Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightDestinationschevron_rightഅഗർത്തലയിലെ...

അഗർത്തലയിലെ കാഴ്ചവട്ടങ്ങൾ

text_fields
bookmark_border
അഗർത്തലയിലെ കാഴ്ചവട്ടങ്ങൾ
cancel

ഇന്ത്യയിലെ പ്രസിദ്ധ നഗരങ്ങളിൽ ഒന്നാണ് അഗർത്തല. വടക്ക് കിഴക്കൻ സംസ്ഥാനമായ ത്രിപുരയുടെ തലസ്ഥാനമാണിത്. ഒരു വികസിത നഗരം എന്ന് തോന്നിപ്പിക്കുന്ന പ്രൗഡിയും പ്രതാപവുമുള്ള നിർമിതികളും ചുറ്റുപാടുകളും ഈ നഗരത്തിനുണ്ട്. നടപ്പാതകളും പാലങ്ങളും വീതിയുള്ള റോഡുകളും തണൽ മരങ്ങളും ഇവിടെ കാണാം. പൊതുസ്ഥലങ്ങളും വിശ്രമകേന്ദ്രങ്ങളും പലയിടത്തും ഉണ്ട്. മാലിന്യ കൂമ്പാരങ്ങൾ നഗരത്തിൽ കാര്യമായി ഒരിടത്തും കണ്ടില്ല. ചപ്പുചവറുകൾ ശേഖരിക്കാനുള്ള കാനുകളും ബാസ്കറ്റുകളും നിരത്തിൽ വിന്യസിച്ചിട്ടുണ്ട്.

ഏറെ വാണിജ്യ പ്രാധാന്യമുള്ള നഗരമാണ് അഗർത്തല. നെല്ലും പരുത്തിയും തേയിലയും ധാരാളമായി കയറ്റുമതി ചെയ്യുന്ന നഗരം. വനോൽപന്നങ്ങളും എണ്ണക്കുരുക്കളും വിപണികളിൽ നിറയുന്ന നഗരം. ചണ ഉൽപന്നങ്ങൾക്കും മുളയുൽപന്നങ്ങളും കൈത്തറി ഉൽപന്നങ്ങൾക്കും കീർത്തികേട്ട കച്ചവടകേന്ദ്രം. കുടിൽ വ്യവസായങ്ങളുടെയും കരകൗശല തൊഴിലുകളുടെയും തട്ടകവും വിപണനകേന്ദ്രവും കൂടിയാണിവിടം. അഗർത്തലയിലെ നഗരമതിലുകൾ ചിത്രങ്ങളും വിജ്ഞാന സന്ദേശങ്ങളും കൊണ്ട് അലംകൃതമാണ്. മേൽപ്പാലങ്ങളും മേൽറോഡുകളും പൊതുനിരത്തുകളും മാർക്കറ്റുകളും കളിസ്ഥലങ്ങളുമെല്ലാം നഗരത്തെ സജീവമാക്കുന്നു. നഗരത്തിനുള്ളിൽ തന്നെയുള്ള ബുദ്ധക്ഷേത്രവും മാണിക്യരാജാക്കന്മാർ നിർമിച്ച ജഗന്നാദ ബാരി ഹൈന്ദവ ക്ഷേത്രവും പ്രശസ്ത തീർഥാടന കേന്ദ്രങ്ങളാണ്.

തലസ്ഥാനത്തുനിന്നു രണ്ട് കിലോമീറ്റർ മാത്രം ദൂരത്തായി സ്ഥിതി ചെയ്യുന്ന സ്വാമി വിവേകാനന്ദ സ്റ്റേഡിയമാണ് ഇവിടുത്തെ മറ്റൊരു പേരുകേട്ട നിർമിതി. 7350 ചതുരശ്ര മീറ്റർ വിസ്തൃതി ഉള്ള, ഒരേ സമയം 8000 പേരെ ഉൾക്കൊള്ളാൻ കഴിയുന്ന അത്യാധുനിക സ്റ്റേഡിയമാണിത്. സെവൻ സിസ്റ്റേഴ്സിന്റെ സ്റ്റേഡിയങ്ങളുടെ മുന്നിൽ തന്നെയാണ് വിവേകാനന്ദ സ്റ്റേഡിയത്തിന്റെ സ്ഥാനം. രാഷ്ട്രീയ, സാംസ്‌കാരിക റാലികൾക്കും പൊതു സമ്മേളനങ്ങൾക്കുമുള്ള വേദികൂടിയാണിത്. ഫുട്ബാൾ ക്ലബുകളുടെയും മറ്റ് പല സ്പോർട്സ് വിഭാഗങ്ങളുടെയും പരിശീലനങ്ങളും പ്രകടനങ്ങളും ഇവിടെ നിരന്തരം നടന്നുവരുന്നു.

