Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
ganga arathi
cancel
Homechevron_rightTravelchevron_rightDestinationschevron_rightഗംഗാ തീരത്ത്​...

ഗംഗാ തീരത്ത്​ നൃത്തമിടും ദീപങ്ങൾ

text_fields
bookmark_border

ചിത്രങ്ങൾ തേടിയുള്ള ഒാരോ യാത്രകളിലും പലവിധ അനുഭവങ്ങൾ വിധി എനിക്കായി കാത്തുവെച്ചിട്ടുണ്ടാകുമെന്ന്​ ഉറപ്പായിരുന്നു. അത്തരമൊരു യാത്രക്കിടയിലാണ്​ ഉത്തർപ്രദേശിലെ ബാർസന ഹോളി ആഘോഷം കഴിഞ്ഞ്​ വാരണാസിയിലേക്ക്​ പോകാനുള്ള തീരുമാനം എടുക്കുന്നത്. അത് അങ്ങനെയാണ്, ഒരിക്കൽ പോലും പ്ലാൻ ചെയ്ത്​ ചിട്ടപ്പെടുത്തിയ യാത്രകൾ ജീവിതത്തിൽ ഉണ്ടായിട്ടില്ല. റിട്ടേൺ ടിക്കറ്റ് എടുത്ത്​ എവിടേക്കും പോയിട്ടുമില്ല. നമ്മൾ എത്ര പ്ലാൻ ചെയ്യുന്നുവോ, യാത്രകൾ അത്രയും അലങ്കോലമാകാൻ സാധ്യതയുണ്ടെന്നാണ്​​ എ​െൻറ പക്ഷം.

ഉത്തർപ്രദേശിലെ മഥുരയിൽനിന്നും ട്രെയിനിൽ വേണം വാരണാസി പോകാൻ. ജനറൽ ടിക്കറ്റ് എടുത്ത്​ ആദ്യംവന്ന വണ്ടിയിൽ തന്നെ കയറി. ജീവിതത്തിലെ ഏറ്റവും മറക്കാൻ കഴിയാത്ത ഒരു ട്രെയിൻ യാത്ര. പാസഞ്ചർ വണ്ടിയുടെ ജനറൽ കംപാർട്ട്​മെൻറിൽ കുത്തിനിറഞ്ഞ ആളുകൾക്കിടയിൽ മഥുരയിൽനിന്നും തുടങ്ങി വാരണാസി വരെ 16 മണിക്കൂർ നീണ്ട യാത്ര.


ഒരു സ്​റ്റോപ്പ് പോലും വിടാതെ എല്ലാ ചെറിയ സ്​റ്റേഷനിലും ആ വണ്ടി നിർത്തി ആളെ കയറ്റിയും ഇറക്കിയും പതുക്കെ നീങ്ങുന്നു​. ഉരുളക്കിഴങ്ങുകളും മറ്റു കൃഷികളും നിറഞ്ഞുനിൽക്കുന്ന വയലുകളിലൂടെയാണ്​ പാളങ്ങൾ കടന്നുപോകുന്നത്​. അപ്പോഴും എ​െൻറ മനസ്സിൽ മുഴുവൻ കാശിയും ഗംഗയും ആയിരുന്നു. പിറ്റേന്ന്​ ഉച്ചക്കാണ്​ ലക്ഷ്യസ്​ഥാനമെത്തുന്നത്​.

വാരണാസിയിലെ ജീവിതം ​േകട്ടറിഞ്ഞ കഥകളിലേതു പോലെ അത്ര ഭീകരമല്ലെന്ന് ഹോട്ടൽ മുറി എടുക്കുമ്പോൾ തന്നെ മനസ്സിലായി. ബാഗ് എടുത്തു റൂമിലേക്ക്​ കൊണ്ടുവെച്ചുതന്ന റൂംബോയ് മുതൽ റിക്ഷ ചവിട്ടുന്ന ആൾ വരെ അതിന്​ ഉദാഹരണമായിരുന്നു. ലളിതമായ ജീവിതം നയിക്കുന്ന കുറെ നല്ല മനുഷ്യർ. ഇതോടൊപ്പം നഗരമാകെ ആത്​മീയതയുടെ വലയത്തിലേക്ക്​ നമ്മെ ആകർഷിക്കുന്നു.


ഇവിടത്തെ പ്രധാന ആകർഷണങ്ങളിലൊന്നാണ് ഗംഗാ ആരതി എന്നറിയാമായിരുന്നു. കൂടെയുള്ള കൃപാനത്തിനും വിപിനും എത്തിയ ദിവസം തന്നെ അത്​ കാണണം. ഞങ്ങൾ മൂന്നുപേരും ഫോട്ടോഗ്രാഫർമാരാണ്​. അത്ര നീളൻ യാത്രയുടെ ക്ഷീണം ഒന്നും കാണിക്കാതെ എല്ലാവരും കാമറയുമെടുത്ത്​ പുറത്തിറങ്ങി.

