ഉഷൈഗർ - പഴമയുടെ കഥപറയുന്ന ചുവന്ന ഗ്രാമം
text_fieldsകാലവും സമയവും നിമിഷങ്ങളുമൊക്കെ നമുക്ക് മുേമ്പ ഓടിമറയുന്നു... ഒന്നിനും സമയമില്ലാത്ത മനുഷ്യരുള്ള കാലത്ത് ഓർമകളാണ് കൂട്ട്. മനോഹരമായ ഓർമകളൊക്കെ നമ്മൾ ഉൾചെപ്പിലടച്ച് വച്ചിരിക്കും. ചില ഇടങ്ങൾ കാണുമ്പോൾ പഴയകാല ഓർമകളൊക്കെ ഉള്ളുതുറന്ന്, തനിയെ മിണ്ടിത്തുടങ്ങും. അത്തരത്തിലുള്ള ഒരു ഗ്രാമമുണ്ട് സൗദി അറേബ്യയിൽ.
പഴമ സംസാരിക്കുന്ന, ആധുനികതയുടെ നാട്യങ്ങളില്ലാത്ത മനോഹരമായ കൊച്ചുഗ്രാമം. റിയാദ് നഗരത്തിെൻറ വടക്കുപടിഞ്ഞാറായി നജ്ദിെൻറ ഹൃദയഭാഗത്ത് സ്ഥിതിചെയ്യുന്ന ഉഷൈഗർ പൈതൃകഗ്രാമം. ഈ ഗ്രാമവീഥികളിലൂടെ നടക്കുമ്പോൾ വർഷങ്ങൾക്ക് മുമ്പുള്ള അറേബ്യൻ നിവാസികളുടെ ദൈനംദിന ജീവിതത്തിെൻറ ചിത്രം നമുക്ക് മുന്നിൽ തെളിയുന്നത് കാണാം.
രാജ്യത്തിലെ ഏറ്റവും മനോഹരമായി പുനർനിർമിച്ച ഗ്രാമങ്ങളിലൊന്നാണ് ഉഷൈഗർ ഗ്രാമം. റിയാദിൽനിന്ന് 200 കിലോമീറ്റർ അകലെയാണ് ഈ ഗ്രാമം സ്ഥിതിചെയ്യുന്നത്. നജ്ദ് മേഖലയിലെ ഏറ്റവും പഴക്കം ചെന്ന ഗ്രാമങ്ങളിലൊന്നാണ് ഉഷൈഗർ. ഏകദേശം 1500 വർഷങ്ങൾക്ക് മുമ്പാണ് ഇവിടെ ജനവാസം തുടങ്ങിയത്.
കുവൈത്ത്, ഇറാഖ്, ഇറാൻ എന്നിവിടങ്ങളിൽനിന്ന് വരുന്ന തീർത്ഥാടകരുടെ ഇടത്താവളമായിരുന്നു ഇവിടം. ഗ്രാമത്തിെൻറ വടക്കുഭാഗത്തുള്ള പർവതത്തിെൻറ നിറത്തിൽ നിന്നാണ് ഈ പ്രദേശത്തിന് ഉഷൈഗർ എന്ന പേര് വന്നത്. 'Little Blonde' അഥവാ 'കൊച്ചു സുന്ദരി' എന്ന പേരിലും ഈ ഗ്രാമം അറിയപ്പെടുന്നു.
നവോത്ഥാന നായകൻ മുഹമ്മദ് ബിൻ അബ്ദുൽ വഹാബ്, ഇസ്ലാമിക പണ്ഡിതനായ ശൈഖ് അൽ ഉഥൈമീൻ തുടങ്ങി നിരവധി പ്രമുഖരായ വ്യക്തികൾ ജന്മംകൊണ്ട നാടാണ് ഈ ഗ്രാമം. കൂടാതെ അൽ താനി, അൽ എൽ ഷെയ്ഖ്, അൽ മിസ്നാദ് എന്നീ പ്രഗത്ഭ ഗോത്രങ്ങളുടെ ജന്മഭൂമികൂടിയാണ് ഉഷൈഗർ.
