ത്രിപുരാദ്രികളുടെ മടിത്തട്ടിൽ
text_fieldsകുമാർഘട്ടിൽനിന്നു രാവിലെ എട്ടുമണിയോടെ ഒരു ടാക്സിയിൽ ഞങ്ങൾ യാത്ര തിരിച്ചു, ജംപി ഹിൽസിലേക്ക്. ത്രിപുരയുടെ ഗിരിനിരകളുടെ ഏറ്റവും മുകൾത്തട്ടിലേക്ക്. കുമാർഘട്ടിൽനിന്ന് 74 കി.മീ. ദൂരമുണ്ട്. അഗർത്തലയിൽ നിന്നും 200 കി. മീറ്ററും. വീതിയേറിയ, തിരക്കുകുറഞ്ഞ പാതക്കിരുവശവും സമൃദ്ധിയുടെ കാഴ്ചകളാണ്. പ്ലാവും തേക്കും പുളിയും നാരകവും ഉൾപ്പെടെ നമ്മുടെ നാട്ടുമരങ്ങൾ പലതുമുണ്ടിവിടെ.
റബ്ബർ തോട്ടങ്ങളും കമുകിൻതോട്ടങ്ങളും മുളങ്കാടുകളും ഇടകലർന്ന ചുറ്റുപാടുകൾ. റോഡുപണി ഈ വഴിയിലും തകൃതിയായി നടക്കുന്നു. മുളയും മണ്ണും ഉപയോഗിച്ച് നിർമിച്ച, ടിൻഷീറ്റ് മേഞ്ഞ കൊച്ചുകൊച്ചു കടകളും വീടുകളും. കടകൾക്കു മുന്നിലിരുന്ന് പത്രം വായിക്കുന്ന വയോജനങ്ങൾ. ഇടക്ക് യൂനിഫോമിട്ട സ്കൂൾ കുട്ടികളെയും വഴിയിൽ കാണാം.
റോഡിനിരുവശവും വൃക്ഷതൈകൾ നട്ടിട്ടുണ്ട്. മുളക്കൊണ്ടുള്ള വലിയ കൂടക്കവചങ്ങൾക്കുള്ളിലാണ് അവ. കാറ്റിലും മഴയിലും ഉലയാതിരിക്കാനും ആടുമാടുകളിൽ നിന്നും സംരക്ഷിക്കാനുമാണ് അവയെ കൂടകൾക്കുള്ളിലാക്കിയിരിക്കുന്നത്.
പ്രകൃതി സ്നേഹത്തിന്റെയും കരുതലിന്റെയും മറ്റൊരു സൂചകം. തണൽ വൃക്ഷങ്ങളുടെയും ഫലവൃക്ഷങ്ങളുടെയും തൈകളാണ് കൂടുതലും. റോഡിൽ നിന്ന് പാടങ്ങളെയും പറമ്പുകളെയും വേർതിരിക്കുന്ന മനോഹരമായ മുളവേലികൾ വഴി നീളെയുണ്ട്. മുളഞ്ചീളുകൾ കൊണ്ട് നെയ്തുണ്ടാക്കിയ പല ഡിസൈനിലും വലുപ്പത്തിലുമുള്ള വേലികൾ, മുളങ്കമ്പുകൾ കോർത്തുകെട്ടിയ വേലികൾ, പനമ്പ് വേലികൾ എല്ലാമുണ്ട്. അവയിൽ പടർന്നുകയറിയ വള്ളിപ്പടർപ്പുകളും നാട്ടുചെടികളും പൂത്തും കായ്ച്ചും നിൽക്കുന്നു. വഴിയിൽ മൊത്തം രസക്കാഴ്ചകൾ തന്നെ.
