വെനീസിലെ സഞ്ചാരി
text_fields118 ദ്വീപുകളുടെ കൂട്ടായ്മയാണ് വെനീസ്. ഒന്നു രണ്ട് ദ്വീപുകളിലൊഴികെ മറ്റിടങ്ങളിൽ ജലഗതാഗതം മാത്രമാണ് ആശ്രയം
പ്രകൃതി രമണീയത കൊണ്ടും നയന മനോഹര കാഴ്ചകൾ കൊണ്ടും മനംമയക്കുന്ന വിനോദസഞ്ചാര കേന്ദ്രമാണ് വടക്കുകിഴക്കൻ ഇറ്റലിയിലെ വെനീസ് പട്ടണം. അതുകൊണ്ട് തന്നെയാണ് ഇത്തവത്തെ യൂറോപ്പ് ട്രിപ്പിൽ വെനീസ് കൂടി ഉൾപ്പെടുത്തിയത്. മാഡ്രിഡിൽനിന്നും സ്‌പാനിഷ് വിമാനക്കമ്പനിയായ ഇബീരിയയിൽ രാവിലെ 8.50ന് പുറപ്പെട്ട് 11.20ന് വെനീസിൽ എത്തി. വെനീസിെൻറ ആകാശക്കാഴ്ചകൾ മനോഹരമായിരുന്നു. എയർപോർട്ടിൽനിന്നും ബ്ലൂ ലൈൻ മറൈൻ മെട്രോയിൽ കയറി മുറാനോ ദ്വീപിലേക്ക്. അവിടെയാണ് താമസസൗകര്യം ബുക്ക് ചെയ്തിരിക്കുന്നത്.
ബുറാനോ, സാൻഡ് ഇറാസ്‌മോ, സാൻ മിച്ചൽ, ടോർസെല്ലോ, ലീഡോ ഡി വെനീസിയ, മുറാനോ എന്നിവയാണ് വെനീസിലെ പ്രധാനപ്പെട്ട ദ്വീപുകൾ. ദ്വീപുകളുടെ ഒരു സമുച്ചയം എന്ന് വേണെമങ്കിൽ വെനീസിനെ കുറിച്ച് പറയാം. 118 ദ്വീപുകളുടെ കൂട്ടായ്മയാണ് വെനീസ്. ഒന്ന് രണ്ട് ദ്വീപുകളിലൊഴികെ മറ്റിടങ്ങളിൽ ജലഗതാഗതം മാത്രമാണ് ആശ്രയം. ചുട്ടുപൊള്ളുന്ന ഉച്ച വെയിൽ. നല്ല വിശപ്പുണ്ടെങ്കിലും ചൂട് ശമിച്ചിട്ട് പുറത്തിറങ്ങാമെന്ന് വിചാരിച്ചു. നാല് മണി ആയപ്പോൾ അടുത്തുള്ള സീ ഫുഡ് റെസ്റ്റോറൻറിലേക്ക് നടന്നു. റെസ്റ്റോറന്റുകൾ മൂന്നര മണിയോടെ അടച്ചിരുന്നു. അടുത്ത പ്രവർത്തന സമയം വൈകീട്ട് ഏഴ് മണി മുതൽ രാത്രി ഒമ്പത് മണി വരെ. കാഴ്ചകൾ കാണാൻ കനാലിെൻറ ഓരത്ത് കൂടി നടന്നു.
കനാലുകൾ, വാസ്തുവിദ്യ, കെട്ടിടങ്ങൾ
വൃത്തിയുള്ള കനാലുകൾ, ഭംഗിയുറ്റ വാസ്തുവിദ്യ, ചരിത്രപരമായ കെട്ടിടങ്ങൾ, സമ്പന്നമായ സാംസ്കാരിക പൈതൃകം എന്നിവക്ക് ഈ നഗരം പ്രശസ്തമാണ്. ഇടുങ്ങിയ ജലപാതകളിലൂടെ തെന്നിനീങ്ങുന്ന ഗൊണ്ടോളകൾ സൃഷ്ടിക്കുന്ന പ്രണയാർദ്രമായ അന്തരീക്ഷം. കനാലുകൾക്ക് കുറുകെയുള്ള അലങ്കരിച്ച പാലങ്ങൾ, തെരുവുകളിൽ നൂറ്റാണ്ടുകൾ പഴക്കമുള്ള കെട്ടിടങ്ങൾ എന്നിവ സന്ദർശകരെ ഏറെ ആകർഷിക്കുന്നു.
