വിശക്കുന്ന സാംബിയ
text_fieldsഎസ്.കെ. പൊറ്റെക്കാട്ടിന്റെ രചനകളിലൂടെ മാത്രം വായിച്ചറിഞ്ഞ, റൊഡേഷ്യയുടെ ഭാഗമായിരുന്ന പ്രദേശം.1964ൽ സാംബിയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു
എയർപോർട്ടിനു പുറത്ത് ഡ്രൈവർ ബ്വാണ്ടോ കാത്തിരിപ്പുണ്ടായിരുന്നു. ഷാനി, ‘മൂലി ബ്വാൻജി?’ (ഹലോ, എന്തൊക്കെയുണ്ട് വിശേഷം) എന്ന അദ്ദേഹത്തിന്റെ ചോദ്യത്തിന് ‘ണ്ഡിലി ബ്വിനോ, സികോമോ’ (എനിക്ക് സുഖമായിരിക്കുന്നു, നന്ദി) എന്ന് മറുപടിയായി പറഞ്ഞു. പുതിയ സ്ഥലങ്ങൾ തേടിപ്പോകുന്നതിനൊപ്പം അത്യാവശ്യം ഉപകരിക്കുമെന്ന് തോന്നുന്ന ചില വാക്കുകൾ പഠിച്ചുവെക്കുന്ന ശീലം നന്നേ പ്രയോജനപ്പെട്ടുവെന്ന് പറയാം. ദക്ഷിണാഫ്രിക്കൻ രാജ്യങ്ങളിലെ ഏകദേശം ഒന്നര കോടിയോളം വരുന്ന ജനവിഭാഗം സംസാരിക്കുന്ന നിയാൻജ ഭാഷയിലാണ് (ചേവാ എന്നും അറിയപ്പെടുന്നു) അദ്ദേഹം സംസാരിച്ചത്.
സംബേസി, സാംബിയ
‘വിശപ്പുരഹിത ലോകം’ എന്ന പദ്ധതിയുടെ ആവശ്യാർഥമാണ് ദുബൈയിൽനിന്ന് മധ്യ-ദക്ഷിണാഫ്രിക്കൻ രാജ്യമായ സാംബിയയിൽ എത്തിയത്. ഈ പദ്ധതി അന്താരാഷ്ട്രതലത്തിൽ ആദ്യമായി ആരംഭിക്കുന്നത് സാംബിയയിലാണ്. എസ്.കെ. പൊറ്റെക്കാട്ടിന്റെ രചനകളിലൂടെ മാത്രം വായിച്ചറിഞ്ഞ, ബ്രിട്ടീഷ് സാമ്രാജ്യമായ റൊഡേഷ്യയുടെ ഭാഗമായിരുന്ന പ്രദേശം. 1964ൽ സ്വാതന്ത്ര്യം ലഭിച്ചതോടെ സാംബിയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു. എട്ട് രാജ്യങ്ങളുമായി ഭൂ അതിർത്തി പങ്കിടുന്ന ഈ രാജ്യത്തിന് ആഫ്രിക്കയിലെ നാലാമത്തെ വലിയ നദിയായ സംബേസിയിൽനിന്നാണ് സാംബിയ എന്ന പേര് ലഭിച്ചത്.
ചെമ്പ് ഖനനവും അതിന്റെ കയറ്റുമതിയുമാണ് സർക്കാറിന്റെ മുഖ്യ വരുമാനമാർഗം. അതിനാൽ, സമ്പദ് വ്യവസ്ഥ ചെമ്പ് വിലയെ വളരെയധികം ആശ്രയിച്ചിരിക്കുന്നു. ഏകദേശം രണ്ടു കോടി ജനങ്ങൾ ഈ പ്രദേശത്ത് താമസമുണ്ട്. ഭൂരിഭാഗം സാംബിയക്കാരും നൈജർ-കോംഗോ ഭാഷാ കുടുംബത്തിലെ ബന്ധു ഭാഷകൾ സംസാരിക്കുന്നു. 2021ലെ കണക്കനുസരിച്ച് 35,000 ഇന്ത്യൻ വംശജരും ഇവിടെയുണ്ട്. അതിൽ നല്ലൊരു ശതമാനവും വടക്കെ ഇന്ത്യക്കാരാണ്. മിക്കവരുടെയും പിതാമഹന്മാർ 1920കളിലും 1930കളിലും കുടിയേറിയവർ.
