Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
phuket island
cancel
Homechevron_rightTravelchevron_rightDestinationschevron_rightഫുക്കറ്റ്​ അഥവാ സ്വർഗം...

ഫുക്കറ്റ്​ അഥവാ സ്വർഗം തോൽക്കും നാട്​

text_fields
bookmark_border

തായ്‌ലൻഡിലേക്ക് പോകുന്ന മിക്ക സഞ്ചാരികളും ഫുക്കറ്റ്​ എന്ന അതിസുന്ദരലോകം അവഗണിക്കുകയാണ് പതിവ്. ഈ ദ്വീപിനെക്കുറിച്ച്​ അറിവില്ലാത്തതും സമയക്കുറവുമാണ്​ ഇതിന്​ പിന്നിലെ പ്രധാന കാരണം. തായ്‌ലാൻഡിൽനിന്ന്​ പരിചയപ്പെട്ട ഒട്ടുമിക്ക മലയാളികളും ആറ്​ ദിവസത്തെ യാത്ര പ്ലാൻ ചെയ്​താണ്​ നാട്ടിൽനിന്ന്​ വിമാനം കയറിയിട്ടുള്ളത്​. പട്ടായയും ബാങ്കോക്കും മാത്രമാണ് അവരുടെ ബക്കറ്റ് ലിസ്​റ്റിൽ കാണാനാവുക.

തായ്‌ലൻഡ് എന്നു കേൾക്കുമ്പോൾ നെറ്റിച്ചുളിക്കുന്നവർ ഈ രാജ്യത്തെ പ്രകൃതി നൽകിയ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകളെയും ഇവിടത്തെ ജനങ്ങളുടെ ആതിഥ്യ മര്യാദയെയും സ്നേഹിക്കാനും പരസ്പരം ബഹുമാനിക്കാനും മാത്രം അറിയുന്ന തായ് ജനതയുടെ സംസ്‍കാരത്തെയും കുറിച്ച് കേട്ടുകേൾവി പോലും ഇല്ലാത്തവരാണെന്ന്​ നിസ്സംശയം പറയാം. ഇന്ത്യക്ക്​ പുറത്ത്​ യാത്ര ചെയുന്ന ഒരു സഞ്ചാരി ജീവിതത്തിൽ ഒരിക്കലെങ്കിലും ഈ നാട്​ സന്ദർശിച്ചിട്ടില്ലെങ്കിൽ അതൊരു തീരാനഷ്​ടം തന്നെയാണ്.

മരതക ദ്വീപുകളും വെട്ടിത്തിളങ്ങുന്ന പച്ചക്കടലും ഉൾപ്പെടുന്ന അതിമനോഹര കാഴ്​ചകളാണ്​ എവിടെയും

തായ്‌ലൻഡി​െൻറ തലസ്ഥാനമായ ബാങ്കോക്കിൽനിന്ന്​ ബസ് മാർഗം ഒറ്റ രാത്രി കൊണ്ട് എത്താവുന്ന സ്​ഥലമാണ്​ ഫുക്കറ്റ്​. എങ്കിലും പൊതുവെ എല്ലാവരും വിമാനയാത്രയാണ് ആശ്രയിക്കാറ്​. മുൻകൂട്ടി ബുക്ക്‌ ചെയ്താൽ വിമാനനിരക്കും ബസ് ടിക്കറ്റും ഏകദേശം ഒരേ തുകയാണ് വരിക. രണ്ട്​ മണിക്കൂർ കൊണ്ട് എത്തിച്ചേരാമെന്നതും പലരെയും വിമാനത്തെ ആശ്രയിക്കുന്നു.

വെട്ടിത്തിളങ്ങും മരതക ദ്വീപ്​

ഫുക്കറ്റിലേക്ക്​ വിമാനം താഴ്​ന്നിറങ്ങുമ്പോൾ തന്നെ താഴെ കണ്ണഞ്ചിപ്പിക്കുന്ന കാഴ്ചകൾ വിരുന്നെത്തും. മരതക ദ്വീപുകളും വെട്ടിത്തിളങ്ങുന്ന നീലക്കടലും ഉൾപ്പെടുന്ന ഗംഭീര കാഴ്​ച. അതിനെ ഫുക്കറ്റ്​ എന്നോ തായ്‌ലാൻഡി​െൻറ സ്വർഗം എന്നോ വിശേഷിപ്പിക്കാം. എയർപോർട്ടിൽ ചെക്കിങ് കഴിഞ്ഞ്​ പുറത്തേക്ക്​ പോകുന്ന വഴിയിൽ ഇടതുഭാഗത്തായി ഒരുപാട് ടൂറിസ്​റ്റ്​ പാക്കേജ് ബുക്കിങ് സെൻററുകളുണ്ട്. നമ്മുടെ ബഡ്​ജറ്റ്​ അനുസരിച്ചുള്ള പാക്കേജുകൾ അവിടെ ലഭിക്കും. ചുരുങ്ങിയത്​ മൂന്ന്​ ദിവസമെങ്കിലും വേണം ഫുക്കറ്റിലെ കാഴ്​ചകൾ കണ്ടുതീർക്കാൻ. എല്ലാ പാക്കേജുകളിലും താമസിക്കുന്ന ഹോട്ടലിൽനിന്നുള്ള പിക് അപ്പ് ആൻഡ്​ ഡ്രോപ്പ് സൗകര്യമുണ്ട്​.

