വട്ടവട പച്ചക്കറി ഗ്രാമം; സഞ്ചാരികളെ ആകർഷിക്കുന്ന കുളിര്...
text_fieldsവട്ടവട: ശീതകാല പച്ചക്കറി കൃഷിയുടെ കേന്ദ്രമായ വട്ടവട വിനോദസഞ്ചാരികളുടെ കേന്ദ്രവുമാണ്. കോടമഞ്ഞും തണുത്ത കാലാവസ്ഥയും ഭൂപ്രകൃതിയും വന്യമൃഗങ്ങളുടെ സാന്നിധ്യവും വട്ടവടയുടെ പ്രാധാന്യം വർധിപ്പിക്കുന്നു. തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന വട്ടവടയില്‍ തമിഴ്നാടിന്റെ ഭാഗമായ ടോപ് സ്റ്റേഷനാണ് പ്രധാന ആകർഷണ കേന്ദ്രം. വന്യജീവികളുടെ ആവാസ കേന്ദ്രമായ ഷോല നാഷനല്‍ പാർക്ക് സ്ഥിതി ചെയ്യുന്നതും വട്ടവടയിൽ. ആദിവാസികളും തമിഴ് വംശജരും കൂടുതലുള്ള ഇവിടെ മൂന്നാര്‍ വിനോദസഞ്ചാര കേന്ദ്രത്തിന്റെ പ്രധാന ടൂറിസ്റ്റ് കേന്ദ്രമായി മാറി.
ടോപ് സ്റ്റേഷനും കുണ്ടള, മാട്ടുപ്പെട്ടി അണക്കെട്ടുകളും കാണാന്‍ എത്തുന്നവര്‍ വട്ടവടയെ കാണാതെ പോകാറില്ല. പച്ചക്കറി കൃഷിയാണ് വട്ടവടയിലെ പ്രധാന ആകര്‍ഷണം. നോക്കെത്താ ദൂരത്തോളം പരന്നുകിടക്കുന്ന പച്ചക്കറി പാടങ്ങള്‍, കേരളത്തില്‍ തോട്ടവിളപോലെ കൃഷിയിറക്കുന്ന വെളുത്തുള്ളി പാടം, പ്ലംസ്, ആപ്പിള്‍, ഓറഞ്ച്, സ്ട്രോബറി തുടങ്ങിയ പഴവർഗങ്ങൾ വിരിയുന്ന നാട്, മണ്ണിനെ സ്നേഹിക്കുന്ന കര്‍ഷകർ... ഇതിനെല്ലാം പുറമെ നീലക്കുറിഞ്ഞിയെയും അവയുടെ ആവാസവ്യവസ്ഥയായ ചോലക്കാടുകളെയും ഇവിടെ കാണാൻ സാധിക്കും.
ഇതിന്റെ പ്രാധാന്യം ഉൾക്കൊണ്ടാണ് 2006 ഒക്ടോബർ ആറിന് കൊട്ടക്കാമ്പൂർ, വട്ടവട വില്ലേജുകളിലുൾപ്പെട്ട 58, 62 ബ്ലോക്കുകളിലെ 3200 ഹെക്ടർ കുറിഞ്ഞികുറിഞ്ഞിമല സാങ്ച്വറിയായി സംസ്ഥാന സർക്കാർ പ്രഖ്യാപിച്ചത്. ഈ ബ്ലോക്കുകളിൽ പട്ടയം ലഭിച്ചിട്ടുള്ള നിരവധി വീടുകളും വ്യാപാരസ്ഥാപനങ്ങളും റിസോർട്ടുകളും സർക്കാര്‍ സ്ഥാപനങ്ങളും ഉൾപ്പെടുന്നുണ്ട്. ഗ്രാമപഞ്ചായത്ത് കാര്യാലയവും കുടുംബാരോഗ്യകേന്ദ്രവും കുറിഞ്ഞിമല സാങ്ച്വറിയിൽ ഉൾപ്പെടുന്ന സർക്കാർ സ്ഥാപനങ്ങളാണ്. കുറിഞ്ഞിമല സാങ്ച്വറിയുടെ പേരിൽ വനംവകുപ്പ് പ്രദേശങ്ങളിലെ വികസനം തടസ്സപ്പെടുത്തുന്നതായി പരാതിയുണ്ട്. ഈ പരിധിയിലെ കൈയേറ്റ ഭൂമി ഒഴിപ്പിക്കാനുള്ള നടപടികൾ 17 വർഷമായി ഇഴഞ്ഞു നീങ്ങുകയാണ്.
