പൂജ അവധിയിൽ സഞ്ചാരികൾ ഒഴുകി; ഇടുക്കിയുടെ മനോഹാരിതയിലേക്ക്
text_fieldsതൊടുപുഴ: അക്ഷരങ്ങൾ പൂജക്കുവെച്ച് അവധിയാഘോഷിക്കാൻ ഇടുക്കിയിലേക്ക് വന്നത് പതിനായിരങ്ങൾ. മഹാനവമി, വിജയദശമി ഉൾപ്പെടെ പൂജ അവധി ദിനങ്ങളിൽ ജില്ലയിൽ അനുഭവപ്പെട്ടത് സഞ്ചാരികളുടെ വലിയ തിരക്കാണ്.
ജില്ല ടൂറിസം പ്രമോഷൻ കൗൺസിലിന്റെ കീഴിലുള്ള മൂന്നാർ ബൊട്ടാണിക്കൽ ഗാർഡൻ, വാഗമൺ മൊട്ടക്കുന്ന്, സാഹസിക ഉദ്യാനം, പാഞ്ചാലിമേട്, അരുവിക്കുഴി, രാമക്കൽമേട്, ഹിൽവ്യൂ പാർക്ക്, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫാൾസ്, മാട്ടുപ്പെട്ടി, ആമപ്പാറ എന്നീ കേന്ദ്രങ്ങളിലെല്ലാം സഞ്ചാരികൾ ഒഴുകിയെത്തി.
മുൻ വർഷങ്ങളെക്കാൾ കൂടുതൽ വിനോദസഞ്ചാരികളാണ് ഇത്തവണ ഇടുക്കി സന്ദർശിക്കാനെത്തിയത്. മാട്ടുപ്പെട്ടി 1835, രാമക്കൽമേട് 6550, അരുവിക്കുഴി 837, വാഗമൺ മൊട്ടക്കുന്ന് 23,516, വാഗമൺ സാഹസികോദ്യാനം 22,038, പാഞ്ചാലിമേട് 5972, ഹിൽ വ്യൂ പാർക്ക് 4103, ബൊട്ടാണിക്കൽ ഗാർഡൻ 5327, ആമപ്പാറ 3135, ശ്രീനാരായണപുരം റിപ്പിൾ വാട്ടർ ഫോൾസ് 3600 എന്നിങ്ങനെയാണ് വെള്ളി, ശനി, ഞായർ ദിവസങ്ങളിലായി എത്തിയ സഞ്ചാരികളുടെ കണക്ക്. മൂന്നുദിനം ആകെ എത്തിയ സഞ്ചാരികൾ 76,913.
വാഗമൺ മൊട്ടക്കുന്നിലും സാഹസികോദ്യാനത്തിലുമാണ് ഏറ്റവുമധികം പേരെത്തിയത്. വാഗമണ്ണിൽ ഗ്ലാസ് ബ്രിജ് വീണ്ടും തുറന്നത് ഇവിടെ തിരക്ക് കൂടാൻ കാരണമായി. മൂന്നു ദിവസങ്ങളിലായി 4,280 പേരാണ് ഇന്ത്യയിലെ ഏറ്റവും വലിയ, ഈ കാൻഡി ലിവർ കണ്ണാടിപ്പാലത്തിൽ കയറിയത്. മൊട്ടക്കുന്നിൽ വെള്ളി 5163, ശനി 11,565, ഞായർ 6788 സഞ്ചാരികളും സാഹസികോദ്യാനത്തിൽ വെള്ളി 5547, ശനി 8547, ഞായർ 7944 സഞ്ചാരികളുമെത്തി. ആകെ 45,554 പേർ വാഗമൺ സന്ദർശിച്ചു മടങ്ങി. മൂന്നാർ, കാന്തല്ലൂർ, വട്ടവട, കുമളി തുടങ്ങിയ നിരവധി ജനപ്രിയ കേന്ദ്രങ്ങളും