ഫുക്കറ്റിലെ രാത്രികാഴ്​ച

ഓരോ സ്ഥലത്തും വ്യത്യസ്​ത പാക്കേജാണ്. ഏറ്റവും കുറഞ്ഞ നിരക്കിൽ ഞങ്ങൾക്ക്​ പാക്കേജ്​ തയാറാക്കിത്തന്നത്​ 'ഫുക്കറ്റ്​ ഫ്രണ്ട്​ഷിപ്പ്​ ടൂർ' എന്ന സ്​ഥാപനമാണ്​. കാഴ്​ചകളെല്ലാം കഴിഞ്ഞ്​ പിറ്റേന്ന് തിരിച്ച്​ എയർപോർട്ടിലേക്ക് പോകാനുള്ള ടാക്സി ഉൾപ്പെടെ പാക്കേജാണ് അവിടെനിന്ന് എടുത്തത്. രണ്ട്​ ദിവസത്തെ ദ്വീപ് പാക്കേജിനായി ഒരാൾക്ക്​ ഏകദേശം 6000 ബാത്ത്​ ആയി. ടാക്​സിക്ക് ​ 250 ബാത്തും അധികം നൽകി. ഒരു തായ്​ബാത്ത്​ 2.40 രൂപ വരും. എങ്കിലും അത് ലാഭമാണ്. കാരണം നമ്മൾ സ്വന്തമായി ടാക്സി വിളിച്ച്​ എയർപോർട്ടിൽ പോയാൽ 600 തായ് ബാത്ത് ചെലവാകും.

എയർപോർട്ടിൽനിന്ന്​ 30 കിലോമീറ്ററിലധികം സഞ്ചരിച്ചുവേണം പാതോങ് ബീച്ചിലോ ഫുക്കറ്റി​െൻറ പ്രധാനപ്പെട്ട ടൗണുകളിലോ എത്താൻ. ഒറ്റക്കാണ്​ എയർപോർട്ടിൽ എത്തുന്നതെങ്കിൽ ഒരിക്കലും ടാക്സി വിളിക്കരുത്. ധാരാളം ഷട്ടിൽ ബസ് സർവിസുകൾ ഫുക്കറ്റ് നഗരത്തിലേക്കുണ്ട്. ഒരാൾക്ക്​ ഏകദേശം 100 തായ് ബാത്ത് മാത്രമേ ആകൂ.

ചാലോങ് ക്ഷേ​ത്രം

എയർപോർട്ടിന്​ പുറത്ത്​ അന്വേഷിച്ചാൽ ബസ്​ ലഭിക്കും. അല്ലെങ്കിൽ airportbusphuket.com എന്ന സൈറ്റിൽനിന്ന്​ വിശദ വിവരങ്ങൾ അറിയാം. ഏകദേശം ഒരു മണിക്കൂർ യാത്രയുണ്ട്​ താമസ സ്ഥലത്തേക്ക്​. മരങ്ങൾ തണലേകുന്ന വഴിയിലൂടെയായിരുന്നു യാത്ര. കേരളത്തിലെ ഏതോ മലയോര മേഖലയിലൂടെ പോകുന്ന അനുഭവം. പാതോങ് എത്തുമ്പോൾ നഗര കാഴ്ചകൾ തുടങ്ങുകയായി. എവിടെ നോക്കിയാലും വാഹനങ്ങളും ഫ്ലാറ്റുകളുമെല്ലാം നിറഞ്ഞിരിക്കുന്നു.

കാഴ്​ചകളുടെ മഹാതീരം

വൈകുന്നേരം ഫുക്കറ്റിലെ കാഴ്ചകൾ കാണാൻ പുറത്തേക്കിറങ്ങി. പ്രധാന ആകർഷണമായ ചാലോങ് ക്ഷേ​ത്രം വളരെ അടുത്താണ്. കൊത്തുപണികളും പരമ്പരാഗത രീതിയിലെ ക്ഷേത്ര സമുച്ചയങ്ങളും അവിടെ കാണാൻ കഴിയും. ക്ഷേത്ര പരിസരം പൂ​േന്താട്ടങ്ങളാൽ അലങ്കരിച്ചിട്ടുണ്ട്​​. ഒരുപാട് പേർ അവിടെ വന്നുപോകുന്നു. എങ്കിലും വലിയ ബഹളങ്ങൾ ഒന്നുമില്ല. ആത്​മീയത വലയം​ ചെയ്യുന്ന ക്ഷേത്രപരിസരത്തെങ്ങും​ ശാന്തമായ അന്തരീക്ഷം. പൊതുവെ തായ് ജനത അങ്ങനെയാണ്. വളരെ സമാധാന പ്രിയർ. ഇതിന്​ അടുത്ത് തന്നെയാണ്​ ബിഗ് ബുദ്ധ എന്ന ഏറ്റവും വലിയ ബുദ്ധ​െൻറ പ്രതിമയുള്ളത്. 45 മീറ്റർ ഉയരമുള്ള ഇൗ പ്രതിമ 12 വർഷം കൊണ്ടാണ്​ ഒരുക്കിയിരിക്കുന്നത്​. അവിടെ നിന്നാൽ ബീച്ചി​െൻറ അസ്തമയ കാഴ്ച കൺനിറയെ കാണാം.

