ബിബിനും മിസ്അബും വീണ്ടും കണ്ടുമുട്ടി; കശ്മീരിലെ ഓർമകളുടെ മാധുര്യവുമായി
text_fieldsകായംകുളം: മഞ്ഞുമൂടിയ കശ്മീർ മലമടക്കിലെ ദുർഘടമായ സ്ഥലത്തും നാട്ടുസ്നേഹം പ്രകടമാക്കിയതിലൂടെ വൈറൽ താരങ്ങളായ സൈനികനും യൂട്യൂബ് േവ്ലാഗറും സൗഹൃദത്തിെൻറ ഉൗഷ്മളതയുമായി വീണ്ടും കണ്ടുമുട്ടി. ജമ്മുകാശ്മീർ ബനിയാലിൽ ഏതാനും നിമിഷങ്ങൾ ദൈർഘ്യമുള്ള സമാഗമം സമൂഹ മാധ്യമ ഇടപെടലുകളിലൂടെ ഇൗടുറ്റ സൗഹൃദത്തിന് നിമിത്തമായിരിക്കുകയാണ്.
ദ്രാസ് എൻജിനീയറിങ് ഗ്രൂപ്പ് ആർ.ആർ ബെറ്റാലിയനിലെ സൈനികനായ കായംകുളം കരീലക്കുളങ്ങര ബിബിൻ ഭവനത്തിൽ ബിബിൻ ചിത്രനും (24) യൂട്യൂബ് േവ്ലാഗറും ബിരുദ വിദ്യാർഥിയുമായ മലപ്പുറം പൊന്നാനി വെളിയേങ്കാട് മായിൻമുസ്ലിയാരകത്ത് മിസ്അബും (19) തമ്മിലെ സൗഹൃദം വേറിട്ട മാതൃകയാകുകയാണ്. സ്കൂട്ടറിൽ നാട് ചുറ്റാനിറങ്ങിയ മിസ്അബിനെ േജാലിക്കിടെയാണ് ബിബിൻ കാണുന്നത്. വാഹന നമ്പറിലൂടെ മലയാളിയാണെന്ന് തിരിച്ചറിഞ്ഞ് വിളിച്ച് നിർത്തുകയായിരുന്നു
കണ്ടമാത്രയിൽ 'എന്ത് കഴിച്ചുവെന്നായിരുന്നു ആദ്യ ചോദ്യം'. ശേഷം കഴിക്കാനായി കൈയിൽ കരുതിയിരുന്ന ചപ്പാത്തി കൈമാറി വേഗത്തിൽ മടങ്ങി. മിസ്അബിെൻറ ഹെൽെമറ്റിലുണ്ടായിരുന്ന കാമറ ഇത് പകർത്തുന്നുണ്ടായിരുന്നു. നാട്ടിലെത്തി ഏറെ കഴിഞ്ഞ് തെൻറ 'വെള്ളക്കൊമ്പൻ' യൂട്യൂബ് ചാനലിലൂടെ പുറത്തുവിട്ടതോടെയാണ് വൈറലാകുന്നത്.
ദേശാന്തരങ്ങൾക്കപ്പുറത്തെ മലയാളി സ്നേഹത്തിെൻറ മാതൃക ചർച്ചയായത് ഇവരുടെ പുനഃസമാഗമത്തിനും വഴിതുറന്നു. സമൂഹ മാധ്യമങ്ങളിലൂടെ ഫോൺ നമ്പർ ലഭിച്ചത് സൗകര്യവുമായി. 'വിശന്ന സമയത്ത് വഴിയിൽ തടഞ്ഞുനിർത്തി ഭക്ഷണം നൽകി മറഞ്ഞ സൈനികനെ കാണാനായി മിസ്അബ് കായംകുളത്ത് എത്തി. ബിബിെൻറ വീട്ടിലെത്തി ഒരു ദിവസം തങ്ങി കുടുംബവുമായി സൗഹൃദം സ്ഥാപിച്ചാണ് മടങ്ങിയത്. അടുത്തദിവസം ബിബിനും ബന്ധു പ്രനീഷും വെളിയേങ്കാട്ടും എത്തിയതോടെ ബന്ധം ഇൗടുറ്റതായി.