മരങ്ങളില്ലാത്ത കാട്
എയർപോർട്ട് അതിർത്തി കടന്ന് അൽപം മുന്നോട്ട് പോയപ്പോഴേക്കും ‘tamil cultural centre’ ( തമിഴ് സാംസ്കാരിക കേന്ദ്രം) ബോർഡ് കണ്ടു. എസ്.കെ റൊഡേഷ്യയിൽ കണ്ട ഇന്ത്യക്കാരെപ്പറ്റി സംസാരിക്കുന്നത് കേട്ടിട്ടുള്ളതുകൊണ്ട് അതിൽ അത്ഭുതമൊന്നും തോന്നിയില്ല. എയർപോർട്ടിൽ നിന്നും ഏകദേശം 15 കിലോമീറ്റർ സഞ്ചരിച്ചപ്പോൾ ലുസാക്ക നഗരത്തിലേക്ക് പ്രവേശിച്ചു. സാംബിയയുടെ 60 ശതമാനവും കാടുകളാണെങ്കിലും, വഴിയിൽ വളരെ കുറച്ചു മരങ്ങൾ മാത്രം കാണാം. ഇരുവശങ്ങളിലും ഒന്നും ചെയ്യാതെ വെറുതെ ഇരിക്കുന്ന കുറെ പേർ, വാഹനം നിർത്തുമ്പോഴേക്കും ഓടിവന്ന് കച്ചവട സാധനങ്ങൾ വിൽക്കുന്നവർ. ചുക്കിച്ചുളിഞ്ഞ വസ്ത്രങ്ങൾ, കളിപ്പാട്ടങ്ങൾ, പാദരക്ഷകൾ, ഭക്ഷണം തുടങ്ങി ഒട്ടുമിക്ക സാധനങ്ങളും അവിടെ വിൽപനക്കുണ്ട്. പഴയ വസ്ത്രം കൊണ്ട് ഒരു പിഞ്ചു കുഞ്ഞിനെ തന്റെ പിറകിൽ കെട്ടിവെച്ച്, ചെറിയ പാക്കറ്റുകളിലായുള്ള വെള്ളം തലയിൽവെച്ച് വിൽക്കുന്ന ഒരു അമ്മയെ കണ്ടത് ഏറെ വേദനിപ്പിച്ചു.
സാംബിയയിൽ സഹായിക്കാമെന്നേറ്റിരുന്ന യാസിറിനെ പിറ്റേന്ന് രാവിലെ കണ്ടു. ഗുജറാത്തിലെ ബറൂച് സ്വദേശിയായിരുന്ന യാസിറിന്റെ പിതാമഹൻ 1930കളിൽ സാംബിയയിലേക്ക് കുടിയേറിയ ആളാണ്. സാംബിയൻ പൗരനായ യാസിർ ഭംഗിയായി നിയാജ്ഞ ഭാഷയും ഇംഗ്ലീഷും ഗുജറാത്തിയും കൈകാര്യം ചെയ്യും. പിതാവ് കെട്ടിപ്പടുത്ത വലിയ ബിസിനസ് സാമ്രാജ്യത്തിന്റെ അധിപനാണിപ്പോൾ യാസിർ. ഞങ്ങൾ നേരെ പോയത് അദ്ദേഹത്തിന്റെ സുഹൃത്തും ചാർട്ടേഡ് അക്കൗണ്ടന്റുമായ അഷ്റഫിനടുത്തേക്കാണ്. അഷ്റഫിന്റെ വേരുകളും ഗുജറാത്തിലാണ്.
