കാഴ്ചകൾ ഒളിപ്പിച്ച് കാരവൻ ടൂറിസം; സംരംഭകർക്ക് സബ്സിഡി
text_fieldsലോകരാജ്യങ്ങളിൽ പ്രചാരം നേടിയ കാരവൻ ടൂറിസത്തിന്റെ സാധ്യത തേടി സംസ്ഥാന സർക്കാർ. കേരളത്തിൽ ഇതുവരെ കടന്നുവരാത്ത ടൂറിസം മേഖലയാണിത്. മാറിയ സാഹചര്യത്തിൽ വിദേശികളും സ്വദേശികളുമായ സഞ്ചാരികളെ ആകർഷിക്കുന്നതിന് കാരവൻ ടൂറിസത്തിന് കഴിയുമെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് ടൂറിസം വകുപ്പ് പുതിയ പദ്ധതിക്ക് രൂപംനൽകിയിരിക്കുന്നത്. ഈ രംഗത്തേക്ക് കടന്നുവരുന്ന സംരംഭകർക്ക് കാരവൻ വാഹനങ്ങൾ വാങ്ങുന്നതിന് സബ്സിഡി അനുവദിക്കുക, കാരവനും കാരവൻ പാർക്കുകൾക്കും പ്രവർത്തിക്കുന്നതിനുവേണ്ട അംഗീകാരം നൽകുക തുടങ്ങിയവയാണ് പദ്ധതിയുടെ ലക്ഷ്യം.
കാരവനും മാതൃകയും
സഞ്ചാരികൾ യാത്ര ചെയ്യുന്നതും വാഹനത്തെ ചലിപ്പിക്കുന്നതുമായ ഭാഗങ്ങൾ ഒറ്റവാഹനത്തിൽതന്നെ ഉൾക്കൊള്ളുന്നതാണ് റിജിഡ് കാരവൻ. യാത്രക്കാർക്ക് താമസിക്കാൻ സൗകര്യമുള്ള ഭാഗം അനുയോജ്യമായ മറ്റൊരു വാഹനത്തിൽ ഘടിപ്പിച്ച് ചലിക്കുന്ന വാഹനങ്ങളാണ് ട്രെയ്‍ലർ കാരവൻ. ഈ രണ്ട് ഗണത്തിൽപെടുന്നവയാണ് ടൂറിസം കാരവനായി ഉപയോഗിക്കുന്നത്. ഏകദേശം 8.5 മീറ്റർ നീളമുള്ളതാവണം.
രണ്ട് പേർക്ക് ഉപേയാഗിക്കാവുന്ന സോഫാ കം ബെഡ്, ഫ്രിഡ്ജും മൈക്രോവേവ് ഓവനും ഉൾക്കൊള്ളുന്ന ചെറിയ അടുക്കള, ശുദ്ധജലസംഭരണിയും ഹാന്‍ഡ് ഷവറുമുള്ള ശൗചാലയം, വാഹനം ഓടിക്കുന്നയാളിന്റെ പിന്നിൽ മറ, സഞ്ചാരിയും ഓടിക്കുന്നയാളും തമ്മിൽ ആശയവിനിമയത്തിനുള്ള സൗകര്യം, എയർ കണ്ടീഷൻ, തീൻ മേശ, ദൃശ്യ-ശ്രവ്യ സംവിധാനങ്ങൾ, ഇന്റര്‍നെറ്റ് സൗകര്യം, സമഗ്ര ചാര്‍ജിങ് സംവിധാനം, ജി.പി.എസ് & ഭാരത് സ്റ്റേജ് 6 നിലവാരം (അഭികാമ്യം), മാലിന്യനിര്‍മാര്‍ജന സൗകര്യം, നിരീക്ഷണ സംവിധാനം തുടങ്ങിയ സൗകര്യങ്ങൾ ഉറപ്പാക്കിയിട്ടുള്ള വാഹനങ്ങളായിരിക്കണം കാരവനുകൾക്കായി പരിഗണിക്കേണ്ടത്.
കാരവനുകൾക്ക് അംഗീകാരം നൽകുന്നതിന് മോട്ടോർ വാഹന വകുപ്പ് നടപടി സ്വീകരിക്കും. കേന്ദ്രത്തിന് കീഴിലുള്ള ഗവേഷണസ്ഥാപനമായ ഓട്ടോമോട്ടീവ് റിസർച് അസോസിയേഷൻ ഓഫ് ഇന്ത്യ പദ്ധതിക്ക് തത്ത്വത്തിൽ അംഗീകരം നൽകുകയും ഇത് കേന്ദ്ര മോട്ടോർ വാഹന നിയമത്തിൽ ഉൾപ്പെടുത്തുകയും ചെയ്തിട്ടുണ്ട്.
കാരവൻ പാർക്കുകൾ
കാരവൻ പാർക്കുകൾ നിർമിക്കുന്നതിന് അരയേക്കർ സ്ഥലമെങ്കിലും വേണം. കുറഞ്ഞത് അഞ്ച് കാരവൻ ഒരേ സമയം പാർക്ക് ചെയ്യാനാവണം. സഞ്ചാരികളുടെയും കാരവനുകളുടെയും ആവശ്യങ്ങൾ നിറവേറ്റാനാവശ്യമായ അടിസ്ഥാന സൗകര്യങ്ങൾ ഉള്ളവയായിരിക്കണം കാരവൻ പാർക്കുകൾ. പ്രവർത്തന രീതിയും നൽകുന്ന സൗകര്യങ്ങളും കണക്കിലെടുത്ത് പാർക്കുകളെ വിവിധ തരമായി തിരിച്ചിട്ടുണ്ട്.