രവീന്ദ്രനാഥ ടാഗോറിന്റെ പേരിൽ അറിയപ്പെടുന്ന രബീന്ദ്ര കനൻ എന്ന ടൂറിസ്റ്റ് പാർക്ക് അഗർത്തല നഗരത്തിന് അലങ്കാരമാണ്. വർണ ശബളമായ പൂക്കളും ചെടികളും ഇവിടെ ധാരാളം കാണാം. കുട്ടികൾക്കും വയോധികർക്കും പ്രയോജനകരമാം വിധം ഇരിപ്പിടങ്ങളും കളിക്കോപ്പുകളും ഒരുക്കിയിട്ടുള്ള വിനോദ കേന്ദ്രമാണിത്. കൃത്യമായി പരിപാലിക്കപ്പെടുന്ന പാർക്കാണിത്. നീളെയും കുറുകെയും വൃത്താകൃതിയിലുമുള്ള, പച്ചപ്പുൽമൈതാനങ്ങളും പൂന്തോപ്പുകളും, പലവർഗത്തിൽപ്പെട്ട മനോഹര വൃക്ഷങ്ങളും ചേർന്ന് പാർക്കിന് മോടി കൂട്ടുന്നു. കളിസ്ഥലങ്ങൾക്കൊപ്പം ഭക്ഷണശാലകളും ഇവിടെയുണ്ട്. നഗരത്തിലെത്തുന്ന ടൂറിസ്റ്റുകളുടെ ഇഷ്ടസങ്കേതമാണ് വൃത്തിയും വെടിപ്പുമുള്ള നിറപ്പകിട്ടുള്ള രബീന്ദ്ര കനൻ.

പ്രൗഢിയുടെ മകുടം ചാർത്തി ഉജ്ജയന്ത പാലസ്

അഗർത്തലയിലെ ഉജ്ജയന്ത പാലസ് ആയിരുന്നു നഗരക്കാഴ്ചകളിലെ അടുത്ത ലക്ഷ്യം. ത്രിപുരയിലെ സന്ദർശനങ്ങളുടെ അവസാനത്തെ ദിനം കൂടിയാണിത്. വടക്കുകിഴക്കൻ വിസ്മയക്കാഴ്ചകളുടെ പരിസമാപ്തിയും. അങ്ങനെ വേണം അതിനെ പറയാൻ.

അഗർത്തല നഗരത്തിൽ തന്നെയാണ് ഉജ്ജയന്ത പാലസും. മാണിക്യരാജവംശത്തിന്റെ കൊട്ടാരവും മ്യൂസിയവുമാണ് ഇവിടത്തെ ആകർഷണം. ജനുവരി 11, വൈകീട്ട് ഏതാണ്ട് മൂന്നര മണിയോടെയാണ് ഞങ്ങൾ ഉജ്ജയന്ത പാലസിന്റെ പരിസരത്തെത്തിയത്. മെയിൻ റോഡിൽ നിന്നുനോക്കുമ്പോൾ തന്നെ മാണിക്യ കൊട്ടാരത്തിലേക്കുള്ള വലിയ പ്രവേശനകവാടം കാണാം. അതിനോട് ചേർന്ന് തന്നെയാണ് ടിക്കറ്റ് കൗണ്ടറും. ഞങ്ങൾ ടിക്കറ്റെടുത്ത് അകത്തു കടന്നു. മുന്നിൽ പ്രഥമ ദൃഷ്ടിയിൽ ബാബാസാഹിബ് അംബേദ്കറുടെ പ്രതിമ. അല്പസമയം അതിന് മുന്നിൽ ആദരവോടെ നിന്നു.

