തൊമ്മൻകുത്തും ആനയാടിക്കുത്തും വണ്ണപ്പുറത്തെ വിസ്മയം
text_fieldsമുട്ടം: പ്രകൃതിയുടെ ആഴങ്ങളിലേക്ക് ഊളിയിടാൻ നാട് കാത്തുവെച്ച ജലപാതങ്ങൾ ഇതാ ഇവിടെയാണ്. നിങ്ങളുടെ അടുത്ത അവധി ദിനം ഇവിടെ ചെലവഴിക്കാം. നിത്യഹരിത പ്രകൃതിദൃശ്യങ്ങളും ആനന്ദകരമായ കാലാവസ്ഥയും കൊണ്ട് എല്ലാ തരം സഞ്ചാരികളുടെയും ദാഹം ശമിപ്പിക്കുന്ന പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമാണ് വണ്ണപ്പുറം. ചുറ്റുവട്ടത്ത് ആനയാടിക്കുത്തും തൊമ്മൻകുത്തും അടക്കമുള്ള വെള്ളച്ചാട്ടങ്ങൾ.
വൈകാരികവും ശാരീരികവുമായ മാനസികാവസ്ഥയെ തൃപ്തിപ്പെടുത്താൻ ആവശ്യമായ മാന്ത്രികന്തരീക്ഷവും സമാനതകളില്ലാത്ത ശാന്തതയുമാണ് ഇവിടം സമ്മാനിക്കുന്നത്. സാഹസികത ഇഷ്ടപ്പെടുന്നവർക്ക് എണ്ണമറ്റ ഓപ്ഷനുകളുണ്ടിവിടെ.
ഏത് കോണിലും മനസ്സിനെ കുളിരണിയിപ്പിക്കുന്ന വെള്ളച്ചാട്ടമോ പച്ചപ്പ് നിറഞ്ഞുനില്ക്കുന്ന പാതയോരങ്ങളോ അല്ലെങ്കില്‍ മേഘങ്ങള്‍ നിറഞ്ഞു നില്ക്കുന്ന താഴ്വാരങ്ങളോ ഒക്കെ കാണാം വണ്ണപ്പുറത്ത്. വിനോദ സഞ്ചാരരംഗത്ത് ഏറ്റവും സംഭാവനകള്‍ നല്‍കിവരുന്ന പഞ്ചായത്തുകളില്‍ ഒന്നാണ് വണ്ണപ്പുറം.
തൊടുപുഴ താലൂക്കിന്റെ ഭാഗമായ വണ്ണപ്പുറം ഇടുക്കിയില്‍ ഏറ്റവുമധികം സഞ്ചാരികള്‍ തെരഞ്ഞെത്തുന്ന ഇടങ്ങളിലൊന്നാണ്. പ്രസിദ്ധമായ തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം ഉള്‍പ്പെടെ അഞ്ച് വിനോദ സഞ്ചാര കേന്ദ്രങ്ങളാണ് ഇവിടെയുള്ളത്.
തൊമ്മൻകുത്ത്
ജില്ലയിലെ ഏറ്റവും പേരുകേട്ട വെള്ളച്ചാട്ടങ്ങളിലൊന്നാണ് തൊടുപുഴക്ക് സമീപത്തെ തൊമ്മന്‍കുത്ത്. നാടും നഗരവും കഴിഞ്ഞ് കാട്ടുവഴികളിലൂടെ ചെന്നുകയറുന്ന തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം യഥാർഥത്തില്‍ ഒറ്റവെള്ളച്ചാട്ടമല്ല. എഴുനിലക്കുത്താണ്. നാക്കയം കുത്ത്, മുത്തിമുക്ക് കുത്ത്, കുടച്ചിയാല്‍ കുത്ത്. ചെകുത്താന്‍കുത്ത്, തേന്‍കുഴിക്കുത്ത്, കൂവമലക്കുത്ത് എന്നിങ്ങനെ നിരവധി വെള്ളച്ചാട്ടങ്ങള്‍ ചേരുന്നതാണ് തൊമ്മന്‍കുത്ത് വെള്ളച്ചാട്ടം. തൊടുപുഴയില്‍ നിന്ന് 18 കിലോമീറ്റര്‍ ദൂരം. വണ്ണപ്പുറം, കരിമണ്ണൂര്‍ പഞ്ചായത്തുകളുടെ അതിര്‍ത്തിയിലാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്.
കാറ്റാടിക്കടവ്
കാറ്റും കോടമഞ്ഞുമായി സഞ്ചാരികളെ സ്വീകരിക്കുന്ന വണ്ണപ്പുറത്തെ മറ്റൊരു ഇടമാണ് കാറ്റാടിക്കടവ്. കൃത്യമായ വഴിയില്ലാത്തതിനാല്‍ ഒരു ട്രക്കിങ്ങിന്റെ സുഖത്തില്‍ രണ്ടു കിലോമീറ്റർ നടന്ന് വേണം മുകളിലെത്താന്‍.