റിസപ്ഷൻ, അടുക്കള, ഡോർമെറ്ററി, വൈദ്യുതി, കക്കൂസ് മാലിന്യനിർമാർജനം, ശുചിമുറി തുടങ്ങിയ എല്ലാ സൗകര്യങ്ങളുമുള്ള ഒന്നോ അതിലധികമോ ദിവസങ്ങൾ താമസിക്കാൻ പര്യാപത്മായ കാരവൻ പാർക്കുകളാണ് അത്യാധുനിക കാരവൻ പാർക്കുകൾ എന്ന ഗണത്തിൽ വരുന്നത്. ശുചിമുറി സൗകര്യങ്ങൾ, അടുക്കള, ലഘുഭക്ഷണശാല, എന്നിവയുള്ള പകൽസമയം മാത്രം പ്രവർത്തിക്കുന്ന പാർക്കുകളാണ് പകൽസമയ പാർക്കുകൾ.
താമസ സൗകര്യമുള്ള ഒരു റിസോർട്ടിന്റെ ഭാഗമായി നിർമിച്ച്, സന്ദര്‍ശകര്‍ക്ക് താമസിക്കുന്നതോടൊപ്പം കാരവൻ പാർക്കിങ് സൗകര്യവും ഉപയേഗിക്കാവുന്നതരം പാർക്കുകളാണ് ഹൈബ്രിഡ് പാർക്കുകൾ. മതിയായ സ്ഥലസൗകര്യമുള്ള, സ്വതന്ത്രമായ വീടുകളുടെ ഉടമസ്ഥര്‍ക്ക് ഒന്നോ രണ്ടോ കാരവനുകള്‍ക്ക് പാർക്കിങ് സൗകര്യം ഏര്‍പ്പെടുത്താൻ കഴിയുന്നവർക്കുള്ളതാണ് വീടുകളുടെ ഭാഗമായുള്ള കാരവൻ പാർക്കുകൾ. തോട്ടങ്ങളിൽ ടൂറിസം പദ്ധതിയുടെ ഭാഗമായും കെ.ടി.ഡി.സിക്ക് ടൂറിസം സാധ്യതകളുള്ള സ്ഥലങ്ങളിലും പാർക്കുകൾ സ്ഥാപിക്കാവുന്നതാണ്. തദ്ദേശവാസികൾക്ക് തൊഴിലവസരവും വരുമാനവും സൃഷ്ടിക്കുക എന്ന ഉദ്ദേശ്യത്തേടെ വിനോദസഞ്ചാര സാധ്യതയുള്ള പ്രദേശങ്ങളില്‍ തദ്ദേശസ്വയംഭരണ സ്ഥാപനങ്ങൾ, വനം വന്യജീവി വകുപ്പുകൾ തുടങ്ങിയവർക്ക് കാരവന്‍ പാർക്കുകൾ ആരംഭിക്കാം.
നിക്ഷേപ ധനസഹായം
ആദ്യ 100 കാരവനുകൾക്ക് 7.5 ലക്ഷം രൂപ വീതം അല്ലെങ്കിൽ നിക്ഷേപത്തിന്റെ 15 ശതമാനം അതിൽ എതാണോ കുറവ് അത് സബ്സിഡി നൽകും. 100 മുതൽ 200 വരെയുള്ള കാരവനുകൾക്ക് അഞ്ച് ലക്ഷം രൂപ വീതം അല്ലെങ്കിൽ 10 ശതമാനവും 200 മുതൽ 300 വരെയുള്ള കാരവനുകൾക്ക് 2.5 ലക്ഷം രൂപ വീതം അല്ലെങ്കിൽ അഞ്ച് ശതമാനം എന്ന നിലക്ക് സബ്സിഡി നൽകും. ഒരാൾക്ക് അല്ലെങ്കിൽ ഒരു സ്ഥാപനത്തിന് / ഗ്രൂപ്പിന് പരമാവധി അഞ്ച് കാരവനുകൾ വാങ്ങാൻ മാത്രമേ സഹായം ലഭിക്കൂ.
കാരവനുകളുടെയും പാർക്കുകളുടെയും വളർച്ച ലക്ഷ്യമിട്ടുകൊണ്ട് കെ.എസ്.ഐ.ഡി.സിയിൽനിന്ന് വായ്പ ലഭ്യമാക്കും. ഒരു കാരവന് 50 ലക്ഷം രൂപ മുതൽ ഒരു കോടി വരെ എന്ന കണക്കിൽ പരമാവധി അഞ്ച് കോടി വരെ വായ്പ നൽകും. ഒരുവർഷത്തെ മൊറട്ടോറിയത്തോടെ 8.75 ശതമാനം എന്ന പലിശനിരക്കിലാണ് വായ്പ നൽകുക. റിസോര്‍ട്ട് ഉടമകൾക്കും ടൂർ ഒപറേറ്റര്‍മാർക്കും വിദേശത്തു നിന്നും മടങ്ങിവരുന്നവർക്കും ഫ്ളീറ്റ് ഓണർക്കും ഇതിനായി അപേക്ഷിക്കാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.