ബിഗ് ബുദ്ധ പ്രതിമ (ചിത്രം: ശ്രീഹരി)

സമയം ആറ്​ മണിയോട്​ അടുത്തിരിക്കുന്നു. അസ്​തമയ കാഴ്​ച കാണാൻ നിൽക്കാതെ ഞങ്ങൾ മടങ്ങി. അന്ന് വീക്കെൻഡ്​ നൈറ്റ്‌ മാർക്കറ്റുണ്ടെന്ന്​ ഹോട്ടൽ റിസപ്ഷനിൽനിന്ന് അറിയിച്ചിരുന്നു. നേരെ അവിടെ​ പോയി. വെറുതെ കറങ്ങി നടന്നുവെന്നല്ലാതെ ഒന്നും വാങ്ങാൻ തോന്നിയില്ല. തുകൽ കൊണ്ടുള്ള ചെരിപ്പും ബാഗും തന്നെയാണ് കൂടുതലും. പക്ഷെ, നമ്മുടെ നാട്ടിൽ ലഭിക്കുന്നതിനേക്കാൾ രണ്ടിരട്ടി വില നൽകണം.

തായ്​ലൻഡിലെ മറ്റു സ്​ഥലങ്ങളിൽ ലഭിക്കുന്നതുപോലെ കരിച്ചതും പൊരിച്ചതുമായ ഭക്ഷണസാധനങ്ങൾ അവിടെയുമുണ്ട്. സ്വർണ നിറത്തിലും ബ്ലാക്ക് മെറ്റൽസിലും തീർത്ത ബുദ്ധ​െൻറ ചെറുതും വലുതുമായ രൂപങ്ങൾ ധാരാളം വിൽക്കാൻ വെച്ചിരിക്കുന്നു​. അവിടെയുള്ള മറ്റൊരു സംഗതി ബൈക്ക് ടാക്സി ആണ്. നമ്മുടെ നാട്ടിലെ ഓട്ടോ സർവിസ് പോലെയാണ്​ ബൈക്ക് സർവിസ്. ഓരോ ടൗണുകളിലും ബൈക്കുമായി ഒരാൾ നിൽക്കും. നമുക്ക് എവിടെ പോകണമോ ആ സ്ഥലത്തി​െൻറ പേര് പറഞ്ഞാൽ അവിടെ എത്തിക്കും. രണ്ടുപേർ ഉണ്ടായാലും കുഴപ്പമില്ല. അവർ കൊണ്ടുപോയി സുരക്ഷിതമായി എത്തിക്കും. രാത്രി ഭക്ഷണം കഴിക്കാൻ ഇന്ത്യൻ റെസ്​റ്റോറൻറിലേക്ക് പോയത് ബൈക്ക് ടാക്സിയിൽ തന്നെ​.

വീക്കെൻഡ്​ നൈറ്റ്‌ മാർക്കറ്റ്​

മായാലോകത്തെ മായാബെ

പിറ്റേന്ന് രാവിലെ എട്ട്​ മണിക്ക് തന്നെ ടാക്സി വന്നു. സീ എഞ്ചൽ പോർട്ട് എന്ന സ്ഥലത്തേക്കാണ് കൊണ്ടുപോയത്​. അവിടെ നിന്നാണ് ഫുക്കറ്റിലെ മറ്റു ദീപുകളിലേക്ക്​ യാത്ര ആരംഭിക്കുക. പല രാജ്യങ്ങളിൽനിന്നുള്ളവർ അവിടെ എത്തിച്ചേർന്നിട്ടുണ്ട്​. പക്ഷെ, മലയാളികൾ ഞങ്ങൾ മാത്രം. തായ്‌ലാൻഡിലേക്ക് വന്നപ്പോൾ വിമാനത്തിൽ സഞ്ചാരികളായ മലയാളികൾ മാത്രമേ ഉണ്ടായിരുന്നുള്ളൂ. ഫുക്കറ്റ്​ എന്ന സ്വർഗം കാണാതെ പട്ടായ മാത്രം കണ്ട്​ തിരിച്ചുപോയിക്കാണും അവരെല്ലാം.

ബോട്ടിൽ കയറുന്നതിന്​​ മുമ്പ്​ ഗൈഡി​െൻറ 15 മിനിറ്റ് നീണ്ട ക്ലാസുണ്ട്​. ഇംഗ്ലീഷിലാണ്​ സംസാരം​. ശ്വാസതടസ്സവും മറ്റു പ്രശ്നങ്ങളും ഉള്ളവർ ആഴമുള്ള ഭാഗത്ത്​ ഇറങ്ങാൻ പാ​ടില്ലെന്നും വെള്ളത്തിൽ ഇറങ്ങുമ്പോൾ ലൈഫ് ജാക്കറ്റ്, സ്കൂബ ഷൂ എന്നിവയെല്ലാം നിർബന്ധമായും ധരിക്കണം എന്നൊക്കെ പറയുന്നുണ്ട്. കടലി​െൻറ അടിത്തട്ടിൽ മുള്ളു പോലുള്ള മത്സ്യമുണ്ട്, അതിനെ ചവിട്ടിയാൽ കാൽ മുറിയും. അതുകൊണ്ട് ഷൂ ധരിച്ച്​ മാത്രമേ വെള്ളത്തിൽ ഇറങ്ങാൻ പാടുള്ളൂ എന്നെല്ലാം അദ്ദേഹം ഘോരഘോരം പ്രസംഗിക്കുന്നു. പലരും അതൊന്നും ശ്രദ്ധിക്കുന്നില്ല. എങ്ങനെയെങ്കിലും കേട്ടറിഞ്ഞ ദ്വീപ്​ കാഴ്​ചകളിലേക്ക്​ പെ​ട്ടെന്ന്​ എത്തണമെന്ന ചിന്തയാണ് ഓരോ മുഖങ്ങളിലും കാണാൻ കഴിയുന്നത്.

