ഹിമാലയ താഴ്വരകളിൽ പറന്നൊഴുകുേമ്പാൾ
text_fieldsപിങ്കു ഭായിയുടെ കാറിൽനിന്ന് പഞ്ചാബി ഗാനം വീണ്ടും ഉയരാൻ തുടങ്ങി. ഷിംലയിൽനിന്ന് മണാലിയിലേക്കുള്ള യാത്രയിലാണ്. മലഞ്ചെരുവിലൂടെ കുത്തനെയുള്ള ചുരമാണ് കയറുന്നത്. അതിനൊത്ത് ഉച്ചത്തിൽ ഗാനങ്ങൾ സ്പീക്കറിലൂടെ മുഴങ്ങുന്നു. ചുറ്റും മനോഹര കാഴ്ചകൾ. പൈൻ മരങ്ങൾ നിറഞ്ഞുനിൽക്കുന്ന താഴ്വാരങ്ങൾ. മരതകകാന്തി ചിന്നും മലകൾ. കോടമഞ്ഞിൻ അകമ്പടിയോടെ കാറിനകത്തേക്ക് കയറിവരുന്ന കുളിർകാറ്റ്.
ഏതോ മായാലോകത്തേക്ക് വഴികൾ നീളുന്നതുപോലെ. കണ്ണുകൾക്ക് ഉൾക്കൊള്ളാനാകാത്ത വിധം പ്രകൃതിയെന്ന പാഠപുസ്തകം മുന്നിൽ തുറന്നുവെച്ചിരിക്കുന്നു. ഇടക്കിടക്ക് കൊച്ചുഗ്രാമങ്ങൾ വിരുന്നൂട്ടുന്നുണ്ട്. വഴിയോരത്ത് കണ്ട മരത്തിൽനിന്നും ഉറുമാൻ പഴങ്ങൾ പറിച്ചുതിന്നു. കഴിഞ്ഞദിവസം ഷിംലയിൽ കണ്ടതുപോലെ പുറത്ത് കയറുകെട്ടി ചുമട് എടുക്കുന്ന ആളുകൾ ഇവിടെയും ധാരാളമുണ്ട്. മറ്റൊരു രസകരമായ കാഴ്ച ബെയ്ലി പാലങ്ങളാണ്. ഹിമാചലിലെ വഴികളിൽ കാണുന്ന ഇരുമ്പുകൊണ്ടുള്ള ഇത്തരം പാലങ്ങൾ എടുത്തുപറയേണ്ടവ തന്നെ.
ബിലാസ്പൂരും മാണ്ടിയും കടന്ന് വൈകുന്നേരത്തോടെ കുളുവിലെത്തി. ഇതിനിടയിൽ ഏകദേശം രണ്ടര കിലോമീറ്റർ ദൈർഘ്യമുള്ള തുരങ്കത്തിലൂടെ യാത്ര ചെയ്തു. ഹിമാലയ നിരകളിൽ മല തുരന്നുണ്ടാക്കിയ ഭീമൻ തുരങ്കം. കുളുവിലെ വൈഷ്ണോദേവി ക്ഷേത്രത്തിലേക്കാണ് ആദ്യം ചെന്നെത്തിയത്. ക്ഷേത്രത്തിനകത്ത് മേൽക്കൂരകൾ മനോഹരമാക്കുന്ന ജോലി നടക്കുകയാണ്. അകത്തേക്ക് പോകുമ്പോൾ ധാരാളം വിഗ്രഹങ്ങൾ കാണാം.
കോണിപ്പടികൾ കയറി മുകളിൽ എത്തിയാൽ കുനിഞ്ഞു മാത്രം കടന്നുപോകാൻ കഴിയുന്ന ഗുഹ കവാടമുണ്ട്. അവിടെയാണ് പ്രധാന പ്രതിഷ്ഠയുള്ളത്. റോഡിന് തൊട്ടടുത്താണ് ഈ അമ്പലം. ഇതിെൻറ എതിർവശത്തു കൂടി ബിയാസ് നദി കുത്തിയൊലിച്ച് ഒഴുകുന്നു. അതിെൻറ കരയിൽ ഓരോ ഐസ്ക്രീം കഴിച്ചു തണുത്ത കാറ്റുമേറ്റ് കുറച്ചുനേരം ഇരുന്നു. വഴിയോരത്തെ ഒരു പ്രാദേശിക ഫാക്ടറിയിൽനിന്നും മൂന്ന് ഷാളുകളും വാങ്ങി.
