ആ സ്വപ്നം യാഥാർഥ്യത്തിലേക്കടുക്കുന്നു; അനീഷയും മകളും രാജസ്ഥാനും പിന്നിട്ട് മുന്നോട്ട്
text_fieldsനടക്കില്ലെന്ന് കരുതിയ സ്വപ്നം യാഥാർഥ്യത്തിലേക്ക് അടുക്കുന്നതിൻ്റെ ത്രില്ലിലാണ് ഈ അമ്മയും മകളും. പയ്യന്നൂരിനടുത്ത മണിയറയെന്ന ഗ്രാമത്തിലെ അനിഷ (40)യും മകൾ മധുരിമയു(19)മാണ് ഇന്ത്യയുടെ ഹൃദയഭൂമികയിലൂടെ യാത്ര ചെയ്ത് തിങ്കളാഴ്ച ചരിത്രം പൂവിട്ട ചുവന്ന കൊട്ടാരങ്ങളുടെ നാടായ രാജസ്ഥാനിലെ ജയ്പൂർ സിറ്റിയിലെത്തിയത്.
അമ്മയും മകളും മാത്രമായി കാശ്മീരിലെ ലഡാക്ക് വരെ ഒരു യാത്ര. അതും ബുള്ളറ്റിൽ. പലരും കേട്ടപ്പോൾ നെറ്റി ചുളിച്ചു. എന്നാൽ ആറ് നാൾ കൊണ്ട് രാജസ്ഥാനിലെത്തിയതോടെ സ്വപ്നം യാഥാർഥ്യത്തോടടുക്കുകയാണെന്ന് ഈ അമ്മയും മകളും ഉറച്ചു വിശ്വസിക്കുന്നു.
ലഡാക്കിലേക്ക് ഒരു യാത്രയെന്ന ആശയം അമ്മ പറഞ്ഞ പ്പോൾ മകൾക്കും മറിച്ചൊരഭിപ്രായമുണ്ടായില്ല. ഒടുവിൽ ഇക്കഴിഞ്ഞ 14 ന് ഇങ്ങ് വടക്കൻ കേരളത്തിൻ്റെ സാംസ്കാരിക നഗരമായ പയ്യന്നൂരിൽ നിന്ന് അവർ ബുള്ളറ്റിൽ യാത്ര തുടങ്ങുകയായിരുന്നു.
കാനായി നോർത്ത് എൽ.പി. സ്കൂൾ അധ്യാപികയാണ് അനിഷ. മധുരിമ പയ്യന്നൂർ കോളജ് രണ്ടാം വർഷ ബിരുദ വിദ്യാർഥിനിയും. സ്ത്രീകളെ അബലകളെന്ന് മുദ്രകുത്തി അരികുവത്കരിക്കുന്നവർക്കുള്ള മറുപടിയാണ് ഈ അമ്മയുടെയും മകളുടെയും ഭാരതയാത്ര.
ദിവസം 250 മുതൽ 500 കിലോമീറ്റർ വരെ യാത്ര ചെയ്യും. ഗതാഗതക്കുരുക്ക് വില്ലനായില്ലെങ്കിൽ 400 ന് മേൽ സഞ്ചരിക്കും. രാത്രി എത്തിയ നഗരത്തിൽ മുറിയെടുത്ത് അവിടെ താമസിക്കും. രാവിലെ വീണ്ടും ലഡാക്ക് വരെ നീളുന്ന പാതയിലേക്ക്.
സാഹസിക യാത്രകളോടുള്ള പ്രണയമാണ് ഈ അമ്മയുടെയും മകളുടെയും ദീർഘ സഞ്ചാരത്തിൻ്റെ ഇന്ധനം. ദൃഡനിശ്ചയത്തിനുമുന്നിൽ പാതയുടെ നീളം ചുരുങ്ങുന്നു. ആത്മധൈര്യത്തിനു മുന്നിൽ പ്രതിബന്ധങ്ങളുടെ മതിൽകെട്ടുകളും തകർന്നു വീഴുന്നു. ഓരോ ദിവസത്തെയും യാത്രയിൽ ചരിത്രപ്രാധാന്യമുള്ള സ്ഥലങ്ങൾ സന്ദർശിക്കാനും ശ്രമിക്കും. ഞായറാഴ്ച ഗുജറാത്തിലെ പട്ടേൽ പ്രതിമ സന്ദർശിച്ചു. ഒരു മാസംകൊണ്ട് യാത്ര പൂർത്തിയാക്കി തിരിച്ചെത്താനാകുമെന്നാണ് പ്രതീക്ഷ.
കഴിഞ്ഞവർഷം ഈ യാത്രക്ക് ഒരുങ്ങിയെങ്കിലും കോവിഡ് നിയന്ത്രണങ്ങൾ കാരണം മാറ്റിവച്ചു. എന്നാൽ ഇരുവരും മൈസൂരുവിലേക്ക് ബുള്ളറ്റിൽ യാത്ര ചെയ്ത് ദീർഘ സഞ്ചാരത്തിനുള്ള ധൈര്യം സംഭരിച്ചിരുന്നു. മണിയറ സ്വദേശി മധുസൂദനനാണ് അനിഷയുടെ ഭർത്താവ്. ഇവർക്ക് ഒരു മകൻ കൂടിയുണ്ട് -മധുകിരൺ. ഭർത്താവിൻ്റെയും മകൻ്റെയും പരിപൂർണ്ണമായ പിന്തുണകൂടി ഈ യാത്രക്കുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.