മനംമയക്കും വട്ടോൻ പാറ; വേണ്ടത് സുരക്ഷ
text_fieldsചെറുതോണി: വെള്ളച്ചാട്ടം കാണാനും പ്രകൃതിസൗന്ദര്യം ആസ്വദിക്കാനും കഞ്ഞിക്കുഴി വട്ടോൻ പാറയിലെത്തുന്ന വിനോദസഞ്ചാരികൾക്ക് സുരക്ഷ ഒരുക്കണമെന്ന ആവശ്യം ശക്തം. ആരെയും ആകർഷിക്കുകയും മനംമയക്കുകയും ചെയ്യുന്ന ഇവിടെ ഒട്ടേറെപ്പേരാണ് എത്തുന്നത്. വഴുക്കലുള്ള പാറയിൽ അറിയാതെ സഞ്ചാരികൾ ഇറങ്ങുന്നത് അപകടത്തിന് കാരണമാകുമെന്ന് പ്രദേശവാസികൾ മുന്നറിയിപ്പു നൽകുന്നു. വട്ടോൻപാറ, പുന്നയാർകുത്ത് ഉൾപ്പെടുന്ന കഞ്ഞിക്കുഴി പഞ്ചായത്തിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിൽ സുരക്ഷാസൗകര്യങ്ങൾ ഒരുക്കണമെന്ന് ഇതിനോടകം ആവശ്യം ഉയർന്നിട്ടുണ്ട്. ഏറെ അപകടസാധ്യതയുള്ള പാറക്കൂട്ടങ്ങൾ നിറഞ്ഞ ഈ പ്രദേശത്ത് പായൽ പിടിച്ചു മിനുസമാർന്ന പാറയിൽ ചവിട്ടി സഞ്ചാരികൾ ചെറിയ അപകടത്തിൽപെടാറുണ്ട്. പത്ത് വർഷം മുമ്പ് ഈ പ്രദേശത്ത് രണ്ട് വിനോദസഞ്ചാരികൾ മരണപ്പെട്ടിരുന്നു. കഞ്ഞിക്കുഴി പഞ്ചായത്തിലെ 12ാം വാർഡ് ഉൾപ്പെടുന്ന പ്രദേശമാണ് വട്ടോൻപാറ.
അടിമാലി-കുമളി ദേശീയപാത കടന്നുപോകുന്ന കീരിത്തോട്ടിൽനിന്ന് വണ്ണപ്പുറം, തൊടുപുഴ, മൂവാറ്റുപുഴ ഭാഗത്തേക്ക് കടന്നുപോകുന്ന സഞ്ചാരികളാണ് പ്രധാനമായും ഇവിടത്തെ ദൃശ്യസൗന്ദര്യം ആസ്വദിക്കാൻ ഇറങ്ങുന്നത്. അപകട മുന്നറിയിപ്പ് ബോർഡ് സ്ഥാപിക്കുകയും സുരക്ഷ വേലികൾ നിർമിക്കുകയും ചെയ്ത് ദുരന്തസാധ്യതകൾ ഒഴിവാക്കണമെന്നാണ് ആവശ്യം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.