ആറര മണിയോടെ മണാലിയിലെ ഹോട്ടലിൽ എത്തിച്ചേർന്നു. അടുത്തദിവസം രാവിലെ റോഹ്ത്താങ് പാസിൽ പോകാനുള്ള പെർമിറ്റ് എടുക്കാൻ പിങ്കു ഭായിയെ ചട്ടംകെട്ടി. ഒന്നു ഫ്രഷായശേഷം മാൾ റോഡിലേക്കിറങ്ങി. ഷിംലയിലെ മാൾ റോഡിൽ ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽനിന്നുള്ളവരും വിദേശികളുമാണ് കൂടുതൽ ഉണ്ടായിരുന്നതെങ്കിൽ ഇവിടെ പകുതിയിലധികവും മലയാളികളാണ്. എവിടെയും നല്ല വൃത്തിയുള്ള അന്തരീക്ഷം. ഷിംലയിലേക്കാൾ ദൂരം കുറവാണ് റോഡിന്. വിവിധതരം ഭക്ഷണങ്ങളുടെ രുചി നുകർന്നും സാധനങ്ങൾ വാങ്ങിയും ആളുകൾ രാത്രി ജീവിതം ആസ്വദിക്കുന്നു.
തിരികെ ഹോട്ടലിലെത്തി ഭക്ഷണം കഴിക്കാൻ വേണ്ടി പിൻവശത്തുള്ള റെസ്റ്റോറൻറിലേക്ക് നടന്നപ്പോൾ കണ്ട കാഴ്ച അക്ഷരാർഥത്തിൽ ഞെട്ടിച്ചു. ആപ്പിൾ വിളഞ്ഞുനിൽക്കുന്ന മരങ്ങൾ. റെസ്റ്റോറൻറിലെ ആളുകളോട് അപ്പോൾ തന്നെ സംഗതി പറഞ്ഞു. അവർ സമ്മതം മൂളിയതോടെ ആപ്പിളുകൾ പറിച്ചുതിന്നു. കൈകൊണ്ട് പറിച്ചുതിന്നുേമ്പാൾ എന്തെന്നില്ലാത്ത അനുഭൂതിയായിരുന്നു.
റോഹ്ത്താങ്ങിലെ മഞ്ഞ്
രാവിലെ അമ്പലത്തിലെ മണിയടി കേട്ടാണ് ഉണർന്നത്. ബാൽക്കണിയിൽ വന്ന് നോക്കിയപ്പോൾ അതിസുന്ദര കാഴ്ചയാണ് ഞങ്ങളെ കാത്തിരുന്നത്. ഗിരിശൃംഗങ്ങൾക്ക് മുകളിലൂടെ സൂര്യൻ ഉദിച്ചുവരുന്നു. ഉദയ സൂര്യെൻറ പൊൻകിരണങ്ങളിൽ മഞ്ഞുമല വെട്ടിത്തിളങ്ങുന്നു. എത്രസമയം ആ കാഴ്ച കണ്ട് അവിടെയിരുന്നു എന്നറിയില്ല.
പിങ്കുഭായ് ഞങ്ങളെ വിളിക്കാൻ എത്തിയപ്പോഴാണ് സ്വപ്നലോകത്തുനിന്ന് മടങ്ങിവന്നത്. സമയം വൈകിയിരിക്കുന്നു. റോഹ്‌ത്താങ്ങിലേക്ക് പോകാനുള്ളതാണ്. പെട്ടെന്ന് തന്നെ ഭക്ഷണം കഴിച്ച് കാറിൽ കയറി. വീതി കുറഞ്ഞതും പൊളിഞ്ഞുകിടക്കുന്നതുമായ വഴിയിലൂടെ യാത്ര പേടിപ്പെടുത്തുന്നു.
അതേസമയം, താഴ്‌വരയുടെ ഭംഗി കാണുമ്പോൾ ഭയം മാറുകയും ചെയ്യും. വഴിയിലുടനീളം വിളഞ്ഞുനിൽക്കുന്ന ആപ്പിൾ, ഉറുമാൻ മരങ്ങൾ ധാരാളം കാണാം. ചില തോട്ടത്തിനു മുന്നിൽ അവ വിൽക്കാൻ വെച്ചിട്ടുണ്ട്. രണ്ട് മണിക്കൂർ യാത്രക്കുശേഷം റോഹ്‌ത്താങ്ങിലെത്തി. സമുദ്രനിരപ്പിൽനിന്ന് 13,058 അടി ഉയരത്തിലാണിപ്പോഴുള്ളത്.