ആ ശില്പത്തെ വലയം ചെയ്യുന്ന പൂന്തോട്ടത്തിലേക്ക് കണ്ണോടിച്ചു. നിലത്ത് ചെണ്ടുമല്ലിപ്പൂക്കൾ നിറഞ്ഞ ചെടിച്ചട്ടികൾ. പ്രതിമയുടെ ചുറ്റുമുള്ള തറ ടൈലിട്ട് മിനുസമാക്കിയിട്ടുണ്ട്. ഇരുവശത്തും കൊട്ടാരത്തിലേക്കുള്ള നീണ്ട വഴികൾ. ഞങ്ങൾ ഇടതുവശത്തെ വഴിയിലൂടെ മുന്നോട്ട് നടന്നു. അല്പം ദൂരെ, മുന്നിൽ ഉജ്ജയന്ത പാലസും അതിനെ അലങ്കരിക്കുന്ന മുഗൾ ഗാർഡനും. പൂക്കളുടെ സമൃദ്ധികൊണ്ട് നിറപ്പകിട്ടുള്ള ഉദ്യാനവും അന്തരീക്ഷവും. കൊട്ടാരവഴികൾ നിറയെയുണ്ട്, പൂച്ചെടികളും ഇലച്ചാർത്തുള്ള കുറ്റിച്ചെടികളും. അവ മനോഹരമായി കോതി നിർത്തിയിട്ടുണ്ട്. നല്ല ഭംഗിയുള്ള കാഴ്ചകൾ തന്നെ. ഓറഞ്ചും മഞ്ഞയും നിറത്തിലുള്ള ചെണ്ടുമല്ലിപ്പൂക്കൾ തന്നെയാണ് പൂന്തോപ്പിൽ കൂടുതലും.

ഞങ്ങൾ പാലസിലേക്കുള്ള വഴിയിലൂടെ വീണ്ടും നടന്നു. ധാരാളം ടൂറിസ്റ്റുകൾ ഈ വഴി കടന്നു പോകുന്നുണ്ട്. കുട്ടികളും ചെറുപ്പക്കാരും സ്വദേശികളും വിദേശികളും എല്ലാം ഉണ്ട്. കമുകിൻ തണലിലൂടെ, അലങ്കാരപ്പനകൾ നിരന്നുനിൽക്കുന്ന വഴിയിലൂടെ, മുന്നോട്ട് ചെല്ലുമ്പോൾ ചുവന്ന പൂങ്കുലകൾ കൊണ്ട് സമൃദ്ധമായ ചെത്തിച്ചെടികൾ. അവക്കൊപ്പം വരിവരിയായി നിൽക്കുന്ന മഞ്ഞ കനകാംമ്പരവും, ചട്ടികളിലും നിലത്തും നട്ടു വളർത്തിയ മറ്റുചെടിയിനങ്ങളും കാണാം. നിറങ്ങളുടെ മേളങ്ങൾക്കൊപ്പം അങ്ങിങ്ങായി ചെറുകിളികളുടെ ചിലപ്പും കേൾക്കാം. കണ്ണിനും കാതിനും സുഖം പകരുന്ന അന്തരീക്ഷം. പൂന്തോപ്പിൽ പലയിടത്തും ചെറുകുളങ്ങളും ഫൗണ്ടനും കാണാം. അതിനപ്പുറം തലയുയർത്തി നിൽക്കുന്ന ഉജ്ജയന്ത പാലസും അനുബന്ധ സമുച്ചയവും. പ്രൗഡഗംഭീരമായ ആ രാജസൗധം മേഘക്കിഴിൽ അതിസുന്ദരമായി തോന്നി.

ഏകദേശം നാലുമണി കഴിഞ്ഞു. പലസിനു ചുറ്റും സഞ്ചാരികൾ നിറഞ്ഞു. വിരിഞ്ഞു പരന്നു കിടക്കുന്ന വെൺമയുള്ള പാലസിന്റെ മുന്നിൽ സെൽഫിയെടുക്കുന്നവരുടെ തിരക്കാണ്. മറിഞ്ഞും തിരിഞ്ഞും ചെരിഞ്ഞുമൊക്കെ നിന്നുള്ള സഞ്ചാരികളുടെ പടമെടുപ്പ് തകർക്കുകയാണ്. കുട്ടികളും മുതിർന്നവരും പ്രണയിതാക്കളും ദമ്പതികളുമൊക്കെയുണ്ട്. എല്ലാവരും നല്ല ഉഷാറിൽ തന്നെ. ചിലർ പാലസിന്റെ ഭംഗി കണ്ട് അത്ഭുതം കൂറുന്നു. മറ്റുചിലർ കൊട്ടാരമുഖത്തെ പടികളിൽ വിശ്രമിക്കുന്നു. തടിയിൽ മനോഹരമായി കൊത്തുപണികൾ ചെയ്ത് രൂപപ്പെടുത്തിയതാണ് ഈ വെണ്ണ കൊട്ടാരത്തിന്റെ മുഖവാതിൽ. പഴമയുടെയും പ്രതാപത്തിന്റെയും ഗരിമയുള്ള ശില്പവേലകൾ. അതെല്ലാം സൂക്ഷ്മമായി നോക്കിക്കണ്ടു. ഭിത്തികളും മേൽക്കൂരകളും അതിവിശിഷ്ടമായ ശില്പരൂപങ്ങളും അലങ്കാരങ്ങളും കൊണ്ട് സമൃദ്ധമാണ്.

