തിനോട് ചേർത്തുപിടിച്ച് യാത്രകൾ ചെയ്യുന്നതിലാണ് കാര്യം. കാരണം ജീവിതം ഒരു വിരൽതുമ്പിലൂടെ കുറച്ച് സമയമേ നമുക്ക് മുന്നിലുള്ളൂ.

മാടായിപ്പാറയുടെ റോഡിന് ഇരുവശത്തും കമ്പിവേലി കെട്ടിയിട്ടുണ്ട്. അതിനിടയിലൂടെ ഞങ്ങൾ നുഴഞ്ഞുകയറി ഒരു വശത്തേക്ക് നടന്നു. നിരവധി പൂമ്പാറ്റകള്‍ വട്ടമിട്ട് പറക്കുന്നത് കാണാം. പലനിറത്തിലും വലുപ്പത്തിലുമുള്ളവ. ഒപ്പം തുമ്പികളും. പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഈ ഭൂപ്രദേശത്തെ കണ്ണൂരി​െൻറ 'അദ്​ഭുതം' എന്ന് തന്നെ വിശേഷിപ്പിക്കാം. ഇപ്പോൾ നാട്ടിലെ പലരുടെയും വാട്സ്ആപ് സ്​റ്റാറ്റസുകൾ നിറയെ മാടായിപ്പാറയുടെ സൗന്ദര്യം നിറഞ്ഞുതുളുമ്പുകയാണ്​.

കാക്കപ്പൂവ്

ഓണക്കാലത്ത് കാക്കപൂക്കൾ വിരിഞ്ഞുനിൽക്കുന്ന മാടായിപ്പാറ നീലക്കടലായി മാറിയിട്ടുണ്ട്. നിറയെ കാക്കപ്പൂക്കൾ വിരിഞ്ഞുനിൽക്കുന്ന കാഴ്​ചയും അതിമനോഹരം തന്നെ. ഈ കാഴ്​ചകളൊക്കെയും സഹീർ അവ​െൻറ ക്യാമറയിൽ പകർത്തുന്നുണ്ട്​. മൺസൂണി​െൻറ വരവോടെ പാറ നിറയെ വളർന്ന് നിൽക്കുന്ന കാക്കപ്പൂ ചെടി മാടായിപ്പാറയിൽ നീല വസന്തമൊരുക്കും. ആഗസ്​റ്റ്​ അവസാനം വരെ മാടായിപ്പാറയെ നീലക്കടലാക്കി മാറ്റുന്ന അത്ഭുത ചെടിയാണിത്​. ഇരപിടിയൻ സസ്യം കൂടിയാണ് കാക്കപ്പൂവ്. വിടർന്നു നിൽക്കുന്ന പൂക്കളുടെ മുകളിൽ വന്നിരിക്കുന്ന പ്രാണികളും കീടങ്ങളുമാണ് ഇവയുടെ ആഹാരം.

പ്രകൃതിയെ കണ്ടും അറിഞ്ഞും മണത്തും വർത്തമാനം പറഞ്ഞും പറഞ്ഞറിയിക്കാനാകാത്ത ആനന്ദത്തോടെ ഞങ്ങൾ യാത്ര തുടർന്നു. പ്രസിദ്ധമായ ജൂതക്കുളമാണ് ഇനി ലക്ഷ്യം. ഇന്ത്യയില്‍ ആദ്യമായി ജൂത കുടിയേറ്റം നടന്നത് ഇവിടെയാണെന്ന്​ പറയപ്പെടുന്നു. മഴക്കാലമായതിനാൽ കുളത്തിൽ വെള്ളം നിറഞ്ഞ് കവിഞ്ഞിട്ടുണ്ട്​. എന്നാൽ, വേനൽക്കാലത്ത് ഇത്​ വറ്റിവരണ്ട അവസ്ഥയിലാകും. കാലപ്പഴക്കം കുളത്തി​െൻറ ആഴം കുറച്ചിരിക്കുന്നു. കരിമ്പാറ വെട്ടി ചതുരാകൃതിയിലാണ് കുളത്തി​െൻറ നിർമാണം. ജൂതക്കുളത്തിൽ ഇരതേടാനും വെള്ളം കുടിക്കാനും നിരവധി പക്ഷികൾ എത്താറുണ്ട്.

