കടൽ തീരത്തെ ശിവരൂപ വിസ്മയം; തീർഥാടന ടൂറിസത്തിന്‍റെ ഭാഗമാകാൻ ആഴിമല ക്ഷേത്രം
text_fieldsതിരുവനന്തപുരം: ആഴിമല ക്ഷേത്രത്തിൽ നിർമിച്ച ശിവപ്രതിമ ജനശ്രദ്ധയാകർഷിക്കാൻ തുടങ്ങിയതോടെ പ്രദേശത്തെ തീർഥാടന ടൂറിസത്തിന്‍റെ ഭാഗമാക്കാൻ സർക്കാർ. വിഴിഞ്ഞം തുറമുഖത്തിന് സമീപം കടലിന് അഭിമുഖമായാണ് ആഴിമല ശിവക്ഷേത്രമുള്ളത്.
കടലിന്‍റെയും പാറക്കൂട്ടങ്ങളുടെയും പശ്ചാത്തലത്തിൽ ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്‍റെ 58 അടി ഉയരമുള്ള ശിൽപ്പം ഇന്ത്യയിലെ ഏറ്റവും വലിയ ഗംഗാധരേശ്വര പ്രതിമയും കേരളത്തിലെ ഏറ്റവും വലിയ ശിവപ്രതിമയുമാണ്.
ഗൗരവവും സന്തോഷവും ചേർന്ന ഭാവങ്ങളുമായി ജടയഴിച്ച് ഗംഗാദേവിയെ മോചിപ്പിക്കുന്ന പരമശിവനെയാണ് ഈ ശിൽപ്പത്തിൽ കാണാൻ കഴിയുക. പൂർണമായും കോൺക്രീറ്റിലാണ് പ്രതിമ നിർമിച്ചിരിക്കുന്നത്. കടലിനോട് വളരെ ചേർന്നുള്ളതിനാൽ കടൽക്കാറ്റിനെ പ്രതിരോധിക്കുന്ന തരത്തിലാണ് രൂപകൽപ്പന. ശിവരൂപത്തിന് താഴെ മൂന്ന് നിലകളിലായി 3500 ചതുരശ്ര അടി വിസ്‌തീർണമുള്ള ധ്യാനമണ്ഡപവും നിർമിക്കുന്നുണ്ട്.
ഗുഹാസമാനമായ മണ്ഡപത്തിലേക്ക് ഗംഗാധരേശ്വര പ്രതിമയുടെ സമീപത്തെ ചെറിയ കവാടത്തിലൂടെ 27 പടികൾ കടന്നാണ് പ്രവേശിക്കുന്നത്. മണ്ഡപത്തിൽ ശിവന്‍റെ ശയന ശിൽപ്പം, അർദ്ധനാരീശ്വര ശിൽപ്പം, ഒമ്പത് നാട്യഭാവങ്ങൾ, ശിവരൂപത്തിനെ താങ്ങിനിൽക്കുന്ന തൂണുകളിൽ ശിവചരിതം പറയുന്ന ശിൽപ്പങ്ങൾ എന്നിവയും കൊത്തിവെച്ചിട്ടുണ്ട്.
പ്രതിമ നിൽക്കുന്ന സ്ഥലത്ത് യോഗികൾ തപസ്സിരുന്നുവെന്നാണ് ഐതിഹ്യം. പഞ്ചപാണ്ഡവൻമാർ വനവാസ കാലത്ത് ഇവിടെ വന്നതായും ഐതിഹ്യമുണ്ട്. ശ്രീനാരായണ ഗുരുവിന്‍റെ നിർദേശാനുസരണമാണ് ഇവിടെ ക്ഷേത്രം സ്ഥാപിക്കുന്നത്.
ആഴിമല സ്വദേശി തന്നെയായ പി.എസ്. ദേവദത്തൻ എന്ന യുവശിൽപ്പി ആറ് വർഷങ്ങൾ കൊണ്ടാണ് ശിൽപ്പം യാഥാർത്ഥ്യമാക്കിയത്. ഇപ്പോൾ ആയിരക്കണക്കിന് തീർഥാടകരും സഞ്ചാരികളുമാണ് ആഴിമലയിലേക്ക് എത്തുന്നത്. ഇതോടെയാണ് സംസ്ഥാന ടൂറിസം വകുപ്പിന്‍റെ പിൽഗ്രിം ടൂറിസം സർക്യൂട്ടിലേക്ക് ആഴിമലയെ കൂടി സർക്കാർ ഉൾപ്പെടുത്തുന്നത്.
പദ്ധതി വഴി അമിനിറ്റി സെന്‍റർ ഉൾപ്പെടെ അടിസ്‌ഥാന സൗകര്യങ്ങൾ വികസിപ്പിക്കും. അപകട സാധ്യതയുള്ള മേഖല ആയതിനാൽ സുരക്ഷക്ക് കൂടി പ്രാധാന്യം കൊടുത്തുകൊണ്ടാവും പദ്ധതി ആവിഷ്കരിക്കുക. അടുത്തിടെ അഞ്ചുപേരാണ് ഇവിടെ അപകടത്തിൽപെട്ടത്. ഈ സാഹചര്യത്തിൽ ലൈഫ് ഗാർഡുകളെ അടിയന്തിരമായി നിയോഗിക്കാനുള്ള നടപടികളും സർക്കാർ സ്വീകരിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.