കുഫ്രിയിൽ ബംഗീ ജംപിങിനായി തിരക്കുകൂട്ടിയ വനിതകൾ
text_fieldsറൂമിലെ ബാൽക്കണയിൽനിന്നുള്ള കാഴ്ചകളെല്ലാം ഏറെ സുന്ദരം. ഷിംലയെന്ന മഹാനഗരം പുലർകാലമഞ്ഞിൽ കുളിച്ചുനിൽപ്പാണ്. നഗരം മലകളിൽനിന്ന് ഇറങ്ങിവരികയാണെന്ന് തോന്നും. ബഹുവർണ നിറങ്ങളിലെ കെട്ടിടങ്ങൾ തട്ടുതട്ടായി നിലകൊള്ളുന്നു. കൂർത്ത മേൽക്കൂരയുള്ള കൊച്ചുവീടുകൾ വൈദ്യുത വെളിച്ചത്തിൽ തിളങ്ങുന്നുണ്ട്. അതിനിടയിൽ ഉയർന്നുനിൽക്കുന്ന മരങ്ങളെ കോടമഞ്ഞ് തഴുകി ഒഴുകുന്നു. മരങ്ങളിൽനിന്ന് മരങ്ങളിലേക്ക് കുരങ്ങൻമാർ തുള്ളിച്ചാടുന്നു. ജീവിതത്തിലെ മറ്റൊരു മനോഹരമായ പ്രഭാതം.
സർക്കാർ ജോലി ലഭിച്ചതിെൻറ സന്തോഷം പങ്കുവെക്കാൻ പ്രിയതമെൻറ കൂടെ വിമാനം കയറിയെത്തിയതാണ് ഹിമാചലിെൻറ മണ്ണിൽ. ഇൗ ബാൽക്കണയിലിരിക്കുേമ്പാൾ ആ സന്തോഷം ഇരട്ടിയാകുന്നു.
വർഷങ്ങൾ നീണ്ട പരിശ്രമത്തിെൻറ ഫലമായാണ് സർക്കാർ ജോലിയെന്ന സ്വപ്നം നേടിയെടുക്കുന്നത്. കേരളത്തിനകത്തെ ഒരുപാട് സ്ഥലങ്ങളിലേക്ക് നിരവധി യാത്രകൾ ഞങ്ങൾ നടത്തിയിട്ടുണ്ട്. അതിലധികവും ബുള്ളറ്റ് റൈഡുകൾ ആയിരുന്നു. അതിൽനിന്നെല്ലാം വ്യത്യസ്തമായി ഒരു ലോങ് ട്രിപ്പ് തന്നെ വേണമെന്നുണ്ടായിരുന്നു. ഓണാവധിക്ക് പോകാമെന്ന് ഉറപ്പിച്ചു. ഭർത്താവിെൻറ സുഹൃത്തായ ഷബ്‌നു ഭായിയുടെ സഹായത്താൽ പ്ലാനിങ് തകൃതിയായി.
ഭൂമിയിലെ സ്വർഗമായ കശ്മീരിലേക്കായിരുന്നു ആദ്യം തീരുമാനിച്ചത്. യാത്രയുടെ ഒന്നര മാസം മുേമ്പ വിമാന ടിക്കറ്റുകൾ ബുക്ക് ചെയ്തു. ടിക്കറ്റ് നിരക്ക് കുറവായതിനാൽ ബംഗളൂരുവിൽനിന്നാണ് വിമാനം. എന്നാൽ, ആർട്ടിക്കിൾ 370മായി ബന്ധപ്പെട്ട പ്രശ്നങ്ങൾ കാരണം കശ്മീർ മോഹം ഹിമാചൽ പ്രദേശിലേക്ക് പറിച്ചുനടേണ്ടി വന്നു. കൊണ്ടുപോകാനുള്ള വസ്ത്രങ്ങളും അത്യാവശ്യ സാധനങ്ങളും തണുപ്പിനെ പ്രതിരോധിക്കാനുള്ള ജാക്കറ്റുകളും ഇതിനിടയിൽ പാക്ക് ചെയ്തുവെച്ചിരുന്നു. അങ്ങനെ കാത്തിരുന്ന ദിവസെമത്തി.