സൂചിമുന കൊണ്ട് എല്ലുകളെ കുത്തിനോവിക്കുന്ന തണുപ്പ്. നാട്ടിൽനിന്ന് ജാക്കറ്റുകൾ ബാഗിൽ കുത്തിനിറച്ച് കൊണ്ടുവന്നിരുന്നു. എന്നാൽ, രാവിലെ തിരക്കുകൂട്ടി പോരുന്നതിനിടയിൽ അതെല്ലാം എടുക്കാൻ മറന്നു. റോഹ്ത്താങ്ങിൽ മഞ്ഞ് കാണാനായി കുതിരസവാരിയുണ്ട്.
പക്ഷെ, ഞങ്ങൾ നടക്കാൻ തീരുമാനിച്ചു. കൊടുംതണുപ്പിൽ ചെറിയ സ്റ്റെപ്പുകൾ െവച്ച് മുന്നോട്ട് കയറാൻ ആദ്യം നല്ല ആവേശമായിരുന്നു. പക്ഷെ, കുറച്ച് കഴിഞ്ഞപ്പോഴേക്കും സ്ഥിതി മാറി. ശ്വാസം എടുക്കാൻ ബുദ്ധിമുട്ടും ക്ഷീണവും വരുന്നു. എങ്കിലും സാവധാനം നടന്നുനടന്നു ഞങ്ങൾ മഞ്ഞിലെത്തി.
വീട്ടിലെ ഫ്രിഡ്ജിൽ അല്ലാതെ ആദ്യമായി മഞ്ഞുകണ്ട നിമിഷമായിരുന്നു അത്. പിന്നീടങ്ങോട്ട് മഞ്ഞ് കൈയിൽ വാരി എടുക്കുകയും എറിയുകയും കൊച്ചു കുട്ടിയെപോലെ അതിൽ കുത്തിമറിയുകയും ചെയ്യുകയായിരുന്നു ഞങ്ങൾ. മഞ്ഞിലൂടെ ഇരുന്ന് താഴേക്ക് നീങ്ങിവരാൻ നല്ല രസമായിരുന്നു. മഞ്ഞുവാരി കളിച്ച് കൈകൾ മരവിക്കാൻ തുടങ്ങിയതോടെയാണ് ആഘോഷം അവസാനിപ്പിച്ചത്.
മലമുകളിൽ മിക്കയിടത്തും പ്രയർ ഫ്ലാഗുകൾ കെട്ടിവെച്ചിട്ടുണ്ട്. ബുദ്ധമത വിശ്വാസത്തിെൻറ ഭാഗമാണ് അവ. അഞ്ച് നിറങ്ങളിലായുള്ള ഈ ഫ്ലാഗുകൾ കാണാൻ നല്ല ചന്തമുണ്ട്. 'ഓം മാ നീ പദ്മെ ഹം' എന്നാണ് അതിൽ എഴുതിയിട്ടുള്ളത്.
കാറ്റു വീശുമ്പോൾ നമ്മുടെ സങ്കടങ്ങളൊക്കെ ഇല്ലാതായിപ്പോകെട്ട, എല്ലാവർക്കും സമാധാനം ഉണ്ടാകട്ടെ എന്നെല്ലാമാണ് ഫ്ലാഗുകൾ കൊണ്ട് ഉദ്ദേശിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു. ഹിമാചലിൽ ഒട്ടുമിക്ക സ്ഥലങ്ങളിലും ഈ ഫ്ലാഗുകൾ കാണാം.
പേരറിയാത്ത ഭക്ഷണം
അടുത്തത് സൊളാങ് വാലിയിലേക്കായിരുന്നു യാത്ര. വഴിയിൽ ഉച്ചഭക്ഷണത്തിനായി കയറിയ ഹോട്ടലിലെ മെനു കാർഡ് അരിച്ചുപെറുക്കിയിട്ടും ന്യൂഡിൽസ് മാത്രം കാണാനില്ല. പക്ഷെ, എല്ലാവരും ന്യൂഡിൽസ് കഴിക്കുന്നുമുണ്ട്. അവസാനം വെയിറ്ററോട് അപ്പുറത്തെ ടേബിൾ കാണിച്ചുകൊടുത്തു ആ സാധനം വേണമെന്ന് പറഞ്ഞു. അപ്പോഴാണ് അവിടെ അതിന് ചൗമീൻ എന്നാണ് പറയുന്നതെന്ന് മനസ്സിലായത്.