ഏതാണ്ട് ഒരുമണിക്കൂർ കഴിഞ്ഞപ്പോൾ നിരപ്പ് വിട്ട് വണ്ടി കയറ്റം കയറി കാടിന്റെ നടുവിലെത്തി. തണൽ വിരിച്ച, നിഴൽച്ചിത്രങ്ങൾ നിറഞ്ഞ പാത. ചെറുതും വലുതുമായ പലയിനം മുളങ്കൂട്ടങ്ങൾക്കും വൃക്ഷസഞ്ചയങ്ങൾക്കുമിടയിലൂടെ, കാടിന്റെ കാറ്റും തണുപ്പും മണവുമറിഞ്ഞ, ഉന്മേഷം നിറഞ്ഞ ഒരു യാത്രയാണിത്. വെട്ടിക്കീറിയ മലകളും റോഡുകളും. കുമിഞ്ഞുകൂടിയ മണ്ണും പൊടിപടലങ്ങളും പാറിയ, വളഞ്ഞുപുളഞ്ഞ വഴി. മണ്ണുമാന്തിയന്ത്രങ്ങളും റോഡുപണിക്കാരും അവിടവിടെ കാണാം. മിസോറാമിലേക്കുള്ള ഹൈവേ നിർമാണമാണിത്. വീതി കുറഞ്ഞതും പേടിപ്പെടുത്തുന്നതുമായ മൺപാതയാണ് പലയിടത്തും. താഴെ കീഴ്ക്കാം തൂക്കായ കൊക്കകൾ. ഹെയർപിൻ കടക്കുമ്പോൾ ചിലപ്പോഴെങ്കിലും പേടികൊണ്ട് കണ്ണടഞ്ഞുപോയി. കുലുങ്ങിയാടി, എതിരെ വരുന്ന വണ്ടികൾക്ക് വഴിമാറിക്കൊടുത്ത് ഒരുവിധം ഞങ്ങളുടെ വണ്ടി മുന്നോട്ടുനീങ്ങി.
ത്രിപുരയിലെ ഏറ്റവും മനോഹരമായ ജംപി മലനിരകളുടെ ഉച്ചിയിലേക്കാണ് ഈ സഞ്ചാരം. സമൃദ്ധസുന്ദരമായ പത്തോളം ഗ്രാമങ്ങൾ ഉൾപ്പെടുന്ന പ്രദേശമാണ് ജംപിഹിൽസ്. കാഞ്ചൻപൂർ ഡിവിഷന്റെ ഭാഗമായ ജംപിഹിൽസ് വടക്കുകിഴക്കിന്റെ പ്രശസ്തമായ ടൂറിസം കേന്ദ്രമാണ്. മിസോ വിഭാഗത്തിൽപ്പെട്ട ഗോത്രമക്കളുടെ നാടാണ് ജംപിഹിൽസ്. വൈസം, മംഗ്ച്വാൻ, ഹംപു, ത്ലാസ്ക്കി, വാങ്മുൻ, ബെട്ലാൻചിപ്, ബംഗ്ലാ, ത്ലാങ്സങ്, സാബുൽ, ഫുൽദുങ്സെ എന്നിവയാണ് ഇവിടത്തെ ഗോത്രഗ്രാമങ്ങൾ. കാപ്പിയും ഓറഞ്ചും അടക്കയും ഇഞ്ചിയും വിളയുന്ന, ജൈവകൃഷിയുടെ നാട്. പച്ചമരങ്ങൾ തിങ്ങിക്കൂടിയ അതി സുന്ദരങ്ങളായ മലഞ്ചെരിവുകളും താഴ്‌വാരങ്ങളും.
ബെട്ലാൻചിപ്പിലെ ഹരിതവിസ്മയങ്ങൾ
ത്രിപുരയിലെ മലനിരകളിൽ ഏറ്റവും ഉയർന്നയിടമാണ് ജംപിയുടെ ഭാഗമായ ബെട്ലാൻചിപ്. തെയ്ദാവർ കൊടുമുടിയുൾപ്പെടുന്ന ബെട്ലാൻചിപ്പിലെ വ്യൂ പോയിന്റാണ് ഈ യാത്രയിലെ ആദ്യലക്ഷ്യം. ഞങ്ങൾ മലമ്പാതയിലൂടെ മുകളിലുള്ള ഒരു കവലയിൽ എത്തി. അവിടെ ഗ്രാമവഴികളിലേക്കുള്ള ചൂണ്ടുപലകകൾ കണ്ടു. ഇടതു തിരിഞ്ഞ് കുറച്ചുകൂടി മുന്നോട്ടുചെന്ന് വ്യൂ പോയിന്റ് പാർക്കിങ് ഏരിയയിൽ വണ്ടി നിർത്തി. ഹോട്ടലും ഓഫിസുകളുമടങ്ങുന്ന കെട്ടിടങ്ങളും വിശാലമായ, ലാൻഡ്സ്‌കേപ്പ് ചെയ്ത മുറ്റവും. യാത്രികർക്ക് താമസസൗകര്യവും വിശ്രമസങ്കേതവും ഭക്ഷണശാലയും എല്ലാം ഇവിടെയുണ്ട്.