ഡൽഹിയിലെ ഒാട്ടപ്രദക്ഷിണം
കോഴിക്കോട്ടുനിന്ന് നമ്മുടെ സ്വന്തം ആനവണ്ടിയിൽ ബംഗളൂരുവിലെത്തി. അവിടെനിന്ന് പറന്നുയർന്ന് ഉച്ചയോടെ ഡൽഹിയിൽ. രാത്രിയാണ് ഷിംലയിലേക്കുള്ള ബസ്. അതുവരെ ഇന്ദ്രപ്രസ്ഥത്തിൽ ഒാട്ടപ്രദക്ഷിണമാകാമെന്ന് കരുതി. കുത്തബ്മിനാറാണ് ആദ്യലക്ഷ്യം. ലോക്കർ സൗകര്യം ലഭ്യമാകാഞ്ഞതിനാൽ വലിയ ബാഗുകളും തോളിൽ തൂക്കിയാണ് യാത്ര. കുത്തബ്മിനാറിലേക്ക് പ്രവേശിക്കാൻ നീണ്ട ക്യൂവുണ്ട്. അൽപ്പനേരത്തെ കാത്തിരിപ്പിനുശേഷം, ഉയരത്തിന് പര്യായമായ വിസ്മയ നിർമിതിക്കകത്തേക്ക് പ്രവേശിച്ചു. ചുവന്ന നിറത്തിലെ കല്ലുകളിൽ അറബി ലിഖിതങ്ങൾ കൊണ്ട് അലങ്കരിച്ച 73 മീറ്റർ ഉയരമുള്ള മനോഹര നിർമിതി.
തൊട്ടടുത്ത് തന്നെ 1600 വർഷം പഴക്കമുള്ള ഇരുമ്പ് തൂണുണ്ട്. ഇതുവരെ തുരുമ്പ് പിടിക്കാത്ത ലോഹക്കൂട്ട് അത്ഭുതം തന്നെ. അഞ്ച് നിലകളാണ് കുത്തബ്മിനാറിന്. ഓരോ നിലക്കും ബാൽക്കണിയുണ്ട്. കുത്തബുദ്ദീൻ ഐബക് ആണ് ഇതിെൻറ നിർമാണം തുടങ്ങിവച്ചത്. അദ്ദേഹത്തിനുശേഷം ഇൽത്തുമിഷ് പൂർത്തീകരിച്ചു.
ഇതിന് ചുറ്റുമായി ഒരുപാട് നിർമിതികൾ വേറെയുമുണ്ട്. എല്ലായിടവും അറബി ലിഖിതങ്ങൾ കൊണ്ട് കൊത്തിയെടുത്ത് മനോഹരം. കുത്തബ്മിനാറിന് വലതുഭാഗത്തായി 27 മീറ്റർ ഉയരമുള്ള മറ്റൊരു നിർമിതി കാണാം. അലാവുദ്ദീൻ ഖിൽജി നിർമാണം തുടങ്ങിയ അലൈ മിനാറാണിത്. പക്ഷെ അത് പൂർത്തിയാക്കാൻ കഴിഞ്ഞില്ല. അവിടെനിന്ന് പുറത്തിറങ്ങി നീംബു പാനി കുടിച്ചു. ചാട്ട് മസാലയും ഗോലിസോഡയും ചെറുനാരങ്ങയും ചേർത്ത അടിപൊളി പാനീയം. ഡൽഹിയിലെ ഉഷ്ണത്തിൽ തളർന്ന ഞങ്ങൾക്കത് നല്ല ഉന്മേഷമേകി. അടുത്തത് പാർലമെൻറാണ് കാണാനുള്ളത്. അതീവസുരക്ഷ മേഖലയായ ഭാഗങ്ങളിലൂടെ ബാഗുകളും ചുമന്ന് നടന്നു. ദൂരെനിന്ന് മാത്രമേ രാജ്യത്തിെൻറ നിയമനിർമാണ സഭയെ കാണാൻ സാധിച്ചുള്ളൂ. പാർലമെൻറ് ഗേറ്റിന് മുന്നിലെ സുരക്ഷ ജീവനക്കാർ ഞങ്ങളെ തിരച്ചയച്ചു.