കൊട്ടാരവാതിൽ അടഞ്ഞു തന്നെ കിടപ്പാണ്. ഒമിക്രോൺ കാലമായതുകൊണ്ടാകാം അകത്തേക്ക് പ്രവേശനമില്ല. പാലസിനുള്ളിൽ മ്യൂസിയവും ഉണ്ട്. നിറയെ പടവുകൾ ഉള്ള ഉജ്ജയന്ത പാലസിന്റെ മുഖഭാഗവും, ഇരുവശത്തേക്കും നീണ്ടുപരന്നുകിടക്കുന്ന അനുബന്ധ നിർമിതികളും ചേർന്ന് പാലസിന് കൂടുതൽ ദൃശ്യഭംഗി നൽകുന്നു. ആകാശത്തേക്കുയർന്നു നിൽക്കുന്ന പാലസിന്റെ മൂന്ന് മകുടങ്ങൾ അത്യാകർഷകങ്ങളാണ്. മകുടത്തിനു മുകളിലൂടെ കിളികൾ വട്ടമിട്ടു പറക്കുന്നു.

സമയം നാലരയോടടുത്തു. സൂര്യൻ താണു തുടങ്ങി. പാലസിന് ചുറ്റും വിന്യസിച്ചിട്ടുള്ള ബൾബുകൾ ഓരോന്നോരോന്നായി ചിമ്മി തെളിഞ്ഞുതുടങ്ങി. പച്ചയും നീലയും വയലറ്റും ബൾബുകൾ കൊണ്ട് പാലസിനെ മൊത്തം അലങ്കരിച്ചിട്ടുണ്ട്. ഇരുട്ടിനു കനം വെക്കുമ്പോൾ പാലസിന്റെ ബൾബുകൾ ഓരോ നിറത്തിൽ മാറിമാറി പ്രകാശിക്കും. അത് കാണാനായി പ്രദേശവാസികളും ടൂറിസ്റ്റുകളും പിന്നെയും ഒഴുകിയെത്തി. ഞങ്ങളും കാത്തിരുന്നു, ആ കാഴ്ച്ച കാണാൻ.

പാലസിനു മുന്നിലൊരുക്കിയ മുഗൾ ഗാർഡനിടയിലൂടെ വീണ്ടും ഞങ്ങൾ നടന്നു. ചെണ്ടുമല്ലികളും അരളിയും, കനകാംബരവും, പിച്ചിയും ജമന്തിയും, റോസും വിരിഞ്ഞുനിൽക്കുന്ന മുഗൾ ഗാർഡൻ. പരിപാലിക്കപ്പെടുന്ന ഒരു പൂന്തോട്ടത്തിന്റെ എല്ലാ ലക്ഷണങ്ങളും ഇവിടെയും കാണാം. ഇരുൾ പരന്നപ്പോൾ പാലസിലെ ബൾബുകൾ ഒന്നൊന്നായി തെളിഞ്ഞു. ഒപ്പം പൂന്തോപ്പിലെ വാട്ടർ ഫൗണ്ടനും പ്രവർത്തനക്ഷമമായി. ജലധാരയിൽ നിന്നും വെള്ളം ചീറിയൊഴുകി അന്തരീക്ഷത്തിൽ ചിത്രങ്ങൾ വരക്കാ തുടങ്ങി. സായം സന്ധ്യയിൽ, മഞ്ഞുമഴ പോലെ തൂവുന്ന ജലധാരകൾ ചേർന്ന് പൂന്തോപ്പിന് ഒന്നുകൂടി അഴക് നൽകി. അലങ്കാരബൾബുകളുടെ തെളിച്ചത്തിൽ കൊട്ടാരവും പരിസരവും കൂടുതൽ ശോഭയിൽ തിളങ്ങി. വർണ വെളിച്ചത്തിന്റെ കിരീടമണിഞ്ഞ ഉജ്ജയന്ത പാലസും മകുടങ്ങളും ഉയർന്ന് തെളിഞ്ഞുനിൽക്കുന്ന ഗംഭീരകാഴ്ച!. അതുകണ്ട് ആളുകൾക്കും ഉത്സാഹം കൂടി.