മഞ്ഞംപട്ടി താഴ്വര, വടക്ക് കിഴക്ക് ഇന്ദിരാഗാന്ധി വന്യജീവി സങ്കേതത്തിലെ അമരാവതി റിസർവ് വനം, ഇരവികുളം ദേശീയോദ്യാനം എന്നിവയുൾപ്പെടെ സമീപത്തെ നിരവധി സംരക്ഷിത പ്രദേശങ്ങളിൽ ചില സ്പീഷിസുകൾ അതിജീവിക്കുകയും വളരുകയും ചെയ്യുന്നു. കൂടാതെ വടക്ക് ആനമുടി ഷോല നാഷനൽ പാർക്ക്, തെക്ക് പാമ്പാടും ഷോല നാഷനൽ പാർക്ക്, കിഴക്ക് നിർദിഷ്ട പഴനി ഹിൽസ് നാഷനൽ പാർക്ക്. ഈ സംരക്ഷിത പ്രദേശങ്ങൾ പ്രത്യേകിച്ച് നീലഗിരിതാർ, ചാമ്പൽ അണ്ണാൻ, നീലഗിരി മരപ്രാവ്, ആന, കാട്ടുപോത്ത്, നീലഗിരി കരിങ്കുരങ്ങ്, മ്ലാവ് തുടങ്ങിയവയുടെ ആവാസകേന്ദ്രം കൂടിയാണ്.
മുതുവാൻ ഗോത്രത്തിെന്റ ഈറ്റില്ലം
സ്വാമിയാറള, കൂടല്ലർ, കീഴ്വത്സപ്പെട്ടി, മേൽവത്സപ്പെട്ടി, വയൽത്തറ എന്നിങ്ങനെ അഞ്ച് ആദിവാസികുടികളാണ് വട്ടവടയിലുള്ളത്. മുതുവാൻ വിഭാഗത്തിൽപെട്ട ആദിവാസികൾ മാത്രമാണ് ഈ പഞ്ചായത്തിലുള്ളത്. കൃഷിയോടൊപ്പം വനവിഭവങ്ങൾ ശേഖരിച്ചുമാണ് ഇവർ ജീവിക്കുന്നത്. കുറുമ്പുല്ല്, റാഗി എന്നിവയുടെ കൃഷി ചെറിയതോതിൽ കുടികളിൽ നടക്കുന്നുണ്ട്.
വട്ടവടയിലെ കുടികളില്‍ ഏലം കൃഷിയും കാണപ്പെടുന്നുണ്ട്. ഉൽപാദനശേഷി കുറഞ്ഞ നാടൻ, മൈസൂർ വഴുക്ക എന്നീയിനങ്ങളാണ് ഇവർ കൃഷിചെയ്യുന്നത്. വട്ടവടയിലെ ആദിവാസികുടികളിലേക്ക് ഗതാഗതസൗകര്യം പരിമിതമാണ്. കോളനികളിൽ സ്കൂളുകൾ ഇല്ലാത്തതിനാൽ കുട്ടികൾ മൂന്നാറിലോ മറയൂരിലോ ഹോസ്റ്റലില്‍നിന്നു പഠിക്കേണ്ട സ്ഥിതിയാണുള്ളത്. എല്ലാ കുടികളിലും അംഗൻവാടികൾ പ്രവർത്തിക്കുന്നു.