ദ്വീപുകളിലേക്ക്​ സഞ്ചാരികളെ കൊണ്ടുപോകുന്ന സ്​പീഡ്​ ബോട്ട്​

ആന്തമാൻ കടലിലൂടെ സ്​പീഡ്​ ബോട്ട്​ കുതിച്ചുപായാൻ തുടങ്ങി. കടൽ പരപ്പുകളെ കീറിമുറിച്ചാണ് ബോട്ടി​െൻറ പ്രയാണം. യാത്ര മൊബൈലിൽ ഷൂട്ട്‌ ചെയ്യണം എന്നുണ്ടായിരുന്നു. പക്ഷേ, കൈ ഒന്ന് അയച്ചാൽ തെറിച്ച്​ വെള്ളത്തിലേക്ക്​ പോകും. അത്രയും​ സ്പീഡാണ് ബോട്ടിന്​. സ്ത്രീകളെയും കുട്ടികളെയും മുതിർന്നവരെയുമെല്ലാം ബോട്ടി​െൻറ മധ്യഭാഗത്ത്​ ഇരുത്തി സീറ്റ് ബെൽറ്റ്‌ ധരിപ്പിച്ചു.

മുൻവശം തുറന്ന ഭാഗമാണ്​. ഞങ്ങൾ അവിടെയാണ്​. മുൻവശത്ത്​ ധൈര്യം ഉള്ളവർ മാത്രം ഇരുന്നാൽ മതിയെന്ന്​ ഗൈഡ് പറഞ്ഞപ്പോൾ ഇത്രയും പ്രതീക്ഷിച്ചില്ല. ബോട്ടി​െൻറ സ്പീഡും കടൽ കാറ്റും കൂടെ വന്നപ്പോൾ എ​െൻറ കാര്യത്തിൽ ഒരു തീരുമാനം ആകുമെന്ന് കരുതി. ശരിക്കും പേടി തോന്നിയ നിമിഷങ്ങൾ. ഒരു കൈ സീറ്റി​െൻറ കമ്പിയിൽ മുറുകെ പിടിച്ചു. വലതുകൈ അടുത്തിരുന്ന രാജസ്ഥാനി യുവാവിൻെറ തോളിലും. അതൊരു പുതിയ സൗഹൃദത്തിലേക്ക്​ വഴി തുറക്കുകയായിരുന്നു. ദേവ്​ എന്നാണ്​ അയാളുടെ പേര്. രാജസ്ഥാൻ ഫിലിം മേഖലയിൽ മ്യൂസിക് അസിസ്​റ്റൻറ്​ ഡയറക്ടറാണ്. ഞാൻ മലയാളിയാണെന്ന്​ എന്നറിഞ്ഞപ്പോൾ പുള്ളിക്ക്​ പെരുത്ത് സന്തോഷം.

രാജസ്​താനി യുവാവ്​ ദേവിൻെറ കൂടെ ലേഖകൻ​

കോവളവും കന്യാകുമാരിയുമെല്ലാം കാണാൻ ഉടൻ വരുമെന്നും സഹായിക്കണമെന്നെല്ലാം പറഞ്ഞു. രാജസ്ഥാനിലേക്ക് വന്നാൽ എന്ത് ആവശ്യം ഉണ്ടേലും വിളിച്ചാൽ മതി എന്ന്​ അറിയിച്ച്​ ഫോൺ നമ്പറും കൈമാറി. നാളെ രാവിലെ അവർ നാട്ടിലേക്ക്​ തിരിച്ചുപോകും. അതുകൊണ്ട്​ ജെയിംസ് ബോണ്ട് ഐലൻഡ് യാത്രക്ക്​ സാധിക്കില്ലെന്നും ഇനി അത് കാണാൻ ഒരിക്കൽ കൂടി ഭാര്യയെയും കൂട്ടി വരുമെന്ന സ്വപ്​നവും പങ്കുവെച്ചു.

ബോട്ടി​െൻറ വേഗത കുറഞ്ഞുതുടങ്ങി. അങ്ങകലെ മായാബെ എന്ന സുന്ദരമായ ദ്വീപ് കാണാം. തീരത്തേക്ക്​ അടുക്കുംതോറും കടലി​െൻറ അടിഭാഗം കൂടുതൽ വ്യക്​തമാകുന്നു. വർണ മത്സ്യങ്ങളുടെ നീണ്ട ഘോഷയാത്ര. മായാബെ ദ്വീപ് ശരിക്കും ഒരു മായാലോകം തന്നെയാണ്. പഞ്ചാര മണൽ തരികൾ പോലെയുള്ള മണ്ണും ഒട്ടുംതിരയില്ലാത്ത തെളിഞ്ഞ നീലിമയുള്ള ശാന്തമായ കടലും പച്ചപ്പി​െൻറ മേലങ്കിയണിഞ്ഞ്​ കുടപോലെ നിൽക്കുന്ന കുന്നുകളും ഇളംകാറ്റും നീലാകാശവും കാറ്റു വീശുമ്പോൾ ഇളകുന്ന ഓളങ്ങളുമെല്ലാം കാണുമ്പോൾ ശരിക്കും ഒരു മായാലോകത്ത്​ എത്തിയ പ്രതീതി.

