തുർക്കീ...നീയെത്ര സുന്ദരി
text_fieldsപ്രിയ തുർക്കി നിന്നേ ഞാനറിയുന്നത് സ്കൂളിൽ പഠിക്കുമ്പോൾ സാമൂഹിക പാഠ വിഷയങ്ങളിൽ നിന്നായിരുന്നു. അന്നു മാർക്കുകിട്ടാൻ പാകത്തിൽ മാത്രമേ നിന്നേ ഉൾക്കൊണ്ടിരുന്നുള്ളു. അതുകൊണ്ടു തന്നേ എന്റെ മനസ്സിൽ ഒരു രണ്ടു വള്ളത്തിൽ (അതായതു ഏഷ്യ, യൂറോപ് വൻകരകളിലേക്ക്) കാലിട്ടിരിക്കുന്ന ഒരുരാജ്യം മാത്രമായി. അങ്ങനെ കാലമെല്ലാം കഴിഞ്ഞു. പിന്നെ ഖത്തറിലേക്കുള്ള വരവോടെ നിന്നെയും ഞാൻ അറിഞ്ഞു തുടങ്ങുകയായിരുന്നു. ഈ നാടിനോടുള്ള പ്രണയവും, രാഷ്ട്ര നേതാവിനോടുള്ള പ്രിയവും ഉപരോധം ഉൾപ്പെടെ വെല്ലുവിളികൾ നേരിട്ടപ്പോൾ ഞാനുണ്ടെന്ന് പറഞ്ഞുള്ള കൂട്ടിപ്പിടിക്കലും, കടൽ കടന്ന് കണ്ടെയ്നർ കണക്കിന് സാധനങ്ങളുടെ വരവുകളുമെല്ലാമായപ്പോൾ... തുർക്കീ നീ എന്നെ ഞെട്ടിച്ചു.
അന്നു മനസ്സിൽ കുറിച്ചിട്ടതായിരുന്നു ഒന്നു നിന്നേ വന്നു തലോടണം എന്ന്. അങ്ങനെ എന്റെ പ്രാർഥന പടച്ചവൻ കേട്ടു. നാം എന്തും അതിയായി ആഗ്രഹിച്ചാൽ അതു നമ്മേ തേടി വരും എന്ന് പൗലോ കൊയ്ലോ പറഞ്ഞതുപോലെ നിന്റെ പരന്നു കിടക്കുന്ന ആ അചഞ്ചല ഭംഗി ആസ്വദിക്കാൻ ഞാനും എത്തി. ആ വരവിൽ കൊടും തണുപ്പും ഇളം കാറ്റും ചാറ്റൽ മഴയും എല്ലാം ഒരുമിച്ചുതന്ന് നീ എന്നെ വല്ലാതെ വശീകരിച്ചു. ഖത്തറിൽ നിന്നുള്ള 24 സ്ത്രീകളുടെ സംഘവുമായി വേറിട്ടൊരു മാതൃക തീർത്തുകൊണ്ടായിരുന്നു ഞങ്ങളുടെ വരവ്.
നാലു പള്ളികൾ സൗഹൃദം കാണിച്ചു നിൽക്കുന്ന നിൽപുകാണുമ്പോൾത്തന്നെ നാലിൽ ആരാണ് കേമൻ എന്ന് ആലോചിക്കാൻ പൊലും നമുക്കു നീ അവസരം തരുന്നില്ല. അതിൽനിന്നു തന്നേ മനസ്സിലാകാം നിന്റെ ശാന്തത. ആ ബ്ലൂമോസ്‌ക്കിന്റെ അരികിലൂടെ നടന്നപ്പോൾ കൈവീശി മാടിവിളിക്കുന്ന ചുട്ട നട്സ് വിൽപനക്കാരനും കമ്പം വില്പനക്കാരനും വിളിക്കാതെ പെട്ടെന്നു എത്തിയ മഴയും കൂടെ കൂടിയപ്പോൾ ഭൂമിയിലെ സ്വർഗം ഇതാണ് എന്നു ആർത്തുവിളിച്ചു പറയാൻ തോന്നി .