ആനയടിക്കുത്ത്, തൊമ്മൻകുത്ത്, ഞണ്ടിറുക്കി, ചീയപ്പാറ, തൂവാനം, വളഞ്ഞങ്ങാനം തുടങ്ങിയ ജലപാതങ്ങളും പൊന്മുടി, നേര്യമംഗലം, കുണ്ടള, കുളമാവ്, കല്ലാർകുട്ടി, മൂന്നാർ ഹെഡ്വർക്സ്, പള്ളിവാസൽ തുടങ്ങിയ അണക്കെട്ടുകളും സന്ദർശിക്കാൻ നിരവധിപ്പേരെത്തി. മൂന്നാറിലെ എല്ലാ വിനോദ സഞ്ചാര കേന്ദ്രങ്ങളും സഞ്ചാരികളെക്കൊണ്ട് നിറഞ്ഞിരുന്നു. തമിഴ്നാട്ടിൽനിന്നുള്ള സഞ്ചാരികളാണ് കൂടുതൽ. ഇരവികുളം ദേശീയോദ്യാനം, വരയാടുകളുടെ ആവാസ കേന്ദ്രമായ രാജമല എന്നിവടങ്ങളിലായിരുന്നു ഏറെ തിരക്ക്. വനംവകുപ്പ് ഒരുക്കിയ ബഗ്ഗി കാറിൽ രാജമലയുടെ മുകളറ്റം വരെയുള്ള യാത്രയാണ് വിദേശികൾ ഉൾപ്പെടെ സഞ്ചാരികൾക്ക് ഹരം. അരികിലെത്തുന്ന വരയാടുകളും കൗതുകക്കാഴ്ചയാണ്. പഴയ മൂന്നാറിൽ ഹൈഡൽ ടൂറിസത്തിന്റെ കീഴിലുള്ള ബ്ലോസം പാർക്കിലും നല്ല തിരക്കാണ്. സിപ്ലൈൻ സാഹസികത ആസ്വദിച്ചവരും നിരവധി. ഡി.ടി.പി.സിയുടെ ബൊട്ടാണിക്കൽ ഗാർഡൻ, കെ.എഫ്.ഡി.സിയുടെ റോസ് ഗാർഡൻ, ഫോട്ടോ പോയിന്റ്, മാട്ടുപ്പെട്ടി ഡാം, ഇക്കോ പോയിന്റ് എന്നിവിടങ്ങളിലെല്ലാം സഞ്ചാരികൾ കൂട്ടത്തോടെയെത്തി.
സന്ദർശനം കഴിഞ്ഞ് മടങ്ങിയ വാഹനങ്ങൾ കൊച്ചി-ധനുഷ്കോടി ദേശീയപാതയിൽ മണിക്കൂറുകളോളം കുരുക്കിൽപ്പെട്ടു.
കാൽവരി മൗണ്ടിൽ 8,625 സഞ്ചാരികൾ
ചെറുതോണി: പൂജാ അവധിദിനങ്ങളിൽ കാൽവരി മൗണ്ടിലേക്കും സഞ്ചാരികളുടെ ഒഴുക്ക്. മഹാനവമി, വിജയദശമി ഉൾപ്പെടെ മൂന്ന് ദിനങ്ങളിലായി 8,625 സഞ്ചാരികളാണ് ഇവിടം സന്ദർശിച്ചത്. വെള്ളി 1,542, ശനി 4,081, ഞായർ 2,642 എന്നിങ്ങനെയാണ് കാൽവരി മൗണ്ടിൽ എത്തിയവരുടെ കണക്ക്.
ഇടുക്കി ടൂറിസം സർക്യൂട്ടിലെ പ്രധാന കേന്ദ്രമാണ് കാൽവരി മൗണ്ട് വ്യൂപോയിന്റ്. മലയടിവാരത്ത് പരന്നുകിടക്കുന്ന നിത്യഹരിത വനവും നീല ജലാശയത്തിലെ കുഞ്ഞു ദ്വീപുകളും ശാന്തമായി ഉറങ്ങുന്ന ഇടുക്കി ജലസംഭരണിയും ചേർന്ന് ജലഛായച്ചിത്ര സമാനമായ ‘ലാൻഡ്സ്കേപ് വ്യൂ’ സമ്മാനിക്കും.
