തുർക്കിയുടെ ഫെയറി ചിമ്മിനികൾ; കപ്പഡോക്കിയ
text_fieldsതുർക്കിയയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ് ഫെയറി ചിമ്മിനിസ് താഴ്വരകൾ
പേർഷ്യൻ സാമ്രാജ്യകാലത്താണ് ആദ്യമായി തുർക്കിയയിലെ അനറ്റോളിയ റീജിയനിൽ വരുന്ന ‘കപ്പഡോക്കിയ’ ചരിത്രത്തിൽ രേഖപ്പെടുത്തിയത്. അന്ന് കാട്പടുക (katpaduka) എന്നാണ് ആർക്കിമെനിഡ് രാജാക്കന്മാരുടെ ലിഖിതത്തിലുള്ളത്. ‘ഫെയറി ചിമ്മിനിസ്’ എന്നു വിളിക്കുന്ന, പ്രകൃത്യാ രൂപപ്പെട്ട മൺസ്തൂപങ്ങളാണ് ഇവിടെ നമ്മെ അത്ഭുതപ്പെടുത്തുന്നത്. തുടർച്ചയായ അഗ്നിപർവത സ്ഫോടനങ്ങളുടെ ഫലമായി രൂപപ്പെട്ടതാണത്രേ ഈ പ്രകൃതിവിസ്മയങ്ങൾ.
അതിശയിപ്പിക്കുന്ന ചിമ്മിനികൾ
തുർക്കിയയിലെ പ്രധാന ടൂറിസ്റ്റ് സ്പോട്ടുകളാണ് ഫെയറി ചിമ്മിനിസ് താഴ്വരകൾ. ഒരുകാലത്ത് മനുഷ്യന് മഴയും വെയിലും കൊള്ളാതെ കയറിക്കിടക്കാനും ആക്രമണങ്ങൾ പ്രതിരോധിക്കാനുമെല്ലാം ഈ ചിമ്മിനികൾ ആളുകളെ സഹായിച്ചിരുന്നെന്ന് കപ്പഡോക്കിയയുടെ ചരിത്രത്തിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഈ മൺസ്തൂപങ്ങളെ ഫെയറി ചിമ്മിനികൾ എന്ന് വിളിക്കുന്നതിനുപിന്നിൽ രസകരമായ കഥയുണ്ട്. പ്രായം ചെന്ന ഒരു കർഷകൻ വിളവെടുപ്പിനു വേണ്ടി തന്റെ കൃഷിയിടത്തേക്കു പോകുന്ന വഴി ക്ഷീണംമൂലം തളർന്നുവീഴുന്നു. കുറെ നേരം കഴിഞ്ഞ് കണ്ണുതുറന്ന് നോക്കിയപ്പോൾ വിളവെടുപ്പെല്ലാം കഴിഞ്ഞ് ധാന്യങ്ങൾ വീട്ടിലെത്തിയിരിക്കുന്നു. ഈ മൺസ്തൂപങ്ങളിൽ താമസിക്കുന്ന മാലാഖമാർ (fairy) തന്നെ സഹായിക്കാൻ എത്തിയതായി അദ്ദേഹം വിശ്വസിച്ചു. അങ്ങനെ മാലാഖമാർ താമസിക്കുന്ന ഭവനം എന്ന അർഥത്തിൽ ‘ഫെയറി ചിമ്മിനികൾ’ ഉണ്ടായി.
ഉച്ചക്കാണ് കപ്പഡോക്കിയയിൽ എത്തുന്നത്. ചെറിയ ഒരു പരിഭ്രമം തോന്നി. റോഡും പരിസരവും വിജനം. ഹോട്ടലുകളെല്ലാം മലകൾ തുരന്നുണ്ടാക്കിയതുപോലെ. ആദ്യം എ.ടി.വി കാർ റൈഡ്. മൂന്നുമണിയോടെ സ്ഥലത്തെത്തി. നാലുചക്രമുള്ള ക്വാഡ് ബൈക്കുകളാണ് എല്ലാം. ഓരോന്നിലും രണ്ടുപേർ വെച്ച് പത്തു ബൈക്കുകൾ ഒന്നിച്ചുപുറപ്പെട്ടു. തുടക്കത്തിൽ കുത്തനെ ഇറക്കവും കയറ്റവുമൊക്കെ ഉണ്ടായിരുന്നെങ്കിലും പിന്നീട് ആകാശം മുട്ടെ ഉയർന്നുനിൽക്കുന്ന ഫെയറി ചിമ്മിനികൾക്കിടയിലൂടെയായി യാത്ര. ചൊവ്വ ഗ്രഹത്തിൽ ഇറങ്ങിയ പ്രതീതി. ചുവന്ന സാൻഡ് സ്റ്റോൺ നിർമിതമാണ് ചിമ്മിനികൾ. ശക്തമായ കാറ്റും തണുപ്പും കൂട്ടത്തിൽ ചാറ്റൽ മഴയും. എട്ടാം നൂറ്റാണ്ടിൽ ആളുകൾ താമസിച്ചിരുന്ന ഗുഹകൾ. ഗുഹ കണ്ടു കഴിഞ്ഞപ്പോഴേക്കും മഴ കനത്തു. തണുപ്പ് അസ്സഹനീയം. ഞങ്ങൾ പതിയെ തിരിച്ചിറങ്ങി.