അവിടെനിന്ന് നടന്നെത്തിയത് രാഷ്ട്രപതി ഭവന് മുന്നിൽ. ബാഗുകൾ സി.ഐ.എസ്.എഫ് ഉദ്യേഗസ്ഥർ തുറന്ന് പരിശോധിച്ചു. ഷിംലയിലേക്കുള്ള യാത്രക്കിടയിൽ ഇവിടെ ഇറങ്ങിയതാണെന്നും ബാഗിനകത്ത് മുഴുവൻ വസ്ത്രങ്ങളാണെന്നും പറഞ്ഞു. കാര്യം ബോധ്യമായതോടെ ഞങ്ങളെ വിട്ടയച്ചു. നല്ല സൗമ്യമായ പെരുമാറ്റമായിരുന്നു അവരുടേത്.
തുടർന്ന് ഇന്ത്യാ ഗേറ്റിലേക്ക് പോകാൻ ഓട്ടോയിൽ കയറി. 250 മീറ്റർ സഞ്ചരിച്ചപ്പോഴേക്കും ഒരു പരിസ്ഥിതി സംഘടനയുടെ പ്രകടനം കാരണം റോഡ് നിശ്ചലമായി. വീണ്ടും നടത്തം തുടങ്ങി. രാഷ്ട്രപതി ഭവനിൽനിന്നുള്ള റോഡ് അവസാനിക്കുന്നത് ഇന്ത്യ ഗേറ്റിലാണ്. ഒന്നാം ലോക മഹായുദ്ധത്തിലും മറ്റുമായി രാജ്യത്തിന് വേണ്ടി വീരമൃത്യു വരിച്ച 70,000ത്തോളം പട്ടാളക്കാരുടെ പേരുകൾ ഇവിടെ കൊത്തിവെച്ചിട്ടുണ്ട്. അവർക്ക് ആദരമർപ്പിച്ച് അമർ ജവാൻ ജ്യോതി ഒരിക്കലും കെടാതെ ജ്വലിച്ചുനിൽക്കുന്നു. അതിന് അടുത്ത് ചെന്നാൽ തന്നെ നമ്മുടെ മനസ്സ് അറിയാതെ രാജ്യസ്നേഹത്താൽ നിറഞ്ഞുതുളുമ്പും.
ബസ് കയറി ഷിംലയിലേക്ക്
ഡൽഹി മെട്രോയിൽ കയറി ആശ്രാം സ്റ്റേഷനിലേക്ക് പോയി. സ്റ്റേഷന് പുറത്തുള്ള 26ാം നമ്പർ തൂണിന് അടുത്ത് ഷിംലയിലേക്ക് പോകാനുള്ള ബസ് വന്നുനിൽപ്പുണ്ട്. തോളിൽനിന്ന് ഭാണ്ഡക്കെട്ടുകൾ ഇറക്കിവെച്ചു. രാത്രിയിലേക്കുള്ള പുതപ്പും കുപ്പിവെള്ളവും അവർ നൽകി. ഇനി 360 കിലോമീറ്റർ ദൂരം ഈ ബസിൽ തന്നെ.
അതിരാവിലെ ഫോൺവിളി കേട്ടാണ് ഉണരുന്നത്. ഇനിയുള്ള ദിവസങ്ങളിൽ ഞങ്ങൾക്ക് പോകാനുള്ള കാറിെൻറ ഡ്രൈവർ പിങ്കുഭായ് ആണ് മറുതലക്കൽ. ഷിംലയിൽ ബസ് നിർത്തുന്ന സ്ഥലത്ത് തന്നെയുണ്ടാകുമെന്ന് പറഞ്ഞു. ഹിമാലയത്തിലെ മനോഹരമായ വഴികളിലൂടെ ബസ് മുന്നോട്ടുനീങ്ങുകയാണ്.