ലുസാക്ക
അഷ്റഫിന്റെ ക്ഷണം സ്വീകരിച്ച് രാത്രിഭക്ഷണം അദ്ദേഹത്തിന്റെയും കൂട്ടുകാരുടെയും കൂടെയായിരുന്നു. സാംബിയയിൽ ഇന്ത്യക്കാരുടെ അവസ്ഥ എന്താണെന്നു ചോദിച്ചപ്പോൾ, നികുതി കൊടുക്കുന്നവരിൽ ഭൂരിഭാഗവും ഇന്ത്യക്കാരാണെന്നായിരുന്നു മറുപടി. അതായത് സാംബിയയിലെ പല കമ്പനികളും ഇന്ത്യക്കാരുടെ ഉടമസ്ഥതയിൽ ഉള്ളതാണ്. രാജ്യത്തെ പ്രധാന ബാങ്കായ ഇന്തോ-സാംബിയ ബാങ്കിന്റെ 60 ശതമാനം ഓഹരിയും ഇന്ത്യക്കാണ്. കഴിഞ്ഞ സർക്കാറിന്റെ കാലത്ത് രണ്ട് ഇന്ത്യക്കാർ അവിടെ മന്ത്രിമാരായിരുന്നു.
രാജ്യ തലസ്ഥാനമായിരുന്നിട്ടും ലുസാക്ക വളരെ ശാന്തമാണെന്ന് ഞാൻ അഭിപ്രായപ്പെട്ടപ്പോൾ, ജനങ്ങൾക്ക് പണത്തിനേക്കാളും പ്രാധാന്യം മനസ്സമാധാനമാണെന്നാണ് അഷ്റഫ് പറഞ്ഞു. ഒന്ന് നടക്കാമെന്ന ഉദ്ദേശ്യത്തോടെ ഞാൻ ഹോട്ടലിന് പുറത്തേക്കിറങ്ങി. കുറച്ചു വാഹനങ്ങൾ ഇരു ദിശയിലും സഞ്ചരിക്കുന്നതൊഴിച്ചാൽ റോഡാകെ ശാന്തം. ഹോട്ടലിനു തൊട്ടു താഴെയുള്ള പിസ്സ ഷോപ് ഒഴികെ കാണാൻപറ്റുന്ന ദൂരത്തുള്ള കടകൾ എല്ലാം അടഞ്ഞുകിടക്കുന്നു. സമയം രാത്രി ഏഴുമണിയേ ആയിട്ടുണ്ടായിരുന്നുള്ളൂ.
ഒരിക്കലും ഉറങ്ങാത്ത ദുബൈ നഗരത്തിൽനിന്നു വന്ന എനിക്കുണ്ടായ ആശ്ചര്യം ഇരുപതുകാരൻ ജോസഫിനോട് (ഹോട്ടൽ സെക്യൂരിറ്റി) പ്രകടിപ്പിച്ചു. നിശാ ക്ലബുകളിലും മാളുകളിലും പോകുന്നവരൊഴിച്ച് മറ്റെല്ലാ സാംബിയക്കാരും രാത്രി 10 മണിക്കുള്ളിൽ കിടന്നുറങ്ങുന്നവരാണെന്നും രാത്രിയായാൽ മയക്കുമരുന്ന് കച്ചവടക്കാരും മറ്റു സാമൂഹിക ദ്രോഹികളും നിരത്തുകൾ കൈയടക്കുന്നതുകൊണ്ട് ഈ സമയം നടക്കാൻ പോകുന്നത് അത്ര പന്തിയല്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ചോദ്യങ്ങളുടെ നാട്
അടുത്ത ദിവസം രാവിലെ പോയത് നഗരത്തിൽതന്നെയുള്ള ജോൺ ലൈങ് പ്രൈമറി സ്കൂളിലേക്കാണ്. സാംബിയയുടെ വിദ്യാഭ്യാസ വകുപ്പിലെ ആരോഗ്യ വിഭാഗം ഡയറക്ടറും അവരുടെ അസിസ്റ്റന്റും അടിസ്ഥാന സൗകര്യ വികസന വകുപ്പിലെ ഓഫിസറുമാണ് കൂടെ ഉണ്ടായിരുന്നത്. ലുസാക്കയിൽനിന്ന് സിംബാബ്വെയിലേക്ക് പോകുന്ന റോഡിൽ വലത്തോട്ട് തിരിഞ്ഞാൽ വലിയൊരു പ്രദേശമായ ജോൺ ലൈങ് കോമ്പൗണ്ട് എത്തും. ഇടുങ്ങിയ ടാറിടാത്ത കുണ്ടും കുഴികളും ഉള്ള പാത.
