'വാട്ട് നോം - മരിക്കും മുമ്പ് തീർച്ചയായും കണ്ടിരിക്കേണ്ട സ്ഥലം'
text_fieldsബസിലെ കൊച്ചുജനലിലൂടെ തെളിയുന്നത് നെൽപ്പാടങ്ങളും ക്ഷേത്രങ്ങളുമെല്ലാമാണ്. കംബോഡിയൻ തലസ്ഥാനം ലക്ഷ്യമാക്കി സിയാം റീപ്പിൽനിന്ന് രാവിലെ തുടങ്ങിയതാണ് യാത്ര. പട്ടണങ്ങളും ഗ്രാമങ്ങളുമെല്ലാം മാറിമാറി വരുന്നു. വിദേശികളും സ്വദേശികളുമടങ്ങിയതാണ് ബസിലെ യാത്രക്കാർ. അടുത്തിരുന്ന സ്വിസ് പൗരനെ പരിചയപ്പെട്ടു.
പുള്ളി വിദ്യാർത്ഥിയാണ്. ലോകം ചുറ്റുകയാണ് ചെറുപ്പത്തിൽ തന്നെ. ഇന്ത്യയൊക്കെ കണ്ടാണ് കംബോഡിയയിൽ എത്തിയിരിക്കുന്നത്. അവെൻറ കഥകളൊക്കെ കേട്ടിരുന്നപ്പോഴേക്കും ഉച്ചയായി. ബസ് തലസ്ഥാനമായ നോംപെനിലെത്തി. ബസ് സ്റ്റേഷനിൽ എല്ലാവരും ഇറങ്ങി. ആറ് മണിക്കൂർ നീണ്ട ആ യാത്രക്ക് വെറും അഞ്ച് ഡോളർ മാത്രമാണ് വാങ്ങിയത്.
കൺമുമ്പിൽ കണ്ട ഒരു പബ്ലിക് ബസ് കൈകാണിച്ച് നിർത്തി. സെൻട്രൽ മാർക്കറ്റിലേക്ക് പോകണമെന്ന് പലതരം ആംഗ്യഭാഷയോടെ അവരുടെ മുന്നിൽ അവതരിപ്പിച്ചു. ഭാഗ്യത്തിന് ആ ബസ് അങ്ങോട്ടായിരുന്നു. ടിക്കറ്റിന് വേണ്ടി പൈസ കൊടുത്തപ്പോൾ, എെൻറ നിസ്സഹായാവസ്ഥ കണ്ടിട്ടാണോ അതോ ടൂറിസ്റ്റിനോടുള്ള ബഹുമാനം കാരണം ആണന്നോ അറിയില്ല, ഞാൻ പൈസ നീട്ടിയിപ്പോൾ അവർ സന്തോഷത്തോടെ നിരസിച്ചു.
സെൻട്രൽ മാർക്കറ്റ് ഉണർന്ന് വരുന്നതേയുള്ളൂ. കുറച്ചുദൂരം അതിലൂടെ ചുറ്റിക്കറങ്ങി. വീണ്ടും മുന്നോട്ട് നടന്നപ്പോൾ കൺമുമ്പിൽ അതാ ലോകത്തിലെ തന്നെ 12മത്തെ വലിയ നദിയായ മെക്കോങ് നദി പതിയെ ഒഴുകുന്നു. അതിന് ഓരംപറ്റി നടന്നുനീങ്ങി. മെക്കോങ് നദി കിഴക്കനേഷ്യയിലെ ആറ് രാജ്യങ്ങളിലൂടെയാണ് ഒഴുകുന്നത്. തിബത്തൻ പീഠഭൂമിയിൽനിന്നാണ് ഉത്ഭവം. പിന്നീട് ചൈനയിലെ യുനാൻ പ്രവിശ്യയിലൂടെ മ്യാന്മാർ, ലാവോസ്, തായ്‌ലാൻഡ്, കംബോഡിയ, വിയറ്റ്നാം എന്നീ രാജ്യങ്ങളിലൂടെ ഒഴുകുന്നു. മുന്നോട്ട് പോകവേ ഒരു പാർക്കിൽ എത്തിപ്പെട്ടു. ശനിയാഴ്ചയായതിനാൽ സായാഹ്നം പാർക്ക് സജീവമാകാൻ പോകുകയാണ്. കുടുംബങ്ങളും മറ്റും കൂട്ടത്തോടെ എത്തുന്നു.