മലനിരകളിലേക്ക് അഭിമുഖമായി ഒരു ഓപ്പൺ തീയറ്ററും ഇവിടെ നിർമിച്ചിട്ടുണ്ട്. ഇരവും പകലും ഗിരിനിരകളുടെ ഭംഗി ആസ്വദിക്കാനും കലാപരിപാടികൾ അരങ്ങേറാനും വേണ്ടി ഒരുക്കിയ സൗകര്യങ്ങൾ. തൊട്ടടുത്തുതന്നെ എതിർദിശയിൽ ഒരു വാച്ച് ടവർ കണ്ടു. ഞങ്ങൾ അതിൽ കയറി ചുറ്റും കണ്ണോടിച്ചപ്പോൾ വിസ്മയങ്ങളുടെ ദൂരക്കാഴ്ചകൾ. അങ്ങകലെ ആകാശക്കീഴിൽ മിസോറാമിന്റെ ഗിരി ശൃംഗങ്ങൾ നീണ്ടു പരന്നു കിടക്കുന്നു. ഇടയിൽ വെള്ളപൊട്ടുകളും വരകളും പോലെ ചിതറിയ കെട്ടിടങ്ങൾ കാണാം. മിസോറാമിന്റെ ഏതോ നഗരമാണത്. മിസോറാമിന്റെ മലകൾക്കിപ്പുറം അവയെ തൊട്ടുതൊട്ട്, നിരനിരയായി നിൽക്കുന്ന ത്രിപുരാദ്രികൾ. പർവതങ്ങളും താഴ്‌വരകളും പരസ്പരം ഇടകലർന്ന്, ഗരിമയോടെ നിൽക്കുന്നു. കരിമ്പച്ചയും ഇളംപച്ചയും അരണ്ട നീലിമയും ആകാശത്തെ പുണർന്നുനിൽക്കുന്നു. എത്രകണ്ടാലും മതിവരാത്ത പ്രകൃതിച്ചന്തം. മനം മയക്കുന്ന, അഴക്നിറഞ്ഞ, ആ കാഴ്ചയിലേക്ക് കണ്ണും മനസ്സും കുളിർക്കെ കുറേ നേരം അങ്ങനെ നോക്കി നിന്നു. പിന്നെ താഴെയിറങ്ങി.
മുറ്റം നിറയെ പൂച്ചെടികളും ഇലച്ചെടികളുമാണ്. എരിവെയിലിൽ തിളങ്ങുന്ന കടും വർണ്ണങ്ങൾ. റോസും മാരിഗോൾഡും കോഴിവാലനും പൂച്ചവാലനും ക്രോട്ടനും ധാരാളമുണ്ടിവിടെ. റോസും മജന്തയും ഓറഞ്ചും ചുവപ്പും നിറത്തിലുള്ള പൂക്കൾ. ഈ പരിസരം നിറയെ പഴുത്തുതുടുത്ത അടക്കാക്കുലകളാണ്. സൂര്യരശ്മികളെ ഇലകളിൽ കോരിയെടുത്ത് പ്രകാശം പരത്തിനിൽക്കുന്ന കമുകിൻ തലപ്പുകൾക്ക് പ്രത്യേകമായ ഒരാകർഷണം തോന്നി. സമയം ഉച്ചയോടടുക്കുന്നു. തണുപ്പും ചൂടും ഇടകലർന്ന അന്തരീക്ഷം. വെള്ളം കുടിച്ച് അൽപനേരം വിശ്രമിച്ചു. ഉച്ചഭക്ഷണത്തിനുള്ള ഓർഡർ മുമ്പേ തന്നെ കൊടുത്തിരുന്നു. ഓഫിസ് മന്ദിരത്തിന്റെ പിന്നിൽ അടുക്കളഭാഗത്ത് വിറകുകൾ അടുക്കിവെച്ചിട്ടുണ്ട്. തൊട്ടടുത്ത് ഒരാൾ അരിവാൾ കൊണ്ട് കോഴിയിറച്ചി നുറുക്കിയെടുക്കുന്നു. ഉച്ചയൂണിന്റെ വിഭവമാകും അത് എന്നോർത്ത് കൊതിയൂറി. അടുക്കളയിൽ ഒരമ്മ എന്തോ പാചകത്തിനുള്ള പുറപ്പാടാണ്.
