മഞ്ഞുപുതച്ച അൽമാട്ടിയിലേക്ക്
text_fieldsകസാഖ്സ്താൻ. മധ്യേഷ്യയിൽ സ്ഥിതിചെയ്യുന്ന ലോകത്തിലെ ഒമ്പതാമത്തെ ഏറ്റവും വലിയ രാജ്യം. മക്കളുടെ ഏറെ നാളത്തെ ഒരു ആഗ്രഹമായിരുന്നു ഒരു മഞ്ഞുകാല യാത്ര. ഒടുവിൽ ലക്ഷ്യമായി അൽമാട്ടി തിരഞ്ഞെടുത്തു. കസാഖ്സ്താനിലെ സാംസ്കാരിക വാണിജ്യ കേന്ദ്രവും ഏറ്റവും വലിയ നഗരവുമാണ് പഴയ തലസ്ഥാനമായ അൽമാട്ടി.
വിസ ഇല്ലാതെ േപാകാം
എന്തുകൊണ്ട് അൽമാട്ടി? ഇന്ത്യക്കാർക്ക് വിസയില്ലാതെ എത്തിച്ചേരാൻ പറ്റുന്ന രാജ്യം. ഒരു മഞ്ഞുകാല യാത്രയാകുമ്പോൾ മധ്യേഷ്യയിലെ തന്നെ ഏറ്റവും വലിയ സ്കീ റിസോർട്ട് ആയ ഷിംബുലാക്കിൽ സന്ദർശനം. പിന്നെ ഇവിടെയാണ് മാരിയ (ഭാര്യയുടെ അമ്മാവന്റെ മകൾ) പഠിക്കുന്നത്. ഒരു പുതിയ രാജ്യത്തേക്ക് യാത്രയാകുമ്പോൾ സന്ദർശിക്കേണ്ട സ്ഥലങ്ങൾ, ട്രാൻസ്പോർട്ടേഷൻ സംവിധാനങ്ങൾ, താമസം തുടങ്ങി ഒട്ടേറെ കാര്യങ്ങളെക്കുറിച്ച് ഒരു മുന്നൊരുക്കം നടത്താറുണ്ട്.
ദുബൈയിൽ നിന്നും അൽമാട്ടി എയർപോർട്ടിൽ എത്തിച്ചേർന്നു. എയർപോർട്ടിലെ നടപടിക്രമങ്ങൾ വളരെ വേഗത്തിൽ പൂർത്തിയായി പുറത്തിറങ്ങി. സമയം രാവിലെ അഞ്ചുമണി കഴിഞ്ഞിട്ടേയുള്ളൂ. തണുപ്പുകാലമായതിനാൽ സൂര്യോദയത്തിന് എട്ടുമണിയാകും. അൽമാട്ടിയിൽ നേരത്തെ ബുക്ക് ചെയ്ത ഹോട്ടൽ അപ്പാർട്ട്മെന്റിലേക്ക് ടാക്സി ബുക്ക് ചെയ്തു. പ്രഭാതത്തിലെ അസഹ്യമായ തണുപ്പിൽ നിന്നും കാറിനുള്ളിലെ ഹീറ്റർ അൽപം ശമനം നൽകി. മരങ്ങൾ നിറഞ്ഞ തെരുവുകൾ. പർവതങ്ങളുടെ പശ്ചാത്തലത്തിലുള്ള പാർക്കുകൾ, തോട്ടങ്ങൾ തുടങ്ങി എങ്ങും പച്ചപുതച്ച അൽമാട്ടി എല്ലാ ദിവസവും പ്രകൃതിയുടെ നല്ല പ്രഭാതങ്ങളെ സമ്മാനിക്കുന്നു.
ഇലപൊഴിഞ്ഞ വഴിത്താരകൾ
യൂറോപ്പിന് സമാനമായ കാലാവസ്ഥയാണ് ഇവിടെ. റഷ്യൻ ഭരണകാലത്തെ യൂറോപ്യൻ മാതൃകയിലുള്ള കെട്ടിടങ്ങളും പ്രകൃതി സൗന്ദര്യവും മഞ്ഞുമൂടിയ മലനിരകളും എല്ലാം ഓരോ സഞ്ചാരിയുടെയും മനംകവരും. മഞ്ഞുകാലമായതിനാൽ ഇലകൾ പൊഴിഞ്ഞ് ശിഖിരങ്ങളെല്ലാം മഞ്ഞിൽ പൊതിഞ്ഞാണ് മരങ്ങളുടെ നിൽപ്. റോഡിനിരുവശവും രാത്രി പെയ്ത മഞ്ഞുവീഴ്ചയാൽ ഐസ് കൂടിക്കിടക്കുന്നു. റഷ്യൻ ഭരണകാലത്തെ പഴയ നിർമിതികളെ സംരക്ഷിച്ചുകൊണ്ടുതന്നെ നഗരത്തിൽ നിന്ന് അൽപം മാറി ആധുനിക രീതിയിലുള്ള മികച്ച സൗകര്യങ്ങളോടുകൂടിയ കെട്ടിടങ്ങളും നിർമിച്ചതായി കാണാം.
