അല്‍ ഹംറാനിയയിലുണ്ടൊരു കൊച്ചുകേരളം
text_fieldsമരുഭൂ വന്യതയിലെ പച്ചപ്പുകള്‍ക്ക് നടുവില്‍ ഉല്ലസിക്കാം. സസ്യ-ജന്തു-സമുദ്ര ശാസ്ത്രത്തിലെ കേട്ടറിവുകളെ കണ്ടറിയാം. ഇത്തിരി ദൂരം താണ്ടിയാലും സംഭവം അടിപൊളി. റാസല്‍ഖൈമയിലെ കാര്‍ഷിക പ്രദേശമായ അല്‍ ഹംറാനിയയില്‍ 'നാച്വേര്‍സ് ട്രഷേര്‍സ്' എന്ന പേരില്‍ യു.എ.ഇ പൗരൻ താരീഖ് സല്മാന് ഒരുക്കിയിട്ടുള്ളത് ഒരു ഒന്നൊന്നര വിജ്ഞാന-ഉല്ലാസ കേന്ദ്രം. ഗള്‍ഫ് ടൂറിസത്തിെൻറ തലസ്ഥാനമായി രണ്ടാമതും തെരഞ്ഞെടുക്കപ്പെട്ട റാസല്‍ഖൈമയിലെ അതുല്യമായ ഭൂപ്രദേശങ്ങളിലുള്പ്പെടുന്നതാണ് വയലോലകളുടെ ദൃശ്യഭംഗി ജനിപ്പിക്കുന്ന ഹംറാനിയ. പ്രകൃതി വിസ്മയ കൂട്ടങ്ങളുടെ ചിട്ടവട്ടങ്ങളോടെയുള്ള ക്രമീകരണത്തിന് പുറമെ ഒന്നര മുതല്‍ മൂന്ന് മീറ്റര്‍ വരെ ഉയരത്തിലും രണ്ട് കിലോ മീറ്ററോളം ദൈര്‍ഘ്യത്തിലും സ്ഥാപിച്ച നടപ്പാലവും ഈ കേന്ദ്രത്തിലെ മുഖ്യ ആകര്‍ഷണീയതയാണ്. പുതുമ നിറഞ്ഞ വിനോദ കേന്ദ്രം തെരയുന്നവരുടെ മനം നിറക്കുന്ന ഈ സംസ്കാര സംഭരണി മലയാളികള്‍ക്ക് ഗൃഹാതുരുത്വം സമ്മാനിക്കുന്നു.
ഇന്ത്യയുള്‍പ്പെടെ 50ലേറെ രാഷ്ട്രങ്ങള്‍ സന്ദര്‍ശിച്ചിട്ടുണ്ട് നാച്വറല്‍ ട്രഷേര്‍സ് ഉടമ താരീഖ് സല്മാന്. യാത്രകളില്‍ ശേഖരിച്ചവയാണ് തെൻറ മ്യൂസിയത്തില്‍ ക്രമീകരിച്ചിരിക്കുന്നവയില് 90 ശതമാനമെന്നും താരീഖ് 'ഗള്‍ഫ് മാധ്യമ'ത്തോട് പറഞ്ഞു. ഇത്തിസലാത്തില്‍ ഉദ്യോഗസ്ഥനായിരുന്ന ഇദ്ദേഹം 2018ലാണ് കേന്ദ്രം സ്ഥാപിച്ചത്. ഇപ്പോള്‍ ഒഴിവു ദിനങ്ങളില്‍ കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി കരകൗശല നിര്‍മാണ പരിശീലന ക്യാമ്പുകളും കൃഷി രീതികളെകുറിച്ച പരിപാടികളും സംഘടിപ്പിക്കാറുണ്ട്. നേരത്തെ ഇവിടേക്ക് പ്രവേശനം സൗജന്യമായിരുന്നു. കേന്ദ്രത്തിെൻറ പരിപാലനം ലക്ഷ്യമാക്കി നിലവില്‍ ചെറിയ ഫീസ് വാങ്ങിയാണ് സന്ദര്‍ശകരെ സ്വീകരിക്കുന്നത് -താരീഖ് വ്യക്തമാക്കി.
കടലാഴങ്ങളിലെ പവിഴ പുറ്റുകള്‍, പാറകളില്‍ നിന്ന് വേര്‍പ്പെടുത്താതെ രത്നങ്ങള്‍, ചിത്രശലഭങ്ങള്‍ തുടങ്ങി പക്ഷികൾ, മൃഗങ്ങൾ, മനുഷ്യ ശരീരം എന്നിവയുടെ പ്രവര്‍ത്തനങ്ങള്‍ വിവരിക്കുന്ന അനാട്ടമി ലാബ്, ആനകൊമ്പ് ഉൾപ്പെടെ വിവിധ മൃഗങ്ങളുടെ ഫോസിലുകള്‍, പൂര്‍വികര്‍ ഉപയോഗിച്ചിരുന്ന ഉപകരണങ്ങള്‍, ഉപ്പ് സംസ്കരണ പുര തുടങ്ങി വൈവിധ്യം നിറഞ്ഞരീതിയിലാണ് മ്യൂസിയത്തിെൻറ സജ്ജീകരണം. ഹരിതാഭമായ തോട്ടത്തിന് നടുവില്‍ സ്നേഹ പക്ഷികള്‍, ഫ്ലമിങ്ങോ, മയില്‍, വ്യത്യസ്ത ജനുസികളിലെ പ്രാവുകള്‍ തുടങ്ങിയവയുടെ കളകളാരവങ്ങളും കലമാന്‍, ഒട്ടകം, കുതിര തുടങ്ങി വിവിധ മൃഗങ്ങളുടെ സാന്നിധ്യവും ചേരുേമ്പാൾ ഒരു മൃഗശാലയില്‍ പ്രവേശിച്ച അനുഭവവും ലഭിക്കും.
കാഴ്ച്ചകളുടെ ആസ്വാദനത്തിനൊപ്പം ഉല്ലാസ തിമിര്‍പ്പ് കഴിഞ്ഞ് രാപ്പാര്‍ക്കാനും ഇവിടെ സൗകര്യമുണ്ട്. താമസം ആവശ്യമുള്ളവർ പുതപ്പും വിരിപ്പുമെല്ലാം സ്വയം കരുതണം. വീടിനോട് ചേര്‍ന്ന കുളങ്ങളെ അനുസ്മരിപ്പിക്കുന്നതാണ് രാപാര്‍ക്കാന്‍ ഒരുക്കിയിരിക്കുന്ന ടെൻറുകള്‍ക്ക് നടുവിൽ ഒരുക്കിയ അരുവി. മല്‍സ്യങ്ങളെ വളര്‍ത്തുന്നതിനൊപ്പം ചെറിയ പെഡസ്റ്റല്‍ ബോട്ടും സന്ദര്‍ശകര്‍ക്കായി സജ്ജമാക്കിയിട്ടുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.