പുലർകാല കാഴ്ചകളിലേക്ക് ഞങ്ങൾ കണ്ണെറിഞ്ഞു. പച്ചപ്പട്ടുടുത്ത മലനിരകൾ. മഞ്ഞിൻതുള്ളികൾ നറുമുത്തുകളായി പൊഴിയുന്നു. ഷിംലയിലെത്തുേമ്പാൾ വെളിച്ചം പരന്നിട്ടുണ്ട്. കോടമഞ്ഞ് വന്ന് പൊതിഞ്ഞതോടെ ജാക്കറ്റെടുത്ത് അണിഞ്ഞു. ബുക്ക് ചെയ്ത ഹോട്ടലിലേക്കാണ് ആദ്യം പോയത്. കിടിലൻ റൂമാണ് ഞങ്ങൾക്കായി ഒരുക്കിവെച്ചിരുന്നത്.
ഒന്ന് ഫ്രഷായി കുറച്ചുനേരം കിടന്നുറങ്ങി. ഉച്ചക്ക് ഹോട്ടലിൽനിന്ന് ഭക്ഷണം കഴിച്ചശേഷം ഷിംലയെന്ന നഗരം കാണാനിറങ്ങി. മലമുകളിൽ പറിച്ചുനട്ട പോലെയൊരു നഗരം. ഹിമാചൽ പ്രദേശിെൻറ തലസ്ഥാനം കൂടിയാണ് ഷിംല. 1864ൽ ബ്രിട്ടീഷ് ഭരണകാലത്ത് വേനൽക്കാല തലസ്ഥാനമായിരുന്നിത്.
മാൾ റോഡിലേക്കാണ് ആദ്യമെത്തിയത്. ബ്രിട്ടീഷുകാരുടെ കാലത്ത് ഒരുക്കിയ ഷോപ്പിങ് കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്. കിലോമീറ്ററുകൾ നീളുന്ന റോഡിലൂടെ തേരാപാര നടന്നു. ഇതിനിടയിൽ വ്യത്യസ്തമായ ഭക്ഷണങ്ങൾ രുചിച്ചുനോക്കാനും മറന്നില്ല. ഇവിടെനിന്നാണ് ജീവിതത്തിൽ ആദ്യമായി മോമോസ് കഴിക്കുന്നത്. ആവിയിൽ വേവിച്ചെടുക്കുന്ന ഈ വിഭവം നല്ല രുചികരമായിരുന്നു. ടിബറ്റ് ജനതയുടെ പ്രധാന ആഹാരമാണിത്.
ചുമടേറ്റും ജനത
മാൾ റോഡിലൂടെ ചുമട് ഏറ്റിപ്പോകുന്ന ആളുകൾ മറ്റൊരു കാഴ്ചയായിരുന്നു. തലയിൽനിന്ന് ഒരു കയർ പുറത്തേക്ക് തൂക്കിയിട്ട് അതിൽ എത്രയോ ഭാരം ഏറ്റി പോകുന്ന ആളുകൾ. മാൾ റോഡിലൂടെ വാഹനഗതാഗതം ഇല്ല. മുകളിലെ റിഡ്ജ് റോഡിലേക്ക് വാഹനങ്ങൾ കടന്നുവരാൻ സൗകര്യമുണ്ട്. ഇവിടത്തെ അമ്പലത്തിലേക്കുള്ള പൂജക്ക് ആവശ്യമായ നോട്ട് മാല പല കടകളിലും കാണാൻ സാധിച്ചു.
അവിടെയുള്ള സുവനീർ കടയിൽനിന്ന് മരത്തിലുള്ള ഒരു പെയിൻറിങ് വാങ്ങി. ഓരോ സ്ഥലത്ത് പോകുമ്പോഴും അതിെൻറ ഓർമക്കായി എന്തെങ്കിലും വാങ്ങാറുണ്ട്.