നിർഭാഗ്യവശാൽ സൊളാങ് വാലിയിൽ ആ ദിവസങ്ങളിൽ അവധിയായിരുന്നു. മലമുകളിലേക്ക് പോകാനുള്ള കേബിൾ കാറും പാരാഗ്ലൈഡിങ്ങുമൊന്നും പ്രവർത്തിക്കുന്നില്ല. കുറെനേരം ഞങ്ങൾ ആ താഴ്വരയിലൂടെ നടന്നു. മഞ്ഞുകാലത്ത് ഇവിടെ സ്കീയിങ് ഉണ്ടാകാറുണ്ട്. വേനൽക്കാലമായതിനാൽ അതിനുള്ള അവസരവുമില്ല. സൊളാങ് വാലിയിലേക്കുള്ള വഴിയിൽ ടണൽ നിർമാണം നടക്കുന്നത് കാണാം. ലേഹ് ഭാഗത്തേക്ക് റോഹ്താങ്ങ് പാസ് ഒഴിവാക്കി പോകാനുള്ള തുരങ്കം വരുന്നതോടെ മഞ്ഞുകാലത്തും യാത്ര സാധ്യമാകും.
വീണ്ടും മണായിലിലേക്ക് തന്നെ വന്നു. വനവിഹാർ പാർക്കിലേക്കാണ് നടന്നെത്തിയത്. 50 രൂപയാണ് ടിക്കറ്റ്. പൈൻ മരങ്ങൾ ഇടതൂർന്നുനിൽക്കുന്ന മനോഹരമായ ഒരിടം. മഞ്ഞുകാലത്ത് ഇവയെല്ലാം തൂവെള്ള നിറത്തിൽ പാൽക്കടലായി മാറും. ഈ മരങ്ങളുടെ താഴെയിരിക്കാൻ ധാരാളം ബെഞ്ചുകളുണ്ട്. കുറച്ചുകഴിഞ്ഞ് മാൾ റോഡിലേക്ക് തിരിച്ചെത്തി. ധാരാളം കൊച്ചുകുട്ടികൾ അവിടെ ഭിക്ഷ യാചിച്ച് നടക്കുന്നു.
അവരോട് ഏറെനേരം സംസാരിച്ചിരുന്നു. അവരെല്ലാം ചെറുപ്പത്തിൽ തന്നെ ഇവിടെ എത്തിപ്പെട്ടവരാണ്. സ്കൂളിെൻറ പടി പോലും കണ്ടിട്ടില്ല. അവരുടെ കഥകൾ േകട്ടപ്പോൾ സങ്കടം തോന്നി. ഷൂ പോളിഷ് ചെയ്യുന്നവരും മസ്സാജ് ചെയ്യുന്നവരും ബലൂൺ കച്ചവടക്കാരുമെല്ലാം മാൾ റോഡിൽ ഞങ്ങളെ കടന്നുപോയി.
ആപ്പിൾ തോട്ടത്തിലെ പ്രഭാതം
രാവിലെ ആപ്പിൾ തോട്ടത്തിലൂടെ ഒന്ന് ഉലാത്താൻ ഇറങ്ങി. ഗ്രീൻ ആപ്പിളും വേറെ രണ്ടുതരം ആപ്പിളുകളും അവിടെ കൃഷി ചെയ്യുന്നുണ്ട്. ടൂറിസ്റ്റുകൾക്ക് താമസിക്കാൻ ആപ്പിൾ മരങ്ങൾക്കിടയിൽ മരംകൊണ്ടുള്ള കോട്ടേജുകളുടെ നിർമാണം നടക്കുകയാണ്. തിരിച്ചെത്തി റൂമിൽനിന്ന് ബാഗുകളെല്ലാം കാറിൽ കയറ്റിവെച്ചു. ഞങ്ങൾക്ക് ഡൽഹിയിലേക്ക് പോകാനുള്ള ബസ് വൈകീട്ടാണ്. അതിനിടയിൽ കുറച്ചുകാര്യങ്ങൾ കൂടി ചെയ്ത് തീർക്കാനുണ്ട്. ഹഡിംബ ക്ഷേത്രത്തിലേക്കാണ് ആദ്യമെത്തിയത്.
സെഡാർ മരക്കാടുകൾക്കിടയിൽ തട്ട് തട്ടായി പഗോഡകൾ നിറഞ്ഞ അതിഗംഭീര ക്ഷേത്രം. ഹിഡുംബി ദേവിയുടെ പുരാതന ഗുഹാ ക്ഷേത്രമാണിത്. രാവിലെ തന്നെ നിരവധി സന്ദർശകരുണ്ട്. അമ്പലത്തിെൻറ ചുമരുകളിലെല്ലാം മാനിെൻറയും കാട്ടുപോത്തിെൻറയും തലയോട്ടികൾ കാണാം. നല്ല തണുപ്പുള്ള കാലാവസ്ഥയും ശാന്തമായ അന്തരീക്ഷവും എടുത്തുപറയേണ്ടത് തന്നെ.
