കരകയറാതെ വയനാട്ടിലെ വിനോദസഞ്ചാര മേഖല; തെറ്റായ പ്രചാരണങ്ങൾ സഞ്ചാരികളെ പിന്നോട്ടടിപ്പിക്കുന്നു
text_fieldsവൈത്തിരി: മുണ്ടക്കൈ ദുരന്തത്തിനുശേഷം വയനാട്ടിലെ വിനോദസഞ്ചാര മേഖല കടുത്ത പ്രതിസന്ധിയിൽ. ജൂലൈ അവസാനമുണ്ടായ ദുരന്തത്തിനുശേഷം ജില്ലയിലേക്കുള്ള സഞ്ചാരികളുടെ വരവ് പാടേ നിലച്ച അവസ്ഥയിലാണ്.
ടൂറിസത്തെ ആശ്രയിച്ചു കഴിയുന്ന ആയിരക്കണക്കിന് കുടുംബങ്ങളാണ് ഇതുകാരണം ദുരിതത്തിലായത്. ജില്ലയിലെ ഹോട്ടലുകളും റിസോർട്ടുകളും ഹോംസ്റ്റേകളും മിക്കതും അടഞ്ഞുകിടക്കുകയാണ്. ഇതോടെ ഇത്തരം സ്ഥാപനങ്ങളിൽ ജോലി ചെയ്യുന്നവർക്ക് തൊഴിലില്ലാതായി. ബാങ്ക് ലോണെടുത്തും മറ്റും കോടിക്കണക്കിനു രൂപ നിക്ഷേപിച്ച് സംരംഭങ്ങൾ തുടങ്ങിയവരും പ്രതിസന്ധിയിലാണ്.
ജില്ലയിലെ ഏതാനും വിനോദസഞ്ചാര കേന്ദ്രങ്ങൾ കലക്ടറുടെ ഉത്തരവിനെ തുടർന്ന് തുറന്നുവെങ്കിലും സന്ദർശകരില്ലാത്ത അവസ്ഥയാണ്. ആളില്ലാത്തതുമൂലം പലതും നേരത്തേതന്നെ അടക്കുന്നുമുണ്ട്. ഇക്കോ ടൂറിസ്റ്റ് കേന്ദ്രങ്ങൾ അടച്ചുപൂട്ടിയിട്ടു മാസങ്ങളായി. ദുരന്തത്തെ തുടർന്ന് എല്ലാ വിനോദസഞ്ചാര കേന്ദ്രങ്ങളും അടച്ചിരുന്നു. ഇതിൽ ആറെണ്ണം മാത്രമാണ് കഴിഞ്ഞ ദിവസം തുറന്നത്.
വിനോദസഞ്ചാര വകുപ്പിന്റെ കണക്കുപ്രകാരം 2022ൽ കേരളം സന്ദർശിച്ചത് 1.88 കോടി സഞ്ചാരികളായിരുന്നെങ്കിൽ, 2023ൽ അത് 2.18 കോടിയിലെത്തി. ഒറ്റവർഷംകൊണ്ട് 15.92 ശതമാനത്തിന്റെ ഗണ്യമായ വളർച്ചയുണ്ടായിടത്തുനിന്നാണ് നിലവിൽ ടൂറിസം മേഖല കൂപ്പുകുത്തുന്നത്.
വയനാട്ടിലെ ദുരന്തത്തിനുശേഷം ആഭ്യന്തര, വിദേശ സഞ്ചാരികളുടെ ബുക്കിങ്ങിൽ ഗണ്യമായ കുറവുണ്ടായെന്ന് വയനാട്ടിലും മൂന്നാറിലും അടക്കം പ്രവർത്തിക്കുന്ന ഹോട്ടൽ ശൃംഖലയുടെ എം.ഡി സുധീഷ് നായർ പറഞ്ഞു. സംസ്ഥാനത്ത് മുൻകൂട്ടി ബുക്ക് ചെയ്ത 70 ശതമാനം ബുക്കിങ്ങുകളും റദ്ദായി. പുതിയ ബുക്കിങ്ങുകൾ ഇല്ല. വയനാട്ടിലാണെങ്കിൽ 90 ശതമാനം ബുക്കിങ്ങുകളും റദ്ദായി -അദ്ദേഹം പറഞ്ഞു.
ചൂരൽമലയിലും മുണ്ടക്കൈയിലും മൂന്ന് വാർഡുകളിൽ മാത്രമുണ്ടായ ദുരന്തത്തെ ഒരു ജില്ലയെ മൊത്തം തകർക്കുംവിധമാണ് പ്രചരിപ്പിക്കപ്പെട്ടത്. എപ്പോഴും പ്രകൃതിദുരന്തമുണ്ടാകുന്ന സ്ഥലമെന്ന തരത്തിൽ നടക്കുന്ന പ്രചാരണങ്ങളാണ് സഞ്ചാരികളെ പിന്നോട്ടടിപ്പിക്കുന്നത്. ഇതോടൊപ്പം ഭൂമിക്കടിയിലെ പ്രകമ്പനം ഭൂകമ്പമാക്കി ചില മാധ്യമങ്ങൾ പേടിപ്പെടുത്തുംവിധം വാർത്ത നൽകിയതും തിരിച്ചടിയായി. പ്രകമ്പനം നാലു ജില്ലകളിൽ ഉണ്ടായെങ്കിലും വയനാട് ജില്ലയെ മാത്രം കേന്ദ്രീകരിച്ചാണ് വാർത്ത പരന്നത്. ജില്ലയിലേക്ക് വരുന്ന സഞ്ചാരികളെയും ടൂറിസ്റ്റ് ബസുകളെയും ചുരത്തിനു താഴെ തടയുന്നു എന്നായിരുന്നു മറ്റൊരു പ്രചാരണം.
ഗൾഫിലെ അവധിയിൽ പ്രവാസികൾ കൂട്ടമായെത്തുന്നത് ജൂലൈ, ആഗസ്റ്റ് മാസങ്ങളിലാണ്. കഴിഞ്ഞ വർഷം ഏകദേശം അയ്യായിരത്തിലധികം സഞ്ചാരികളാണ് പശ്ചിമേഷ്യയിൽനിന്ന് കേരളം കാണാനെത്തിയതെന്ന് മലബാർ ടൂറിസം കൗൺസിൽ പ്രസിഡന്റ് സജീർ പാടിക്കൽ പറഞ്ഞു. കർക്കടക ചികിത്സ ഉൾപ്പെടെയുള്ള കാര്യങ്ങൾക്ക് എത്തുന്ന സഞ്ചാരികൾ വയനാട്, മൂന്നാർ ഉൾപ്പെടെയുള്ള വിനോദകേന്ദ്രങ്ങൾ സഞ്ചരിച്ചാണ് മടങ്ങുന്നത്. എന്നാൽ, ഇത്തവണ ബുക്കിങ്ങുകൾ റദ്ദാക്കുകയാണ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.