ഷിംബുലാക്ക്
ഇന്നത്തെ യാത്ര ഷിംബുലാക്കിലേക്കാണ്. അൽമാട്ടി നഗരത്തിൽനിന്ന് അൽപം സഞ്ചരിച്ചാൽ മധ്യേഷ്യയിലെ ഏറ്റവും വലുതും ആധുനിക സൗകര്യങ്ങളോടെയുമുള്ള സ്കീ റിസോർട്ട് ആയ ഷിംബുലാക്കിൽ എത്തിച്ചേരാം. അലതാവു പർവതനിരയിൽ മെഡ്യൂ താഴ്വരയുടെ മുകൾഭാഗത്തായി സമുദ്രനിരപ്പിൽ നിന്നും 7200 അടി ഉയരത്തിലാണ് ഈ മഞ്ഞുപർവതം.
ലോകത്തിലെ ഏറ്റവും ഉയരം കൂടിയ സ്ഥലത്ത് സ്ഥിതി ചെയ്യുന്ന ഐസ് സ്കേറ്റിങ് റിങ്കായ മെഡ്യൂ സ്പോർട്സ് കോംപ്ലക്സ് ഇവിടെയാണ്. സ്പോർട്സ് കോംപ്ലക്സിന് തൊട്ടടുത്തുനിന്നും കേബിൾ കാർ വഴി മൂന്നു തട്ടുകളിലായി ക്രമീകരിച്ച പർവതത്തിൽ എത്തിച്ചേരാം. ഷിംബുലാക്കിൽനിന്നും മടങ്ങിയത് നേരെ സെൻട്രൽ സ്റ്റേറ്റ് മ്യൂസിയം ഓഫ് ദി റിപ്പബ്ലിക് ഓഫ് കസാഖ്സ്താനിലേക്കായിരുന്നു. ഓരോ രാജ്യത്ത് യാത്ര ചെയ്യുമ്പോഴും മ്യൂസിയങ്ങൾ സന്ദർശിക്കാൻ ശ്രമിക്കാറുണ്ട്. കസാഖ്സ്താന്റെ ചരിത്രം, പുരാവസ്തു ശാസ്ത്രം, ആധുനിക സംസ്കാരം, രാഷ്ട്രീയം തുടങ്ങി ഏറെ പഠിക്കാനും മനസ്സിലാക്കാനുമുണ്ട് അൽമാട്ടിയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിൽ ഒന്നായ ഇവിടെ.
യാർട്ട് എന്ന കൂടാരങ്ങളിൽ താമസിക്കുകയും നാടോടികളായി ജീവിക്കുകയും ചെയ്ത ഒരു ജനസമൂഹം വ്യത്യസ്ത കാലഘട്ടങ്ങളിലെ സംസ്കാരങ്ങളെയും അവർ ജീവിച്ച സാഹചര്യങ്ങളെയും മനസ്സിലാക്കി കസാഖ്സ്താന്റെ ചരിത്രത്തിലൂടെ മ്യൂസിയം നമ്മെ കൊണ്ടുപോകുന്നു. കസാഖ്സ്താനിലെ വ്യത്യസ്ത യൂനിവേഴ്സിറ്റികളിൽ ഉപരിപഠനത്തിനായി പല രാജ്യങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾ എത്തുന്നുണ്ട്. ഇന്ത്യയിൽ നിന്നും മെഡിക്കൽ വിദ്യാഭ്യാസത്തിനാണ് കൂടുതലായും വിദ്യാർഥികൾ എത്തുന്നത്. യാത്രയിൽ രണ്ട് സർവകലാശാലകൾ സന്ദർശിക്കാൻ അവസരമുണ്ടായി.
അൽമാട്ടിയിലെ മലയാളി ടച്ച്
ഇന്ന് അൽമാട്ടിയിലെ അവസാന ദിവസമാണ്. ഉച്ചയോടെ അപ്പാർട്ട്മെന്റിൽ നിന്നും ചെക്ക് ഔട്ട് ചെയ്ത് നേരെ മാരിയയുടെ ഹോസ്റ്റലിലേക്ക്. മാരിയയുടെ ഹോസ്റ്റലിനും പറയാൻ ഒരു കഥയുണ്ട്. കേരളത്തിലും ഗൾഫ് നാടുകളിലും ബിസിനസ് നടത്തുന്ന അഷ്റഫ്ക്ക എന്ന വ്യക്തി മൂത്തമകളെ മെഡിസിൻ പഠിക്കാൻ അൽമാട്ടിയിലേക്ക് അയക്കുന്നു. മകൾ താമസിക്കുന്ന ഹോസ്റ്റലിലെ സൗകര്യങ്ങളിൽ സംതൃപ്തനാവാതെ സ്വന്തമായി ചെറിയ രീതിയിൽ ഒരു ഹോസ്റ്റൽ തുടങ്ങുകയും കേരളത്തിൽ നിന്നും മറ്റു സംസ്ഥാനങ്ങളിൽ നിന്നുമുള്ള വിദ്യാർഥികൾക്ക് അഡ്മിഷൻ നൽകുകയും ചെയ്യുന്നു. പിന്നീട് ഹോസ്റ്റൽ കൂടുതൽ സൗകര്യങ്ങളോടെയുള്ള ഇപ്പോഴത്തെ കെട്ടിടത്തിലേക്ക് മാറ്റുന്നു. കൂടെ ഭാര്യയും ഇളയ മകളുമുണ്ട്. പിന്നീട് ഗ്രൗണ്ട് ഫ്ലോറിൽ ഇന്ത്യൻ വിഭവങ്ങളുമായി ഒരു കാന്റീൻ തുടങ്ങുന്നു. ഇവിടെയാണ് വിദ്യാർഥികൾക്കുള്ള ഭക്ഷണം ഒരുക്കുന്നത്.