അതിന് എതിർവശത്താണ് റോയൽ പാലസ് സ്ഥിതി ചെയ്യുന്നത്. പഴയ കംബോഡിയൻ രാജാക്കന്മാരുടെ പുണ്യഗേഹവും ഖേമെർ വാസ്തു ശിൽപ്പതയുടെ മകുടോദാഹരണവുമാണ് ഇന്നത്. എന്തോ കാരണത്താൽ പ്രധാനകവാടം അടഞ്ഞുകിടക്കുകയാണ്. അവിടെ നിൽക്കുമ്പോഴാണ് ഒരു ടുക് ടുക് ഡ്രൈവർ എന്നെ വല്ലാതെ പ്രലോഭിപ്പിച്ച് കൊണ്ടിരുന്നത്. നഗരത്തിലെ പ്രധാന വിനോദ സ്ഥലങ്ങളെല്ലാം കാണിച്ചുതരാമെന്നാണ് അയാളുടെ വാഗ്ദാനം. അവസാനം അഞ്ച് ഡോളറിന് ഉറപ്പിച്ച് ടുക് ടുകിൽ കയറി.
മെക്കോങ് നദിയുടെ കുറുകെ പാലം കടന്ന് നേരെ എത്തിയത് തോണി രൂപത്തിലുള്ള ഒരു ബുദ്ധപഗോഡയുടെ മുമ്പിൽ. അതിനുശേഷം മങ്കി ടെംപിളിൽ. തൊട്ടടുത്തെ മരത്തിൽ കുരങ്ങൻമാർ ഉള്ളതിനാലാണ് ആ പേര് വന്നതെന്ന് ഡ്രൈവർ പറഞ്ഞു. പക്ഷെ, കുരങ്ങൻമാരെയൊന്നും കണ്ടില്ല!! ഒരു ശ്മാശാനത്തിനു ചുറ്റുമാണ് ബുദ്ധ ക്ഷേത്രം. ശ്‌മശാനം കൗതുകമുളവാക്കുന്നതാണ്. ഓരോ ശവകല്ലറയും ചെറിയ വീടുകളായാണ് നിർമിച്ചിട്ടുള്ളത്. അവരവരുടെ സാമ്പത്തിക സ്ഥിതി അനുസരിച്ച് വലിപ്പ ചെറുപ്പങ്ങൾ അതിനുണ്ട്.
കുന്നിൻ മുകളിലെ പഗോഡ
വീണ്ടും യാത്ര തുടർന്നു. മെക്കോങ് നദിയിൽനിന്ന് മത്സ്യബന്ധനം നടത്തി ജീവിക്കുന്നവരുടെ വീടുകളുടെ അടുത്തേക്കാണ് എത്തിയത്. കുറച്ചുനേരം അവിടെ ചെലവഴിച്ച് നേരെ വാട്ട് നോം എന്ന പ്രസിദ്ധമായ ബുദ്ധക്ഷേത്രത്തിന് മുന്നിലിറക്കി ഡ്രൈവർ പിരിഞ്ഞുപോയി.
