മഴവില്ലുകളുലാത്തുന്ന താഴ്വര
text_fieldsജലനാരുകൾക്കിടയിലൂടെ സൂര്യ രശ്മികൾ ഇതൾ ചേർത്ത് പ്രകൃതി നെയ്യുന്ന മഴവില്ലുകളിൽ നിന്ന് ഒഴുകുന്ന പ്രണയ രാജികൾ കവിത രചിക്കാത്ത മനസുകൾ വിരളമായിരിക്കും. മനസിനെ രാഗിലമാക്കുന്ന മഴവിൽ കാഴ്ച്ചകൾക്ക് ജലനാരുകൾ ആവശ്യമില്ലെന്നും കരിംപ്പാറകളിൽ നിന്ന് കന്മദം മാത്രമല്ല ഒഴുകി പരക്കുന്നതെന്നും പാറകളുടെ തീക്ഷണതയിൽ നിന്ന് മഴവില്ലുകൾ ഉണർത്താൻ മരുഭൂമിക്ക് ഒരു ചിരി മാത്രം മതിയെന്ന് അടയാളപ്പെടുത്തുകയാണ് ഫുജൈറയിലെ വാദി ഘുബ് എന്ന മഴവില്ലുകളുടെ താഴ്വര.
തട്ടുതട്ടായി അടുക്കിവെച്ചപ്പോലെ ഇതളാർന്ന പാറകളിൽ നിന്ന് അടിസ്ഥാന വർണങ്ങളായ ചുവപ്പ്, നീല, പച്ച എന്നിവ ഒഴുകി പടർന്ന് മഴവില്ലു രചിക്കുന്നത് കാണാൻ ഒരു സാഹസിക യാത്ര അനിവാര്യമാണ്. ഇന്നലെ വരെയുള്ള മുൻഗാമികൾ പലപ്പോഴായി പലവട്ടം നടന്നുപോയി വഴികളായി തീർന്ന കരിംപ്പാറകൾക്കിടയിൽ പ്രകൃതിയുടെ മാന്ത്രികത കാണേണ്ട കാഴ്ച്ചയാണ്. ഒമാനുമായി അതിർത്തിപങ്കിടുന്ന ചിലഭാഗങ്ങൾ ഈ മലമടക്കുകൾക്കിടയിൽ കിടക്കുന്നതിനാൽ ചിലപ്പോൾ യാത്രക്ക് അനുമതി തേടേണ്ടി വന്നേക്കാം. അനുമതിയില്ലാതെ യാത്ര ചെയ്താൽ ചിലപ്പോൾ തിരികേ പോരേണ്ടതായും വരാം. അതുകൊണ്ടുതന്നെ ബന്ധപ്പെട്ടവരുമായി ബന്ധപ്പെട്ടതിന് ശേഷം മാത്രം സാഹസിക യാത്ര തുടങ്ങുന്നതാണ് അഭികാമ്യം. ഫുജൈറയുടെ മനോഹരിയായ ഘുബ് ഗ്രാമത്തിൽ നിന്നാണ് യാത്രയുടെ തുടക്കം. കയറും തോറും ശൂലപാളികളായി മാറുന്ന പാറകൾ, അതിൻറെ ലക്ഷ്യ സ്ഥാനത്ത് എത്തുമ്പോൾ ഒരു പുസ്തകത്തിലെ താളുകൾ പോലെയാകും. അതിൽ നിന്നും പ്രകൃതിയുടെ അഭൌമ സൌന്ദര്യം വാക്കുകളായി ഒഴുകി പരക്കുന്നത് കാണാം.
മലയിടുക്കുകൾക്കിടയിൽ ചിതറി കിടക്കുന്ന കുഞ്ഞുജലാശയങ്ങൾ തേടിവരുന്ന പ്രകൃതിയുടെ പൊന്നോമനകൾ. കിതച്ചുവരുന്നവർക്ക് വിശറിയുമായി കാത്തിരിക്കുന്ന ഗാഫ് മര തണലുകൾ. ചില്ലകളിൽ വിരുന്നുവന്ന ചിറകൊച്ചകൾ. പ്രകൃതിയിൽ അലിഞ്ഞു ചേർന്ന മനുഷ്യരുടെ മുഖം നിറയെ ഘുബിൻറെ വർണരാജികൾ. നടന്നാലും നടന്നാലും പൂതി തീരാത്ത പ്രകൃതി കൊത്തിയുണ്ടാക്കിയ കല്ലുപാതകൾ. പാതകളുടെ ചുറ്റും യാത്രക്കാർ ഒരുക്കിവെച്ച ശിലാസൌന്ദര്യങ്ങൾ.
സാഹസികരായ വിവിധ രാജ്യക്കാരുടെ സംഗമഭൂമികയാണിത്. ഭൂമിശാസ്ത്രപരമായ എല്ലാഅതിർവരമ്പുകളും ഇല്ലാതാക്കുന്ന തീർത്തും മഴവിൽ സൌന്ദര്യം നിറഞ്ഞ മരുഭൂമിയുടെ ശിലാചാരുത. റാസൽഖൈമ ദിബ്ബ റോഡിൽ നിന്നാണ് മഴവിൽ വർണങ്ങൾ പാറകളിൽ നിറപകിട്ടുകൾ ചാർത്തുന്നത്. പ്രകൃതിയിലെ എല്ലാവർണങ്ങളും പാറകളിൽ അലിഞ്ഞു ചേരുന്ന സുന്ദര കാഴ്ച്ച.
യാത്രക്ക് അനുമതി ലഭിച്ചാൽ കുടിവെള്ളം കൈയിൽ കരുതണം. വീശി തരാൻ കാറ്റും ഇലച്ചാർത്തുകളും വഴികളിൽ കാത്ത് നിൽപ്പുണ്ടാകും. ഓരോ കാൽവെപ്പും ശ്രദ്ധിച്ച് വേണം. പാളികൾ അടുക്കുകൾ പോലെയാണ്. ചിലയിടങ്ങളിൽ ഗുഹകൾ പോലെ തെളിഞ്ഞുവരും. മലയാടുകൾ ഇവിടെ നിന്ന് ഓടി പോകുന്നത് കാണാം. സാഹസികരായ യാത്രക്കാർ രാത്രിയിൽ ടോർച്ച് വെളിച്ചത്തിൽ പാറക്കൂട്ടങ്ങൾക്കിടയിൽ വിസ്മയങ്ങൾ തേടിനടക്കുന്നത് കാണാം. രാത്രി യാത്രയിൽ ശ്രദ്ധ കൂടുതൽ വേണം. പാമ്പുകളുടെ യാത്ര രാത്രിയിലാണ്. ജന്തുക്കളുടെ സാന്നിധ്യവും മണക്കണം. എന്തൊക്കെയാണെങ്കിലും സപ്തരാജികൾ നൃത്തം ചെയ്യുന്ന ഈ സുന്ദര കേദാരം ഒരുവട്ടം കണ്ടാൽ പലവട്ടം കാണാൻ തോന്നും. അത്രക്ക് മനോഹരമായിട്ടാണ് ഇതിന്‍റെ ഓരോ നൂലിഴയും കോർത്തിണക്കിയിരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.