കുളുവിലേക്കുള്ള വഴിയിലൂടെ വീണ്ടും യാത്ര തുടർന്നു. വഴിയിൽ തന്നെയുള്ള ഒരു ഹോട്ട്സ്പ്രിങ് (ചുടു നീരുറവ) സന്ദർശിച്ചു. ഒഴുകിവരുന്ന ചൂടുവെള്ളം പൈപ്പ് ഉപയോഗിച്ച് കുളം പോലെ കെട്ടിയുണ്ടാക്കിയ ടാങ്കിലേക്ക് കൊണ്ടുവരുന്നു. ആളുകൾ അതിൽ കുളിക്കുന്നുണ്ട്. ഏത് കാലത്തും തണുപ്പ് മാത്രമുള്ള ഈ പ്രദേശത്ത് ചൂടു നീരുറവ അദ്ഭുതം തന്നെ. ഹിമാചലിൽ ഇതുപോലെ ധാരാളം ചൂടു നീരുറവകളുണ്ട്. ഇവ മിക്കതും തീർത്ഥാടന കേന്ദ്രങ്ങളാണ്. കുളുവിലെ മണികരണാണ് ഇതിൽ പ്രധാനം. കാർ പിന്നെയും മന്നോട്ടുനീങ്ങി. മനോഹരമായ താഴ്‌വാരങ്ങളും അഗാധമായ കൊക്കകളും പിന്നിലേക്ക് ഒാടിമറയുന്നു.
എവിടെയും കിടിലൻ കാഴ്ചകൾ മാത്രം. ഓരോ വളവുകൾ കഴിയുമ്പോഴും ദൃശ്യങ്ങൾക്ക് മാറ്റം വരുന്നു. ഫോട്ടോ എടുക്കാൻ നിന്നാൽ നമ്മൾ എവിടെയും എത്തില്ല. അങ്ങനെ 50 കിലോമീറ്റർ പിന്നിട്ട് ഭുന്തറിലെത്തി. പാരാഗ്ലൈഡിങ്ങാണ് ലക്ഷ്യം. 6000 രൂപയാണ് രണ്ടുപേർക്ക് ചാർജ്. അവരുടെ തന്നെ ഓമ്നി വാനിൽ മലയടിവാരം വരെ പോയി. അവിടെയാണ് ലാൻഡിങ് പോയിൻറ്. ഞങ്ങൾ വന്നസമയത്ത് ഒരു ടീം ലാൻഡിങ് റാഷായി ചെയ്യുന്നുണ്ടായിരുന്നു. അതിലെ ആളുകളുടെ കാലുകൾ താഴെയുള്ള ആപ്പിൾ മരത്തിൽ ഉരഞ്ഞാണ് വന്നത്.
അത് കണ്ടപ്പോൾ ഭയം കൂടിവന്നു. എെൻറ ഇക്ക ഇതിന് മുന്നേ പാരാഗ്ലൈഡിങ് ചെയ്തിട്ടുള്ളതിനാൽ ധൈര്യമായിരിക്കാൻ പറഞ്ഞു. പിന്നെ കഴിഞ്ഞദിവസം കുഫ്രിയിൽ ബംഗീ ജംപിങ് അടക്കം ചെയ്തതിെൻറ ധൈര്യവും മുതൽക്കൂട്ടായുണ്ട്. അവിടെനിന്ന് ഞങ്ങളെ ഒരു ഫോർവീൽ ജീപ്പിൽ മലമുകളിലേക്ക് കൊണ്ടുപോയി. ചുരം എന്നൊന്നും പറയാൻ പറ്റാത്ത കാനനവഴി.
കുറച്ചു കഴിഞ്ഞപ്പോൾ ടാർ മാഞ്ഞ് മൺപാതയായി. ചില വളവുകളെല്ലാം ഓടിച്ചെടുക്കാൻ ഡ്രൈവർ നന്നായി ബുദ്ധിമുട്ടുന്നു. ഒന്ന് തെറ്റിയാൽ താഴേക്ക്. പിന്നെ ബാക്കിയുണ്ടാവില്ല. അതാണ് അവസ്ഥ. ഉയരത്തിലേക്ക് പോകും തോറും വഴി ഇടുങ്ങിവരുന്നു. ഒപ്പം ഭയം കൂടുകയും ചെയ്യുന്നു. അൽപ്പനേരം കൊണ്ട് ഒരു മലമുകളിൽ ആ സാഹസിക യാത്ര അവസാനിച്ചു. രണ്ട് പൈലറ്റുമാർ (പാരാഗ്ലൈഡിർ നിയന്ത്രിക്കുന്നവരെ പൈലറ്റ് എന്നാണ് വിളിക്കുന്നത്) അവിടെ ഉണ്ടായിരുന്നു.