നോം പെന്നിലെ ഏറ്റവും വലിയ ബുദ്ധക്ഷേത്രമാണ് വാട്ട് നോം. 88 അടി ഉയരമുള്ള ഇൗ ക്ഷേത്രം നിർമിക്കുന്നത് 1372ലാണ്. നോം പെനിെൻറ മധ്യഭാഗത്ത് ഒരു കുന്നിൻ മുകളിലാണ് ഈ പഗോഡ സ്ഥിതി ചെയ്യുന്നത്. പ്രശസ്തമായ അമേരിക്കൻ ട്രാവൽ ചാനൽ '1000 places to see before you die' എന്ന സീരിസിൽ ഈ ക്ഷേത്രം കാണിച്ചിട്ടുണ്ട്. ഒരു ഡോളർ പ്രവേശന ഫീസ് നൽകി പടവുകൾ കയറിയാണ് മുകളിലെത്തിയത്. പടവുകൾക്ക് ഇരുവശവും നിരവധി പ്രതിമകൾ സ്ഥാപിച്ചിട്ടുണ്ട്.
ക്ഷേത്രത്തിെൻറ നിർമിതി കണ്ണിനാനന്ദം നൽകും. അകത്ത് സ്വർണ്ണ നിറത്തിലെ വലിയ ഒരു ബുദ്ധ പ്രതിമയും മറ്റനേകം ചെറുതും വലുതുമായ വിഗ്രഹങ്ങളും കാണാം. വലിയ വിഗ്രഹത്തിെൻറ ചുറ്റുഭാഗത്തും കറൻസികൾ ചുരുട്ടിവെച്ചത് കണ്ടു. അവിടത്തെ കാണിക്ക രീതിയാവാം അത്. എല്ലാം കണ്ടുകഴിഞ്ഞു താഴേക്കിറങ്ങി നഗരത്തിലെത്തി. കംബോഡിയയോട് യാത്രപറയാൻ സമയമായി. രാത്രി 9.30നുള്ള വിമാനം പിടിക്കാൻ ഒരു സ്‌കൂട്ടർ ടാക്സിയുടെ പിറകിൽ കയറി.
അപ്രതീക്ഷിത തായ്‌ലാൻഡ് യാത്ര
വിമാനത്താവളത്തിലെ എമിറേറ്റ്സ് കൗണ്ടർ ലക്ഷ്യമാക്കി നീങ്ങി. കൗണ്ടറിലെത്തിയപ്പോൾ പണി പാളി. വിമാനം ഫുൾ ആയത് കാരണം സ്റ്റാഫ് ടിക്കറ്റുള്ള എനിക്ക് യാത്ര ചെയ്യാൻ കഴിയില്ലെന്ന് അറിയിച്ചു. എന്തുചെയ്യും? ഈ വിമാനം തായ്‌ലാൻഡ് വഴിയാണ് ദുബൈയിലേക്ക് പോകുന്നത്.
ബാങ്കോക്കിലേക്ക് സീറ്റ് ഒഴിവുണ്ടോ എന്ന് ചോദിച്ചപ്പോൾ ഓക്കെയാണെന്ന് പറഞ്ഞു. അങ്ങനെ പെട്ടെന്നു പ്ലാൻ ഒന്ന് മാറ്റിപ്പിടിച്ചു. ഞാനാണെങ്കിൽ ബാങ്കോക്ക് കണ്ടിട്ടുമില്ല. തായ്‌ലാൻഡ് വിസക്ക് ആ സമയത്ത് ഫീ ഇല്ല എന്നറിയാം. അങ്ങനെ ഓൺലൈനിൽ ടിക്കറ്റിൽ മാറ്റങ്ങൾ വരുത്തി ബാങ്കോക്ക് ലക്ഷ്യമാക്കി പറന്നു.
ഒരു മണിക്കൂർ യാത്ര ചെയ്‌ത് രാത്രി 12നാണ് ബാങ്കോക്ക് സുവർണ്ണ ഭൂമി ഇൻറർനാഷനൽ എയർപോർട്ടിൽ എത്തിയത്. നല്ല തിരക്കുണ്ടായിരുന്നു. എമിഗ്രേഷൻ കൗണ്ടറിലെത്തിയപ്പോൾ ഉദ്യാഗസ്ഥക്ക് സംശയങ്ങൾ അനവധി! ഞാൻ ഒരു ദിവസത്തേക്ക് മാത്രമാണ് ഹോട്ടൽ ബുക്ക് ചെയ്തിരിക്കുന്നത്. പോരാത്തതിന് 60 കിലോമീറ്ററിലധികം ദൂരമുണ്ട് സിറ്റിയിലെ ആ ഹോട്ടലിലെത്താൻ. ഈ അർധരാത്രി ടാക്സി പിടിച്ചുപോകുമെന്ന് മറുപടി പറഞ്ഞെങ്കിലും അവർക്ക് തൃപ്തിയായില്ല.
