സഞ്ചാരികൾക്ക് പെരുത്തിഷ്ടാണ് എറണാകുളത്തോട്
text_fieldsകൊച്ചി: സംസ്ഥാനത്ത് എത്തുന്ന വിനോദ സഞ്ചാരികളുടെ ഇഷ്ടയിടം എന്ന സ്ഥാനം നിലനിർത്തി എറണാകുളം ജില്ല. കഴിഞ്ഞ വർഷം ഏറ്റവും കൂടുതൽ സഞ്ചാരികളെത്തിയത് എറണാകുളം ജില്ലയിലായിരുന്നു. ഈ വർഷം ആദ്യത്തെ ആറു മാസത്തെ കണക്കുകളിലും ജില്ലയാണ് മുന്നിൽ. കോവിഡ് സൃഷ്ടിച്ച പ്രതിസന്ധി മാറിയതോടെ ജില്ലയിലേക്ക് സ്വദേശികളും വിദേശികളുമായവരുടെ ഒഴുക്ക് വർധിച്ചതായാണ് കണക്കുകൾ.
ആറ് മാസം; 22.81 ലക്ഷം സഞ്ചാരികൾ
ഈ വർഷം ജനുവരി മുതൽ ജൂൺ 30 വരെയുള്ള കണക്കുപ്രകാരം 22,81,113 സഞ്ചാരികളാണ് ജില്ലയിലെ വിവിധ വിനോദസഞ്ചാര കേന്ദ്രങ്ങൾ സന്ദർശിച്ചത്. ഇവരിൽ 22,16,250 പേർ ആഭ്യന്തര സഞ്ചാരികളും 64,863 പേർ വിദേശ സഞ്ചാരികളുമാണ്. കഴിഞ്ഞ വർഷം 40,48,679 സ്വദേശികളും 1,86,290 വിദേശികളും ജില്ലയിലെത്തി. കൂടുതൽ സഞ്ചാരികളെ ആകർഷിക്കാൻ നടപ്പാക്കിയ പദ്ധതികളും പ്രചാരണ പരിപാടികളും വിജയം കണ്ടതായാണ് സഞ്ചാരികളുടെ എണ്ണത്തിലുണ്ടായ വർധന വ്യക്തമാക്കുന്നതെന്ന് ടൂറിസം വകുപ്പ് അധികൃതർ പറയുന്നു. വരും മാസങ്ങളിലും സഞ്ചാരികളുടെ എണ്ണത്തിൽ വർധനയുണ്ടാകുമെന്നാണ് പ്രതീക്ഷ.
ഓരോ വർഷവും കൂടുന്നു
ജില്ലയിൽ എത്തുന്ന സഞ്ചാരികളുടെ എണ്ണത്തിൽ ഓരോ വർഷവും ക്രമാനുഗത വർധനയുണ്ടാകുന്നതായി കണക്കുകൾ വ്യക്തമാക്കുന്നു. 2018 മുതൽ 2022 വരെയുള്ള കാലയളവിൽ സംസ്ഥാനത്തെ വിവിധ ജില്ലകളിലെത്തിയ ആഭ്യന്തര വിനോദ സഞ്ചാരികളുടെ 22 ശതമാനവും എറണാകുളത്തായിരുന്നു. എന്നാൽ, 2020ൽ കോവിഡിനെത്തുടർന്ന് ജില്ലയുടെ വിനോദ സഞ്ചാര മേഖലയും കനത്ത തിരിച്ചടി നേരിട്ടു. 2020ൽ തൊട്ട് മുൻ വർഷത്തെ അപേക്ഷിച്ച് സഞ്ചാരികളുടെ എണ്ണത്തിൽ 270 ശതമാനം കുറവാണുണ്ടായത്. എന്നാൽ, തുടർന്നുള്ള വർഷങ്ങളിൽ സഞ്ചാരികളുടെ എണ്ണത്തിൽ 16 മുതൽ 61 ശതമാനം വരെ വർധനയുണ്ടായി. 2021ൽ ജില്ലയിലെത്തിയ ആഭ്യന്തര സഞ്ചാരികളുടെ എണ്ണം 15,87,882 ആയിരുന്നെങ്കിൽ തൊട്ടടുത്ത വർഷം ഇത് 40,48,679 ആയി കുതിച്ചുയരുകയായിരുന്നു. വിദേശസഞ്ചാരികൾ യഥാക്രമം 46,821ൽനിന്ന് 1,86,290 ആയും ഉയർന്നു.
മുന്നിൽ കൊച്ചി നഗരം
ജില്ലയിലെത്തുന്ന സഞ്ചാരികൾ ഏറ്റവും കൂടുതൽ സന്ദർശിക്കുന്നത് കൊച്ചി നഗരമാണ്. അതുകഴിഞ്ഞാൽ ഫോർട്ട്കൊച്ചി, മരട്, ഏഴാറ്റുമുഖം, ഭൂതത്താൻകെട്ട്, ചെറായി, മുനമ്പം, കുഴുപ്പിള്ളി ബീച്ചുകൾ, കാലടി, ആലുവ, പറവൂർ, നെടുമ്പാറ ചിറ, പിറവം ആറ്റുതീരം തുടങ്ങിയ സ്ഥലങ്ങളും. ജൂതപ്പള്ളി, ഡച്ച് കൊട്ടാരം, തൃപ്പൂണിത്തുറ ഹിൽ പാലസ്, മട്ടാഞ്ചേരി സിനഗോഗ്, ബോൾഗാട്ടി പാലസ്, പള്ളിപ്പുറം കോട്ട, സെന്റ് ഫ്രാൻസിസ് ചർച്ച് എന്നിവിടങ്ങളിലും ചോറ്റാനിക്കര ക്ഷേത്രം, മലയാറ്റൂർ കുരിശുമുടി എന്നിവിടങ്ങളിലും ഓരോ വർഷവും നിരവധി സഞ്ചാരികൾ എത്തുന്നു. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്ന് കൊച്ചിയിലേക്ക് വിമാന സർവിസുകൾ ആരംഭിച്ചതും കൊച്ചി മെട്രോ, വാട്ടർ മെട്രോ തുടങ്ങിയ നൂതന പൊതുഗതാഗത സംവിധാനങ്ങളും ജില്ലയുടെ വിനോദസഞ്ചാര മേഖലയിൽ ഉണർവുണ്ടാക്കി. സഞ്ചാരികളുടെ എണ്ണം വർധിച്ചത് അനുബന്ധ തൊഴിൽ, വ്യാപാര മേഖലകളിലും നിരവധി സാധ്യതകൾക്ക് വഴിയൊരുക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.