സൂചി ഗോതമ്പ് വിളയുന്നിടം
തമിഴ്നാടുമായി അതിർത്തി പങ്കിടുന്ന ഗ്രാമത്തിലെ ബഹുഭൂരിപക്ഷവും തമിഴ് സംസാരിക്കുന്നവരാണ്. സംസ്ഥാനത്തെ പച്ചക്കറിഗ്രാമം എന്നറിയപ്പെടുന്ന വട്ടവടയിലെ പ്രധാന വ്യാപാരകേന്ദ്രമാണ് കോവിലൂർ. ഇവിടെ വിളയുന്ന പച്ചക്കറികൾ കേരളത്തിലെയും തമിഴ്നാട്ടിലെയും ചന്തകളിൽ എത്തിപ്പെടുന്നു. പ്രധാനമായും കാരറ്റ്, ബീറ്റ്റൂട്ട്, ഉരുളക്കിഴങ്ങ്, ബീൻസ്, ബട്ടർബീൻസ്, വെളുത്തുള്ളി, കാബേജ്, അമരപ്പയർ എന്നിവയാണ് കൃഷി. സ്ട്രോബറി, പാഷൻ ഫ്രൂട്ട്, മരത്തക്കാളി, പീച്ച് തുടങ്ങിയ പഴവർഗങ്ങളും കൃഷിചെയ്യുന്നു. പച്ചക്കറികൃഷിയാണ് പ്രധാന വരുമാനമാർഗം.
കേരളത്തില്‍ സൂചി ഗോതമ്പ് വിളയുന്ന ഏകസ്ഥലം വട്ടവടയുടെ ഭാഗമായ കോവിലൂരാണ്. കടവരിയിൽ വിളയുന്ന പച്ചക്കറികൾ തമിഴ്നാട്ടിലെ ക്ലാവര എന്ന സ്ഥലത്ത് വാഹനത്തിലും കഴുതപ്പുറത്തും എത്തിച്ച് വിൽപന നടത്തുന്നു. വട്ടവടയിലെ പ്രധാന വ്യാപാര കേന്ദ്രമായ കോവിലൂരിലേക്ക് എത്തിപ്പെടാനുള്ള ബുദ്ധിമുട്ടുമൂലം ഇവിടെ വിളയുന്ന പച്ചക്കറികളുടെ ചെറിയയൊരംശം മാത്രമേ കേരളത്തിൽ വിറ്റഴിക്കുന്നുള്ളൂ. യൂക്കാലിപ്റ്റിസ് ഇവിടെ കൃഷിചെയ്യുന്നുണ്ട്. ഇവയുടെ വ്യാപനം കൃഷിസ്ഥല വിസ്തൃതി കുറയാനിടയാക്കിയിട്ടുണ്ട്. വന്യമൃഗശല്യവും ഇവിടെ രൂക്ഷമാണ്.
യാത്ര ദുർഘടം
കുന്നും മലകളും വനമേഖലയും ഉൾപ്പെട്ട ഈ പ്രദേശം കുറിഞ്ഞി വന്യമൃഗ സംരക്ഷിത പ്രദേശത്തിന്റെ ഭാഗമാണ്. ഇവിടെ ഗതാഗതസൗകര്യങ്ങൾ കുറവാണ്. കോവിലൂരിൽനിന്ന് 12 കിലോമീറ്റർ ദുർഘടമായ വഴിലൂടെ സഞ്ചരിച്ചാൽ ഇവിടെയെത്താം. ഈ മൺപാത കുറിഞ്ഞി സാങ്ച്വറിക്കുള്ളിലൂടെയാണ് കടന്നുവരുന്നതെന്നതിനാൽ യാത്രക്ക് വനംവകുപ്പ് നിയന്ത്രണമുണ്ട്.
കടവരിയില്‍ പ്രൈമറി സ്കൂളില്ല. ഇവിടത്തെ കുട്ടികൾ തമിഴ്നാട്ടിലെ ബന്ധുഗൃഹങ്ങളിൽ താമസിച്ചാണ് പഠിക്കുന്നത്. ചികിത്സക്കായി തമിഴ്നാട്ടിലെ ആശുപത്രികളെയാണിവർ ആശ്രയിക്കുന്നത്. മുമ്പ് കഞ്ചാവ് കൃഷിക്ക് കുപ്രസിദ്ധി നേടിയ ഇവിടം ഇപ്പോൾ കഞ്ചാവ് മുക്തം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.