വെനീസിെൻറ സൗന്ദര്യം
നമ്മുടെ സ്വന്തം ആലപ്പുഴയെ അനുസ്മരിപ്പിക്കുന്ന സങ്കീർണമായ കനാലുകളുടെ ശൃംഖലയാണ് വെനീസിലേത്. അതുകൊണ്ടുതന്നെയാവണം ആലപ്പുഴ കിഴക്കിെൻറ വെനീസ് എന്ന് വിളിക്കപ്പെട്ടത്. കനാലുകൾ നഗരത്തിെൻറ പ്രധാന പാതകളായി മുന്നോട്ടുപോകുന്നു. യാത്രയിൽ അതിെൻറ മനോഹാരിത കൂടിക്കൂടി വരികയാണ്. വെനീസിെൻറ വാസ്തുവിദ്യയും ഒരു പ്രധാന ആകർഷണമാണ്. നഗരത്തിന്റെ സമ്പന്നമായ ചരിത്രവും വാസ്തുവിദ്യാ വൈദഗ്ധ്യവും പ്രദർശിപ്പിക്കുന്ന മാർക്ക് ബസലിക്ക, ഡോഗ്സ് പാലസ്, റിയാൾട്ടോ ബ്രിഡ്ജ് തുടങ്ങിയവ സന്ദർശകരെ ആനന്ദിപ്പിക്കുന്നു. ഇപ്പോൾ ഇവിടെ വേനൽക്കാല വിനോദ സഞ്ചാരികളുടെ തിരക്കാണ്. കൂടുതലും പടിഞ്ഞാറൻ രാജ്യക്കാരാണ് എത്തുന്നത്.
വെനീസിലെ കനാലുകൾ ഏറെ പ്രശസ്തമാണ്. വെനീഷ്യൻ ലഗൂണിലെ ദ്വീപുകൾ വാസയോഗ്യമാക്കുന്നതിന്, വെനീസിലെ ആദ്യകാല കുടിയേറ്റക്കാർക്ക് ലഗൂണിെൻറ പ്രദേശങ്ങൾ വറ്റിച്ചും, കനാലുകൾ കുഴിച്ചും തീരങ്ങൾ കെട്ടിപ്പടുക്കേണ്ടിവന്നത് കൊണ്ടാണ് ഇന്ന് പ്രദേശത്തെ പ്രധാന വരുമാന മാർഗമായ ടൂറിസം ഇത്രയേറെ പുഷ്ടിപ്പെട്ടത്.
118 ചെറിയ ദ്വീപുകളും 150 ലേറെ കനാലുകളും ഇവയെ പരസ്പരം ബന്ധിപ്പിക്കുന്ന 438 പാലങ്ങളും അടങ്ങിയതാണ് വെനീസ് എന്ന പ്രദേശം. വെനീസിന്റെ ചരിത്രകേന്ദ്രത്തെ ആറ് ജില്ലകൾ അല്ലെങ്കിൽ സെസ്റ്റീരികളായി തിരിച്ചിരിക്കുന്നു. അവക്ക് കന്നാരെജിയോ, കാസ്റ്റെല്ലോ, ഡോർസോഡുറോ, സാൻ മാർക്കോ, സാൻ പോളോ, സാന്താ ക്രോസ് എന്നിങ്ങനെയാണ് പേരുകൾ. മൊത്തം രണ്ടര ലക്ഷം ജനങ്ങളാണ് അവിടെ ഉള്ളതെങ്കിലും സീസണിൽ ഓരോ ദിവസവും എഴുപതിനായിരം വിനോദ സഞ്ചാരികളാണ് ഈ ദ്വീപിലേക്ക് എത്തുന്നത്.
വെനീസിലെ ചരിത്രകേന്ദ്രത്തിൽ കാറുകൾ അനുവദനീയമല്ലെങ്കിലും നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന ഭൂപ്രദേശത്ത് ലീഡോ, ഫെറോവിയ - ഇവിടെയാണ് മെയിൻ റെയിൽവേ സ്റ്റേഷൻ എന്നിവിടങ്ങളിൽ റോഡ് ശൃംഖലയുണ്ട്. ഇത് താമസക്കാർക്കും ബിസിനസുകാർക്കും കാറിലോ ബസിലോ എത്തുന്ന വിനോദസഞ്ചാരികൾക്കും പ്രവേശനം നൽകുന്നു. സന്ദർശകർ സാധാരണയായി തങ്ങളുടെ കാറുകൾ മെയിൻ ലാൻഡിലെ നിയുക്ത പാർക്കിങ് ഏരിയകളിൽ പാർക്ക് ചെയ്യുകയും തുടർന്ന് നഗരകേന്ദ്രത്തിലെത്താൻ ജലഗതാഗതം ഉപയോഗിക്കുകയും ചെയ്യണം.
ഇവിടെ സീ ഫുഡും രുചികരമായ വെജിറ്റേറിയൻ പിസ്സയുമൊക്കെ യഥേഷ്ടം ലഭിക്കുന്നത് കൊണ്ട് ഭക്ഷണശാല തിരഞ്ഞ് ബുദ്ധിമുട്ടേണ്ടി വന്നില്ല. ജീവിതത്തിൽ എന്നും ഓർമിക്കാവുന്ന മൂന്ന് ദിവസം നീണ്ട അനുഭവങ്ങളുമായി വെനീസിെൻറ പ്രകൃതിയുടെയും ആനുപാതികമായ മനുഷ്യനിർമിതികളുടെയും മനോഹരമായ സൗന്ദര്യം ആസ്വദിച്ച് അടുത്ത ലക്ഷ്യസ്ഥാനമായ റോമിലേക്ക് ബുള്ളറ്റ് ട്രെയിനിൽ യാത്രയായി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.