നാഗർകോവിലും കന്യാകുമാരി കാഴ്ചകളും
text_fieldsഓരോ യാത്രയും ഒരു നിയോഗമാണ്. എത്ര തവണ ആശിച്ചാലും ചിലയിടങ്ങളിൽ നമുക്ക് പോകാൻ സാധിക്കാറില്ല. എന്നാൽ, ഒരിക്കലും പ്രതീക്ഷിക്കാത്ത ചിലയിടത്ത് നമ്മൾ എത്തിച്ചേരുകയും ചെയ്യും. അങ്ങനെ വളരെ യാദൃച്ഛികമായിട്ടാണ് ഞാൻ നാഗർകോവിലിലും കന്യാകുമാരിയിലും എത്തിച്ചേർന്നത്.
'നാഗരാജ കോയിൽ' അഥവാ നാഗങ്ങളുടെ ക്ഷേത്രം എന്ന പദപ്രയോഗത്തിൽനിന്നാണ് നാഗർകോവിൽ എന്ന പേര് ഉരുത്തിരിഞ്ഞത്. ആ നാടിനു പേര് നൽകിയ ക്ഷേത്രം കണ്ടാണ് ഞങ്ങൾ യാത്ര തുടങ്ങിയത്. നാഗരാജാവിനു സമർപ്പിച്ചിരിക്കുന്ന ഈ ക്ഷേത്രം 12-ാം നൂറ്റാണ്ടിലാണെന്നാണ് അനുമാനിക്കുന്നത്.
ഇവിടെ മൂന്ന് ആരാധനാലയങ്ങളുണ്ട്. ക്ഷേത്രത്തിലെ ഏറ്റവും പഴക്കമേറിയതും പ്രധാനവുമായ പ്രതിഷ്ഠ അഞ്ച് തലകളുള്ള നാഗരാജാവാണ്. അമ്പലത്തിന്റെ മുമ്പിലായി ചെറിയ കുളവും അതിൽ നീന്തി തുടിക്കുന്ന ഹംസങ്ങളുമുണ്ട്. പടർന്നുപന്തലിച്ച ആൽ മരത്തിന്റെ ഇലകളുടെ ചലനവും ശബ്‌ദവും അമ്പല പരിസരം കൂടുതൽ ഹൃദ്യമാക്കുന്നു.
നഗർകോവിൽ ടൗണിൽനിന്നും 13 കി.മീ ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ലെമൂർ (Lemur) ബീച്ചിൽ പോകാമെന്നു സുഹൃത്തു പറഞ്ഞപ്പോൾ വലിയ പ്രതീക്ഷ ഒന്നുമുണ്ടായില്ല. നാഗർകോവിലിൽ നല്ല രീതിയിൽ മഴയുള്ള സമയത്താണ് ഞങ്ങളുടെ യാത്ര. നേരം സന്ധ്യയായിരുന്നു. ലെമൂർ ബീച്ചിൽ എന്നെ ഏറ്റവും ആകർഷിച്ചത് അതിന്റെ വൃത്തിയാണ്. നല്ല വൃത്തിയിൽ പരന്നുകിടക്കുന്ന മണൽതരികൾ.
മനസ്സ് നിറയ്ക്കുന്ന ദൃശ്യഭംഗിയാണ് ലെമൂർ ബീച്ചിൽ എന്നെ കാത്തിരുന്നത്. ഞങ്ങൾ ആകാശവും നോക്കി നിൽക്കുന്ന സമയത്ത്, മേഘങ്ങൾ മെല്ലെ മെല്ലെ വന്നു ആകാശം കൈയടക്കി.
കടലിനും മേഘങ്ങൾക്കുമിടയിൽ ഒരു നേർത്ത വരപോലെ മാത്രമേ ആകാശം കാണുന്നുള്ളൂ. ഇതിനിടയിൽ തന്റെ സാന്നിധ്യമറിയിക്കാൻ സൂര്യ കിരണങ്ങൾ വല്ലാതെ വെമ്പുന്നത് പോലെ തോന്നി. എത്ര ശക്തനായാലും, ചില സമയത്ത് നിഷ്പ്രഭനാകുമെന്ന് പ്രകൃതി പറയാതെ പറയുന്നതു പോലെ തോന്നി.