നടന്ന് ഞങ്ങൾ മുകളിലെ റിഡ്ജിലെത്തി. അവിടെ കണ്ട പോസ്റ്റ് ഓഫിസിൽനിന്ന് വീട്ടിലേക്കും കൂട്ടുകാർക്കും ഓരോ കത്തുകൾ അയക്കാൻ മറന്നില്ല. കുറച്ച് മുന്നോട്ട് പോയപ്പോൾ ഇന്ത്യൻ കോഫി ഹൗസ് കണ്ടു. കോഫി ഹൗസ് കണ്ടാൽ മസാല ദോശ കഴിക്കുക എന്ന ശീലം ഇവിടെയും തെറ്റിച്ചില്ല.
ഷിംലയുടെ സാംസ്കാരിക കേന്ദ്രം കൂടിയാണ് റിഡ്ജ്. വിവിധ കലാപരിപാടികളും പ്രദർശനവുമെല്ലാം ഇവിടെയാണ് അരങ്ങേറാറുള്ളത്. 1844ൽ നിർമിച്ച ചർച്ച്, 1910ൽ ആരംഭിച്ച ലൈബ്രറി തുടങ്ങിയ നിരവധി ചരിത്രപ്രധാന നിർമിതികളും ഇവിടെ കാണാം. നേരം ഇരുട്ടി തുടങ്ങിയതോടെ റൂമിലേക്ക് മടങ്ങി.
അഡ്വഞ്ചർ പാർക്ക്
അടുത്ത ദിവസം കുഫ്രിയിലേക്കാണ് യാത്ര. രാവിലെ തന്നെ പിങ്കു ഭായി വന്നു. നഗരത്തിൽനിന്ന് 13 കിലോമീറ്റർ സഞ്ചരിക്കാനുണ്ട്. വഴിയിൽ ഹിമാചൽകാരുടെ പരമ്പരാഗത വസ്ത്രം അണിഞ്ഞു യാക്കിെൻറ മുകളിൽ കയറി ഫോട്ടോയെടുത്തു. ശേഷം അഡ്വഞ്ചർ പാർക്കിലേക്കാണ് പോയത്.
അവിടെ ചെയ്ത സാഹസിക വിനോദങ്ങൾ എെൻറ ജീവിതത്തിലെ ആദ്യാനുഭവം ആയിരുന്നു. കയറിൽ തൂങ്ങി അന്തരീക്ഷത്തിലൂടെ താഴേക്ക് പോയ സിപ്പ് ലൈൻ, കയറുകൾ കൊണ്ട് നിർമിച്ച ബർമ ബ്രിഡ്ജ്, ബംഗീ ജംപിങ്... അങ്ങനെ നിരവധി സാഹസിക വിനോദങ്ങൾ.
കയറുകൊണ്ട് ഉയരത്തിൽ കെട്ടിയ പാലത്തിലൂടെ നടക്കുമ്പോൾ താഴേക്ക് വീണുപോകുമോ എന്ന ഭയം മനസ്സിനെ പിടിച്ചുകുലുക്കും. താഴെ നല്ല കുത്തനെയുള്ള മലഞ്ചെരിവാണ്. അവിടേക്ക് വീണാൽ എന്ത് സംഭവിക്കും എന്ന് വെറുതേ ആലോചിച്ചാൽ തന്നെ കാര്യം പോക്കാണ്. പ്രത്യേക ബെൽറ്റ് കൊണ്ട് നല്ല ബലമുള്ള കയറിൽ കെട്ടിയശേഷമാണ് ബർമ ബ്രിഡ്ജിലൂടെ നടക്കുക.