കൂടാരം പോലെയുള്ള ദ്വീപുകളാണ്​ ഇവിടെയുള്ളത്​

മായാബെ ഒരു കൂടാരം പോലെയുള്ള ദ്വീപാണ്. ഇവിടെ വന്നാൽ കടലിൽ ഇറങ്ങാതെ ഒരാളും മാറി നിൽക്കില്ല. വെള്ളം അത്രമേൽ സുന്ദരവും തെളിമ നിറഞ്ഞതുമാണ്. സ്​നോർക്കലിങ്ങിനായി വെള്ളത്തിലിറങ്ങി. നല്ല തണുപ്പുണ്ട്​​. ആഴം ഇല്ലാത്തത് കൊണ്ട് ലൈഫ് ജാക്കറ്റ് നിർബന്ധമില്ല. പക്ഷെ, ഷൂ ധരിക്കണം. അവർ തരുന്ന കണ്ണട ധരിച്ചാൽ കടലിനടിയിലെ കാഴ്​ചകൾ വ്യക്​തമായി കാണാം. ചെറുതും വലുതുമായ നിരവധി വർണ മത്സ്യങ്ങൾക്കൊപ്പം നമുക്ക് നീന്തിത്തുടിക്കാം. മഞ്ഞ നിറത്തിലെ ഒരുതരം മത്സ്യങ്ങൾ കൂട്ടമായി സഞ്ചരിക്കുന്നു​. ഗൈഡ് പറഞ്ഞതുപോലെ അപകടകാരികളായ മുള്ളു മത്സ്യങ്ങൾ അടിത്തട്ടിൽ പതുങ്ങിയിരിക്കുന്നത് കാണാം. നമ്മുടെ നാട്ടിലെ മുള്ളൻ പന്നിയുടെ അതേരൂപം തന്നെ. പക്ഷേ വലിപ്പം ഒരു തവളയുടെ അത്രയുമേ വരികയുള്ളൂ.

രണ്ട്​ മണിക്കൂർ സമയമുണ്ടിവിടെ. കരയിൽ നിറയെ പഴങ്ങളും ജ്യൂസും ലഘുഭക്ഷണങ്ങളും ഒരുക്കിവെച്ചിട്ടുണ്ട്​. വിശപ്പ് തോന്നുമ്പോൾ കരയിൽ കയറി അവയെടുത്ത്​ കഴിക്കാം. പാക്കേജി​െൻറ ഭാഗമാണ്​ ഇൗ അൺലിമിറ്റഡ്​ ഫുഡ്​​. അവ കഴിച്ച്​ വീണ്ടും കടലിലേക്ക്​ ഇറങ്ങും. ആഴങ്ങളിൽ വർണമത്സ്യങ്ങളെ തേടിപ്പോകും. അൽപ്പനേരത്തെ നീരാട്ടിനുശേഷം വീണ്ടും ബോട്ടിൽ കയറി.

ഫിഫി ദ്വീപിലെ കാഴ്​ചകൾ

കടലിലെ കുരങ്ങൻമാർ

അടുത്തതായി പോയത് മങ്കി ഐലൻഡിലേക്കാണ്. കൊച്ചു ദ്വീപാണത്​. തീരമില്ലാത്തതിനാൽ ബോട്ടിൽ ഇരുന്ന്​ തന്നെയാണ്​ കാഴ്​ചകൾ കാണുന്നത്​. ദ്വീപിൽ നിറയെ കുരങ്ങൻമാരുണ്ട്​. കടലിന്​ നടുക്ക് കുടപോലെ നിൽക്കുന്ന ചെറിയ ദ്വീപിൽ എങ്ങനെ കുരങ്ങൻമാർ വന്നുപെട്ടു എന്നാലോചിക്കു​േമ്പാൾ ആശ്ചര്യം തോന്നും. എല്ലാവരും വാനരപ്പടയെ ഫോട്ടോ എടുക്കുന്ന തിരക്കിലാണ്. ദ്വീപിന്​ ചുറ്റളവ് വളരെ കുറവ് ആണേലും നല്ല ഉയരമുണ്ട്.