ചുവപ്പ് നിറമുള്ള കൂറ്റൻ ഗോപുരങ്ങളും തടികൊണ്ടുള്ള ഭീമാകാരമായ കവാടങ്ങളുമാണ് നമ്മെ ഈ ഗ്രാമത്തിലേക്ക് സ്വാഗതം ചെയ്യുന്നത്. ഈ കൂറ്റൻ മൺഭിത്തികളായിരുന്നു ഒരു കാലത്തു ഗ്രാമത്തിെൻറ സുരക്ഷാകവചം. കവാടം കടന്നു കാലുകൾ മുന്നോട്ട് ചലിപ്പിക്കുന്തോറും മറ്റൊരു ലോകത്തേക്ക് പോവുകയാണ് കാഴ്ചകൾ. മണ്ണിൽ തീർത്ത വീടുകളും മാർക്കറ്റും പള്ളികളും വിദ്യാലയങ്ങളുമടങ്ങുന്ന വിസ്മയം ജനിപ്പിക്കുന്ന ഒരു കൊച്ചു ലോകം.
പ്രവേശന കവാടത്തിനു അടുത്തായുള്ള അൽ സേലം മ്യൂസിയത്തിൽ നിന്നായിരുന്നു കാഴ്ചകളുടെ തുടക്കം. ചരിത്രശേഷിപ്പുകൾ കൊണ്ട് സമ്പന്നമാണ് ഈ മ്യൂസിയം. ഉഷൈഗർ നിവാസികൾ തങ്ങളുടെ ഗ്രാമത്തിെൻറ പൈതൃകം സംരക്ഷിക്കുന്നതിൽ അതീവ ശ്രദ്ധാലുക്കളാണ്. പലരും തങ്ങളുടെ വീടുകൾ തന്നെ മ്യൂസിയമാക്കി സജ്ജീകരിച്ചിരിക്കുന്നത് കാണാം. അൽ സേലം മ്യൂസിയം അതിൽ പ്രധാനപ്പെട്ട ഒന്നാണ്.
പഴയകായ അറേബ്യൻ നിവാസികളുടെ ജീവിതം വളരെ വ്യക്തമായി വരച്ചു കാണിക്കുന്നു ഈ ചരിത്രശേഷിപ്പുകൾ. എന്നെ അത്ഭുതപ്പെടുത്തിയ ഒരു വസ്തുത പണ്ടുകാലത്തു അവർ ഉപയോഗിച്ചിരുന്ന വസ്തുക്കളും ആഭരണങ്ങളും തുണിത്തരങ്ങളുമെല്ലാം വർണാഭമായിരുന്നു. അന്നത്തെ നിറങ്ങൾ ഇന്ന് കാണുന്ന കറുപ്പിലേക്കും വെളുപ്പിലേക്കും എങ്ങനെ വഴിമാറി എന്നായിരുന്നു ഞാൻ ചിന്തിച്ചുകൊണ്ടിരുന്നത്.
മ്യൂസിയത്തിൽ അൽപസമയം ചെലവഴിച്ച ശേഷം പരമ്പരാഗത വീടുകളും മറ്റും സന്ദർശിക്കാൻ ഗ്രാമവീഥികളിലേക്കിറങ്ങി. പഴമയുടെ പ്രൗഢി വിളിച്ചോതുന്ന മൺവീടുകൾ. ഇതിന് പുറമെ രണ്ടു സ്കൂളുകൾ, വ്യാപാരകേന്ദ്രം, മ്യൂസിയങ്ങൾ, മനോഹരമായ പള്ളികൾ എന്നിവയും ഇവിടെയുണ്ട്. ചെറുതും വലുതുമായ ഏകദേശം നാന്നൂറോളം മൺവീടുകളുണ്ട് ഈ ഗ്രാമത്തിൽ.