ടാർപോളിൻ ഷീറ്റുകൾ കൊണ്ടുണ്ടാക്കിയ കുഞ്ഞൻ വീടുകൾ. പൊട്ടിപ്പൊളിയാറായ കടകൾ, ഉന്തുവണ്ടികളിൽ പച്ചക്കറികളും മറ്റ് സാധനങ്ങളും വിൽക്കുന്നവർ. പല വീടുകൾക്കു മുന്നിലും കരിക്കട്ട കവറുകളിലാക്കി വിൽക്കാനിരിക്കുന്ന ചെറിയ കുട്ടികളെയും കാണാം. ദാരിദ്ര്യം വിളിച്ചോതുന്ന പലതരം കാഴ്ചകൾ. ആ വഴിയിൽ ഏകദേശം 300 മീറ്റർ മുന്നോട്ട് നീങ്ങിയപ്പോൾ ജോൺ ലൈങ് പ്രൈമറി സ്കൂളെത്തി. ഗേറ്റിനടുത്ത് ഡെപ്യൂട്ടി ഹെഡ് ടീച്ചർ വിയോള സിമൂങ്ങ ഞങ്ങളെ കാത്തിരിപ്പുണ്ടായിരുന്നു.
‘വിശപ്പുരഹിത ലോകം’ പദ്ധതിയെക്കുറിച്ച് വിശദമാക്കിയ ശേഷം ജോൺ ലൈങ്ങിൽ എത്രയും പെട്ടെന്ന് ഉച്ചഭക്ഷണ സംവിധാനം നടപ്പാക്കാനുള്ള ഞങ്ങളുടെ ആഗ്രഹം വെളിപ്പെടുത്തിയതും ടീച്ചർ വികാരനിർഭരയായി. ‘നമുക്ക് എത്രയുംപെട്ടെന്ന് തുടങ്ങാം. ഉച്ചഭക്ഷണ പദ്ധതി ആരംഭിച്ചാൽ ഈ വിവരം തീപ്പന്തം പോലെ അടുത്ത പ്രദേശങ്ങളിലേക്ക് പടരും. അതറിഞ്ഞ് കൂടുതൽ കുട്ടികൾ ഇങ്ങോട്ട് വരുമോയെന്നാണ് എന്റെ ഭയം. കാരണം, ഇനി അവരെക്കൂടി ഉൾക്കൊള്ളിക്കാൻ ഞങ്ങൾക്ക് സ്ഥലമില്ല.’ നിരാശയും ആവേശവും അവരുടെ വാക്കുകളിൽ നിഴലിക്കുന്നുണ്ടായിരുന്നു.
ഒരു ക്ലാസ്, 216 കുട്ടികൾ
ജപ്പാന്റെ സാമ്പത്തിക സഹായത്തോടെ 2000ത്തിലാണ് സ്കൂൾ പണിതിട്ടുള്ളത്. ജോൺ ലൈങ്, ചിബോല, കന്യാമ മകെനി എന്നീ മൂന്ന് പ്രദേശങ്ങളിലെയുമായി 4754 കുട്ടികളാണ് ഇവിടെ പഠിക്കുന്നത്; ആകെ 22 ക്ലാസ് മുറികളും. അതായത് ഒരു ക്ലാസിൽ ശരാശരി 216 കുട്ടികൾ. മതിയായ സൗകര്യമില്ലാതിരുന്നിട്ടും ഒരു വിദ്യാലയം പഠനം നിഷേധിക്കുന്നില്ല എന്നതിന്റെ ഉത്തമ ഉദാഹരണമായിരുന്നു അത്.