നാട് ചുറ്റണമെന്ന മോഹം കാരണം പഠനത്തോടൊപ്പം ജോലി ചെയ്തും മിസ്അബ് സമ്പാദ്യം സ്വരുകൂട്ടിയിരുന്നു. ഒരു വർഷം മുമ്പാണ് 1994 മോഡൽ ബജാജ് ചേതക് കെ.എൽ. 01 എഫ്. 1611 സ്കൂട്ടർ സ്വന്തമാക്കിയത്. ഡ്രൈവിംഗ് ലൈസൻസ് കിട്ടിയതിെൻറ അടുത്ത ദിവസം വീട്ടിലാരെയും അറിയിക്കാതെ കാശ്മീർ യാത്രക്കായി ഇറങ്ങുകയായിരുന്നു. വഴിമധ്യേയാണ് ബഹ്റൈനിലുള്ള പിതാവ് ൈഫസലിനെയും വീട്ടിലേക്ക് വിളിച്ച് മാതാവ് നദീറയോടും വിവരം പറയുന്നത്. തമിഴ്നാട് തിരുച്ചിറപ്പള്ളിയിൽ ബി.എ ജിേയാളജി അവസാന വർഷ വിദ്യാർഥിയായ മകെൻറ നിശ്ചയദാർഢ്യമറിയാവുന്ന മതാപിതാക്കൾ ഗത്യന്തരമില്ലാതെ സമ്മതിക്കുകയായിരുന്നു.
തമിഴ്നാട്ടിൽ ഒന്നുരണ്ട് തവണ യാത്ര ചെയ്ത പരിചയം മാത്രമായിരുന്നു കൈമുതൽ. കൽപ്പണിയിലെ സഹായിയായും കാറ്ററിംഗ് ജോലി ചെയ്തും സ്വരുകൂട്ടിയ സമ്പാദ്യവുമായുള്ള യാത്ര ഏറെ രസകരമായിരുന്നുവെന്ന് മിസ്അബ് പറയുന്നു. ഇതിൽ സൈനികരിൽനിന്നും ലഭിച്ച സ്നേഹമാണ് ഏറെ ഹൃദ്യമായത്.
സൈനികർ നിൽക്കുന്ന ഭാഗത്തുനിന്നും 'അവിടെ നിൽക്കെന്ന' ശബ്ദം കേട്ടപ്പോൾ വല്ലാത്തൊരു അനുഭൂതിയാണ് മനസ്സിൽ നിറഞ്ഞത്. കണ്ടമാത്രയിൽ 'വല്ലതും കഴിച്ചോ' എന്ന ചോദ്യവുമായി മലയാളി സൈനികൻ ചപ്പാത്തി കൈയിലേക്ക് തന്നപ്പോൾ ഒരു നിമിഷം മനസ്സൊന്ന് പിടഞ്ഞു. 'പോട്ടഡ' എന്ന് പറഞ്ഞ് തോളത്ത് തട്ടി അയാൾ വാഹനത്തിലേക്ക് ഒാടിക്കയറി മറയുകയായിരുന്നു.
പേരും നാടും പോലും ചോദിക്കാൻ കഴിഞ്ഞില്ലല്ലോയെന്ന വിഷമം പേറിയായിരുന്നു പിന്നീടുള്ള യാത്ര. നാട്ടിലെത്തിയ ശേഷമാണ് വിഡിയോ യുട്യൂബിൽ പോസ്റ്റ് ചെയ്തത്. ഇത് ബിബിനിലേക്ക് എത്താൻ സഹായിച്ചതാണ് മനസ്സിനെ ഏറെ സന്തോഷിപ്പിച്ചതെന്ന് മിസ്അബ് പറഞ്ഞു.
വാഹന നമ്പറാണ് മലയാളിയെന്ന് തിരിച്ചറിയാൻ കാരണമായതെന്ന് വിമുക്ത ഭടനായ ചിത്രെൻറയും അമ്പിളിയുടെയും മകനായ ബിബിൻ പറഞ്ഞു. അവധിക്ക് നാട്ടിലെത്തിയപ്പോൾ കാതങ്ങൾക്കപ്പുറം ഒരു നിമിഷം കണ്ട മുഖംതേടി മിസ്അബ് എത്തിയതും തിരികെ അവരുടെ വീട്ടിൽ പോകാനായതും സന്തോഷമുള്ള അനുഭവമായും ബിബിൻ പങ്കുവെക്കുന്നു.
ലോകം ചുറ്റാനായി വാങ്ങിയ മിസ്അബിെൻറ സ്കൂട്ടർ ഇപ്പോൾ കശ്മീരിലാണുള്ളത്. അടിയന്തര സാഹചര്യത്തിൽ വീട്ടിലെത്തണമെന്നതിനാൽ 22 ദിവസത്തെ സ്കൂട്ടർ യാത്രക്ക് ശേഷം ട്രെയിനിലായിരുന്നു മടക്കം. നേപ്പാളും ഭൂട്ടാനുമൊക്കെ സ്കൂട്ടറിൽ ചുറ്റിസഞ്ചരിക്കണമെന്നതാണ് മോഹം. ഇതിനായുള്ള തയാറെടുപ്പിലാണ് മിസ്അബ്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.