അവരോട് കുറച്ച് ചൂട് വെള്ളം വാങ്ങി കുടിച്ച് ഞങ്ങൾ കെട്ടിടത്തിനുള്ളിലൂടെ വീണ്ടും സ്റ്റെപ്പുകയറി ടെറസ്സിന് മുകളിലെത്തി. ഇതും നല്ലൊരു വ്യൂ പോയിന്റ് ആണ്. വട്ടം കറങ്ങി കാണാൻ പാകത്തിലുള്ള ഒരു കിടിലൻ നിരീക്ഷണകേന്ദ്രം. ഇടതൂർന്ന വൻമരങ്ങളും മലഞൊറിവുകളും വെയിലിൽ കൂടുതൽ സുതാര്യമായി. അതിരുകളില്ലാത്ത ആകാശത്തെ തൊട്ടുതലോടുന്ന ജംപിഹിൽസിലെ ഹരിതാഭ. ബംഗ്ലാദേശിനെയും മിസോറാമിനെയും അതിരിടുന്ന ത്രിപുരയുടെ ജൈവ ആവാസഭൂമിയുടെ വിശാലതയാണ് ചുറ്റും. അത് മതിവരുവോളം വീണ്ടും വീണ്ടും കണ്ടു. കൗതുകവും അത്ഭുതവും പ്രകൃതിസ്നേഹവും ഉള്ളിൽ ഒരുമിച്ച് നുരയിട്ട നിമിഷങ്ങളായിരുന്നു അത്.
വ്യൂ പോയിന്റിൽ നിന്നു താഴെയിറങ്ങി. വിശപ്പുണ്ട്. ഭക്ഷണശാലയിലേക്ക് ചെന്നു. ചോറും പച്ചക്കറിവിഭവങ്ങളും പപ്പടവും പച്ചമുളകും എല്ലാമുണ്ട്. പക്ഷേ കോഴിക്കറി മാത്രം വന്നില്ല. ഞങ്ങളിൽ ചിലർ ചോദിച്ചെങ്കിലും അവർക്കത് മനസ്സിലായില്ല. അത് വേറേതോ പാർട്ടിക്കുള്ളതാകും. ഉള്ളത് കൂട്ടി ഓണം എന്നപോലെ ഉണ്ടു. കാശുക്കൊടുത്ത് പുറത്തിറങ്ങി അല്പം കഴിഞ്ഞ് ഞങ്ങൾ വണ്ടിയിൽ കയറി പുറപ്പെട്ടു. ത്രിപുരയിലെ ഏറ്റവും ഉയരെയുള്ള തെയ്ദാവർ കൊടുമുടി കാണാൻ.