അടുത്ത ലക്ഷ്യം ഖായ്​നായ്​ ദ്വീപാണ്​. മായാബെ പോലെ അത്ര മനോഹരമൊന്നുമല്ല. പക്ഷെ, അവിടെയും ഒരുമണിക്കൂർ സമയം ഉണ്ടായിരുന്നു. ദ്വീപിന്​ ചുറ്റും ഫോട്ടോ എടുത്തു നടന്നു. വെള്ളത്തിൽ അധികം ആരും ഇറങ്ങിയില്ല. പിന്നീട് പോയത് ഫിഫി ഐലൻഡിലേക്കായിരുന്നു​. ഐലൻഡ് ആശുപത്രിക്ക്​ പിറകിലെ ​ഒരു റെസ്​റ്റോറൻറിൽ ആയിരുന്നു ഉച്ചഭക്ഷണം ഒരുക്കിയിരുന്നത്​. ഇഷ്​ടമുള്ള വിഭവങ്ങൾ എടുത്തുകഴിക്കാം. ഇന്ത്യൻ-ചൈനീസ് കോണ്ടിനെൻറൽ വിഭവങ്ങൾ മുന്നിൽ നിരത്തിവെച്ചിരിക്കുന്നു. വയറും മനസ്സും നിറഞ്ഞു. വീണ്ടും കടൽതീരത്തെത്തി കാറ്റുകൊണ്ടിരുന്നു.

മങ്കി ഐലൻഡ്​

സമയം മൂന്ന് മണിയോട് അടുത്തു. ബോട്ടിൽ കയറി ഫുക്കറ്റിലേക്ക് തിരിച്ചെത്തി. റൂമിൽ​ പോകുന്ന വഴിയിൽ പാതോങ് ബീച്ച് കാണാം. അവിടെയും സഞ്ചാരികളുടെ കുത്തൊഴുക്ക് തന്നെ. ഇവിടത്തെ ബംഗ്ലാ വാക്കിങ് സ്ട്രീറ്റിൽ ടാറ്റൂ സെൻററുകളും ഡി.ജെ ബാറുകളുമെല്ലാമുണ്ട്​. അതി​ന്​ അടുത്തായി നിരവധി ഹോട്ടൽ റൂമുകൾ ലഭ്യമാണ്​. ഒട്ടുമിക്ക പേരും അവിടെയാണ് റൂം എടുക്കുന്നത്. കാരണം പട്ടായയിലേത്​ പോലെ രാത്രിയിലാണ്​ ഇവിടെയും കാഴ്ചകൾ തുടങ്ങുന്നത്. റൂമിൽ ഇരുന്നു തന്നെ പുറത്തെ കാഴ്ചകൾ ആസ്വദിക്കാം. നമ്മൾ താമസിക്കുന്ന അപ്പാർട്മെന്റ് പാതോങ്ങിൽനിന്ന്​ വളരെ അകലെ ആളൊഴിഞ്ഞ മേഖലയിലാണ്​. വളരെ നിശ്ശബ്​ദമായ പ്രദേശം. അത്യാവശ്യം ഹോട്ടലോ ഷോപ്പിങ് സെൻറുകളോ ഒന്നും തന്നെ അവിടെയില്ല.

രാത്രി മാത്രമുള്ള 'നൈറ്റ്‌ ഫുക്കറ്റ് ഫാൻറസി' എന്ന വർണ ശബളമായ സർക്കസ് നഗരത്തിലുണ്ട്​. ഒരുപാട് മൃഗങ്ങളെല്ലാമുള്ള സർക്കസാണത്​. പക്ഷെ, എന്തുകൊണ്ടോ പോകാൻ തോന്നിയില്ല. പ്രകൃതി ഒരുക്കിയ കാഴ്​ചകൾ കൺനിറയെ കണ്ടുവന്നതാണ്​​. മനുഷ്യർ കൃത്രിമമായി ഒരുക്കിയ കാഴ്​ചകൾക്ക്​ ഇനി മനസ്സിൽ ഇടമില്ലെന്ന്​ തോന്നി.

പാതോങ് ബീച്ച്

ജയിംസ്​ ബോണ്ടി​െൻറ സ്വർണത്തോക്ക്​​

അടുത്തദിവസം രാവ​ിലെ ഏറെ പ്രതീക്ഷയോടെയാണ്​ എണീറ്റത്​. ചെറിയ ഒരു ആകാംക്ഷ കൂടിയുണ്ട്​. കാരണം ഇന്നത്തെ യാത്ര ജെയിംസ് ബോണ്ട്‌ ഐലൻഡിലേക്കാണ്. ജെയിംസ് ബോണ്ട്‌ സീരീസിലെ 1974ൽ ഇറങ്ങിയ 'ദ മാൻ വിത്ത്​ ദ ഗോൾഡൻ ഗൺ' എന്ന സിനിമ ചിത്രീകരിച്ചത്​ മുതലാണ് ഈ സ്ഥലം പ്രശസ്​തമായത്​. ജയിംസ്​ ബോണ്ട്​ എന്ന പേര് തന്നെ ദ്വീപിന്​ നൽകുകയായിരുന്നു. കഴിഞ്ഞദിവസം കടലി​െൻറ തെക്ക്​ ഭാഗത്തേക്കാണ്​ പോയതെങ്കിൽ ഇന്നത്​ വടക്കോട്ടാണ്​. വളരെ ശാന്തമായ കടലാണിവിടെ. ഒരു നദിയിലൂടെ പോകുന്ന അനുഭവം. സ്പീഡ് ബോട്ടിലല്ല യാത്ര. രണ്ട്​ നിലയുള്ള ബോട്ടിൽ പതുക്കെ ഓളങ്ങളോടൊപ്പം ചാഞ്ഞും ​െചരിഞ്ഞും നീങ്ങുന്നു​.