ഒരുപക്ഷെ, ഇന്ത്യയിൽനിന്ന് മുമ്പ് വന്നവരുടെ പ്രവർത്തനഫലമാകാം ആ മനോഭാവത്തിന് പിന്നിൽ. എന്തായാലും അവസാനം 30 ദിവസത്തേക്ക് വിസ പാസ്‌പോർട്ടിൽ സീൽ ചെയ്തു തന്നു. നടപടികളും പൂർത്തിയാക്കി അറൈവൽ ഹാളിലെത്തി. സമയം 1:34. ഈ സമയത്ത് സിറ്റിയിലേക്ക് പൊതുഗതാഗത സൗകര്യങ്ങൾ ഇല്ലെന്ന് ഇൻറർനെറ്റിൽ കണ്ടിരുന്നു. ഹാളിലെ ഒരു കസേര ബെഡ്ഡാക്കി നേരംവെളുക്കുവോളം കിടന്നുറങ്ങാൻ തീരുമാനിച്ചു.
എക്സ്ചേഞ്ചിൽനിന്ന് കുറച്ച് തായ്‌ലാൻഡ് ബാത്തും (ഒരു ഡോളറിന് 22 ബാത്ത് കിട്ടും) വാങ്ങിച്ചു. പുലർച്ചെ ആറിനുള്ള ആദ്യ ബസിൽ തന്നെ ബാങ്കോക്ക് സിറ്റിയിലെ ബാക്പാക്ക് സ്ട്രീറ്റ് എന്നറിയപ്പെടുന്ന കഹൊസാൻ റോഡിലേക്ക് വിട്ടു. നഗരം ഉണർന്നിട്ടില്ല. പോരാത്തതിന് ഞായറാഴ്ചയായതിനാൽ മിക്ക കടകളും അടഞ്ഞുകിടപ്പാണ്. കഹോസാൻ റോഡിലിറങ്ങി. ഗൂഗിളിൽ തപ്പിയപ്പോൾ തൊട്ടടുത്ത് തന്നെ ഗ്രാൻഡ് പാലസ് എന്ന അത്ഭുതം കാണിക്കുന്നു.
ഒന്നര നൂറ്റാണ്ടോളം തായ് രാജവംശത്തിെൻറ കുടുംബ കൊട്ടാരമായിരുന്ന ഗ്രാൻഡ് പാലസ് 1782ലാണ് നിർമിക്കുന്നത്. തൊണ്ണൂറുകളിൽ രാജകുടുംബം ഇവിടത്തെ താമസം ഉപേക്ഷിച്ചെങ്കിലും ഇന്നും പല ഔദ്യോഗിക പരിപാടികളും ഇവിടെ നടക്കാറുണ്ട്. സഞ്ചാരികളെ കൊണ്ട് നിറഞ്ഞിരിക്കുന്നു അവിടം. 500 ബാത്തിന് ടിക്കറ്റുമെടുത്ത് അകത്ത് കയറി. ആദ്യമായി കണ്ടത് സ്വർണ്ണകായത്തിൽ കുളിച്ചുനിൽക്കുന്ന എമറാൾഡ് ബുദ്ധ എന്ന പ്രതിമയാണ്.