സമൃദ്ധിയുടെ ഗോത്രഗ്രാമങ്ങൾ
ഉച്ചവെയിലിന്റെ പ്രഹരമേറ്റ് വീണ്ടും ഞങ്ങളുടെ ശകടം മലമ്പാത കയറി, കൃഷിക്കാഴ്ചകൾക്കും കാനനക്കാഴ്ചകൾക്കും നടുവിലൂടെ. റോഡിനിരുവശവും വിളവെടുത്ത കാപ്പിക്കുരു ഷീറ്റുകളിലും പനമ്പുകളിലും ഉണക്കാനിട്ടിരിക്കുന്നു. മറ്റ് ചില ഭക്ഷ്യ ഉൽപന്നങ്ങളും കൂട്ടത്തിൽ കാണാം. പ്രദേശവാസികളുടെ വീടുകളും അപൂർവമായി ചില കടകളും ഈ വഴിയിലുണ്ട്. കമുകിൻ തൈകളും കാപ്പിതൈകളും ഒന്നിടവിട്ട് വളർത്തിയ തോട്ടങ്ങളാണ് കൂടുതലും. ചിലയിടങ്ങളിൽ ധാരാളം ഓറഞ്ചും നാരകവും വാഴയും കാണാം. ഓറഞ്ഞുകൃഷിയുടെ നാടാണ് ജംപിഹിൽസ്. വണ്ടി കുറേകൂടി കയറിച്ചെന്ന് നിരപ്പായ സ്ഥലത്തെത്തി. ഒരു വലിയ വാച്ച് ടവറും ഒന്ന് രണ്ട് വലിയ കെട്ടിടങ്ങളും കുറേ കൊച്ചുകൊച്ചു വീടുകളും. ഇതും ഗോത്രമക്കളുടെ വാസസ്ഥലമാണ്.
റോഡിന് ഇരുവശത്തും ചെരിവിലുമാണ് വീടുകൾ. ചെറിയ മുറ്റവും അത് നിറയെ പൂച്ചെടികളും പഴച്ചെടികളുമുള്ള ഗോത്രവസതികൾ. പേരയും ഓറഞ്ചും മാതളവും പാഷൻ ഫ്രൂട്ടും എല്ലാമുണ്ട്. പല വീടുകളും അടഞ്ഞുകിടപ്പാണ്. ഒന്ന് രണ്ടിടങ്ങളിൽ ആളനക്കം കണ്ടു. വാച്ച് ടവറിന് താഴെ യുള്ള ഒരു വീടിന്റെ ഉമ്മറത്ത് ചെല്ലുമ്പോൾ വലിയ കുട്ട നിറയെ ചൗചൗ വിളവെടുത്തു വച്ചിട്ടുണ്ട്. വീട്ടുകാരനായ യുവാവ് അത് വില്പനക്കായി മാർക്കറ്റിലേക്ക് കൊണ്ടുപോകാനുള്ള ഒരുക്കമാണ്. പച്ചക്കറികളും പഴങ്ങളും മറ്റ് ഭക്ഷ്യവിഭവങ്ങളും ജൈവീക രീതിയിൽ ഉൽപാദിപ്പിച്ച്, അത് വിപണനം ചെയ്യുന്ന ഗ്രാമച്ചന്തകൾ ജംപി ഹിൽസിൽ പലയിടത്തുമുണ്ട്.
ഞങ്ങൾ ഉടമയുടെ അനുവാദത്തോടെ വീടിനുള്ളിൽ കയറി. രണ്ടുമൂന്ന് മുറികളുള്ള വീടാണിത്. തണുപ്പു തളംകെട്ടിയ അകത്തളം നിറയെ മുളസാന്നിധ്യംമാണ്. ഇടഭിത്തിയും വാതിലും ഇരിപ്പിടങ്ങളും കട്ടിലും പാത്രങ്ങളും സംഭരണികളും എല്ലാം മുളമയം തന്നെ. ചേലുള്ള കൂടയും കുട്ടയും തവികളും ട്രേയുമെല്ലാം മുളനിർമിതം. വൃത്തിയും വെടിപ്പുമുള്ള വീടിന്റെ മുറ്റത്ത് പൂത്തു നിൽക്കുന്ന ചെമ്പരത്തിയും കായ്ച്ച നാരകവും. ഗൃഹാതുരത ഉണർത്തുന്ന കാഴ്ചകൾ. ഇത് നമ്മുടെ സ്വന്തം നാട് തന്നെയോ എന്ന് ഒരു മാത്ര ചിന്തിച്ചുപോയി. തൊട്ടുതൊട്ട് നിൽക്കുന്ന വീടുകളാണ് ഇവിടെ കൂടുതലും. താഴെ ഒരു കുടിലിൽ നിന്ന് ഒരമ്മയുടെയും കുഞ്ഞിന്റെയും സംസാരം കേൾക്കാം. വാതിൽ അടഞ്ഞുതന്നെ കിടപ്പാണ്. റോഡിനോട് ചേർന്നുള്ള അതിന്റെ കൊച്ചുമുറ്റത്തുമുണ്ട് ഒരുപാട് പൂച്ചെടികൾ. പേരയും പാവലും ബംബ്ലൂസ് നാരകവും അവിടെയും കാണാം. ഇങ്ങനെ പൂമുറ്റങ്ങളും പച്ചക്കറികളും പഴങ്ങളും കൊണ്ട് സമൃദ്ധമായ ഗ്രാമഗൃഹങ്ങളാണ് ഈ പരിസരം നിറയെ. ഇവിടം ഒരു പഴക്കൂട തന്നെയെന്ന് മനസ്സ് പറഞ്ഞു.
