Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
Homechevron_rightTravelchevron_rightExplorechevron_rightബഹ്റൈനിലെ ഒരു കപ്പൽ...

ബഹ്റൈനിലെ ഒരു കപ്പൽ കാഴ്ച

text_fields
bookmark_border
ബഹ്റൈനിലെ ഒരു കപ്പൽ കാഴ്ച
cancel

കപ്പൽ യാത്ര മോഹമായി കൊണ്ട് നടന്ന്, അവസാനം കപ്പൽ സന്ദർശിക്കാൻ അവസരമുണ്ടായത് ബഹ്റൈനിൽ വെച്ചാണ്. ദുബൈയിൽനിന്ന് സീസൺ സമയത്തു വന്ന ഐഡ സ്റ്റെല്ല കപ്പലിൽ ഷെഫായി ജോലി ചെയ്യുന്ന ബന്ധു ജോബിൻ പലതവണ ശ്രമിച്ചാണ് സീസൺ അവസാനിക്കാറായപ്പോൾ ആ ലക്ഷ്യം നേടിത്തന്നത്.

പോർട്ട് അനുമതിക്ക് വിൻസു സഹായത്തിന് എത്തിയത് കാര്യങ്ങൾ എളുപ്പമാക്കി. കൂടെ അപേക്ഷിച്ച ഭാര്യക്കും അനുജനും അനുമതി കിട്ടിയില്ല എന്ന പ്രയാസം ചെറുതായി അലട്ടിയിരുന്നു. അവർക്കായി അടുത്ത തവണ ശ്രമിക്കാമെന്ന ഉറപ്പിൽ, സ്നേഹിതൻ വിനോദിന്റെ കാറിൽ ഞാൻ തനിച്ച് സൽമാൻ പോർട്ടിലേക്ക് യാത്ര തിരിച്ചു.

പോർട്ടിലേക്കുള്ള വഴി അടുക്കുംതോറും ആകാംക്ഷ വർധിച്ചു. കപ്പൽ ദൂരെ കണ്ടപാടെ വിനോദിനും ആവേശമായി. പോർട്ട് ഗേറ്റിനു സമീപം കാറിൽ നിന്നു ഇറങ്ങി മുമ്പോട്ടു നടന്നു നീങ്ങാൻ ശ്രമിച്ചപ്പോൾ സുരക്ഷാ കാരണങ്ങളാൽ സാധ്യമല്ല എന്ന് മനസിലായി. ഉടൻതന്നെ വിനോദിനെ തിരികെ വിളിച്ചു. തിരിച്ചുവന്ന വിനോദ് പോർട്ട് പാർക്കിങ് ഏരിയയിൽ എന്നെ കൊണ്ടുവന്നാക്കി. അവിടെ നിരവധി പേർക്കൊപ്പം വരി നിന്ന് ഗേറ്റ് പാസ് വാങ്ങി കപ്പൽ കിടക്കുന്ന സ്ഥലത്തേക്കു പോകാനുള്ള ഷട്ടിൽ വാഹനം കാത്തു നിന്നു. ദുബൈയിൽനിന്ന് ആരംഭിച്ച് ഗൾഫിലെ വിവിധ രാജ്യങ്ങൾ കടന്നെത്തിയ കപ്പലിൽ നിന്ന് സഞ്ചാരികൾ ബഹ്‌റൈൻ കാണാൻ വാഹനങ്ങളിൽ പോർട്ടിന് വെളിയിലേക്ക് നീങ്ങിക്കൊണ്ടിരുന്നു. അതിനിടയിൽ കിട്ടിയ വണ്ടിയിൽ വാർഫിനടുത്തുള്ള സുരക്ഷ പരിശോധന നടക്കുന്ന കെട്ടിടത്തിലെത്തി.