രാവിലെ ഏഴുമണിക്കാണ് സ്കൂൾ ആരംഭിക്കുന്നത്. വൈകീട്ട് അഞ്ചര മണിക്ക് അവസാനിക്കുന്നതിനിടെ മൂന്ന് ഷിഫ്റ്റുകളിലായി പഠനം. ഒന്ന് തിരിയാനോ സുഖമായിരുന്ന് എഴുതാനോ പറ്റാത്ത അവസ്ഥ. രണ്ട് ദശലക്ഷത്തോളം കുട്ടികൾക്ക് സർക്കാർ ഉച്ചഭക്ഷണം നൽകുന്നുണ്ടെങ്കിലും, ലുസാക്ക ജില്ലയിലെ സ്കൂളുകൾ നിലവിലെ സംവിധാനത്തിന് പുറത്താണെന്ന് ഡയറക്ടർ മലാലു പറഞ്ഞു. ജോൺ ലൈങ്ങിലെ ഉച്ചഭക്ഷണത്തിന്റെ അവസ്ഥ എന്താണെന്ന് ഞാൻ ഡെപ്യൂട്ടി ഹെഡ് വിയോളയോട് ചോദിച്ചപ്പോൾ അവർ എനിക്കുമുന്നിൽ രണ്ട് അനുഭവങ്ങളാണ് നിരത്തിയത്.
“ഒരിക്കൽ ഞാൻ വരാന്തയിലൂടെ നടക്കുമ്പോൾ ചവറ്റുകൊട്ടക്കടുത്ത് വലിച്ചെറിഞ്ഞ പഴത്തൊലി ഒരു പെൺകുട്ടി എടുക്കുന്നത് ശ്രദ്ധയിൽപെട്ടു. ആ പഴത്തൊലി അവൾ വായിലേക്കിട്ട് കഴിക്കാൻ തുടങ്ങിയതും ഞാൻ ഓടിച്ചെന്ന് അത് തുപ്പിക്കുകയും എന്റെ മുറിയിലേക്ക് കൂട്ടിക്കൊണ്ടുവരുകയും ചെയ്തു. വിശപ്പ് മൂലം ആണെന്ന് എനിക്കറിയാമായിരുന്നിട്ടും, എന്തിനാണ് അത് കഴിച്ചതെന്ന് ചോദിച്ചപ്പോൾ, ഒരു ദിവസമായി ഒന്നും കഴിച്ചില്ലെന്നായിരുന്നു അവളുടെ മറുപടി”.
‘ഒട്ടുമിക്ക ഗവൺമെന്റ് സ്കൂളുകളിലും ഒരു ഹെൽത്ത് റൂം ഉണ്ട്. പകർച്ചവ്യാധികളും ചെറിയ കുട്ടികളിൽ കണ്ടുവരുന്ന മറ്റ് അസുഖങ്ങളും വ്യാപകമായതുകൊണ്ട് ചെയ്യാൻ പറ്റുന്ന ചികിത്സകളെല്ലാം സ്കൂളിൽതന്നെ ചെയ്യാൻ വേണ്ടിയാണ് ഹെൽത്ത് റൂമുകൾ സ്ഥാപിച്ചിട്ടുള്ളത്. സുഖമില്ലാതെ ഹെൽത്ത് റൂമിലേക്ക് വരുന്ന കുട്ടികളുടെ അസുഖത്തിന്റെ മൂലകാരണം മിക്കപ്പോഴും വിശപ്പായിരിക്കും.
വിശപ്പ് പ്രകടിപ്പിക്കുന്ന കുട്ടികൾക്കും അസുഖബാധിതരായ കുട്ടികൾക്കും കൊടുക്കാൻ ഇവിടെയുള്ള 58 ടീച്ചർമാരും തങ്ങളുടെ വീടുകളിൽനിന്ന് അൽപം ഭക്ഷണം കൂടുതൽ കൊണ്ടുവരാറാണ് പതിവ്.’ ടീച്ചറുടെ വാക്കുകളോട് എങ്ങനെ പ്രതികരിക്കണമെന്ന ആശങ്കയിലായി ഞാൻ. പദ്ധതി ഏറ്റവും അടുത്ത ദിവസം തന്നെ പ്രാവർത്തികമാക്കാൻ ആവശ്യമായ മറ്റു കാര്യങ്ങൾ കൂടി ചർച്ചചെയ്ത ശേഷം ഞങ്ങൾ പിരിഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.