കുളു ജില്ലയിലെ ഏറ്റവും ഉയരത്തിലെ പാരാഗ്ലൈഡിങ്ങാണ് ഇവിടത്തേത്. കുത്തനെയുള്ള ഇറക്കത്തിൽ ഫ്ലെക്സ് വിരിച്ചുെവച്ചിട്ടുണ്ട്. അതിൽ പോയിനിൽക്കണം. അവിടെനിന്ന് പാരച്യൂട്ടിലേക്ക് നമ്മുടെ കാലിലൂടെയും അരയിലൂടെയും സേഫ്റ്റി റോപ്പ് ബന്ധിക്കും. പിന്നെ കാറ്റ് അനുകൂലമാകാനുള്ള കാത്തിരിപ്പാണ്. ഇൗയൊരു അനുഭവം ഇനി ജീവിതത്തിൽ ഉണ്ടാകുമോ എന്നറിയില്ല.
അതിനാൽ തന്നെ വീഡിയോ എടുക്കാൻ വേണ്ടി പറഞ്ഞിരുന്നു. ഗോപ്രൊ അവർ എെൻറ കൈയിൽ തന്നു. ഒരു കയർ കൊണ്ട് സെൽഫി സ്റ്റിക്ക് കെട്ടിെവച്ചു. വീഡിയോ ലഭിക്കാൻ 500 രൂപ വേറെ കൊടുക്കണം. ഞാൻ ഇക്കാനെ ഒന്നുനോക്കി സലാം പറഞ്ഞ് പറക്കാൻ റെഡിയായി. പൈലറ്റ് മുന്നോട്ട് ഓടാൻ പറഞ്ഞു. ഏതാനും ദൂരം ഓടിയപ്പോഴേക്കും ഉയർന്നു പൊങ്ങാൻ തുടങ്ങി.
ഭാരം കുറഞ്ഞുവരുന്നു. താഴേക്ക് നോക്കുമ്പോൾ മനസ്സിൽ പേടിതോന്നി. പക്ഷെ, കുറച്ചു നിമിഷങ്ങൾ കൊണ്ട് തന്നെ പേടി ആഹ്ലാദത്തിന് മുന്നിൽ വഴിമാറി. വിമാനത്തിെൻറ ജനലിലൂടെ കാഴ്ച കാണുന്ന പോലെയല്ല. നമ്മൾ തന്നെ വായുവിൽ പറന്നുനടക്കുന്ന ഫീൽ. പറക്കൽ ആരംഭിച്ച മലയുടെ മുകളിൽ വരെ പൊങ്ങിയ ഗ്ലൈഡർ ഇപ്പോൾ താഴേക്ക് വരാൻ തുടങ്ങി. മലഞ്ചെരുവിലെ വീടുകളിൽനിന്ന് കുട്ടികൾ ഞങ്ങളെ നോക്കി കൈവീശുന്നു.
പുറകിൽ ഇക്ക വരുന്ന ഗ്ലൈഡറും കാണാം. വായുവിലൂടെ ഇങ്ങനെ ഭാരമില്ലാതെ പറക്കാൻ എന്തുരസം. ഒടുവിൽ ലാൻഡിങ്ങിന് സമയമായി. ഇറങ്ങാൻ നേരം കാലുകൾ നീട്ടിവെക്കാൻ പറഞ്ഞു. അതിൽ കയറിയപ്പോൾ പേടി ആയിരുന്നെങ്കിലും ഇറങ്ങാൻ നേരം ഇത് കഴിഞ്ഞല്ലോ എന്ന സങ്കടമായിരുന്നു. സുരക്ഷിതമായി തന്നെ ലാൻഡ് ചെയ്തു. പേടിച്ചു ഞാൻ ഇതിൽ കയറിയിരുന്നില്ലെങ്കിൽ അതൊരു നഷ്ടം തന്നെ ആകുമായിരുന്നു. ജീവിതത്തിെൻറ ഏടുകളിൽ മറക്കാൻ പറ്റാത്ത ഒരു അനുഭവം ലഭിച്ച സന്തോഷത്തിൽ അവിടെനിന്നും മലയിറങ്ങി.