അലങ്കാരപ്പണികളും ശില്പവേലകളും ചെയ്ത് മനോഹരമാക്കിയ കൊട്ടാരത്തിന്റെ മേൽക്കൂരയും മകുടങ്ങളും വാതിലുകളും തന്നെയാണ് ഇതിന്റെ മുഖ്യ ആകർഷണം. 1899-1901 കാലഘട്ടത്തിൽ, മാണിക്യവംശത്തിലെ രാജാവായ മഹാരാജ രാധാ കിഷോർ മാണിക്യദബർമ്മൻ നിർമിച്ചതാണ് ഉജ്ജയന്ത പാലസ് എന്ന ഈ മനോഹര കൊട്ടാരം. ഉജ്ജയന്ത പാലസ് എന്ന നാമം കൊട്ടാരത്തിന് നിർദേശിച്ചത് മഹാനായ രവീന്ദ്രനാഥ ടാഗോർ ആണ്. 1949 വരെ മാണിക്യ രാജവംശത്തിന്റെ ഔദ്യോഗിക വസതിയായിരുന്ന പാലസ് ഇന്ന് ത്രിപുര സർക്കാറിന്റെ കീഴിലാണ്. പാലസിനോട് ചേർന്നുള്ള മ്യൂസിയത്തിൽ രാജവാഴ്ചകാലത്തെ നാണയങ്ങളും ശില്പങ്ങളും ഉപകരണങ്ങളും ലിഖിതങ്ങളും എല്ലാം സൂക്ഷിക്കപ്പെടുന്നുണ്ട്. ഒരു ചതുരശ്ര കിലോമീറ്റർ ചുറ്റളവിലുള്ള പാലസിൽ വിശ്രമ സങ്കേതങ്ങളും ദർബാറും ഔദ്യോഗിക മുറികളും എല്ലാം ഉൾപ്പെടുന്നു. പാലസും ചുറ്റുമുള്ള പ്രദേശങ്ങളും ചേർന്ന് 800 ഏക്കറിൽ കൂടുതൽ വിസ്തൃതി ഉണ്ട്.

മൂന്നു മകുടങ്ങളുള്ള കൊട്ടാരമധ്യത്തിലെ ഏറ്റവും ഉയർന്ന മകുടം ഏകദേശം 26 മീറ്റർ ഉയരത്തിലാണ് സ്ഥിതി ചെയ്യുന്നത്. മുഗൾ, റോമൻ, ബ്രിട്ടീഷ് മാതൃകകളുടെ സമന്വയ രൂപമാണ് വിശാലമായ ഉജ്ജയന്ത മാണിക്യകൊട്ടാരം. ഏതാണ്ട് അഞ്ചു മണിയോടെ ഇരുട്ട് കനത്തു. കൊട്ടാരം ദീപപ്രഭയിൽ കുളിച്ചുനിൽക്കുന്നു. ഇരുട്ട് കൂടും തോറും അതിന്റെ ഭംഗിയും കൂടി വന്നു. കുറേ നേരം കൂടി കൊട്ടാരഭംഗി ആസ്വദിച്ചിരുന്നു. തണുപ്പ് കൂടിക്കൂടി വന്നപ്പോൾ പാലസിന്റെ കാഴ്ചവട്ടങ്ങൾ വിട്ട് ഞങ്ങൾ തിരികെ നടന്നു. പുറത്തിറങ്ങി നോക്കുമ്പോൾ പരിസരമാകെ കച്ചവടത്തിന് ബഹളമാണ്. അവിടെനിന്നും എരിപൊരി വറവ് സാധനങ്ങളും കാപ്പിയും വാങ്ങി കഴിച്ചു. പുഴുങ്ങിയ ചോളത്തിന്റെയും ചൂടുകടലയുടെയും എണ്ണപ്പലഹാരത്തിന്റെയും കൊതിപ്പിക്കുന്ന ഗന്ധം അന്തരീക്ഷത്തിൽ നിറഞ്ഞു നിന്നു. ചുറ്റും വണ്ടികളുടെ തിരക്കും.