മൺവീടുകൾ പലതും തകർന്ന നിലയിലാണെങ്കിലും വാതിലുകളെല്ലാം വലിയ കേടുപാടുകളൊന്നും തന്നെ ഇല്ലാതെ പഴയ പ്രൗഢിയോടെ നിലനിൽക്കുന്നത് എന്നെ ഏറെ അതിശയിപ്പിച്ചു. ഇവിടത്തെ വാതിലുകൾക്കെല്ലാം ഒരു പ്രത്യേക ആകർഷണമുണ്ട്. ജ്യാമിതീയ ചിത്രകലകൾ കൊണ്ട് ഭംഗിയായി അലങ്കരിച്ചിരിക്കുന്നു ഇവയെല്ലാം. വാതിലുകളുടെ നിർമാണത്തിന് ഏത് തരം മരമാണ് ഉപയോഗിച്ചിരിക്കുന്നതെന്ന് ഒരു ഗ്രാമവാസിയോട് ചോദിച്ചു മനസ്സിലാക്കി. പുളിമരം ഉപയോഗിച്ചാണ് മിക്ക വാതിലുകളും നിർമിച്ചിരിക്കുന്നതെന്ന് അറിയാൻ കഴിഞ്ഞു.
അറബിയിൽ ഇത് 'ഇഥാൽ' എന്നാണ് അറിയപ്പെടുന്നത്. ഗോത്ര കാലഘട്ടത്തിൽ അറബികൾ വളരെയധികം പ്രാധാന്യം നൽകിയിരുന്ന മരമാണ് പുളിമരം. കാലാവസ്ഥ വ്യതിയാനത്തിനൊപ്പം വികസിക്കാനും ചുരുങ്ങാനുമുള്ള കഴിവുകൊണ്ടുതന്നെ പുരാതന കാലം മുതൽ ഇന്നുവരെ ശരാശരി വാതിലുകൾ നിർമിക്കാനുള്ള ഏറ്റവും പ്രശസ്തമായ തടിയാണിത്.
പല വാതായനങ്ങളും തുറക്കുന്നത് വിശാലമായ കൃഷിയിടത്തിലേക്കാണ്. മുമ്പിൽ കണ്ട വഴിയിലൂടെ അൽപദൂരം നടന്നു. നമ്മുടെ നാട്ടിലെ പാടവരമ്പിലൂടെ നടക്കുന്ന ഒരു പ്രതീതിയാണ് ഇതിലെ നടക്കുമ്പോൾ. പ്രവാസജീവിതത്തിൽ നഷ്ടമാവുന്ന പാടവും തോടും തെങ്ങിൻ തോപ്പുമെല്ലാം മനസ്സിലൂടെ മിന്നിമായുന്നു. പിന്നിൽനിന്ന് ചില സഞ്ചാരികളുടെ ശബ്ദം കേട്ടാണ് ചിന്തയിൽ നിന്ന് ഉണർന്നത്.
കുറച്ചുദൂരം കൂടി മുേമ്പാട്ട് നടന്നപ്പോൾ ചെന്നെത്തിയത് വലിയ രണ്ട് കിണറുകൾക്ക് മുന്നിലാണ്. ഒരു കാലത്തു ഈ ഗ്രാമം കൃഷിക്കും മറ്റ് ആവശ്യങ്ങൾക്കുമെല്ലാം ആശ്രയിച്ചിരുന്നത് ഈ കിണറുകളെയായിരുന്നു. പണ്ടുകാലത്ത് ജലസേചനത്തിനും മറ്റുമായി ഒട്ടകങ്ങളെയായിരുന്നു ഇവർ ആശ്രയിച്ചിരുന്നത്. അതിനായി ഉണ്ടാക്കിയിരുന്ന ഒട്ടകപ്പാതയുടെ അവശിഷ്ടങ്ങളും അവിടെ കാണാം. പഴയകാല മനുഷ്യർ എങ്ങനെ ജീവിച്ചിരുന്നു എന്നതിെൻറ അടയാളപ്പെടുത്തലുകൾ കാണാം ഈ ഗ്രാമത്തിെൻറ ഓരോ കോണിലും.