ജൂതക്കുളം

അവിടെനിന്നും നടന്ന് മാടായിപ്പാറയുടെ തെക്ക് ഭാഗത്തേക്ക് നീങ്ങി. അവിടെ ധാരാളം പറങ്കിമാവുകളുണ്ട്. ഇവ നട്ടുപിടപ്പിച്ചത് പോര്‍ച്ചുഗീസുകാരാണെന്ന് പറയപ്പെടുന്നു. എ​െൻറ കുട്ടിക്കാലത്ത്​ അവധി ദിനങ്ങളിൽ സുഹൃത്തുക്കളുമൊന്നിച്ച് ഇവിടേക്ക് നടന്നുവന്ന് കശുവണ്ടി പറിക്കാറുണ്ടായിരിന്നു. ഇവിടം വന്നപ്പോൾ പഴയ ഓർമകളിലേക്ക് മനസ്സ് സഞ്ചരിച്ചു.

ഇവിടെ മുമ്പ് ഖനനം നടന്നതി​െൻറ ബാക്കിപത്രങ്ങൾ പലയിടത്തുമുണ്ട്​. പ്രകൃതി സ്നേഹികളുടെ കടുത്ത എതിര്‍പ്പിനെ തുടർന്നാണ്​ ഖനനം നിര്‍ത്തിവെക്കുന്നത്​. ഖനനം മാടായിപ്പാറയുടെ സന്തുലിതാവസ്ഥക്ക്​ കോട്ടം വരുത്തും, ഇൗ സൗന്ദര്യം വരുംതലമുറക്ക്​ അന്യമാവുകയും ചെയ്യും.

വടുകുന്ദ് തടാകം

മാടായിപ്പാറയിലെ മറ്റൊരു പ്രധാന ആകർഷണമാണ് വടുകുന്ദ് തടാകം. ഞങ്ങൾ മൂന്നുപേരും തടാകത്തിനടുത്തേക്ക് നീങ്ങി. ഇവിടെനിന്നാൽ പച്ചപുതച്ച ഏഴിമലയെ അടുത്ത് കാണാൻ സാധിക്കും. നീലാകാശം പശ്ചാത്തലമായി നിൽക്കുന്ന ഏഴിമലയുടെ സൗന്ദര്യം അവർണ്ണനീയമാണ്. മാടായിപ്പാറയുടെ പടിഞ്ഞാറ് വശത്ത് സ്ഥിതി ചെയ്യുന്ന ഏഴിമലക്ക് മുകളിലൂടെയുള്ള സൂര്യാസ്തമയം ഏറെ ആകര്‍ഷകമായ കാഴ്​ചയാണ്.

വടുകുന്ദ് തടാകത്തിലെ വെള്ളത്തിന് നല്ല തണുപ്പാണ്​. ഏത് കൊടും വേനലിലും ഈ തടാകം ജലസമൃദ്ധമായിരിക്കും. കത്തിയെരിയുന്ന മീനച്ചൂടിലും പരുന്തുകളും നീർകാക്കകളും വെള്ളരികൊക്കുകളും ദാഹജലത്തിനും കുളിക്കാനും ഇവിടെയെത്തുന്നു. കന്നുകാലികൾ കൊടും ചൂടിൽനിന്നും രക്ഷതേടി ഈ താടാകത്തിൽ ഇറങ്ങി നിൽക്കാറുണ്ട്.

മാടായി കോട്ടയുടെ അടിത്തറ

പ്രകൃതി വേണ്ടുവോളം അനുഗ്രഹം ചൊരിഞ്ഞ ജൈവ വൈവിധ്യങ്ങളുടെ ഒരു കലവറ കൂടിയാണ് മാടായിപ്പാറ. മുപ്പതിലധികം ഇനം പുല്‍ച്ചെടികള്‍ ഇവിടെ തളിര്‍ത്ത് വളരുന്നു. 250ഓളം ഇനം മറ്റുചെടികളുമുണ്ട്. ഇതില്‍ 24 എണ്ണം ഔഷധ പ്രാധാന്യമുള്ളവയാണ്. അപൂർവങ്ങളായ ചിത്രശലഭങ്ങളെയും 70ഓളം പക്ഷികളെയും ഇവിടെ കണ്ടെത്തിയിയിട്ടുണ്ട്. പ്രകൃതി ഒരു ജൈവവസന്തം തന്നെ ഇവിടെ ഒരുക്കിയിരിക്കുന്നു.