ഹിമാചലിനോട് വിട
സമയം രണ്ട് മണി ആയിട്ടുള്ളൂ. നാല് മണിക്ക് മണാലിയിൽനിന്ന് പുറപ്പെടുന്ന ബസ് ഇവിടെ എത്താൻ 5.30 ആകും. ഇനിയും മൂന്നര മണിക്കൂർ സമയമുണ്ട്. സമീപം തന്നെയുള്ള പാർക്കിൽ കുറച്ചുനേരം ഇരുന്നു. മനോഹരമായി നിർമിച്ച ഉദ്യാനമാണത്. തൊട്ടുപിറകിൽ ബിയാസ് നദി പ്രക്ഷുബ്ധതയോടെ ഒഴുകുന്നു. നദിയിലേക്കുള്ള പടവുകളിലൂടെ ഇറങ്ങി. തണുത്ത വെള്ളത്തിൽ ഫ്രഷായി.
പിന്നീട് ബുന്ദർ ടൗണിലേക്ക് പോയി. ഭക്ഷണം കഴിക്കാൻ മാർക്കറ്റിലെ ചെറിയ ഹോട്ടലിലെത്തി. ഉത്തരേന്ത്യൻ രീതിയിലെ നല്ലൊരു ഊണ് തന്നെ കിട്ടി. തൊട്ടടുത്ത് ഒരു തൂക്കുപാലം ഉണ്ടെന്നറിഞ്ഞു. ബിയാസ് നദിക്ക് കുറുകെ നിർമിച്ച പാലം പ്രെയർ ഫ്ലാഗുകൾ കൊണ്ട് അലങ്കരിച്ചിട്ടുണ്ട്. ശക്തിയായി വീശുന്ന കാറ്റിൽ അവ പാറുന്നതും നോക്കി അവിടെയിരുന്നു. പാലത്തിെൻറ കരയിൽനിന്നാൽ കുളു എയർപോർട്ടിലെ റൺവേയും കാണാം.
ഇതിനിടയിലാണ് ഒരാൾ കഞ്ചാവ് വേണോ, ഹഷീഷ് വേണോ എന്നെല്ലാം ചോദിച്ചുവന്നത്. പിന്നെ ഒട്ടും അമാന്തിച്ചില്ല, അവിടെനിന്നും മാർക്കറ്റിലേക്ക് വേഗത്തിൽ നടന്നു. മാർക്കറ്റിൽ എവിടെ നോക്കിയാലും ആപ്പിളിെൻറ കൂമ്പാരങ്ങളാണ്. അവിടെനിന്ന് ഞങ്ങളും എട്ട് കിലോ വാങ്ങി. ബംഗളൂരു എത്തുന്നത് വരെ അതായിരുന്നു പ്രധാന ഭക്ഷണം. ബസ് വരുന്നതിന് മുെമ്പ പിങ്കു ഭായി കാറിൽ സ്റ്റാൻഡിലെത്തിച്ചു. ബസിൽ കയറുംവരെ അേദ്ദഹം അവിടെനിന്നു. അഞ്ച് ദിവസമായി ഞങ്ങളുടെ ഡ്രൈവറും ഗൈഡുമായി കൂടെയുണ്ടായിരുന്ന മനുഷ്യനാണ്. അയാളെ പിരിഞ്ഞപ്പോൾ രണ്ടുപേരുടെയും മുഖത്ത് ദുഃഖം നിഴലിക്കുന്നുണ്ടായിരുന്നു.
വീണ്ടും ഡൽഹിയിൽ
പല സ്ഥലങ്ങളിൽനിന്നും ബസിൽ ആപ്പിളും ഉറുമാൻ പഴങ്ങളും നിറച്ച പെട്ടികൾ നിറക്കുന്നുണ്ട്. റോഡിനു മുകളിലേക്ക് തൂങ്ങിനിൽക്കുന്ന പാറക്കെട്ടുകൾ വകഞ്ഞുമാറ്റിയാണ് ബസിെൻറ പ്രയാണം. മാമലകളുടെ രാത്രി കാഴ്ചയും കണ്ടുകൊണ്ട് എപ്പോഴോ ഉറങ്ങിപ്പോയിരുന്നു. രാവിലെ കണ്ണ് തുറക്കുേമ്പാൾ വീണ്ടും ഡൽഹിയുടെ തിരക്കിലെത്തിയിട്ടുണ്ട്. കാശ്മീരി ഗേറ്റ് മെട്രോ സ്റ്റേഷന് അടുത്താണ് ഇറങ്ങിയത്. വീണ്ടും പഴയപോലെ തന്നെ ബാഗുകൾ ചുമന്ന് നടത്തം തുടങ്ങി. ചെങ്കോട്ടയുടെ മുന്നിലാണ് യാത്ര അവസാനിപ്പിച്ചത്. അവിടെ ക്ലോക്റൂമിൽ ബാഗുകൾ വെച്ചു.