അനുമതി പത്രവും പാസ്പോർട്ടും കൗണ്ടറിൽ കൊടുത്തപ്പോൾ ഗ്രീൻ സിഗ്നൽ കിട്ടി. എയർപോർട്ടിലേതിന് സമാനമായി അടുത്തുള്ള ഡ്യൂട്ടി ഫ്രീ ഷോപ്പ് ഒന്ന് കറങ്ങി നേരെ കപ്പൽ കിടക്കുന്ന സ്ഥലത്തെ ഇറങ്ങാനും കയറാനുമുള്ള പോയിന്റ് ലക്ഷ്യമാക്കി നീങ്ങി. കപ്പലിൽ നിന്നു പുറത്തേക്കു പോകുന്ന സഞ്ചാരികൾ ഒരു വഴിക്കു നീങ്ങുമ്പോൾ തൊട്ടടുത്ത വഴിയിൽ അകത്തേക്കു കയറാൻ ഞാൻ തയാറെടുത്തു. ഇതിനിടെ, ജോബിൻ പുറത്തിറങ്ങി വന്ന് അൽപ നേരം വിശേഷങ്ങൾ പറഞ്ഞുനിന്നു. പിന്നീട്, ഞങ്ങൾ ഒരുമിച്ചു കപ്പൽ കയറുന്ന പോയിന്റിലെത്തി. ഇറങ്ങി വരുന്നവരുടെ തിരക്കു കുറഞ്ഞപ്പോൾ വരി നിന്നു സുരക്ഷ പരിശോധന പൂർത്തിയാക്കി.

പാസ്പോർട്ടും അനുമതി പത്രവും ഒത്തു നോക്കി അവസാന കടമ്പയും കടന്നു. എയർപോർട്ടിൽ ഉള്ളതുപോലെ എമിഗ്രേഷൻ പരിശോധന കൂടി കഴിഞ്ഞപ്പോൾ വളരെ നാളത്തെ മോഹം സഫലമായ സന്തോഷത്തിൽ ആഡംബര കപ്പലിൽ പ്രവേശിച്ചു. കപ്പൽ ചുറ്റിയടിച്ചു കാണാനുള്ള ഉത്സാഹം അപ്പോൾ ഇരട്ടിയായി. സന്ദർശന കവാടത്തിൽ വച്ചു തന്നെ കപ്പലിലെ സൗകര്യങ്ങളെക്കുറിച്ചും സന്ദർശകർക്ക് കാണാൻ അനുവദനീയമായ ഇടങ്ങളെക്കുറിച്ചും മുൻകൂട്ടി പറഞ്ഞു തന്ന് ജോബിൻ ഞൊടിയിടയിൽ ഇരുത്തം വന്ന ഗൈഡ് ആയി മാറി. പല നിലകളിലുള്ള സംവിധാനങ്ങൾ ചിട്ടയോടെ കണ്ടു തീർക്കാൻ അത് സഹായകരമായി.

നിലകൾ ഓരോന്നായി ലിഫ്റ്റ് വഴിയും പടികളിലൂടെയും കയറി കപ്പലിൽ നിന്നുള്ള കടൽ കാഴ്ച ആസ്വദിച്ചു. വിശാലമായ ഓഡിറ്റോറിയവും സർവ സജ്ജമായ വേദിയും ആടാനും പാടാനും പറ്റിയ രീതിയിൽ രൂപകൽപന ചെയ്തത് നോക്കിനിന്നു. സർവ സന്നാഹങ്ങളോടെ നൂതനമായ ദൃശ്യ ശ്രാവ്യ ഉപകരണങ്ങൾ പകരുന്ന അനുഭവം കണ്ണിനും കാതിനും മനസിനും ഒരുപോലെ പുതുമയുള്ളതായി. പലവിധ രുചിക്കൂട്ടുകളുമായി കടൽ കാറ്റേറ്റ് ഭക്ഷണം ആസ്വദിക്കാൻ പറ്റിയ നിരവധി ഇടങ്ങൾ അവരവരുടെ ഇഷ്ടത്തിനനുസരിച്ചു തെരഞ്ഞെടുക്കാം.

നിരവധി വിനോദങ്ങൾ കോർത്തിണക്കി മാനസികോല്ലാസം നൽകുന്ന ഇടങ്ങൾ പലയിടങ്ങളിലായി ക്രമീകരിച്ചിരിക്കുന്നു. കപ്പലിൽ യാത്ര ചെയ്യുന്ന സഞ്ചാരികൾക്ക് അവരുടെ ആവശ്യത്തിന് ഉപയോഗിക്കാൻ കറൻസിക്ക് പകരം കാർഡ് ഏർപ്പെടുത്തിയിരിക്കുന്നത് സൗകര്യപ്രദമാണ്. കാർഡ് റീചാർജ് ചെയ്യാനും ബഹ്‌റൈനിലെ റെഡ് ബസ് പോലെ കാർഡിൽ പൈസ തീർന്നുപോയാൽ ആവശ്യത്തിന് തുക നിറക്കാനും ബാലൻസ് പരിശോധിക്കാനും കപ്പലിൽ തന്നെ സംവിധാനമുണ്ട്.