15ാം നൂറ്റാണ്ടിൽ ബുദ്ധൻ ധ്യാന നിമഗ്നനായി ഇരിക്കുന്ന പ്രതീതി വിഗ്രഹമുള്ള ഈ ക്ഷേത്രത്തെ ടെമ്പിൾ ഓഫ് എമറാൾഡ് ബുദ്ധ എന്നറിയപ്പെടുന്നു. വാട്ഫോ അടക്കം മിക്ക പഗോഡകളും അതിനടുത്ത് തന്നെയുണ്ട്. നമുക്കത് വിനോദ സഞ്ചാര കേന്ദ്രമാണെങ്കിലും തായ്‌ലാൻഡുകാർക്ക് പ്രധാന തീർത്ഥാടന കേന്ദ്രമാണ്. ആ വലിയ നിർമിതിയും കണ്ട് റോഡിലേക്കിറങ്ങി. പിറകെ കാറുമായി ഒരുത്തൻ കൂടെകൂടി.
പല ടൂറിസ്റ്റ് പ്രദേശങ്ങളുടെയും ഫോട്ടോ പതിച്ച കാർഡ് കാണിച്ച് എന്നെ വശീകരിക്കുന്നു. അതിലെ േഫ്ലാട്ടിങ് വില്ലേജിലെ ഫോട്ടോയിൽ എെൻറ കണ്ണുടക്കി. കഴിഞ്ഞദിവസം കംബോഡിയയിലെ സിയാം റീപ്പിൽനിന്ന് വഴുതിപ്പോയതാണ് േഫ്ലാട്ടിങ് വില്ലേജിലേക്കുള്ള യാത്ര. ഇവിടെവെച്ച് അത് കാണാമെന്ന് ഉറപ്പിച്ചു. തെൻറ ചാർജ് 200 എന്ന് ഡ്രൈവർ ഗൈഡ് ആഗ്യം കാണിച്ചു.
ഒഴുകും ഗ്രാമങ്ങൾ
ബാങ്കോക്കിലെ വിജനമായ പാതകളിലൂടെ യാത്ര തുടർന്നു. കംബോഡിയൻ നിരത്തുകളാണ് ഓർമയിലെത്തിയത്. അതിനിടയിൽ ഡ്രൈവറായ നിരൺനോട് വിശേഷങ്ങൾ ചോദിച്ചറിഞ്ഞു. അവൻ മുറി ഇംഗ്ലീഷിൽ തെൻറ കുടുംബവിവരങ്ങളും മറ്റും വിശദീകരിച്ചു. അവസാനം രണ്ടുമണിക്കൂറോളം യാത്ര ചെയ്‌ത് 'ഡാംനോൻ സദുഅക്ക്' എന്ന പേരുള്ള േഫ്ലാട്ടിങ് വില്ലേജിലെത്തി.
തായ്‌ലൻഡിലെ തന്നെ പ്രധാനപ്പെട്ട ആകർഷണ കേന്ദ്രത്തിലാണ് എത്തിയിരിക്കുന്നത്. 1971ലാണ് ഇതിെൻറ നിർമാണം. 32 കിലോമീറ്റർ ദൂരമുള്ള ടോൻഖെന് കനാലും അതിെൻറ ശാഖകളും ഉൾപ്പെട്ടതാണ് 'ഡാംനോൻ സദുഅക്ക്' മാർക്കറ്റും ഗ്രാമവും. ടിക്കറ്റെടുക്കാൺ കൗണ്ടറിലെത്തിയപ്പോൾ ഞാൻ ഞെട്ടി! നാലുപേർക്ക് സഞ്ചരിക്കാനാകുന്ന ബോട്ടിന് 3000 ബാത്ത് വാടക. ഞാനാണെങ്കിൽ തനിച്ചും. എന്തായാലും വന്നതല്ലേ എന്ന് കരുതി ടിക്കറ്റെടുത്തു. മോട്ടോർ ഘടിപ്പിച്ച തോണിയിൽ തോണിക്കാരനുമായി യാത്ര പുറപ്പെട്ടു.