റോഡിനപ്പുറം ഓഫിസ് കെട്ടിടത്തിന്റെ സൈഡിലായി സിമന്റിട്ടുനിരപ്പാക്കിയ തറയിൽ അടക്ക, കാപ്പിക്കുരു, മുളക് എന്നിവയും പയറിനങ്ങളും ഉണക്കാനിട്ടിട്ടുണ്ട്. പേരറിയാത്ത ഒന്ന് രണ്ട് കറുത്ത കായകളും അക്കൂട്ടത്തിൽ കണ്ടു. അല്പം ദൂരെ, വെയിൽ തിളപ്പിൽ തലയുയർത്തി നിൽക്കുന്ന തെയ്ദാവർ കൊടുമുടി. ത്രിപുരയുടെ അഭിമാനമായ മലമകുടം. ത്രിപുരയിലെ ഏറ്റവും ഉയർന്ന പീക് പോയിന്റ് ആണിത്. 3200 അടിയിൽ കൂടുതൽ ഉയരമുണ്ട് ഈ കൊടുമുടിക്ക്. അതിന്റെ ചുറ്റുവട്ടത്തും ഗോത്രമക്കൾ താമസിക്കുന്നുണ്ടെന്ന് പ്രദേശവാസികൾ പറഞ്ഞു.
ഞങ്ങൾ അടുത്തുകണ്ട വാച്ച് ടവറിനു മുകളിൽ കയറി. ദൂരെദൂരെ, മഞ്ഞ്പുതഞ്ഞ മലനിരകൾ വീണ്ടും കാഴ്ച്ചയിൽ നിറഞ്ഞു. മിസോറാമും ത്രിപുരയും പച്ചപ്പട്ടുടുത്ത്, വെണ്മയുടെ കിരീടമണിഞ്ഞ്, കൈകോർത്ത് നിൽക്കുന്ന കാഴ്ച. വടക്കുകിഴക്കൻ പ്രകൃതിയുടെ മാദകസൗന്ദര്യം തുളുമ്പിയ മലമേടുകൾ. താഴെ ഗോത്രമക്കളുടെ വാസസ്ഥലങ്ങൾ, അവക്ക് ചുറ്റുമുള്ള കൃഷിക്കാഴ്ചകൾ. ഓറഞ്ചും മാതളവും കാപ്പിയും പാഴ്മരങ്ങളും വൻവൃക്ഷങ്ങളും ഇടകലർന്ന ചെരിവുകൾ. തെയ്ദാവറും പച്ചക്കുന്നുകളും ഗോത്രഗ്രാമങ്ങളും നിറഞ്ഞ പ്രകൃതിയിൽ നിൽകുമ്പോൾ ഏറെ സന്തോഷം തോന്നി.
വാങ്മുൻ എന്ന സുന്ദര ഗ്രാമം
ഞങ്ങൾ വീണ്ടും യാത്ര തുടങ്ങി. വാങ്മുൻ എന്ന സുന്ദര ഗോത്ര ഗ്രാമത്തിലേക്ക്. ത്രിപുരയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമമാണ് വാങ്മുൻ. വാംഗും എന്നും ഈ പ്രദേശത്തെ പലരും ഉച്ചരിക്കാറുണ്ട്. പാഴ്‌വസ്തുക്കളും ഭക്ഷ്യാവശിഷ്ടങ്ങളും കുമിഞ്ഞുകൂടാത്ത, സ്വച്ഛസുന്ദര ഗ്രാമം. ബെട്ലാൻചിപിൽ നിന്നും 32 കി.മീ. അപ്പുറത്താണ് വാങ്മുൻ. ചോരനിറം ചൂടിയ ക്രിസ്മസ്ട്രീയും ചെമ്പരത്തിയും മുൾച്ചെടികളും അതിരിട്ട ഗ്രാമവീഥികളിലൂടെ, ഞങ്ങളുടെ ടാക്സി വേഗത്തിൽ തന്നെ മുന്നോട്ടുപോയി. വഴിയിൽ വിറക് ശേഖരിച്ചുപോകുന്നവരും വെറുതെ നടന്നുപോകുന്നവരുമുണ്ട്. അല്പദൂരം കഴിഞ്ഞപ്പോൾ തുറസ്സായ ഒരു പുൽമൈതാനവും ബോർഡും കണ്ടു.