നിറങ്ങളുടെ വീട്
പരമ്പരാഗത ശൈലിയിൽ പ്രവർത്തിക്കുന്ന ഒരു ചായക്കടയുമുണ്ട് ഈ ഗ്രാമത്തിൽ. അറേബ്യൻ ഖഹ്‌വയും മറ്റ് പരമ്പരാഗത വിഭവങ്ങളുടെയും വിൽപ്പന നടത്തുന്ന ഒരു കടയാണിത്. തങ്ങളുടെ മുതുമുത്തച്ഛന്മാരിൽ നിന്ന് പാരമ്പര്യമായി കൈമാറ്റം ചെയ്ത കിട്ടിയ പരമ്പരാഗത വിഭവങ്ങൾ പഴമയുടെ തനിമ ഒട്ടും ചോർന്നുപോവാതെ അവർ സഞ്ചാരികൾക്ക് വിളമ്പുന്നു. വളരെ ഉത്സാഹത്തോടെയാണ് ഗ്രാമവാസികൾ ഓരോരുത്തരും തങ്ങളുടെ പാരമ്പര്യത്തെക്കുറിച്ച് സംസാരിക്കുന്നതും ഗ്രാമവീഥികൾ ചുറ്റിനടന്ന് കാണിച്ചു തരുന്നതും. ആതിഥ്യ മര്യാദക്ക് പേരുകേട്ടവരാണ് ഉഷൈഗർ നിവാസികൾ.
ഇവിടത്തെ മിക്ക വീടുകളും രണ്ടു നിലയുള്ളവയാണ്. തുറന്നുകിടന്ന ഒരു വീടിെൻറ ഇടുങ്ങിയ ഗോവണിപ്പടിയിലൂടെ കയറി ഒന്നാം നിലയിലെത്തി. അവിടെനിന്ന് താഴേക്ക് നോക്കിയാൽ വിശാലമായ ഈന്തപ്പനതോട്ടങ്ങൾ കാണാം. ഗ്രാമവീഥികളിലൂടെ കാഴ്ചകൾ കണ്ട് അലസമായി നടക്കുമ്പോൾ ഒരു ഗ്രാമനിവാസി അദ്ദേഹത്തിന്‍റെ വീടിനുള്ളിലേക്ക് ഞങ്ങളെ ക്ഷണിച്ചു. ചെളിയും വൈക്കോലും ഉപയോഗിച്ച് നിർമിച്ച വീടുകളിലെ അകത്തളങ്ങളുടെ വാസ്തുവിദ്യയും അതിശയിപ്പിക്കുന്നതാണ്.
നിറങ്ങളുപയോഗിച്ചു മനോഹരമായി അലങ്കരിച്ച ഒരു കൊച്ചു വീട്. സാധാരണയായി കാണപ്പെടുന്ന ജാലകങ്ങളിൽനിന്ന് വ്യത്യസ്തമായി നജ്ദി ശൈലിയിലുള്ള ത്രികോണാകൃതിയിലുള്ള ജാലകങ്ങളാണ് ഈ വീടുകളുടെ മറ്റൊരു പ്രത്യേകത. പ്രകൃതിദത്തമായ കാറ്റും വെളിച്ചവും ധാരാളമായി ലഭിക്കാനാണ് ജാലകങ്ങൾ ഈ രീതിയിൽ നിർമിച്ചിരിക്കുന്നത്.
പണ്ടുകാലത്തു അവർ ഉപയോഗിച്ച പാത്രങ്ങളും വാദ്യോപകരണങ്ങളുമെല്ലാം വളരെ ഭംഗിയായി അലങ്കരിച്ചു വച്ചിട്ടുണ്ട് വീടിെൻറ ചുവരുകളിൽ. എവിടെ നോക്കിയാലും നിറങ്ങൾ മാത്രം. ചിമ്മിനിവിളക്കുകളും പരമ്പരാഗത കവാടങ്ങളുമെല്ലാം ഈ എളിയ വീടിന് പഴമയുടെ പ്രൗഢി സമ്മാനിക്കുന്നു. വീടെല്ലാം ചുറ്റിനടന്ന് കണ്ടശേഷം വീട്ടുടമസ്ഥനോട് നന്ദി പറഞ്ഞു അവിടെനിന്നു ഇറങ്ങുമ്പോൾ കുട്ടികൾക്ക് അദ്ദേഹം കുറച്ചു മിഠായിപ്പൊതികൾ സമ്മാനിച്ചു.