ഫെയറിടെയിൽ
ഫെയറി ചിമ്മിനിക്ക് മീതെ എയർ ബലൂണിൽ യാത്ര ചെയ്യുക എന്നത് സ്വപ്നമായിരുന്നു. എന്നാൽ, കാലാവസ്ഥ അനുകൂലമല്ലാത്തതിനാൽ അത് നടന്നില്ല. പല താഴ്വാരങ്ങളായാണ് ചിമ്മിനിസ് പരന്നുകിടക്കുന്നത്. ഡേവ്രണ്ട് വാലി (Devrent valley), മോങ്ക് വാലി (Monks valley), ലവ് വാലി (Love valley), പിജിയൻ വാലി (Pigeon valley) തുടങ്ങിയവ അതിൽ ചിലതാണ്. ഡേവ്രണ്ട് വാലിയിലെ മൺസ്തൂപങ്ങൾക്ക് പലതിനും മൃഗങ്ങളുടെ സാദൃശ്യം തോന്നും. ഈ വാലിയെ ഇമാജിനേഷൻ വാലി എന്നും വിളിക്കാറുണ്ട്. ഒരുപാട് കർഷകർ ഉണ്ടായിരുന്ന സ്ഥലമായിരുന്നു കപ്പഡോക്കിയ എന്ന് ഗൈഡ് പറഞ്ഞു. ഫെയറി ചിമ്മിനിക്കകത്ത് പ്രാവുകളെ വളർത്തി അവയുടെ കാഷ്ഠമെടുത്ത് കർഷകർ വളമായി ഉപയോഗിച്ചിരുന്നത്രേ.
സെൽവേ ഓപൺ എയർ മ്യൂസിയം
കപ്പഡോക്കിയ സന്ദർശനത്തിൽ മനസ്സിൽ മായാതെ നിൽക്കുന്നതാണ് സെൽവേ ഓപൺ എയർ മ്യൂസിയം. എ.ഡി ഒന്നാംനൂറ്റാണ്ടു മുതൽ ഇവിടം മനുഷ്യവാസം ഉണ്ടായിരുന്നുവെന്ന് പറയുന്നുണ്ടെങ്കിലും 13ാം നൂറ്റാണ്ടു മുതലാണ് ഇവിടം ഒരു കോളനിയായി രൂപം പ്രാപിക്കുന്നത്. ഈ മൺസ്തൂപങ്ങളിൽ വീടുകളും പള്ളികളും സെമിനാരികളും പണിത് അവർ കൂട്ടമായി താമസിച്ചു, കൃഷി ചെയ്തു. അന്നത്തെ അരകല്ലുകൾ അവിടെ കാണാം. കൊത്തിയെടുത്ത ചുവർചിത്രങ്ങളും നിരവധിയുണ്ട്. 1952 വരെ ഇവിടെ ആളുകൾ വസിച്ചിരുന്നതായാണ് വിവരം. എന്നാൽ, തുടർച്ചയായ അപകടങ്ങൾമൂലം ഈ പുരാതന ഗ്രാമം അടച്ചുപൂട്ടി. 1967ൽ ഇതൊരു മ്യൂസിയമാക്കി മാറ്റി.
ഉച്ചിസർ കാസിൽ
അത്ഭുതപ്പെടുത്തുന്ന മറ്റൊരു റോക്ക് സ്ട്രക്ച്ചറാണ് ‘ഉച്ചിസർ കാസിൽ’ (Uchisar Castle). മ്യൂസിയത്തിനടുത്തുതന്നെയാണിത്. കപ്പഡോക്കിയയിലെ ഏറ്റവും ഉയരം കൂടിയ പോയന്റ് കൂടിയാണിത്. ആക്രമണങ്ങൾ മുൻകൂട്ടി കാണുന്നതിനുവേണ്ടി റോമൻ കാലത്തുമുതൽ ഉപയോഗിച്ചിരുന്ന പ്രകൃത്യായുള്ള കോട്ടയാണിത്. ഒരുപാട് മുറികളും അടിപ്പാതകളും ഉണ്ടായിരുന്ന ഈ കാസിലിൽ ഒരുകാലത്തു ആയിരത്തോളം ആളുകൾ ഒന്നിച്ചു പാർത്തിരുന്നെന്ന് പറയുന്നു. ഇപ്പോൾ പാടെ നശിച്ചുപോയെങ്കിലും ചെറിയ ഭാഗം ടൂറിസ്റ്റുകൾക്ക് സന്ദർശിക്കാവുന്നതാണ്.
ഏതൊരു യാത്രയും ഒരിക്കലും പൂർണമാകാറില്ല. തുർക്കിയയുടെ കപ്പഡോക്കിയയിലെ ഈ മൺസ്തൂപങ്ങൾക്കിടയിൽ ഇനിയും അത്ഭുതകാഴ്ചകളുണ്ട്. യുനെസ്കോയുടെ വേൾഡ് ഹെറിറ്റേജ് സൈറ്റുകളിൽ ഒന്നായ ഈ ഫെയറി ചിമ്മിനികൾ കേടുപാട് കൂടാതെ വിനോദസഞ്ചാരികളെ അത്ഭുതപ്പെടുത്തിക്കൊണ്ട് മനുഷ്യന്റെ സാമൂഹിക ജീവിതത്തിന്റെ ആരംഭം ഓർമിപ്പിച്ച് തലയുയർത്തിത്തന്നെ നിൽക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.