രാവുണർത്തുന്ന തെരുവ് വിപണികൾ

ഞങ്ങൾ റോഡിന്റെ ഓരം ചേർന്ന് മാർക്കറ്റിലേക്ക് നടന്നു. റിക്ഷക്കാരും ടാക്സിക്കാരും കച്ചവടക്കാരും കാൽനടക്കാരും, വഴിയിലും കടകളിലും ഭക്ഷണം വിൽക്കുന്നവരും ധാരാളം ഉണ്ട്. ഒഴുകി നീങ്ങുന്ന ജനങ്ങൾക്കൊപ്പം ഞങ്ങളും ചേർന്നു. മറ്റൊന്നുകൂടി എടുത്തുപറയട്ടെ, ആണും പെണ്ണുമടങ്ങുന്ന ഞങ്ങൾ തിരക്കിനിടയിലൂടെ നീങ്ങുമ്പോൾ യാതൊരു അസ്വാസ്ഥ്യവും അനുഭവപ്പെട്ടില്ല. ഇവിടെയെന്നല്ല, കഴിഞ്ഞ പതിനാലു ദിവസത്തെ യാത്രയിൽ ഒരിടത്തും. രാത്രിയും പകലും വ്യത്യാസമില്ലാതെ കാടും മേടും ഗ്രാമ, നഗരച്ചന്തകളും കയറിയിറങ്ങിയ ഞങ്ങൾക്ക് വടക്ക് കിഴക്കൻ ജനതയോട്, അവരുടെ മര്യാദകളോട്, അതിയായ ആദരവ് തോന്നി.

വഴിനീളെ വസ്ത്രങ്ങളുടെയും ആഭരണങ്ങളുടെയും കടകളും ഭക്ഷണശാലകളുമാണ്. പൂക്കളുടെ കൂമ്പാരങ്ങളും, കുങ്കുമക്കൂനകളും, പാത്രങ്ങളും, കൗതുകവസ്തുക്കളും എല്ലാമുണ്ട്. ഭംഗിയുള്ള കമ്മലുകൾ, കമ്പിളി ഉടുപ്പുകൾ, പേഴ്സുകൾ, മാലകൾ, ചെരിപ്പുകൾ അങ്ങനെ പലതും. അവ ഭംഗിയായി നിലത്തും സ്റ്റാൻഡിലും കലാപരമായി തൂക്കിയും അടുക്കിയും നിരത്തിയും വച്ചിട്ടുണ്ട്. അത്യാവശ്യം ചില സാധനങ്ങൾ വാങ്ങി. ലോലാക്കും, സിന്ദൂരചെപ്പും, വളയും പൊട്ടും ഓരോരുത്തരും വാങ്ങി ബാഗിലിട്ടു. റോഡിന് സൈഡിൽ മണ്ണെണ്ണ സ്റ്റൗവിൽ ഒരു തരം അപ്പം ചുടുന്നവർ. കൗതുകം തോന്നിയ മറ്റൊരു കാഴ്ച്ച. പരന്ന ഇഡ്ഡലിപോലെ തോന്നിക്കുന്ന അവയിൽ നിന്ന് ആവി ഉയരുന്നു. ഒപ്പം പരിസരം നിറക്കുന്ന അതിന്റെ മധുരമണവും.

പിന്നെയും മുന്നോട്ട് ചെന്നപ്പോൾ നാലും കൂടിയ ഒരു കവലയിൽ എത്തി. അവിടെയും തിരക്ക് തന്നെ. വഴിക്കച്ചവടത്തിന്റെ ആരവങ്ങൾക്കിടയിൽ നിന്നും ധൃതിയിൽ സാധനങ്ങൾ വാങ്ങിക്കൂട്ടാൻ നിൽക്കുന്നവരുടെ ബഹളങ്ങളും വെപ്രാളവും. അവിടെയും ഞങ്ങളുടെ ആളുകൾ ചിതറിയിട്ടുണ്ട്. റോഡിലൂടെ വലത്തോട്ട് തിരിഞ്ഞ് മുന്നോട്ട് ചെന്നപ്പോൾ ഒരു കൊച്ചു ചായപ്പീടിക കണ്ടു. പീടിക എന്നും പറഞ്ഞുകൂടാ, ഒരു മൈക്രോ ടീ സ്റ്റാൾ ആണിത്. ഏതാണ്ട് രണ്ടുമൂന്നടി മാത്രം വീതിയും നീളവുമുള്ള മേശയും അതിന് കീഴിൽ ഒരു കൊച്ചു സ്റ്റൗവും. അതിൽ ചായക്കുറ്റിയും വെച്ചിട്ടുണ്ട്. ചായയും കാപ്പിയും മാത്രം കിട്ടുന്ന കുഞ്ഞിക്കട. ഇത്തരം ചായക്കടകൾ ധാരാളമുണ്ടിവിടെ. മിക്കവാറും അമ്മമാരാണ് ഇവയുടെ ഉടമകൾ. മധ്യവയസ്കരായ അമ്മമാർ. തൊട്ടടുത്തുതന്നെ അവരുടെ ഭർത്താക്കന്മാരുമുണ്ട്.