കൈവഴികൾ അത്ഭുത കാഴ്ചകൾ സമ്മാനിക്കുകയാണ്. ഇരുവശവും കരകൗശല വസ്തുക്കളുടെയും വസ്ത്രശാലകളുടെയും മറ്റും ഷോപ്പുകൾ. വള്ളങ്ങൾക്കിടയിലൂടെ ഒഴുകി നീങ്ങുന്ന, വിവിധ സാധന സാമഗ്രികൾ വിൽക്കുന്ന ബോട്ട് കടകൾ. ഒരു റോഡിലൂടെ പോകുമ്പോഴുള്ള പ്രതീതിയാണ് ജനിപ്പിക്കുന്നത്. ചില ചെറിയകനാലുകൾ ഗ്രാമീണ വീടുകളുടെ ഉമ്മറപ്പടിയിലേക്ക് നീങ്ങുന്നു.
ആ വീടുകളുടെ മുമ്പിൽ ബോട്ടുകൾ നിർത്തിയിട്ടിരിക്കുന്നു. വളഞ്ഞും പുളഞ്ഞുമായി കനാലിെൻറ എല്ലാ വശങ്ങളിലേക്കും ബോട്ട് പായിച്ചു. അതിനടിയിൽ ശർക്കര നിർമാണ കേന്ദ്രവും വഴിയരികിലെ ബുദ്ധ പഗോഡയും സന്ദർശിച്ചു. അവസാനം പ്രധാന പോയിൻറായ േഫ്ലാട്ടിങ് മാർക്കറ്റിലെത്തി.
വള്ളങ്ങളും അതിലെ ടൂറിസ്റ്റുകളും കച്ചവടക്കാരും എല്ലാംകൂടി ആകെ ബഹളമയം. അതിനോട് ചേർന്ന് തന്നെ ഭക്ഷണ ശാലകളും ഒരുക്കിയിട്ടുണ്ട്. ബോട്ടിൽ നിന്നിറങ്ങി ഒന്ന് ചുറ്റിക്കറങ്ങി. അവസാനം കയറിയ സ്ഥലത്ത് ബോട്ടിൽ എത്തിച്ചേർന്നപ്പോൾ രണ്ട് മണിക്കൂർ പിന്നിട്ടിരുന്നു. നല്ല ഒരനുഭവമായിരുന്നു ആ ഒഴുകും ഗ്രാമം സമ്മാനിച്ചത്.
തിരിച്ച് കാറിൽ കയറി. 100 കിലോമീറ്റർ ദൂരമുണ്ട് ബാങ്കോക്ക് സിറ്റിയിലേക്ക്. ഇത്രയും ദൂരം വന്നിട്ട് ഇവൻ എന്നോട് വെറും 200 ബാത്ത് ആണോ അതോ ഡോളർ ആണോ ചോദിച്ചത്? മനസ്സിൽ സന്ദേഹമുണർന്നു. ഡോളറാണെങ്കിൽ പണിപാളി.
കൈയിൽ കാശൊക്കെ തീർന്നിരിക്കുന്നു. എെൻറ നിസ്സഹായാവസ്ഥ അവനെ ധരിപ്പിക്കാനൊരുങ്ങി. യാത്ര തുടങ്ങിയിട്ട് കുറച്ചു ദിവസമായെന്നും മറ്റും ബോധിപ്പിച്ചു. എല്ലാം അവൻ കേട്ടിരുന്നു.
ബാങ്കോക്കിലെത്തിയ ഉടനെ പഴ്സിെൻറ ദയനീയാവസ്ഥ അവനെ കാണിച്ച് കൊടുത്തു. വെറും 300 ബാത്ത് കൈയിൽ കൊടുത്ത് കൺമിഴിച്ചുനിന്നു.
എന്തോ, അവൻ കൂടുതലൊന്നും പറഞ്ഞില്ല!! പെട്ടെന്ന് തന്നെ അവനോട് യാത്രയും പറഞ്ഞ് കൺമുമ്പിൽ കണ്ട 41ാം നമ്പർ ബസിൽ കയറി ബാങ്കോക്ക് എയർപോർട്ട് ലക്ഷ്യമാക്കി നീങ്ങി.
(അവസാനിച്ചു)
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.