ആസ്വദിച്ചു ഇങ്ങനെ നിൽക്കുന്ന സമയത്ത്, ദേ കോരി ചൊരിയുന്ന മഴ. നാഗർകോവിൽ എത്തിയശേഷം പലപ്പോഴും എനിക്കിതു അനുഭവപ്പെട്ടു. പെട്ടെന്ന് മഴ പെയ്യും, പെട്ടെന്ന് നിൽക്കും. നഗർകോവിലെ പാർവ്വതിപുരം പാലത്തിനു എന്തോ ഒരു വ്യത്യസ്ഥത തോന്നി. പല സിനിമകളിലും ഉള്ളതുപോലെ ഒരു ചെറിയ ബസ്റ്റോപ്പ്, വിശാലമായ ഒരു റോഡ്. ഓരം ചേർന്ന് വണ്ടി നിർത്തിയാൽ ചുറ്റും മലനിരകളാണ്. സുഹൃത്തുക്കൾക്കൊപ്പം ചുമ്മാ പോയി ഇരിക്കാൻ പറ്റിയ സ്ഥലമാണെത്രേ.
കന്യാകുമാരിയിലേക്ക്
നഗർകോവിൽ നിന്നും പിറ്റേന്ന് രാവിലെ കന്യാകുമാരിയിലേക്ക് പുറപ്പെട്ടു. വെറും 40 മിനുറ്റ് യാത്ര. പോകും വഴി പല വീടുകളിലും മഴ പെയ്ത വെള്ളം കയറിയത് കണ്ടു. പക്ഷെ, ഭാഗ്യവാശാൽ ഞങ്ങളുടെ യാത്രയേ ഇതൊന്നും ഒരു രീതിയിലും ബാധിച്ചില്ല.
രാവിലെ 10 മണിയോടെ കന്യാകുമാരി എത്തി. തമിഴ്നാട് ടൂറിസത്തിന്റെ ഹോട്ടൽ തമിഴ്നാട് ആണ് ബുക്ക് ചെയ്തത്. കന്യാകുമാരി ചുറ്റിക്കാണാൻ ഇതിലും നല്ല മറ്റൊരു ഹോട്ടൽ തെരഞ്ഞെടുക്കാൻ സാധിക്കില്ല എന്ന് എനിക്ക് തോന്നിപോയി. കന്യാകുമാരിയിലെ വിവിധ കാഴ്ചകൾ കാണാനും വിവേകാനന്ദപ്പാറയിലേക്കുള്ള ഫെറിയിൽ കയറാനുമൊക്കെ നടന്നു പോകാനുള്ള ദൂരം മാത്രം.
ചില സ്ഥലങ്ങൾ നമ്മൾ കാണണമെന്നും അനുഭവിക്കണമെന്നും മറ്റാരോ നിയോഗിച്ചത് പോലെ തോന്നും ചില അനുഭവങ്ങളിലൂടെ കടന്ന് പോകുമ്പോൾ. നിർത്താതെ മഴ പെയ്തിരുന്ന കന്യാകുമാരിയിൽ ഞങ്ങൾ എത്തിയത് മുതൽ ചാറ്റൽ മഴ മാത്രമേ പെയ്തുള്ളൂ. കഴിഞ്ഞ കുറച്ചു ദിവസമായി മഴ കാരണം നിർത്തി വെച്ച വിവേകാനന്ദ പാറയിലേക്കുള്ള ഫെറി, ഇന്ന് രാവിലെ തൊട്ട് തുറന്നിട്ടുണ്ടെന്നു ഹോട്ടലിലെ ചേട്ടൻ പറയുമ്പോൾ അത്ഭുതമെന്ന് അല്ലാതെ വേറെ എന്താണ് ചിന്തിക്കേണ്ടത്.
പ്രഭാത ഭക്ഷണം കഴിച്ച് ഞങ്ങൾ നേരെ ഫെറിയിലേക്ക് നടന്നു. ഈ കടൽത്തീരത്തുനിന്ന് വിവേകാനന്ദപ്പാറയിലേക്കുള്ള ഫെറി 1981 ജൂലൈ വരെ വിവേകാനന്ദ കേന്ദ്രയാണ് നടത്തിയിരുന്നത് . നിലവിൽ ഇത് പൂംപുഹാർ ഷിപ്പിങ് കോർപ്പറേഷൻ ആണ് നടത്തുന്നത്.
50 രൂപ ടിക്കറ്റെടുത്തു യാത്ര തുടങ്ങി. ഒരു പക്ഷേ മഴയുടെ മുന്നറിയിപ്പ് ഉള്ളത് കൊണ്ടായിരിക്കാം, ബോട്ടിൽ താരതമ്യേന ആളുകൾ കുറവായിരുന്നു. വിവേകാനന്ദപ്പാറയിൽ എത്തിയപ്പോഴും തിരക്ക് നന്നേ കുറവ്.