ആദ്യം തന്നെ കാണുന്നത് പ്രധാനമന്ത്രി രാജ്യത്തെ അഭിസംബോധന ചെയ്യുന്ന സ്ഥലമാണ്. അവിടുന്ന് അകത്തേക്ക് പ്രവേശിക്കുമ്പോൾ നീളത്തിലുള്ള ഇടവഴിയിൽ രണ്ടു വശങ്ങളും കടകൾ നിറഞ്ഞുനിൽക്കുന്നു. ചാട്ട ബസാർ എന്നാണ് അതിെൻറ പേര്. വീണ്ടും മുന്നോട്ടുപോയാൽ മനോഹരമായ ഉദ്യാനങ്ങളും നിർമിതികളും കാണാം. അണ്ണാറക്കണ്ണൻമാരും തത്തകളും യഥേഷ്ടം ഭയരഹിതരായി അതിലൂടെ വിലസി നടക്കുന്നു. ദിവാൻ ഇ ആം എന്നൊരു ഭാഗം അവിടെയുണ്ട്. ഷാജഹാൻ ചക്രവർത്തി കൂടിക്കാഴ്ചകൾ നടത്തിയിരുന്ന സ്ഥലമാണത്. വെള്ള മാർബിളിൽ തീർത്ത മനോഹരമായ സിംഹാസനം അവിടെ കാണാം. മാർബിളിൽ തീർത്ത പള്ളിയും ഇതിനകത്തുണ്ട്. മുഗൾ ശിൽപികളുടെ കലാചാരുത അവിടെ എങ്ങും നിറഞ്ഞുനിൽക്കുന്നു.
അവിടെനിന്ന് ചെറിയ ഗല്ലികളിലൂടെ നടന്നെത്തിയത് ഡൽഹി ജമാമസ്ജിദിലേക്കാണ്. വിദേശികളും സ്വദേശികളുമായ ധാരാളം സന്ദർശകർ അവിടെയുണ്ട്. കുറച്ചുനേരം ആ പള്ളിയുടെ വിശാലമായ നടുമുറ്റത്ത് ഇരുന്നു. തുടർന്ന് പള്ളിയുടെ മുന്നിലുള്ള ചെറിയ തട്ടുകടയിൽനിന്നും മുഗളായി ബിരിയാണി കഴിച്ചു. രാവിലെ തന്നെ ബിരിയാണ് കഴിക്കുന്നത് ജീവിതത്തിൽ അപൂർവമാണ്. അല്ലെങ്കിലും യാത്രകൾ അങ്ങനെയാണ്- പതിവിന് വിപരീതമായി എന്തെങ്കിലും ചെയ്യുേമ്പാഴാണ് ഒാരോ യാത്രക്കും മാധുര്യമേറുന്നത്.
ചെങ്കോട്ടയിലേക്ക് തന്നെ തിരിച്ചുവന്ന് ക്ലോക്ക് റൂമിൽനിന്നും ബാഗുകളെടുത്തു. ബംഗളൂരുവിലേക്കുള്ള വിമാനത്തിന് സമയം ആയിട്ടില്ല. സമീപത്തെ ഒരു മരത്തിന് ചുവട്ടിൽ ക്ഷീണമകറ്റനിരുന്നു. അടുത്ത് ഒരു മലയാളി കുടുംബവുമുണ്ട്. അവരുടെ കുട്ടിക്ക് പനിയാണെന്ന് അറിഞ്ഞപ്പോൾ ആദ്യമായി ഞങ്ങളുടെ ഫസ്റ്റ് എയ്ഡ് ബോക്സ് തുറന്നു.
മരുന്ന് നൽകി അവരോട് യാത്ര പറഞ്ഞ് വീണ്ടും മെട്രോയിൽ കയറി എയർപോർട്ടിലെത്തി. ഏഴു ദിവസത്തെ അനുഭവങ്ങളുമായാണ് വിമാനം ടേക്ക്ഒാഫ് ചെയ്യുന്നത്. ജീവിതത്തിലാദ്യമായി മഞ്ഞു കണ്ടത്, പാരാഗ്ലൈഡിങ്, റിവേഴ്സ് ബഞ്ചി, യാക്ക് റൈഡ് തുടങ്ങി ഒരുപാട് അനുഭവങ്ങൾ. ഈ കോവിഡ് കാലം കഴിഞ്ഞ് യാത്രകൾ ഇനിയും തുടരാൻ കഴിയുമെന്ന് പ്രത്യാശിക്കുേമ്പാഴും ഹിമാചലിെൻറ ഒാർമകൾ അസ്തമിക്കാതെ എന്നും മനസ്സിലുണ്ടാകും.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.