കശ്മീരിലെ കൂടുതൽ കാഴ്ചകളുമായി അതിർത്തി ടൂറിസം വരുന്നു
text_fieldsജമ്മു കശ്മീരിലേക്ക് യാത്ര പോകുന്ന പലരും ആഗ്രഹിച്ചിട്ടുണ്ടാകും അതിർത്തി വരെ പോകാൻ സാധിച്ചിരുന്നുവെങ്കിൽ എന്ന്. സഞ്ചാരികൾക്ക് അനുഭവിക്കാൻ കഴിയാത്ത അനവധി കാഴ്ചകൾ ഈ സുന്ദരഭൂമിയിലുണ്ട്. സുരക്ഷാ കാരണങ്ങളാലാണ് ഇവിടങ്ങളിലേക്ക് അധികൃതർ അനുമതി നൽകാത്തത്. എന്നാൽ, പാകിസ്താനുമായുള്ള നിയന്ത്രണ രേഖ വരെ സഞ്ചാരികളെ അനുവദിക്കാനുള്ള തയാറെടുപ്പിലാണ് ടൂറിസം വകുപ്പ്.
നിയന്ത്രണരേഖയിലെ ടൂറിസം കേന്ദ്രങ്ങൾ തുറക്കാൻ ബന്ധപ്പെട്ട അധികാരികൾക്ക് ജമ്മു കശ്മീരിലെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ കത്തെഴുതിയിട്ടുണ്ട്. ഇന്ത്യയും പാകിസ്താനും തമ്മിലെ വെടിനിർത്തൽ കരാറിന്‍റെ പശ്ചാത്തലത്തിലാണ് ഈ നീക്കം.
ഉഭയകക്ഷി വെടിനിർത്തൽ കരാർ മാനിക്കാൻ ഇരുരാജ്യങ്ങളുടെയും ഡയറക്ടർ ജനറൽ ഓഫ് മിലിട്ടറി ഓപ്പറേഷൻസ് കഴിഞ്ഞ വർഷം എടുത്ത തീരുമാനം നിയന്ത്രണരേഖയുടെ ഇരുവശങ്ങളിലും ജമ്മു കശ്മീരിലെ രാജ്യാന്തര അതിർത്തിയിലും താമസിക്കുന്നവരുടെ ജീവിതം സാധാരണ നിലയിലാക്കിയതായി റിപ്പോർട്ടുകൾ പറയുന്നു.
കഴിഞ്ഞ വർഷം മുതൽ കശ്മീരിലേക്ക് വരുന്ന നല്ലൊരു ശതമാനം സന്ദർശകർ പര്യവേക്ഷണം ചെയ്യപ്പെടാത്ത സ്ഥലങ്ങൾ സന്ദർശിക്കാൻ താൽപ്പര്യം കാണിക്കുന്നതായും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. നിയന്ത്രണരേഖയിൽ വ്യാപിച്ചുകിടക്കുന്ന അതിർത്തി ജില്ലകളായ ബന്ദിപ്പോര, കുപ്‌വാര, ബാരാമുള്ള എന്നിവിടങ്ങളിൽ വൻ വിനോദസഞ്ചാര സാധ്യതയുണ്ടെന്നാണ് അധികൃതരുടെ അഭിപ്രായം.
പ്രതിരോധ മന്ത്രാലയത്തിലെ സഹമന്ത്രി അജയ് ഭട്ട് കഴിഞ്ഞ വർഷം സെപ്റ്റംബറിൽ ഇവിടത്തെ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥരുമായും മറ്റു യോഗം ചേർന്നിരുന്നു. മുൻഗണനാടിസ്ഥാനത്തിൽ ജമ്മു കശ്മീരിലെ അതിർത്തി പ്രദേശങ്ങളിൽ ടൂറിസം പ്രോത്സാഹിപ്പിക്കാൻ മന്ത്രാലയം പ്രതിജ്ഞാബദ്ധമാണെന്ന് അന്ന് അദ്ദേഹം ഉറപ്പുനൽകിയിരുന്നു.
കൂടാതെ 2021 ആഗസ്റ്റിൽ കുപ്‌വാര ജില്ലയിലെ ബംഗസ് താഴ്‌വരയിൽ ടൂറിസം ഫെസ്റ്റിവലും സംഘടിപ്പിച്ചിരുന്നു. വിദൂര സ്ഥലങ്ങളിലേക്ക് സന്ദർശനം സുഗമമാക്കാൻ ടൂറിസം വകുപ്പും സൈന്യവും ശ്രമിക്കുമെന്ന് ലെഫ്റ്റനന്‍റ് ഗവർണർ മനോജ് സിൻഹ അന്ന് പ്രസ്താവിച്ചിരുന്നു.
ടൂറിസം നടപടികൾ ആരംഭിക്കാൻ ടൂറിസം വകുപ്പ് ഉദ്യോഗസ്ഥർ ബന്ദിപ്പോര, കുപ്‌വാര, ബാരാമുള്ള എന്നീ ജില്ലാ വികസന കമീഷണർമാർക്ക് കത്തെഴുതിയിട്ടുണ്ട്. ആദ്യഘട്ടത്തിൽ കർണാ, ഗുരേസ്, ഉറി, ബംഗസ് വാലി തുടങ്ങിയ സ്ഥലങ്ങളിൽ അതിർത്തി ടൂറിസം ആരംഭിക്കാനാണ് താൽപ്പര്യപ്പെടുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.