കണ്ടിട്ടും കണ്ടിട്ടും തീരാതെ നിലകൾ ഒന്നൊന്നായി നടന്നു കാല് മടുത്തപ്പോൾ കണ്ട സ്ഥലത്ത് അൽപനേരം ഇരുന്നു. അടുത്ത കൗണ്ടറിൽ നിന്ന് ജോബിൻ കാർഡ് ഉരച്ചു ഐസ് ക്രീം വാങ്ങി വന്നു. അത് തീരും വരെ പരന്ന കടൽ നോക്കിയിരുന്നു. അപ്പോഴേക്കും സമയം ഉച്ച പിന്നിട്ടു. മുകളിലത്തെ നിലയിൽ സ്വിമ്മിങ് പൂൾ കാണാൻ ചെന്നപ്പോൾ വെയിൽ കായുന്നവരുടെ തിരക്കാണ്. അതുകാരണം കൂടുതൽ ചുറ്റിക്കറങ്ങാതെ മുകൾത്തട്ടിൽ കപ്പലിന്റെ പേര് എഴുതി വെച്ചിരിക്കുന്ന സ്ഥലത്തു ചെന്ന് ഫോട്ടോ എടുത്തു അൽപനേരം ചെലവഴിച്ചു.

മണിക്കൂറുകൾ പിന്നിട്ടിട്ടും കപ്പൽ സന്ദർശകർക്ക് അനുവദിച്ച മുഴുവൻ സ്ഥലങ്ങളും കാണാനായില്ലെന്ന സങ്കടം ബാക്കിയായി. ഒടുവിൽ മധ്യഭാഗത്ത്, വാർഫിനോട് ചേർന്ന് കയറിയ സ്ഥലത്തു തന്നെ ലിഫ്റ്റ് വഴി ഞങ്ങളെത്തി. ബഹ്‌റൈൻ കാഴ്ചകൾ കണ്ടു തിരികെ എത്തുന്ന സഞ്ചാരികളുടെ തിരക്ക് അപ്പോഴേക്കും തുടങ്ങിയിരുന്നു. പുറത്തെത്തി അൽപനേരം കൂടി വാർഫിൽ ഞങ്ങൾ കപ്പൽ ജീവിതവും യാത്ര വിശേഷങ്ങളും പറഞ്ഞു സമയം ചെലവഴിച്ചു. ജോബിന് വൈകീട്ട് ഡ്യൂട്ടി ഉള്ളതിനാൽ യാത്ര പറഞ്ഞ് പിരിഞ്ഞു.

പോർട്ടിൽ നിന്ന് സൽമാനിയയിലേക്കു പോകാൻ സ്നേഹിതൻ സത്യൻ കാറുമായി എത്തുന്നതും കാത്തിരുന്നു. എവിടെ എത്തിയെന്ന് തിരക്കാൻ വിളിച്ചപ്പോൾ സത്യൻ ഹിദ്ദിലുള്ള സൽമാൻ പാർക്കിൽ എന്നെ കാത്തുകിടക്കുന്നു എന്ന് പറഞ്ഞു. സൽമാൻ പാർക്കല്ല, സൽമാൻ പോർട്ട് എന്ന് പറഞ്ഞതും അല്പം ചമ്മലോടെ സത്യൻ അങ്ങോട്ട് വരാമെന്ന് പറഞ്ഞു. വൈകാതെതന്നെ പോർട്ടിലെ കാർ പാർക്കിങ് സ്ഥലത്ത് എത്തുകയും ചെയ്തു. കപ്പലിൽ യാത്ര ചെയ്തില്ലെങ്കിലും കപ്പൽ സന്ദർശിക്കാൻ കഴിഞ്ഞതിന്‍റെ അനുഭൂതിയിലായിരുന്നു ഞാൻ. അടുത്ത തവണ കുടുംബത്തോടൊപ്പമുള്ള കപ്പൽ യാത്രക്കായി കാത്തിരിക്കുന്നു.

Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:ShipsBahrain
News Summary - A view of a ship in Bahrain
Next Story