സമുദ്ര നിരപ്പിൽ നിന്ന് മൂവായിരം അടി മുകളിൽ സ്ഥിതിചെയ്യുന്ന ഇവിടെ രണ്ട് മലകളാണുള്ളത്. അതില്‍ ആദ്യമെത്തുന്ന മലയാണ് കാറ്റാടിക്കാവ്. മുനിയറകളാണ് ഇവിടുത്തെ ആകര്‍ഷണം. അവിടുന്ന് പിന്നെയും പോയാല്‍ മരതകമലയിലെത്താം. ഇലവീഴാപൂഞ്ചിറ, തൊമ്മൻകുത്ത്, ഭൂതത്താൻ അണക്കെട്ട് തുടങ്ങിയവയുടെ ദൃശ്യങ്ങള്‍ ഇവിടെ നിന്ന് കാണാന്‍ സാധിക്കും.
തൊടുപുഴയിൽ നിന്ന് 24 കിലോമീറ്റർ ദൂരമുണ്ട്. തൊടുപുഴ-വണ്ണപ്പുറം-മുണ്ടൻമുടി വഴി കാറ്റാടി കടവ് എത്താം. മൂവാറ്റുപുഴ-വണ്ണപ്പുറം-മുണ്ടൻമുടി വഴിയും കാറ്റാടികടവിലെത്താം. വണ്ണപ്പുറത്ത് നിന്നും ഇവിടേക്ക് എട്ടു കിലോമീറ്റർ ദൂരമുണ്ട്.
കോട്ടപ്പാറ
മൂന്നാർ മേഖലയിലെ മീശപ്പുലിമലയോട് മത്സരിക്കുന്ന പ്രദേശമാണ് കോട്ടപ്പാറ. വണ്ണപ്പുറം മുള്ളരിങ്ങാട് റൂട്ടിലാണ് കോട്ടപ്പാറ സ്ഥിതി ചെയ്യുന്നത്.
കുന്നുകള്‍ക്കിടയിലായി പരന്നുകിടക്കുന്ന മേഘങ്ങളുടെ കാഴ്ചയാണ് ഇവിടുത്തെ പ്രത്യേകത. തൂവെള്ള തിരമാലകള്‍ പോലെ കിടക്കുന്ന ഈ കാഴ്ച കൊളക്കുമലയിലെയും മീശപ്പുലിമലയിലേയും ഒക്കെ പുലരികളോട് സാദൃശ്യമുള്ളതാണ്. പുലര്‍ച്ചെ ഏഴു മണിക്കു മുമ്പായി എത്തിയാല്‍മാത്രമേ ഈ ദൃശ്യം കാണുവാന്‍ സാധിക്കുകയുള്ളൂ.
ആനയാടിക്കുത്ത്
ജില്ലയിലെ തന്നെ ഏറ്റവും മനോഹരമായ വെള്ളച്ചാട്ടം ഏതെന്ന ചോദ്യത്തിന് ഒറ്റ ഉത്തരം ആനയാടിക്കുത്ത് എന്നാണ്. അധികമാരും അറിയാത്തതും ഇതുവരെ ടൂറിസ്റ്റ് മാപ്പിൽ ഇടം പിടിക്കാത്തതുമായ പ്രകൃതി മനോഹരമായ വെള്ളച്ചാട്ടമാണ് ആനയാടിക്കുത്ത്.
തൊടുപുഴയിൽ നിന്ന് 22 കിലോമീറ്റർ സഞ്ചരിച്ചാൽ ആനയാടിക്കുത്തിലെത്താം. വഴിയില്‍ ദിശാ ബോര്‍ഡുകള്‍ ഒന്നും ഇല്ലാത്തതിനാല്‍ ഇവിടെയെത്താന്‍ കുറച്ച് കഷ്ടപ്പാടുണ്ടെന്ന് മാത്രം. പ്രദേശവാസികളോട് വഴി തിരക്കി വേണം എത്താന്‍. തൊമ്മന്‍കുത്ത് ഇക്കോ ടൂറിസം പോയന്റിലേക്ക് എത്തുന്നതിന് ഏതാനും കിലോമീറ്റര്‍ മുമ്പ് ഇടത്തോട്ട് തിരിഞ്ഞ് ഓഫ് റോഡ് വഴി ചെങ്കുത്തായ കയറ്റം കയറി വേണം പാര്‍ക്കിങ് ഏരിയയിലേക്ക് എത്താന്‍.