വലിച്ചുവെച്ച ഇലാസ്റ്റിക് കയറിൽ നമ്മളെ എടുത്തുയർത്തി എറിയുന്ന അനുഭവമാണ് ബംഗീ ജംപിങ്. നമ്മുടെ കാലിലും അരയിലും ബെൽറ്റ് കൊണ്ട് ഇലാസ്റ്റികതയുള്ള കയറിലേക്ക് ആദ്യം ബന്ധിപ്പിക്കും. അതിനുശേഷം കയർ മുകളിലേക്ക് വലിഞ്ഞു പോകും. പെട്ടെന്ന് താഴെയുള്ള ലോക്ക് റിലീസ് ചെയ്യും. ആ ഒരു നിമിഷം കൊണ്ട് തന്നെ നമ്മൾ മുകളിലേക്ക് എത്തിച്ചേരും. പിന്നീട് ഒരു മൂന്നു നാല് പ്രാവശ്യം കൂടി താഴേക്കും മുകളിലേക്കും നമ്മളെ എടുത്തെറിയും.
ഇക്കായുടെ നിർബന്ധം കൊണ്ട് പേടിച്ചാണ് ഞാൻ കയറിയത്. പക്ഷെ, സംഗതി കൊള്ളാം. അനുഭവിച്ചറിയുക തന്നെ വേണമത്. അത്രക്ക് ഗംഭീരം. തിരിച്ചിറങ്ങിയപ്പോൾ ആത്മവിശ്വാസം കൂടി. അതുവരെ പേടിച്ചുനിന്ന ഒരുപാട് സ്ത്രീകൾ പിന്നീട് ബംഗീ ജംപ് ചെയ്യാൻ മുന്നിലേക്ക് വന്നു. സത്യത്തിൽ ഞാനവർക്ക് ഒരു പ്രചോദനമായി മാറുകയായിരുന്നു.
കുതിരപ്പുറത്തേറി മലമുകളിലേക്ക്
മനോഹരമായ താഴ്വരയിലൂടെ പിങ്കു ഭായിയുടെ കാർ വീണ്ടും മുന്നോട്ടുനീങ്ങി. മ്യൂസിക് പ്ലയറിലൂടെ ഒഴുകുന്ന പഞ്ചാബി പാട്ടുകൾ കാഴ്ചകൾക്ക് കൂടുതൽ ഭംഗിയേകുന്നു. കുഫ്രിയിലെ മലമുകളിലേക്ക് പോകാനുള്ള കുതിരകൾ നിൽക്കുന്ന സ്ഥലത്തെത്തി. അവിടെ സർക്കാറിെൻറയും സ്വകാര്യ വ്യക്തികളുടെയും കുതിരകൾ ലഭ്യമാണ്. 300 രൂപയാണ് ഒരാളുടെ നിരക്ക്. രണ്ട് കുതിരകളിലായി മുകളിലേക്ക് യാത്ര തുടങ്ങി. രണ്ടിനെയും നോക്കാൻ ഒരാൾ മാത്രമാണുള്ളത്. മുട്ട് വരെ നീളമുള്ള ബൂട്ടുകൾ ധരിച്ച അയാൾ കൂടെ നടന്നു. വഴികളെ കുതിരച്ചാണകം പൊതിഞ്ഞിട്ടുണ്ട്.
ഉരുളൻ കല്ലുകളും വേരുകളും നിറഞ്ഞ വഴികളിലൂടെ അൽപ്പനേരം കൊണ്ട് മുകളിലെത്തി. കുഫ്രി ശൈത്യ കാലത്താണ് ശരിക്കും സന്ദർശിക്കേണ്ടത്. മഞ്ഞിെൻറ മെത്തയണിഞ്ഞ് നിൽക്കുന്ന കുഫ്രി പ്രത്യേക ഭംഗി തന്നെയാണ്. ഞങ്ങൾ പോയപ്പോൾ മഞ്ഞുകാലം തുടങ്ങുന്നതേ ഉണ്ടായിരുന്നുള്ളൂ.