കാഴ്​ചകളൊക്കെയും ആസ്വദിച്ച് ഞങ്ങൾ നേരെ നടന്നത് മടായിക്കോട്ടയിലേക്കാണ്​. മാടായിപ്പാറക്ക് മുകളിൽ തെക്കേയറ്റത്തായി സ്ഥിതിചെയ്യുന്ന പുരാതന കോട്ടയാണിത്​. കോട്ട ഇന്ന് മദ്യപന്മാരുടെയും മയക്കുമരുന്ന് ഉപയോഗിക്കുന്നവരുടെയും കേന്ദ്രമാണെന്ന്​ അറിയു​േമ്പാൾ സങ്കടം വരും.

മാടായിപ്പാറയിൽ നിന്നുള്ള പഴയങ്ങാടി ടൗണി​െൻറ കാഴ്​ച

അറബിക്കടലും ഏഴിമലയും സംഗമിക്കുന്ന ദൂരക്കാഴ്​ച ഇവിടെ നിന്നാൽ കാണാം. പാറയുടെ തെക്ക് ഭാഗത്തൂടെ പഴയങ്ങാടിപ്പുഴ നിറക്കാഴ്​ചയൊരുക്കി ഒഴുകുന്നു. ആ കാഴ്​ചകളൊക്കെയും കാമറയിൽ ഒപ്പിയെടുക്കാൻ ഞങ്ങൾ മൂന്നുപേരും പരസ്പരം മത്സരിച്ചു. കൂട്ടത്തിൽ ഫോട്ടോഗ്രാഫർ കൂടിയായ സഹീർ കുറച്ച് കൂടെ ദൂരെപോയി അവ​െൻറ ഡിജിറ്റൽ ക്യാമറയിൽ എല്ലാം പകർത്തി.

2000 വർഷം മുമ്പ് മൂഷകവംശത്തിലെ ഭല്ലവൻ രാജാവ് പണികഴിപ്പിച്ചതാണ് മാടായിപ്പാറയിലെ കോട്ട. അനേകം യുദ്ധങ്ങൾക്കും ചരിത്രസംഭവങ്ങൾക്കും സാക്ഷ്യംവഹിച്ച കോട്ട പിന്നീട് നാമാവശേഷമായി. ഇവിടത്തെ വിശേഷങ്ങള്‍ ഇത് കൊണ്ടൊന്നും തീരുന്നില്ല. മാടായിപ്പാറയിലെ ചരിത്രം വായിച്ചുതീര്‍ക്കാന്‍ ഇനിയും ഏറെയുണ്ട്.

ഏഴിമലയുടെ ദൂരക്കാഴ്ച

മാടായിപ്പാറയോട് യാത്ര പറഞ്ഞ് ഞങ്ങൾ നീങ്ങി. പോകുന്ന വഴി മാടായിപ്പള്ളിയിൽ കൂടി ഒന്ന് സന്ദർശിക്കാമെന്ന് വെച്ചു. പഴയങ്ങാടി ടൗണിൽ സ്ഥിതിചെയ്യുന്ന ചരിത്ര പ്രസിദ്ധമായ മുസ്‌ലിം പള്ളിയാണിത്​. ഈ പള്ളി നിർമിച്ചത് മുഹമ്മദ് നബിയുടെ ശിഷ്യനായ മാലിക് ബിൻ ദിനാർ ആണെന്നാണ് വിശ്വാസം. മാലിക് ദിനാര്‍ കുടുംബം പള്ളി സ്ഥാപിക്കാനുള്ള ആഗ്രഹം അറിയിച്ചപ്പോള്‍ കോലത്തിരി സന്തോഷത്തോടെ സ്ഥലം നല്‍കുകയായിരുന്നുവത്രേ.

കോവിഡ് കാലമായതിനാൽ പള്ളിയുടെ അകത്തേക്ക് പ്രവേശിക്കാൻ സാധിച്ചില്ല. ഇവിടത്തെ ഒരു വെളുത്ത മാർബിൾ പാളി മക്കയിൽ‍നിന്നും മാലിക് ഇബിൻ ദിനാർ കൊണ്ടുവന്നതാണെന്നാണ് വിശ്വാസം. പള്ളി പുതുക്കിപ്പണിതുവെങ്കിലും പഴയ പള്ളിയുടെ കല്ലുകൊണ്ടുള്ള മിമ്പർ അടക്കമുള്ള ഭാഗങ്ങൾ ഇപ്പോഴും സംരക്ഷിച്ചിട്ടുണ്ട്.

ലേഖകനും സുഹൃത്തുക്കളും മാടായിപ്പാറയിൽ


Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:madayiparatravelkannurtourism
News Summary - travel to madayipara
Next Story