ആകാശക്കാഴ്ചക്കായി ആലപ്പുഴ ലൈറ്റ് ഹൗസ് മിഴിതുറക്കുന്നു; മേയ് ഒന്ന് മുതൽ സഞ്ചാരികൾക്ക് പ്രവേശനം
text_fieldsആലപ്പുഴ: കോവിഡിൽ രണ്ടുവർഷത്തോളം അടഞ്ഞുകിടന്ന ആലപ്പുഴ ലൈറ്റ് ഹൗസ് മിഴിതുറക്കുന്നു. കോവിഡ് നിയന്ത്രണങ്ങൾ പൂർണമായും മാറിയതോടെ മേയ് ഒന്നുമുതൽ ആലപ്പുഴയിലെ പൈതൃക സ്മാരകമായ വിളക്കുമാടത്തിൽ കയറി സഞ്ചാരികൾക്ക് ആകാശക്കാഴ്ച ആസ്വദിക്കാം. രാവിലെ ഒമ്പത് മുതൽ 11.45 വരെയും ഉച്ചക്ക് രണ്ട് മുതൽ വൈകീട്ട് 5.30വരെയുമാണ് പ്രവേശനം.
മുതിർന്നവർക്ക് 20രൂപയും കുട്ടികൾക്കും മുതിർന്നപൗരന്മാർക്കും 10രൂപയും വിദേശികൾക്ക് 50രൂപയുമാണ് നിരക്ക്. തിങ്കളാഴ്ച അവധിയാണ്. 2020 മാർച്ചിലാണ് കോവിഡ് വ്യാപനത്തിൽ കേന്ദ്രസർക്കാറിന്‍റെ നിയന്ത്രണത്തിലുള്ള ലൈറ്റ് ഹൗസിന്‍റെ വാതിലുകൾ അടഞ്ഞത്.
വൃത്താകൃതിയിൽ ചുവപ്പും വെള്ളയും കലർന്ന നിറങ്ങൾ നൽകിയ സ്തംഭത്തിൽ കയറിയാൽ ആലപ്പുഴ ബീച്ചും പട്ടണത്തിലെ കായലും നഗരത്തിലെ കെട്ടിട സമുച്ചയങ്ങളുമെല്ലാം ദൃശ്യമാവും. 28 മീറ്റർ ഉയരത്തിൽ വൃത്താകൃതിയിലുള്ള സ്തംഭത്തിന് അകത്തെ കുത്തനെയുള്ള കോണിപ്പടികൾ കയറിയാണ് മുകളിലെത്തുന്നത്. ഒരുമീറ്റർ അകലം ഇല്ലാത്ത പടികളാണ് ഉള്ളത്.
അതിനാൽ ഒരാൾ കയറുകയും മറ്റൊരാൾ ഇറങ്ങുകയും ചെയ്യുന്ന രീതിയിലാണ് സഞ്ചാരം. ഇതിനൊപ്പം സജ്ജമാക്കിയ മ്യൂസിയത്തിലെ കാഴ്ചകളും ഹൃദ്യമാണ്. 1960 ആഗസ്റ്റ് നാലിനാണ് നിലവിലെ സ്തംഭം ഉപയോഗത്തിൽവന്നത്.
കേരളത്തിലെ ഏറ്റവും പഴക്കമേറിയ വിളക്കുമാടമായ ലൈറ്റ് ഹൗസ് 1862ലാണ് സ്ഥാപിച്ചത്. ആദ്യം തീകൂട്ടി വെളിച്ചമുണ്ടാക്കിയിരുന്ന ദീപസ്തംഭമായിരുന്നു. 18ആം നൂറ്റാണ്ടിൽ ഇവിടെ സ്ഥിരം പ്രകാശസ്രോതസ്സ് ഇല്ലായിരുന്നു. കടൽ പാലത്തിന്‍റെ അറ്റത്തുള്ള ഒരു ദീപമായിരുന്നു ഈസമയത്ത് നാവികർക്ക് ദിശ മനസ്സിലാക്കാനുള്ള ഏകമാർഗം.
മാർത്താണ്ഡവർമ രണ്ടാമൻ ഭരിച്ചിരുന്ന കാലത്താണ് ഇപ്പോഴുള്ള വിളക്കുമാടം നിർമിക്കാനുള്ള പ്രവർത്തനം തുടങ്ങിയത്. 1861ൽ രാമവർമയുടെ കാലത്ത് നിർമാണം പൂർത്തിയായി. 1862 മാർച്ച് 28ന് വെളിച്ചെണ്ണ ഉപയോഗിച്ച് കത്തിക്കുന്ന ദീപം പ്രവർത്തിച്ചുതുടങ്ങി. 1952 മുതൽ ഗ്യാസ് ഉപയോഗിച്ച് ഫ്ലാഷ് ചെയ്യുന്ന തരത്തിലുള്ള ദീപം നിലവിൽവന്നു.
1960ൽ വൈദ്യുതി ലഭ്യമായതോടെ മെസേഴ്സ് ബി.ബി.ടി പാരിസ് നിർമിച്ച ഉപകരണം ഉപയോഗിച്ചുതുടങ്ങി. 1998 ഏപ്രിൽ എട്ടിന് ഡയറക്ട് ഡ്രൈവ് സംവിധാനം ഉപയോഗിച്ചു. ഇതേവർഷം അടിയന്തര ഘട്ടങ്ങളിൽ ഉപയോഗിക്കാനുള്ള സംവിധാനവും നിലവിൽവന്നു. 1999ൽ മെറ്റൽ ഹാലൈഡ് ദീപങ്ങൾക്ക് വഴിമാറി.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.