മുകളിൽനിന്ന് ആപ്പിൾ തോട്ടങ്ങൾ കാണാൻ ഫോർ വീൽ വാഹനം ഉണ്ടായിരുന്നു. ആ വാഹനം ആ മലമുകളിൽ എങ്ങനെ എത്തിയെന്ന് ഞങ്ങൾ ആശ്ചര്യപ്പെട്ടു. ഞങ്ങളുടെ ഡ്രൈവർ ആദ്യംതന്നെ ഒരു കാര്യം പറഞ്ഞിരുന്നു- 'ആപ്പിൾ തോട്ടം കാണാൻ മുകളിൽ ചിലപ്പോൾ പൈസ കൂടുതൽ ചോദിച്ചു യാത്ര ഉണ്ടാകും. അങ്ങിനെ പോയി കാണേണ്ട ആവശ്യമില്ല. നിങ്ങൾക്ക് മണാലിയിൽ പോകാൻ ഉള്ളതിനാൽ അവിടെനിന്നും ആ കാഴ്ചകൾ കാണാൻ കിട്ടും'. അതുകൊണ്ട് ആപ്പിൾ തോട്ടം കാണാൻ തൽക്കാലം പോയില്ല.
കോഴിക്കോട് ഭാഗത്തുനിന്ന് വന്ന ഒരുപാട് സഞ്ചാരികൾ ആ മലമുകളിലുണ്ടായിരുന്നു. അവിടെയുള്ള കടയിൽനിന്ന് ന്യൂഡിൽസ് വാങ്ങികഴിച്ചു. ധാരാളം കുങ്കുമപ്പൂ കച്ചവടക്കാരും മലമുകളിലുണ്ട്. കുറെനേരം ആ തണുപ്പിൽ ഞങ്ങളിരുന്നു. ചുറ്റും പച്ചപ്പു നിറഞ്ഞ പൈൻമരങ്ങൾ അതിരിടുന്ന നല്ല മനോഹരമായ പ്രദേശം. മേഘച്ചീറുകളെ തുളച്ചുകയറുന്ന മലകൾ ദൂരെ കാണാം.
തിരിച്ചുപോകാൻ നമ്മളെ കൊണ്ടുവന്ന കുതിരക്കാരൻ തന്നെ വരേണ്ടതുണ്ട്. താഴെനിന്ന് പോരുമ്പോൾ അയാൾ നമ്പർ തന്നിരുന്നു. ഇവിടെനിന്ന് ഇറങ്ങാൻ തീരുമാനിച്ചപ്പോൾ ഫോൺ വിളിച്ചു. 10 മിനിറ്റ് കൊണ്ട് അയാൾ മുകളിലെത്തി. മല കയറുന്നതിനേക്കാൾ ബുദ്ധിമുട്ടായിരുന്നു താഴേക്കിറങ്ങാൻ. വഴുതി വീഴുമോയെന്ന് ഭയന്നു. യാതൊരു പ്രശ്നവും വരുത്താതെ ആ കുതിരകൾ ഞങ്ങളെ സുരക്ഷിതമായി എത്തിച്ചു.
ഷിംലയിലെത്തിയ ശേഷം മാൾ റോഡിലേക്കാണ് വീണ്ടും പോയത്. എന്തോ ഒരു വശ്യത ആ നഗരത്തിനുണ്ട്. രാത്രിവിളക്കുകൾ തെളിയുേമ്പാൾ തെരുവുകൾ വീണ്ടും മനോഹരമാകുന്നു. ഹിമാലയനിരകളെ തഴുകിയെത്തുന്ന കുളിർക്കാറ്റ് മനസ്സിനെ ആനന്ദഭരിതമാക്കുന്നു.
നാളെ ഇനി മണാലിയിലേക്കാണ് യാത്ര. ഇൗ നഗരത്തിലേക്ക് ഇനിയെന്ന് മടങ്ങിവരുമെന്ന് യാതൊരു തീർച്ചയുമില്ല. അന്ന് ഇരുട്ടുവോളം മാൾ റോഡിെൻറ മനോഹാരിതയും നുകർന്ന് അവിടം ചെലവഴിച്ചു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.