സാരിയുടുത്ത് അതിന്റെ തുമ്പ്കൊണ്ട് തലമറച്ച്, സിന്ദൂരപ്പൊട്ടണിഞ്ഞ്, ആദരവോടെ നിൽക്കുന്ന ത്രിപുരയുടെ വനിതാരത്നങ്ങൾ. കോട്ടൺ സാരിയും കുപ്പിവളകളും അണിഞ്ഞ അവർ പ്രസന്നവതികളാണ്. ഞങ്ങൾ അവിടുന്ന് ചായ വാങ്ങികുടിച്ചു. കാപ്പിയോ ചായയോ എന്ന് തിരിച്ചറിയാൻ പറ്റാത്ത രുചി. എരിവിന്റെയും മസാലയുടെയും സമ്മിശ്രസ്വാദ്. എന്തൊക്കെയോ മസാലകളും രുചിക്കൂട്ടുകളും ഇതിൽ ചേർത്തിട്ടുണ്ട്. പക്ഷേ അതെന്തെന്നു പിടികിട്ടുന്നില്ല. എന്തായാലും തണുപ്പിന് പറ്റിയ സൂപ്പർ പാനീയം തന്നെ. ചെറിയ അളവിലാണെന്നു മാത്രം. വിലയും തുച്ഛം. ഒരു ഗ്ലാസിന് അഞ്ച് രൂപ!.

ചായ കുടിച്ച് അവരോട് കുശലം പറഞ്ഞ് അടുത്തുകണ്ട പടിയിൽ അൽപനേരം ഇരുന്നു. ത്രിപുരയുടെ വിശേഷങ്ങൾ ആരാഞ്ഞു. ബംഗ്ലാദേശിലെ സംസ്കാരത്തോട് ചേർന്ന് ജീവിക്കുന്നവരാണ് ഇവിടത്തുകാർ എന്ന് അവരുടെ വാർത്തമാനത്തിൽ നിന്ന് വ്യക്തമായി. ബംഗാളി ഭാഷ സംസാരിക്കുന്നവരും അവിടത്തെ ആചാരങ്ങൾ കൈവിടാതെ സൂക്ഷിക്കുന്നവരും ഇവിടെ ധാരാളം ഉണ്ടെന്നും അവർ പറഞ്ഞു. പരമ്പരാഗത വേഷവും ഭക്ഷണവും ഇഷ്ടപ്പെടുന്നവരാണത്രെ ഇവിടത്തുകാർ. മുതിർന്നവരെയും സ്ത്രീകളെയും സഹജനങ്ങളെയും ബഹുമാനിക്കുന്നവർ. ചെറിയ കച്ചവടങ്ങളും കൃഷിയുമായി ജീവിക്കുന്നവരും ഉദ്യോഗസ്ഥരും പ്രഭുക്കന്മാരും എല്ലാം ഇവിടെയുണ്ട്. എല്ലാവരും അവരവരുടെ തൊഴിൽ ചെയ്ത് വളരെ തൃപ്തിയിൽ ജീവിക്കുന്നവരാണ് എന്ന് ആ അമ്മ പറഞ്ഞു. നെറ്റിയിൽ വലിയ പൊട്ടുള്ള, പുഞ്ചിരി മാറാത്ത അവരുടെ മുഖകാന്തിയും ചേലയും ഭാവവും കാണുമ്പോൾ അവർ ഒരു ത്രിപുരസുന്ദരി തന്നെ എന്ന് മനസ്സ് പറഞ്ഞു. സമയം ഒമ്പതിനടുത്തു. താമസിയാതെ അവരോട് യാത്രപറഞ്ഞ് ഞങ്ങൾ നടന്നു.

വഴിയിൽ പലയിടത്തും ആപ്പിളും ഓറഞ്ചുമടങ്ങിയ പഴങ്ങൾ കൂട്ടിയിട്ടിരിക്കുന്നു. 100 രൂപ വീതം കൊടുത്ത് ആപ്പിളും ഓറഞ്ചും വാങ്ങി. ഇരുട്ട് കൂടി വന്നു. തണുപ്പും അതിനൊപ്പം തിരക്കും. ഇനി റൂമിലേക്ക് പോകാം എന്ന് വിചാരിച്ച് ഓട്ടോ വിളിച്ച് ഞങ്ങൾ താമസിക്കുന്ന ഹോട്ടലിലെത്തി. റൂമിൽ ചെന്ന് ഫ്രഷ് ആയി റൂഫ് ടോപ്പിലെ റസ്റ്റാറന്റിൽ നിന്ന് ചൂട് സൂപ്പും ഭക്ഷണവും കഴിച്ചു. പിന്നെ പിറ്റേന്നത്തേക്കുള്ള പാതി പാക്കിങ്ങും കഴിച്ച് ഉറങ്ങാൻ കിടന്നു. അഗർത്തലയിലെ അവസാന രാത്രി. കാഴ്ചകളുടെ ഓർമപകിട്ടുകൾക്കൊപ്പം, നാട്ടിൽ നിന്നും വരുന്ന ഒമിക്രോണിന്റെ ചൂടുവാർത്തകളും ഭീതിയും നിറഞ്ഞ സന്ദേശങ്ങൾ ഉറക്കം കെടുത്തിയ ഒരു രാത്രിക്കൂടിയായിരുന്നു അത്.

