അൽ ബത്ത: പ്രകൃതി കനിഞ്ഞ സൗന്ദര്യം
text_fieldsനഗരത്തിലെ തിരക്കിൽനിന്നൊഴിഞ്ഞ്, മനോഹരമായ പ്രകൃതി ഭംഗി ആസ്വദിച്ചുകൊണ്ട് കുടുംബവുമൊത്ത് സല്ലപിക്കാനും കുട്ടികൾക്ക് ഓടിച്ചാടി കളിക്കാനും വിശാലമായ മണൽപ്പരപ്പിൽ കൊച്ചു തടാകങ്ങളും പ്രകൃതിദത്ത ഇരിപ്പിടങ്ങളും ടെൻറുകളും കളിസ്ഥലങ്ങളും ഒരുക്കിയിരിക്കുകയാണ് അൽഐനിലെ അൽ ബത്തയിൽ. ഇവിടെ രണ്ട് തടാകങ്ങൾ ഉണ്ട്.
ഇതിനുള്ളിൽ താറാവുകളും അരയന്നങ്ങളും നീന്തി കളിക്കുന്നത് മനോഹര കാഴ്ചയാണ്. മരുഭൂമിയിൽ തലയുയർത്തിനിൽക്കുന്ന ഈത്തപ്പനകളും ഗാഫ് മരങ്ങളും ഈ പ്രദേശത്തിന് പ്രത്യേക ഭംഗി നൽകുന്നു. ഗോൾഡൻ ഒറിക്സുകളുടെ വളർത്തു കേന്ദ്രവും കാണാം, പിന്നെ മരുഭൂമിയുടെ പ്രിയജീവികളായ ഒട്ടകക്കൂട്ടങ്ങളുടെ വിഹാരവും. ഭക്ഷണം പാകം ചെയ്യാൻ അനുവാദമുണ്ടെങ്കിലും അവശിഷ്ടങ്ങൾ നിശ്ചിത സ്ഥലത്തല്ലാതെ നിക്ഷേപിക്കാൻ പാടില്ല. ഭക്ഷണം വാങ്ങി കഴിക്കേണ്ടവർക്ക് അതിനുള്ള കടകളുമുണ്ട്. നഗരസഭ നിർമിച്ച ടെൻറുകൾ സൗജന്യമായി ഉപയോഗിക്കാം.
അൽഐൻ ദുബൈ റോഡിൽ ഹീലിയോട് ചേർന്ന അൽ നബ്ബാഗിലാണ് അൽ ബത്ത ഇക്കോ ടൂറിസം സ്ഥാപിച്ചിരിക്കുന്നത്. ഇവിടേക്ക് പ്രവേശനം സൗജന്യമാണ്. കുടുബങ്ങൾക്ക് മാത്രമേ പ്രവേശനമുള്ളൂ. രാവിലെ ഒമ്പത് മുതൽ രാത്രി 10 വരെയാണ് പ്രവേശനം. സന്ധ്യ നേരങ്ങളിലാണ് കൂടുതൽ തിരക്ക്. ഒഴിവുദിവസങ്ങളിൽ നൂറുകണക്കിന് കുടുംബങ്ങൾ ഇവിടെ സമയം ചെലവഴിക്കാനെത്തുന്നു. സന്ദർശകരെ സഹായിക്കുന്നതിനും നിർദേശങ്ങൾ നൽകുന്നതിനും മലയാളികളടക്കമുള്ള നിരവധി വളണ്ടിയർമാരാണ് സൗജന്യ സേവനം ചെയ്യുന്നത്.
യു.എ.ഇയെ ഇക്കോടൂറിസത്തിെൻറ ആഗോള കേന്ദ്രമാക്കി മാറ്റുന്നതിനായി കാലാവസ്ഥാ വ്യതിയാന, പരിസ്ഥിതി മന്ത്രാലയം 2018ലാണ് ദേശീയ ഇക്കോടൂറിസം പദ്ധതിക്ക് തുടക്കം കുറിച്ചത്. യു.എ.ഇയിലെ അതിശയകരമായ പ്രകൃതിദൃശ്യങ്ങളെയും വന്യജീവികളെയും കുറിച്ച് പൊതുജനങ്ങളിൽ അവബോധം സൃഷ്ടിക്കുന്നതിൽ ഈ കേന്ദ്രത്തിെൻറ പങ്ക് എടുത്തു പറയുക തന്നെ വേണം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.