കേരളത്തനിമയുള്ളതും നോർത്ത് ഇന്ത്യയിൽ നിന്നുമുള്ള വ്യത്യസ്ത വിഭവങ്ങൾ ഇവിടെ ലഭ്യമാണ്. ഭക്ഷണത്തിന്റെ ചുക്കാൻ പിടിക്കുന്നത് അരീക്കോട് നിന്നുള്ള സഫിയത്തയാണ്. ഹോസ്റ്റലിന്റെ പുറത്ത് താമസിക്കുന്ന മറ്റു ഇന്ത്യൻ വിദ്യാർഥികൾ പലപ്പോഴായി ഇവിടെ വന്ന് ഭക്ഷണം കഴിക്കുന്നു. ഇവിടത്തെ ഭക്ഷണവും താമസവും അഷ്റഫ്ക്കയുടെയും കുടുംബത്തിന്റെയും കൈകളിൽ ഭദ്രം. അൽമാട്ടിയെക്കുറിച്ചും അൽമാട്ടിയിൽ ജീവിക്കുന്ന മലയാളികളെക്കുറിച്ചും അഷ്റഫ്ക്ക വാചാലനായി.വളരെ കുറച്ചു മലയാളികൾ. പലരും പഠിക്കാൻ വന്ന് പിന്നീട് ഇവിടെ തുടർന്നവർ.
ഹോസ്റ്റലിൽ നിന്നും ഭക്ഷണം കഴിച്ചു പുറത്തിറങ്ങി. നേരെ പോയത് അസാൻഷ്യൻ കത്തീഡ്രലിലേക്കായിരുന്നു. 1907ൽ പണികഴിപ്പിച്ച കത്തീഡ്രൽ പൂർണമായും മരത്തടി കൊണ്ടാണ് നിർമിച്ചിരിക്കുന്നത്. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ രണ്ടാമത്തെ മരം കൊണ്ട് നിർമിച്ച ചർച്ചാണിത്. തൊട്ടടുത്ത ഗ്രീൻ ബസാറിൽനിന്ന് ചെറിയ ഷോപ്പിങ്ങും കഴിഞ്ഞ് നേരെ മാരിയയുടെ ഹോസ്റ്റലിലേക്ക്. രാത്രി ഭക്ഷണം കഴിഞ്ഞ് എല്ലാവരോടും യാത്ര പറഞ്ഞു. ഇനി നേരെ എയർപോർട്ടിലേക്ക്.
റഷ്യൻ സംഗീതത്തിന്റെ താളത്തിനൊത്ത് വളയം പിടിക്കുന്ന ഡ്രൈവർ. മക്കൾ പിൻസീറ്റിലിരുന്ന് അൽമാട്ടിയുടെ അവസാന കാഴ്ചകൾ ആസ്വദിക്കുന്നു. അതിശൈത്യംകാരണം വിജനമായ തെരുവുകൾ. പുറത്ത് നല്ല മഞ്ഞുവീഴ്ചയുണ്ട്. റസ്റ്റാറന്റുകളിലും കഫേകളിലും ആളുകൾ നന്നേ കുറവാണ്. അരമണിക്കൂർ യാത്ര കഴിഞ്ഞ് വാഹനം എയർപോർട്ടിൽ എത്തി. ഡ്രൈവർ പുറത്തിറങ്ങി ബാഗേജ് എടുക്കാൻ സഹായിച്ചു. താങ്കളുടെ രാജ്യം മനോഹരമാണെന്നും ഇവിടത്തെ ജനങ്ങൾ ആതിഥ്യമര്യാദയുള്ളവരാണെന്നും പറഞ്ഞപ്പോൾ അയാൾക്ക് സന്തോഷമായി. ഇനിയും ഒരു വേനൽക്കാല സന്ദർശനത്തിന് കാണാൻ ഒട്ടേറെ കാഴ്ചകൾ ബാക്കിയാക്കി ആ നല്ല നഗരത്തോട് യാത്രപറഞ്ഞ് ദുബൈയിലേക്ക് യാത്രതിരിച്ചു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.