700 അടിയോളം താഴ്ചയിൽ ഇടുക്കി അണക്കെട്ടിന്റെ ജലശേഖരം ചിത്രകാരന്റെ കാൻവാസിലെന്നപോലെ കാഴ്ച്ചാവിസ്മയം തീർക്കുന്നു. കട്ടപ്പന-ഇടുക്കി ദേശീയപാതയിൽ കാൽവരി മൗണ്ട് ജങ്ഷനിൽനിന്ന് ഒരു കിലോമീറ്ററോളം മുകളിലേക്ക് കയറിയാൽ ഇവിടെയെത്താം. കോഴിക്കോട്, മലപ്പുറം, തൃശൂർ, എറണാകുളം ജില്ലകളിൽ നിന്നുള്ളവരാണ് സന്ദർശകരിൽ ഏറെയും. കൂടാതെ തെക്കൻ ജില്ലകളിൽനിന്നും അന്തർ സംസ്ഥാന സഞ്ചാരികളും എത്തി.
കാഴ്ചകൾ മനോഹരം; പക്ഷേ, മീനുളിയാൻ പാറയിലേക്ക് പ്രവേശനമില്ല
വണ്ണപ്പുറം: ഗോത്രവർഗ കോളനി ഉൾപ്പെടുന്ന പട്ടയക്കുടിയുടെ വികസന പ്രതീക്ഷയായിരുന്ന മീനുളിയാൻ പാറയിലേക്കുള്ള പ്രവേശനം വനംവകുപ്പ് തടഞ്ഞിട്ട് ഒന്നര വർഷം. ടൂറിസത്തിന് ഏറെ അനുയോജ്യമായ മീനുളിയാൻ പാറയിലേക്ക് ഒട്ടേറെ സഞ്ചാരികളാണ് എത്തുന്നത്. അറിയിപ്പില്ലാതെ ഇവിടേക്കുള്ള പ്രവേശനം വനംവകുപ്പ് നിരോധിക്കുകയായിരുന്നു. ഈ മേഖലയിലെ വികസനം വനം വകുപ്പിന്റെ ഉടക്ക് മൂലം ഇല്ലാതായെന്നാണ് ആരോപണം. മനോഹര കാഴ്ചകൾ സമ്മാനിക്കുന്ന മീനുളിയാൻപാറയിൽ കയറിയാൽ പെരിയാർ ഒഴുകുന്നതും ലോവർ പെരിയാർ അണക്കെട്ടും എറണാകുളം നഗരവും സമീപ പ്രദേശങ്ങളുമെല്ലാം വിദൂര കാഴ്ചകളായി കാണാം. ചുറ്റും പാറ മാത്രമുള്ള ഇതിനു നടുവിലുള്ള ചെറിയ കാട്ടിലൂടെയുള്ള യാത്രയും ആസ്വാദ്യകരം. ഇവിടേക്ക് ആരെയും കടത്തിവിടാതിരിക്കാൻ വനംവകുപ്പ് ജീവനക്കാർക്ക് നിർദേശം കൊടുത്തിട്ടുണ്ട്. ഇങ്ങോട്ടുള്ള വഴികൾ പല മേഖലകളിലും അടഞ്ഞു. ഇവിടേക്ക് അനധികൃതമായി പ്രവേശിച്ചെന്നാരോപിച്ച് ആദിവാസികൾ ഉൾപ്പെടെയുള്ളവർക്കെതിരെ വനംവകുപ്പ് കേസെടുക്കുകയുമാണ്.
ടൂറിസം പദ്ധതിയിലൂടെ നല്ല റോഡുകൾ ഉൾപ്പെടെ വികസന പദ്ധതികൾ എത്തുമെന്നു നാട്ടുകാർ പ്രതീക്ഷിച്ചു. വനം സംരക്ഷണ സമിതി രൂപവൽക്കരിച്ച് കേന്ദ്രം തുറന്നു നൽകുമെന്നായിരുന്നു വനംവകുപ്പ് പറഞ്ഞിരുന്നത്. ഒന്നര വർഷം കഴിഞ്ഞിട്ടും ഇതിന് നടപടി തുടങ്ങിയിട്ടില്ല.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.