ഗംഗാ നദീതീരത്ത്​ നടക്കുന്ന പ്രത്യേകതരം പൂജയാണ് ആരതി. ദശാശ്വേമേധഘാട്ടിൽ സന്ധ്യാസമയത്താണ്​ ഇത്​ അരങ്ങേറുക. പുരോഹിതന്മാരാണ്​ ഇതിന്​ നേതൃത്വം നൽകുന്നത്​. ദീപങ്ങൾ ഭജ​െൻറ താളാത്മകമായ രാഗത്തിൽ മുകളിലേക്കും താഴേക്കും നീക്കുന്നതാണ്​ ഇതിലെ പ്രധാന ചടങ്ങ്​. അസിഘട്ട് എന്ന സ്ഥലത്തുനിന്നും അമ്പലങ്ങളാൽ നിറക്കപ്പെട്ട ഗംഗാ തീരത്തുകൂടി നടന്നുവേണം ആരതി നടക്കുന്ന സ്ഥലത്ത്​ എത്താൻ.


ചെറിയ തോണികളും അവിടേക്ക്​ പോകാൻ ലഭിക്കും. മൂന്നുപേരും ഒരു തോണിയിൽ കയറി. സാമൂഹിക ശാസ്​ത്ര പാഠപുസ്​തകങ്ങളിൽ മാത്രം കേട്ടിട്ടുള്ള ഗംഗാ നദിയിലൂടെ ആരതി നടക്കുന്ന സ്ഥലം ലക്ഷ്യമാക്കി തോണി തുഴഞ്ഞു. തോണിക്കാരൻ അവിടെ ജനിച്ചു വളർന്നയാളാണ്. അയാൾ വാരണാസിയുടെ കഥകൾ പറഞ്ഞ്​ ഞങ്ങളെ അദ്​ഭുതപ്പെടുത്തുന്നുണ്ടായിരുന്നു.


ഇരുട്ടായപ്പോഴേക്കും അവിടെയെത്തി. ഇനി അങ്ങോട്ട് സംഭവിക്കുന്ന​െതല്ലാം ഒരു സ്വപ്നം പോലെയാണ് തോന്നിയത്. അഘോരികൾ, സന്യാസിമാർ, പൂജാരിമാർ, ഭജന പാടുന്നവർ, പൂക്കൾ വിൽക്കുന്നവർ... എല്ലാവരും ​ചേർന്ന്​ ആ പ്രദേശത്തെ ഉത്സവലഹരിയിലെത്തിക്കുന്നു. ഇത്രമേൽ ആത്മീയത ഒഴുകുന്ന മറ്റൊരിടം അതുവരെയും കണ്ടിട്ടില്ല. അമ്പലത്തിൽ നിന്നും ചെറിയ പടികൾ ഗംഗാ നദീതീരത്തേക്കുണ്ട്​.


നൂറുകണക്കിന് ഭക്തർ ആരതി കാണാൻ ആ പടികളിൽ ഇരിക്കുന്നു. കുറെപേർ അവർ വന്ന തോണികളിൽ തന്നെയാണ്​​. ഞങ്ങൾ നേരത്തെ എത്തിയതിനാൽ മുകളിലേക്ക്​ കയറാൻ സാധിച്ചു. അവിടെയാണ് ആരതി നടക്കുക. ആദ്യം അവിടത്തെ കാഴ്​ചകൾ മുഴുവൻ നടന്ന് കാണാൻ തീരുമാനിച്ചു‌. ചെറിയ ദീപങ്ങൾ വെച്ച് പരിസരമാകെ അലങ്കരിച്ചിരിക്കുന്നു. പ്രത്യേകതരം വസ്ത്രങ്ങൾ അണിഞ്ഞ്​ കുറച്ച്​ പൂജാരിമാർ അങ്ങോട്ട് വന്നതോടെ എല്ലാവരും നിശ്ശബ്​ദ​രായി ഭക്തിയോടെ ഇരുന്നു.


ആരതി ആരംഭിക്കുകയാണെന്ന്​ അറിയിച്ച്​ ശംഘി​െൻറ നാദമുയർന്നു. ചന്ദനത്തിരികൾ കത്തിച്ച്​ പൂജാ മണികൾ അടിച്ചു. കുന്തിരിക്കം പുകപ്പിച്ചതോടെ പരിസരമാ​െക അതി​െൻറ ഗന്ധം നിറഞ്ഞു. പ്രത്യേകതരം അനുഭവമാണ്​ ആ ഗന്ധം പകർന്നേകുക. അറിയാതെ നമ്മളും ആത്​മീയതയുടെ ആഴങ്ങളിൽ അലിഞ്ഞുചേരും.