മുകളിലെ തട്ടിലും അരികിലുമായി നിരവധി പേർ പുറത്തെ കാഴ്ചകൾ കാണുന്നുണ്ട്. എല്ലാവരും വിദേശികളാണ്​. ഇന്ത്യക്കാർ ഞങ്ങൾ മാത്രം. ചൈന, ഇംഗ്ലണ്ട്, സ്പെയിൻ, നേപ്പാൾ എന്നീ രാജ്യങ്ങളിൽനിന്നുള്ളവർ കൂടാതെ അറബ് നാടുകളിലെ പൗരൻമാരുമുണ്ട്​. ഫിഫി ദ്വീപിലേക്ക്​ കഴിഞ്ഞദിവസം പോയപ്പോൾ കടൽ നീല നിറത്തിലായിരുന്നു. എന്നാൽ, ഇവിടെ കടുംപച്ചയുടെ ആവരണമണിഞ്ഞിരിക്കുന്നു.

ബോട്ടിലെ ഉച്ചഭക്ഷണം

പ്രകൃതിയുടെ മായാസൗന്ദര്യത്തി​െൻറ മൂർത്തരൂപം കാണണമെങ്കിൽ ആന്തമാൻ കടലിൽ ഉൾപ്പെടുന്ന ഈ അത്ഭുത വഴികളിലൂടെ യാത്ര ചെയ്യണം. ദൂരെ ദൂരെയായി ചെറുതും ഒറ്റപ്പെട്ടതുമായ ദ്വീപുകൾക്കിടയിലൂടെയാണ്​ യാത്ര. അവിടങ്ങളിലെ കീഴ്ക്കാം തൂക്കായി നിൽക്കുന്ന കുന്നുകളും മലഞ്ചെരിവുകളുമെല്ലാം ആരെയും മോഹിപ്പിക്കും.

ഏകദേശം മൂന്ന്​ മണിക്കൂറുണ്ട്​ യാത്ര. എവിടെ നോക്കിയാലും കൺകുളിർക്കെ കാഴ്ചകൾ. സ്വർഗം കടലിലേക്കിറങ്ങി വന്ന ​പ്രതീതി. ഭക്ഷണമെല്ലാം ബോട്ടിൽ തന്നെ ഒരുക്കിയിട്ടുണ്ട്. കടൽ വിഭവങ്ങളുടെ ഒരു നീണ്ടനിര തന്നെയാണ്​. കൂടാതെ പച്ചക്കറി വിഭവങ്ങൾ, സലാഡ്​, ജ്യൂസ്​ എന്നിവയെല്ലാം തീൻമേശയിൽ നിറഞ്ഞിരിക്കുന്നു.

ജെയിംസ് ബോണ്ട്‌ ഐലൻഡ്​

ഉച്ചഭക്ഷണം കഴിഞ്ഞപ്പോഴേക്കും ലക്ഷ്യസ്​ഥാനമെത്തി. അങ്ങനെ പ്രതീക്ഷയോടെ ജെയിംസ് ബോണ്ട്‌ ഐലൻഡിലെ മണൽപരപ്പിൽ കാലുകുത്തി. സിനിമയിൽ മാത്രം കണ്ട ആ സ്ഥലത്ത് എത്തിപ്പെടുമെന്ന്​ സ്വപ്നത്തിൽ പോലും കരുതിയതല്ല. ഒട്ടും പ്രതീക്ഷിക്കാതെ തേടിയെത്തിയ ദ്വീപിൽ വന്നിറങ്ങു​​േമ്പാഴുള്ള ഒരുതരം അനുഭൂതി ഉണ്ടല്ലോ, അത് പറഞ്ഞറിയിക്കാൻ കഴിയില്ല.

ഇനി കാറ്റ്‌ നിറച്ച ചെറിയ വള്ളങ്ങളിൽ തോണിക്കാരനോടൊപ്പം തുഴഞ്ഞുള്ള യാത്രയാണ്. ദ്വീപുകൾക്കിടയിൽ പ്രകൃതി ഒരുക്കിയ ചെറിയ ഗുഹകളിലൂടെയാണ് പോകുന്നത്​. ചിലപ്പോഴൊക്കെ വള്ളത്തിൽ തല ചായ്​ച്ച്​ കിടക്കേണ്ടി വന്നു, അത്രക്കും ചെറുതാണ്​ ഗുഹകൾ. കൂരിരിട്ടാണ്​ എങ്ങും. തോണിക്കാരൻ ഗുഹയുടെ ഭിത്തിയിൽ ടോർച്ച്​ അടിച്ചു കാണിച്ചപ്പോൾ വെട്ടിത്തിളങ്ങുന്ന കല്ലുകൾ കാണാനായി.

ദ്വീപുകൾക്കിടയിൽ പ്രകൃതി ഒരുക്കിയ ഗുഹ

ഡയമണ്ട് എന്നാണ് അയാൾ പറയുന്നത്. എനിക്കെന്ത്​ കൊണ്ടോ അത് അത്രക്കങ്ങ് വിശ്വാസം ആയില്ല. 100 മിന്നാമിന്നികൾ ഒരുമിച്ച് പ്രകാശിക്കും പോലെ വെട്ടിവെട്ടി തിളങ്ങുന്നു. ഗുഹ കഴിഞ്ഞു എത്തുന്നത് കാടി​െൻറ അപാരതയിലേക്കാണ്​​. കടലി​െൻറ നടുക്ക് ഇങ്ങനെ ഒരു കാടുണ്ടെന്ന്​ പറഞ്ഞാൽ ആരും വിശ്വസിക്കില്ല. മാൻ​ഗ്രോവ്​ കേവ്​ എന്നാണിതി​െൻറ പേര്​. ഇതെല്ലാം കാണുമ്പോൾ സ്വപ്നം ആണോ എന്ന്​ തോന്നിപ്പോകും. ചുറ്റും മലയും കാടും വള്ളിച്ചെടികളും. മധ്യ ഭാഗത്തായി മരതക പച്ചനിറത്തിലുള്ള വെള്ളത്തിൽ നിറയെ തോണിക്കാരും.