ആ മിഠായിപ്പൊതികളിൽ പോലും അവരുടെ വർണാഭമായ പ്രാദേശിക ചിത്രകലയുടെ അടയാളപ്പെടുത്തലുകൾ കാണാമായിരുന്നു. തങ്ങളുടെ പാരമ്പര്യം കാത്തുസൂക്ഷിക്കുന്നതിലെ ഗ്രാമീണരുടെ താൽപര്യവും ആത്മാർത്ഥതയും പ്രശംസനീയം തന്നെ.
ഇവിടെത്തെ വഴികളിൽ പലതും ഒന്നോ രണ്ടോ ആളുകൾക്ക് മാത്രം നടക്കാൻ പാകത്തിലുള്ള ഇടുങ്ങിയതാണ്. വഴികൾ ഇത്രമാത്രം ഇടുങ്ങിയ രീതിയിൽ പണികഴിപ്പിച്ചത് എന്തുകൊണ്ടാവാം എന്ന ചിന്തയിൽ നടക്കുമ്പോഴാണ്, ഒരു പ്രായം ചെന്ന ഗ്രാമീണൻ വഴിയരികിൽ ഇരിക്കുന്നത് കണ്ടത്. അദ്ദേഹത്തോടുതന്നെ അതിെൻറ കാരണം തിരക്കി. ഒരേ കുടുംബത്തിലെ അംഗങ്ങളുടെ അയൽ വീടുകളെ തമ്മിൽ പരസ്പരം ബന്ധിപ്പിക്കുന്നതാണ് ഈ ചെറുവീഥികൾ.
സ്ത്രീകൾക്ക് ഗ്രാമത്തിലെ അന്യപുരുഷന്മാരിൽ നിന്ന് തങ്ങളുടെ സ്വകാര്യത സംരക്ഷിക്കാനും അയൽവീടുകളിലെ ബന്ധുക്കളുമായുള്ള സമ്പർക്കം സുഗമമാക്കുന്നതിനുമായിരുന്നത്രെ വഴികൾ ഇത്തരത്തിൽ സംവിധാനിച്ചിരുന്നത്. ആ മുത്തച്ഛനുമായി ഞങ്ങൾ വളരെ പെട്ടെന്ന് സൗഹൃദത്തിലായി. അവരുടെ പഴയകാല ജീവിതത്തെക്കുറിച്ചു ചോദിച്ചതും അദ്ദേഹം വാചാലനായി. തങ്ങളുടെ ഗ്രാമത്തിെൻറ കഥപറയുമ്പോൾ എന്ത് തിളക്കമാണ് ആ കണ്ണുകൾക്ക്!
കുഞ്ഞുങ്ങളെപ്പോലെ മോണകാട്ടി ചിരിക്കുന്ന അദ്ദേഹത്തെ കണ്ടപ്പോൾ എന്തെന്നില്ലാത്ത സന്തോഷം തോന്നി. അദ്ദേഹത്തോട് കുശലം പറഞ്ഞു അൽപ്പസമയം കൂടി ആ ഗ്രാമവീഥികളിലൂടെ അലക്ഷ്യമായി നടന്നു. എത്ര നിഷ്കളങ്കരാണ് ഇവിടത്തെ മനുഷ്യർ. ആധുനികതയുടെ നാട്യങ്ങളില്ലാത്ത കുറെ പച്ചയായ മനുഷ്യർ. നേരം സന്ധ്യ മയങ്ങിത്തുടങ്ങി.
ചേക്കേറാൻ മടിക്കുന്ന പക്ഷികളെപ്പോലെ, ആ ഗ്രാമം വിട്ട് പോരാൻ മനസ്സ് മടിക്കുന്നു. അൽഖോബാറിൽ തിരികെയെത്താൻ ഏകദേശം 600 കിലോമീറ്ററിലധികം യാത്ര ചെയ്യേണ്ടതുണ്ട്. മനസ്സില്ലാമനസ്സോടെ ആ ചുവന്ന ഗ്രാമത്തിനോടും നിഷ്കളങ്കരായ ഗ്രാമീണരോടും യാത്ര പറഞ്ഞിറങ്ങി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.