കത്തിച്ചുവെച്ച വലിയ പിടികളുള്ള ദീപങ്ങൾ എടുത്ത്​ പൂജാരിമാർ കറക്കാൻ തുടങ്ങി. പിന്നിൽ മൈക്ക് വെച്ച് ആരൊക്കെയോ ഭജന പാടുന്നു​. ചെറിയ തീ ആയിരുന്നു ആദ്യം. പിന്നീട് തിരികൾ കൂട്ടി. തീയും പുകയും മന്ത്രങ്ങളും ഭജനയും ചേർന്ന്​ ആത്മീയതയുടെ മുർധന്യാവസ്ഥയിലേക്ക്​ ആവാഹിക്കുന്നു. ആളുകൾ സ്വയം മറന്ന്​ കൈകൾ ഉയർത്തി പ്രാത്ഥിച്ചുകൊണ്ടിരിക്കുന്നു.


ഞാൻ ആ നിമിഷം അനുഭവിക്കുകയായിരുന്നു. ഇത്ര വലിയയൊരു ആൾക്കൂട്ടത്തിൽ ജീവിക്കുക എന്ന വലിയ ഭാഗ്യം ഓർത്ത്​ ഫോട്ടോ എടുക്കുന്ന കാര്യം പോലും പല​േ​പ്പാഴും മറന്നുപോയി. അങ്ങോട്ടും ഇങ്ങോട്ടും ഞാൻ നടന്നു. ഏറ്റവും ഒടുവിൽ പൂജാരിമാർ ഒരുമിച്ചുനിന്ന് കൈകൾ കൊട്ടി ഭജന പാടാൻ തുടങ്ങി. അതോടെ ആളുകൾ പിരിഞ്ഞ്​ അവർ വന്ന തോണികളിൽ കയറി. ഞങ്ങൾ പുണ്യനദിയുടെ തീരത്തുകൂടി റൂം ലക്ഷ്യമാക്കി നടന്നു.


ഇതിനിടയിൽ ഒരു സന്യാസി വന്ന്​ ഭക്ഷണം കഴിക്കാൻ 10 രൂപ തരുമോയെന്ന് ചോദിച്ചു. ഞങ്ങൾ തമ്മിൽ സംസാരിക്കുന്നത് കേട്ട് അയാൾ മലയാളത്തിൽ ചോദിച്ചു, നാട്ടിൽ എവിടെയാ? മലപ്പുറം എന്ന്​ മറുപടി പറഞ്ഞ്​ അയാൾക്ക്​ പൈസ കൊടുത്തു. മറ്റൊന്നും പറയാതെ അയാൾ ആ നഗരത്തി​െൻറ ഇരുട്ടിലേക്ക്​ മറഞ്ഞു. അതെ, കാശി ഒരു അനശ്വര നഗരമാണ്​. ജീവിതത്തി​െൻറ സായംസന്ധ്യയിൽ മനസ്സിലെ ഭാരങ്ങൾ ഇറക്കിവെക്കാൻ എത്തുന്നവർക്ക്​ അഭയം നൽകുന്ന നിത്യനഗരം.


Travel info
ഉത്തർ പ്രദേശിൽ ഗംഗാ നദിയുടെ പടിഞ്ഞാറൻ തീരത്ത് ഏതാണ്ട് ആറ്​ കിലോമീറ്ററിലധികം‌ നീളത്തിൽ സ്ഥിതി ചെയ്യുന്ന പട്ടണമാണ് വാരണാസി. തലസ്​ഥാനമായ ലഖ്​നൗവിൽനിന്ന്​ 320 കിലോമീറ്റർ ദൂരമുണ്ട്​ ഇവിടേക്ക്​. ബനാറസ്, കാശി എന്നീ പേരുകളിലും ഇൗ പുരാതന നഗരം അറിയപ്പെടുന്നു. കാശിയെ ശിവ​െൻറ നഗരം എന്നാണ്‌ അറിയപ്പെടുന്നത്.


കാശി വിശ്വനാഥക്ഷേത്രമാണ്‌ ഇവിടത്തെ ഏറ്റവും പ്രധാനപ്പെട്ട ക്ഷേത്രവും തീർത്ഥാടനകേന്ദ്രവും. ഗംഗയുടെ കരയിൽ ധാരാളം കൽപ്പടികൾ കാണാം. ഇവയെ ഘാട്ട് എന്നാണ് വിളിക്കുന്നത്. മരണമടഞ്ഞ ഹിന്ദുക്കളുടെ മൃതദേഹം ദഹിപ്പിക്കുന്നത്​ ഇത്തരം പടികളിലാണ്. തുടർന്ന് ചിതാഭസ്മം ഗംഗയിൽ ഒഴുക്കും.



Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ganga rivervaranasiganga arathy
News Summary - travel to varanasi for ganga arathy
Next Story