രാവിലെ ഉറക്കമുണർന്നപ്പോൾ പതിവുപോലെ സഹയാത്രികരായ സദൻപിള്ളയും ശിവദാസും നടക്കാൻ പോയി തിരിച്ചുവരുന്നു. ഞങ്ങളെല്ലാവരും ചേർന്ന് പുറത്തിറങ്ങി. തിരക്കു കുറഞ്ഞ നിരത്തും വളരെ കുറച്ചു വാഹനങ്ങളും മാത്രം. അടുത്തുതന്നെയുള്ള ഒരു ചെറിയ പീടികയിൽ കയറി ഗോതമ്പുറോട്ടിയും ചായയും കഴിച്ചു. കഴിഞ്ഞ രണ്ടു ദിവസങ്ങളിലും ഞങ്ങൾ ഇവിടെനിന്ന് ചായയും റോട്ടിയും കഴിച്ചിരുന്നു. നല്ല സ്വാദ് തോന്നിയപ്പോൾ വീണ്ടും ഇവിടുന്ന് കഴിക്കാമെന്നായി. പ്രായമുള്ള രണ്ടുപേർ ചേർന്ന് നടത്തുന്ന ഒരു കടയാണിത്. വലിയ ബഹളങ്ങൾ ഇല്ലാതെ, ഒന്നും രണ്ടും ആളുകൾ ഇടക്കിടക്ക് വന്നു കഴിച്ചു പോകുന്നുണ്ട്.

രാധാനഗർ ബസ്റ്റാൻഡിന്റെ പരിസരം ഒന്ന് കൂടി വീക്ഷിച്ച് ഞങ്ങൾ റൂമിലെത്തി, നാട്ടിലേക്ക് തിരിക്കാനുള്ള ഒരുക്കങ്ങൾ ആരംഭിച്ചു. അഗർത്തല വി.ഐ.പി ഇന്റർനാഷനൽ ഹോട്ടലിന്റെ മുകൾത്തട്ടിൽ നിന്ന് ഒരിക്കൽ കൂടി ചായകുടിച്ച് അവരോട് യാത്ര പറഞ്ഞു ബാഗുകളുമായി പുറത്തിറങ്ങി. ഒരു ടാക്സിവിളിച്ച് എയർപോർട്ടിനെ ലക്ഷ്യം വച്ചു. കൊച്ചിയിലേക്ക് തിരിക്കാൻ. ത്രിപുരികളുടെ നാട്ടിൽ നിന്നും ഞങ്ങൾ വിടപറയുകയാണ്.

ത്രിപുരസുന്ദരിമാരുടെ നാട്, ഗോത്രമക്കളുടെ സ്വന്തം നാട്, കാർഷികവൃത്തിയുടെ നാട്. മരതക മലകളുടെ നാട്, സുന്ദര ഗ്രാമങ്ങളുടെ നാട്. ലളിത ജീവിതത്തിന്റെ നാട്, കലകളും സംസ്കാരങ്ങളും ഉറങ്ങുന്ന നാട്, ഇതെല്ലാം ആണ് ത്രിപുര. ആ ത്രിപുരയുടെ മണ്ണിൽ നിന്നും, തലസ്ഥാന നഗരിയിൽ നിന്നും ഞങ്ങൾ വിടുകയാണ്. ത്രിപുരയിൽ നിന്നും മാത്രമല്ല, സെവൻ സിസ്റ്റേഴ്സ് എന്ന വടക്ക് കിഴക്കിന്റെ മണ്ണിൽനിന്നും ഞങ്ങൾ യാത്ര തിരിച്ചു, മനസ്സില്ലാ മനസ്സോടെ, ദൈവത്തിന്റെ സ്വന്തം നാട് എന്ന് പറയുന്ന നമ്മുടെ നാട്ടിലേക്ക്. ഇനിയും ഈ വഴി ഉറപ്പായും വരുമെന്ന പ്രതീക്ഷയോടെ......

(അവസാനിച്ചു)

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:Northeast Statesagartala
News Summary - Views of Agartala
Next Story