ഒരു രൂപം നാം നോക്കുമ്പോൾ എന്തെങ്കിലും ഒരു അപാകത നാം കണ്ടുപിടിക്കും, നിന്നിൽ എന്തെങ്കിലും കുറവ് കാണാൻ എനിക്കു പറ്റിയില്ല. ഇവിടന്നു തിരിക്കുമ്പോഴേ ബർസയിൽ മഞ്ഞ് ആയിരുന്നു ലക്ഷ്യം. അങ്ങനെ ബസിൽ കയറി യാത്രതിരിക്കുമ്പോഴാണ് മഞ്ഞ് ഇന്നില്ല എന്ന് അവിടെയുള്ള ഒരാൾ വിളിച്ചു പറയുന്നത്. ഞങ്ങളുടെ യാത്രാസംഘത്തിലുള്ള 24 വീട്ടമ്മമാരും ആകെ സങ്കടത്തിലായി. മഞ്ഞ് കാണണം, അങ്ങോട്ടുമിങ്ങോട്ടും എറിയണം, ഞങ്ങൾക്കുള്ളിൽ ഒളിഞ്ഞു കിടന്ന കുഞ്ഞുമോഹങ്ങൾ എല്ലാം അസ്തമിച്ച പോലെ ആയി. ഇനി സാരമില്ല ബർസയിൽ എന്തായാലും പോവാം, ബസിൽ കയറിയില്ലേ എന്നായി. ഞങ്ങളുടെ വേദന നീ അറിഞ്ഞുവോ?.. എന്തെല്ലാം വിഭവങ്ങളാണ് ഒരുക്കി വെച്ചത്. നീ മേഘത്തോട് പറഞ്ഞിട്ടാണോ അവൾ മഞ്ഞുപരവതാനിയും ചെറിയൊരു കുന്നും തയാറാക്കിയത്. അതുകണ്ടപ്പോൾ ആതിഥ്യമര്യാദയിൽ നിന്നേ തോൽപിക്കാൻ ആർക്കും പറ്റില്ലെന്ന് മനസ്സിലായി.
പോകുന്ന വഴിയിലൊക്കെ നിന്നേ ഭരിക്കുന്ന ഉർദുഗാന്റെ ചിത്രം കാണുമ്പോൾ നമ്മുടെ അമീറിന്റെ കൂടെ എപ്പോഴും ഞാനുണ്ട് എന്ന ആർജവം ആ മുഖത്തു മിന്നിത്തെളിയുന്നുണ്ടായിരുന്നു. നിങ്ങൾ എവിടുന്നാണ് വരുന്നതെന്ന് ചോദിച്ചപ്പോൾ, ഖത്തറിൽ നിന്നാണ് എന്ന് കേൾക്കുമ്പോൾ നിന്റെ ആളുകളിൽ വിടരുന്ന സന്തോഷം ജനിച്ച രാജ്യത്തുനിന്നു കിട്ടാത്തത്, അന്നം തരുന്ന രാജ്യത്തു നിന്നു കിട്ടിയപോലെയായി.
നിന്നേ വർണിച്ചു വർണിച്ചു കൊതി തീരുന്നില്ല. പ്രിൻസസ് ദീപിലേക്കുള്ള യാത്രയിൽ കൂറ്റൻ തിരമാലകൾ ബോട്ടിനെ മൂടിയപ്പോൾ ആകെ ഒരു ഭയം വന്നെങ്കിലും നിന്നിൽ പൂർണ വിശ്വാസം ഉള്ളതു കൊണ്ട് ആ അഞ്ചു ദീപുകളിലും എത്തി നോക്കി. നിന്റെ ശരീരത്തിന്റെ ഒരു ഭാഗമായ കപ്പഡോക്കിയ വരണോ വേണ്ടയോ എന്ന ഒരു ശങ്ക എനിക്കുണ്ടായിരുന്നു. ഇന്നു ഞാൻ ഓർക്കുകയാണ്, വന്നില്ലെങ്കിൽ എന്ത് നഷ്ടമായേനേ.
ഹോട്ട് എയർ ബലൂൺ യാത്രയിൽ നിന്റെ സൗന്ദര്യം ഏറെക്കുറെ ആസ്വദിച്ചു. പിന്നെയും സന്തോഷിപ്പിച്ച കുറേ പേരുണ്ട്. ഇഷ്കണ്ടർ കബാബ്, ഹഫീസ് മുസ്തഫയുടെ ബക്‍ലാവ മുനീറയിലെ തുർക്കിഷ് ഡിലൈറ്റ്, ഹോട്ടലിലെ ഹൈറാൻ, സെബസ്റ്റ്യൻ ചീസ് കേക്ക്, സുൽത്താന്റെ സ്റ്റോൺ മോതിരം... അങ്ങനെ ഏറെയേറെ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.