ത്ലാങ്ങ്സങ് ട്രെയിനിങ് അക്കാഡമിയുടെ ബോർഡാണത്. സമീപം ചിതറിയ ചില കുട്ടി സംഘങ്ങളുമുണ്ട്. ഞങ്ങളെ കണ്ട് കുറച്ചുപേർ മാറി നിന്നു. മറ്റ് ചിലർ അടുത്തുകൂടി ഫോട്ടോക്ക് പോസ് ചെയ്തു. കൂടുതൽ വർത്തമാനമോ ചിരിയോ ഒന്നുമില്ല. പേരും ക്ലാസ്സുമൊക്കെ ചോദിച്ചപ്പോൾ പറഞ്ഞുവെന്നുമാത്രം. തൊട്ടടുത്ത് ഒരു കോളജും ഹോസ്റ്റലുമുണ്ട്. അവിടത്തെ പെൺകുട്ടികൾ റോഡുവക്കിലും മരച്ചുവട്ടിലും വിശ്രമിക്കുന്നു. വഴിയും മൈതാനവും നിറയെ അരിപ്പൂവുകളാണ്. മത്സരിച്ചു പൂത്തുനിൽക്കുകയാണവ. ഇളം വയലറ്റുനിറത്തിലുള്ള പൂക്കാടു കണ്ടപ്പോൾ രസം തോന്നി. താമസിയാതെ കുട്ടികളോട് റ്റാറ്റാപറഞ്ഞ് ഞങ്ങൾ അവിടവും വിട്ടു.
ഗ്രാമക്കാഴ്ചകൾ പിന്നെയും മുന്നിൽ തെളിഞ്ഞു. സാമാന്യം മെച്ചപ്പെട്ട വീടുകളും നിർമാണത്തിലിരിക്കുന്ന കെട്ടിടങ്ങളും ഈ വഴി കാണാം. സഞ്ചാരത്തിനൊടുവിൽ ലക്ഷ്യസ്ഥാനത്തെത്തി. വാങ്ങ്മുൻ എന്ന ക്ലീൻ വില്ലേജിൽ. കുന്നും ചെരിവുമായുള്ള പ്രദേശമാണിത്. നിറയെ വീടുകളുമുണ്ട്. ഏതാണ്ട് 250 വീടുകൾ ഈ ഗ്രാമത്തിലുണ്ടാകും. വൃത്തിയുള്ള മെയിൻ റോഡും ഇടറോഡുകളും. റോഡിന്റെ വശങ്ങളിലുള്ള വീടുകൾ കണ്ടാൽ ആരും നോക്കിപ്പോകും. അത്രക്ക് മനോഹരമാണ് അതിന്റെ നിർമിതിയും നിറങ്ങളും. ഒറ്റനിരയും ഇരുനിലയും ഒക്കെയുണ്ട്. എല്ലാ വീടുകളും കടുംനിറമുള്ള പെയിന്റടിച്ചു സുന്ദരമാക്കിയിട്ടുണ്ട്. വയലറ്റും പച്ചയും നീലയും മഞ്ഞയും നിറമുള്ള ഗൃഹങ്ങൾ. വീടുകൾക്ക് മുന്നിൽ പൂന്തോപ്പുകളും ഫലവൃക്ഷങ്ങളും. അവ കൃത്യമായി പരിപാലിക്കപ്പെടുന്നവ എന്ന് കണ്ടാലറിയാം. തഴച്ചുവളർന്ന ചെറു ചെടികളും കുറ്റിച്ചെടികളും കുലകുലയായ പൂക്കൾ വിരിച്ച് നിൽക്കുന്നു. മനസ്സിന് സന്തോഷവും സംതൃപ്തിയും നൽകുന്ന ഗ്രാമഭംഗി.