ഫീസ് നല്കി ഇവിടെ വാഹനം പാര്‍ക്ക് ചെയ്യാം. തുടര്‍ന്ന് ചെങ്കുത്തായ ഇറക്കമിറങ്ങി മുന്നോട്ടു നടക്കുമ്പോള്‍ ആനചാടിക്കുത്ത് വെള്ളച്ചാട്ടം കാണാം. തൊമ്മൻകുത്തിന് സമീപമാണ് ആനയാടികുത്ത് സ്ഥിതി ചെയ്യുന്നതെങ്കിലും തൊമ്മൻകുത്തിന്റെ ഭാഗമല്ല ഈ കാട്ടരുവി. മുണ്ടൻമുടിയുടെ നെറുകയിൽ നിന്നൊഴുകിയെത്തുന്ന വെള്ളം ആനയാടിയിലെ പാറയിൽ നൂറുമീറ്ററോളം വിസ്തൃതിയിൽ ഒഴുകി പാലൊഴുകും പാറയാകുകയാണ് ഇവിടം. ഈ വെള്ളച്ചാട്ടതിനു അടിയിൽ നിന്നു കുളിച്ച ശേഷമേ ഇവിടെ എത്തുന്നവർ മടങ്ങാറുള്ളൂ. ഒരു ശതമാനം പോലും അപകട സാധ്യത ഇല്ല എന്നുള്ളതാണ് ആനയാടിക്കുത്തിന്റെ പ്രത്യേകത.
ആനയാടിക്കുത്ത് വെള്ളച്ചാട്ടത്തിന് ഈ പേരു വന്നതിനു പിന്നിലും ഒരു കഥയുണ്ട്. ഒരിക്കല്‍ രണ്ട് ആനകള്‍ തമ്മില്‍ അടികൂടുകയും അതിനിടെ ഒരാന കാല്‍വഴുതി ഇവിടെ വീണ് ചെരിയുകയും ചെയ്തുവത്രെ. ആന ചാടിയ സ്ഥലമായതിനാല്‍ ഈ വെള്ളച്ചാട്ടത്തെ അടുത്തുള്ള ആളുകള്‍ ആനചാടികുത്ത് എന്നു വിളിച്ചു. ഇത് ആനയാടി കുത്തായി. മഴക്കാലത്താണ് വെള്ളച്ചാട്ടം ഏറ്റവും മനോഹരമാകുന്നത്.
പേരില്‍ അൽപം ഭീകരതയൊക്കെ ഉണ്ടെങ്കിലും പൊതുവേ സുരക്ഷിതമായ വെള്ളച്ചാട്ടമാണിത്. വേണമെങ്കില്‍ സന്ദര്‍ശകര്‍ക്ക് ഇവിടെ ഇറങ്ങി കുളിക്കുകയും ചെയ്യാം. ഇത്രയൊക്കെ ആകര്‍ഷകമായെങ്കിലും അടിസ്ഥാന സൗകര്യമൊരുക്കാന്‍ ടൂറിസം വകുപ്പോ പഞ്ചായത്തോ ഇതുവരെ ഒരു നടപടിയും സ്വീകരിച്ചിട്ടില്ലെന്നുള്ളതാണ് യാഥാര്‍ത്ഥ്യം.
മീനുളിയാംപാറ
പട്ടയക്കുടിക്ക് സമീപമാണ് മീനുളിയാംപാറ. വണ്ണപ്പുറം പഞ്ചായത്തിലെ മൂന്നാമത്തെ വിസ്മയമാണ് മീനുളിയാന്‍ പാറ. പാറകയറികയറി ചെല്ലുന്ന, നോക്കത്താ ദൂരത്തോളം പരന്നു കിടക്കുന്ന മീനുളിയാന്‍ പാറ ഏകദേശം 500 ഏക്കറിലധികം സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. പാറയുടെ മുകളില്‍ രണ്ട് ഏക്കറിലധികം വരുന്ന നിത്യഹരിതവനമാണ് മറ്റൊരു കാഴ്ച.
മലമുകളില്‍ പാറപ്പുറത്ത് സ്ഥിതി ചെയ്യുന്ന വനവും തണുത്ത കാറ്റുമാണ് സഞ്ചാരികളെ ഇവിടേക്ക് ആകര്‍ക്ഷിക്കുന്നത്. ഇടുക്കിയില്‍ മാത്രം കാണപ്പെടുന്നതും നാശോന്മുഖമായി മാറിക്കൊണ്ടിരിക്കുന്നതുമായ 27ല്‍ അധികം നിത്യഹരിത സസ്യങ്ങള്‍ ആണ് ഇവിടെയുള്ളത്. ഇവിടെ കാണപ്പെടുന്ന മുനിയറയുടെ അവശിഷ്ടങ്ങള്‍ ചരിത്ര പ്രാധാന്യമര്‍ഹിക്കുന്നവയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.