കന്യാകുമാരിയിലെ പ്രശസ്തമായ ഒരു സ്മാരകവും വിനോദസഞ്ചാര കേന്ദ്രവുമാണ് വിവേകാനന്ദ പാറ. പാറയിൽ കയറാൻ 20 രൂപ ടിക്കറ്റ് ഉണ്ട്. വാവത്തുറൈയിൽ നിന്ന് 500 മീറ്റർ മാറി സ്ഥിതി ചെയ്യുന്ന രണ്ട് പാറകളിൽ ഒന്നിലാണ് സ്മാരകം നിലകൊള്ളുന്നത്. സ്വാമി വിവേകാനന്ദനോടുള്ള ബഹുമാനാർത്ഥം 1970-ലാണ് ഇത് നിർമിച്ചത്. സ്വാമി വിവേകാനന്ദൻ ഈ പാറയിലേക്ക് കടൽ നീന്തിക്കടന്നു ചെന്നു മൂന്ന് രാവും പകലും അവിടെ ധ്യാനിച്ചു. അദ്ദേഹത്തിനു ഈ പാറയിൽ ധ്യാനിക്കുമ്പോൾ ജ്ഞാനം സിദ്ധിച്ചുയെന്നാണ് പറയപ്പെടുന്നത്.
ഈ പാറയിലാണ് കന്യാകുമാരി ദേവി (പാർവ്വതി) ശിവഭക്തിയിൽ തപസ്സ് ചെയ്തതെന്നൊരു ഐതിഹ്യവുമുണ്ട്. വിവേകാനന്ദ മണ്ഡപം, ശ്രീപാദ മണ്ഡപം എന്നിങ്ങനെ രണ്ട് പ്രധാന നിർമിതികൾ ഉൾക്കൊള്ളുന്നതാണ് ഈ സ്മാരകം. സന്ദർശകർക്ക് ധ്യാനിക്കാനായി ധ്യാന മണ്ഡപം എന്നറിയപ്പെടുന്ന ഒരു ധ്യാന ഹാളും സ്മാരകത്തിനോട് ചേർന്നിരിക്കുന്നു.
ആകാശം മേഘാവൃതമായതുകൊണ്ടുതന്നെ വെയിൽ ഒട്ടുംതന്നെ ഉണ്ടായിരുന്നില്ല. വീശിയടിക്കുന്ന കാറ്റിൽ ഞാൻ പറന്നു പോകുന്നത് പോലെ തോന്നി. നാലുഭാഗവും കടൽ, നടുവിൽ ഞാൻ.
കടലിന്റെ അഗാധതയ്ക്ക് വല്ലാത്തൊരു വശീകരണശക്തി ഉണ്ടായെന്നിരിക്കണം. അല്ലെങ്കിൽ നാലു മണിക്കൂർ വേറൊന്നും ചിന്തിക്കാതെ ഈ കടൽ നോക്കിയിരിക്കാൻ എങ്ങനെ സാധിക്കും.
വിവേകാനന്ദപ്പാറയിൽനിന്ന് നോക്കിയാൽ തമിഴ് കവിയും തത്വചിന്തകനുമായ വള്ളുവരുടെ 133 അടി ഉയരമുള്ള ശിലാശിൽപമായ തിരുവള്ളുവർ പ്രതിമ കാണാം. ഇന്ത്യൻ ശിൽപിയായ വി. ഗണപതി സ്ഥപതി കൊത്തിയെടുത്ത ഈ പ്രതിമ, 2000 ജനുവരി ഒന്നിന് അന്നത്തെ മുഖ്യമന്ത്രി എം. കരുണാനിധി അനാച്ഛാദനം ചെയ്തു. നിലവിൽ ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള 25-ാമത്തെ പ്രതിമയാണത്രെ.
സാധാരണഗതിയിൽ ഇവിടേയ്ക്കും നമുക്ക് ബോട്ടിൽ സഞ്ചരിക്കാൻ സാധിക്കും. മഴ കാരണം മൂന്നു ദിവസമായി അങ്ങോട്ട് ബോട്ട് സർവിസ് ഇല്ല പോലും. വിവേകാനന്ദപ്പാറയിൽ നിന്ന് മടങ്ങി, നേരെ കന്യാകുമാരി ദേവിയെ കാണാൻ പോയി.
(തുടരും)
('കില' എറണാകുളം ജില്ലാ കോഓഡിനേറ്റർ ആണ് ലേഖിക)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.