വാങ്ങ്മുൻ ഒരു മാതൃകാ ഗ്രാമമാണ്. അടുക്കും ചിട്ടയും വൃത്തിയുമുള്ള നാട്. ആരോഗ്യവും സന്തോഷവും ജീവിതത്തിന്റെ അനിവാര്യതയാണെന്ന് തിരിച്ചറിഞ്ഞവരുടെ നാട്. പ്രകൃതിയും പച്ചപ്പും കാത്തു സംരക്ഷിക്കണം എന്ന് തിരിച്ചറിഞ്ഞവരാണ് ഈ മണ്ണിലുള്ളത്. അതിന്റെ പ്രതിഫലനങ്ങൾ ഇവിടെ നേരിട്ട് കണ്ടു. മെയിൻ റോഡിലൂടെ, ഇടവഴികൾ കടന്ന് ഗ്രാമഗൃഹങ്ങളുടെ മുന്നിലൂടെ ഞങ്ങൾ നടന്നു. പച്ചക്കുട വിടർത്തിയ ചെറുമരങ്ങളും പൂക്കളും കണ്ട് മനം നിറഞ്ഞു. കൃത്യമായ വേസ്റ്റ് മാനേജ്മെന്റും ജല വിതരണ മാർഗങ്ങളും ഇവിടെയുണ്ട്. റോഡിൽ പലയിടത്തും വേസ്റ്റ്ബിന്നും വാട്ടർ ടാങ്കും പബ്ലിക് ടോയ്‌ലെറ്റും തണൽ മരങ്ങളുമുണ്ട്. വളർത്തുമൃഗങ്ങളെ ഗ്രാമത്തിൽ പാടെ ഒഴിവാക്കിയിട്ടുണ്ട്. ആഴ്ചയിൽ രണ്ട് ദിവസം, അതായത് ശനി, ഞായർ ദിവസങ്ങൾ ഡ്രൈഡേ ആചരണത്തിനുള്ളതാണ്. YMA എന്ന എൻ.ജി.ഒയുടെ നേതൃത്വത്തിലാണ് ഈ കർമപരിപാടി.
ഗ്രാമവാസികൾ ഒന്നടങ്കം അതിനോട് സഹകരിക്കുന്നുമുണ്ട്. സംസ്ഥാനത്തെ വൃത്തിഗ്രാമമാക്കി മാറ്റിയതിന് പിന്നിൽ വാങ്ങ്മുൻ വാസികളുടെ ഒത്തൊരുമയും ദീർഘ വീക്ഷണവുമാണെന്ന് ഈ സഞ്ചാരത്തിൽ ബോധ്യപ്പെട്ടു. ആർക്കും പകർത്തിയെടുക്കാവുന്ന കർമപദ്ധതി. നടന്നു നടന്ന് ഞങ്ങൾ ഒരു ദേവാലയത്തിന്റെ മുന്നിലെത്തി. അതിന് സമീപം വണ്ടി പാർക്ക് ചെയ്തിട്ടുണ്ട്. വലിയ ഒരു പേരാൽ വൃക്ഷവും അവിടെയുണ്ട്. അതിന്റെ തണലിൽ കുറച്ചുനേരം നിന്ന് വീണ്ടും വണ്ടിയിൽ കയറി, കുമാർഘട്ടിലേക്ക്. അപ്പോഴും ജംപിഹിൽസിലെ മലനിരകളും വാങ്ങ്മുൻ എന്ന, ത്രിപുരയിലെ ഏറ്റവും വൃത്തിയുള്ള ഗ്രാമവും ബെട്ലാൻചിപും ഇതരഗോത്രഗ്രാമങ്ങളും ഗ്രാമവഴികളുമെല്ലാം ഒരിക്കലും മായാത്ത ചിത്രമായി മനസ്സിൽ നിന്നു.
(തുടരും)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.