അതിനുശേഷം ലാവാ ഐലൻഡിലും ഹോംഗ് ഐലൻഡിലുമുള്ള പ്രകൃതി ഒരുക്കിയ ഗുഹകളിലൂടെ പിന്നെയും തോണി തുഴഞ്ഞുപോയി. കണ്ട കാഴ്​ചകൾ ഒാരോന്നും മനോഹരം. ഇനി കാണാൻ പോകുന്നത് അതിനേക്കാൾ മനോഹരം എന്ന അവസ്​ഥ.

ജെയിംസ് ബോണ്ട്‌ ഐലൻഡ്​

പിന്നീട് പോയത് മറ്റൊരു ദ്വീപിലേക്കാണ്​. കുറച്ചു ആഴമുള്ള ഭാഗത്തു ബോട്ട് നിർത്തിയ ശേഷം ലൈഫ് ജാക്കറ്റെല്ലാം അണിഞ്ഞു. ബോട്ടി​െൻറ മുകൾ തട്ടിൽനിന്ന്​ കടലിലേക്കു എടുത്തുചാടി. ഒരുപാടു നേരം കടലിൽ നീന്തിത്തുടിച്ചു. ഒരു മണിക്കൂർ സമയമുണ്ടവിടെ. കാറ്റു നിറച്ച തോണി ഞങ്ങൾക്ക്​ നൽകി. ബോട്ടി​െൻറ ഒരു കിലോമീറ്റർ ചുറ്റളവിൽ തോണി തുഴഞ്ഞു രസിക്കാം. തോണിയിൽ കുറച്ചകലെ എത്തിയശേഷം വെള്ളത്തിലേക്ക്​ മറിഞ്ഞു നീന്തി കരയിലേക്കു ചിലർ കയറുന്നുണ്ട്. കുറച്ചുപേര് വീണ്ടും ബോട്ടി​െൻറ മുകൾ തട്ടിൽ കയറി കടലിലേക്ക്​ തലകുത്തി മറിഞ്ഞുചാടുന്നു.

ഇ​െതല്ലാം കണ്ട്​ രസിച്ചു ബോട്ടിൽ തന്നെ ഇരിക്കുന്നവരുമുണ്ട്. സമയം മൂന്ന്​ കഴിഞ്ഞു. ആരും തിരിച്ചുകയറുന്നില്ല. എങ്ങനെ ഈ സ്വപ്​ന ലോകത്തിൽനിന്ന്​ തിരിച്ചുപോരും. ഗൈഡ് തുരുതുരാ വിസിൽ അടിക്കുന്നു. ബോട്ടി​െൻറ ഹോൺ മുഴക്കുന്നു. മനസില്ല മനസ്സോടെ എല്ലാവരും ബോട്ടിലേക്ക്​ കയറി. മടക്കയാത്രയിലാണ് നമ്മളിപ്പോൾ. ബോട്ടിനെ അനുഗമിച്ച്​ കടൽ പക്ഷികൾ പറക്കുന്നു. ഇടക്ക്​ എപ്പോഴോ നേരിയ ചാറ്റൽ മഴ പെയ്തു തോർന്നു. കടലി​െൻറ പച്ച നിറത്തിന്​ മങ്ങലേൽപ്പിച്ച്​ അങ്ങകലെ സൂര്യൻ ചക്രവാളത്തിലേക്ക്​ മറയാൻ പോകുന്നു. വന്നപ്പോയുള്ള സന്തോഷവും ബഹളങ്ങളും ഒന്നുമില്ല. എല്ലാവരുടെയും മുഖത്ത്​ മൗനം നിഴലിച്ച്​ നിൽക്കുന്നു.

രണ്ട്​ നിലയുള്ള ബോട്ട്​ പതുക്കെ ഓളങ്ങളോടൊപ്പം ചാഞ്ഞും ​െചരിഞ്ഞുമാണ്​ നീങ്ങുന്നത്​

നാളെ തായ്​ലാൻഡി​െൻറ മണ്ണിൽനിന്ന്​ മടങ്ങണം. തിരിച്ചുപോകാൻ മനസ്സ്​ വരുന്നില്ല. എന്നാലും മടങ്ങിയല്ലേ പറ്റൂ. സ്വർഗം തോൽക്കും നാട്ടിൽ പോയാലും സ്വന്തം വീട്ടിലേക്കാണ്​ മാടക്കയാത്രയെന്നത്​​ ഒാരോ സഞ്ചാരിയുടെയും മനസ്സിൽ ആവേശം നിറക്കുന്നതാണ്

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:thailandtravelphuketjames island
News Summary - travel to phuket in thailand
Next Story