മുംബൈ വരെ പോകേണ്ട; ഈ മ്യൂസിയത്തിലെ കാഴ്ചകൾ ഇനി നിങ്ങളുടെ വിരൽത്തുമ്പിലെത്തും
text_fieldsലോക്ഡൗൺ കാരണം വീണ്ടും വാതിലുകൾ അടച്ചുപൂട്ടിയതോടെ ഒാൺലൈനായി സന്ദർശിക്കാൻ അവസരമൊരുക്കി ഇന്ത്യയിലെ പ്രമുഖ മ്യൂസിയം. മുംബൈയിലെ ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയയിലെ കാഴ്ചകളാണ് ഇനി നിങ്ങളുടെ വീട്ടിലിരുന്ന് അനുഭവിക്കാനാവുക.
കോവിഡിനെ തുടർന്ന് 11 മാസങ്ങൾക്ക് ശേഷം ഇൗ പൗരാണിക മ്യൂസിയം ഫെബ്രുവരി 16ന് സന്ദർശകർക്കായി വീണ്ടും തുറന്നിരുന്നു. എന്നാൽ, മഹാമാരിയുടെ വ്യാപനം വർധിച്ചതോടെ അടച്ചിടാൻ നിർബന്ധിതരായി. ഇതോടെയാണ് എല്ലാ ബുധനാഴ്ചകളിലും വെർച്വലായി സന്ദർശിക്കാനുള്ള അവസരം ഒരുക്കുന്നത്. https://www.csmvs.in/ എന്ന വെബ്സൈറ്റ് വഴിയാണ് സന്ദർശിക്കാൻ സാധിക്കുക.
സിന്ധു നദീതട സംസ്കാരത്തിെൻറ ഭാഗമായ കരകൗശല വസ്തുക്കൾ, വിവിധ കാലഘട്ടങ്ങളിൽ നിന്നുള്ള ശിൽപങ്ങൾ, ഇന്ത്യൻ മിനിയേച്ചർ പെയിൻറിങ്ങുകൾ, യൂറോപ്യൻ പെയിൻറിങ്ങുകൾ, ചൈനയിൽ നിന്നും ജപ്പാനിൽ നിന്നുമുള്ള പാത്രങ്ങൾ, ആനക്കൊമ്പുകൾ, നാണയങ്ങൾ, ആയുധങ്ങൾ എന്നിവ അടങ്ങിയ 50,000ഓളം വസ്തുക്കൾ ഇവിടെയുണ്ട്. മൂന്ന് നിലകളുള്ള പ്രധാന കെട്ടിടത്തിലും കിഴക്ക് ഭാഗത്തെ മറ്റൊരു കെട്ടിടത്തിലുമായാണ് ഇവ സൂക്ഷിച്ചിരിക്കുന്നത്.
ഇന്ത്യൻ ആഭരണങ്ങൾ, ആയുധങ്ങൾ, കവചങ്ങൾ, പുരാതന വസ്ത്രങ്ങൾ, തുണിത്തരങ്ങൾ എന്നിവയുടെ വലിയ ശേഖരം തന്നെ ഇവിടെയുണ്ട്. വിവിധ നൂറ്റാണ്ടുകളിൽ നിന്നുള്ള ശിൽപങ്ങൾ, കൈയെഴുത്തുപ്രതികൾ, പെയിൻറിങ്ങുകൾ എന്നിവയുടെ അതിശയകരമായ ശേഖരം ചരിത്രകുതുകികൾക്ക് ഏറെ പ്രയോജനം ചെയ്യും.
ഒരു നൂറ്റാണ്ടിെൻറ പാരമ്പര്യമുള്ള മ്യൂസിയമാണിത്. 1904ൽ മുംബൈയിലെ പൗരപ്രമുഖർ ചേർന്ന് വെയിൽസ് രാജകുമാരെൻറ സന്ദർശനത്തിെൻറ ഓർമാ നിലനിർത്താനായാണ് മ്യൂസിയം നിർമിക്കാൻ തിരുമാനിക്കുന്നത്. 1905 നവംബർ 11ന് വെയിൽസ് രാജകുമാരൻ കെട്ടിടത്തിന് തറക്കല്ലിട്ടു. 'പ്രിൻസ് ഓഫ് വെയിൽസ് മ്യൂസിയം ഓഫ് വെസ്റ്റേൺ ഇന്ത്യ' എന്നായിരുന്നു ഇതിെൻറ ഔദ്യോഗിക നാമം. 1915ൽ കെട്ടിടം പണി പൂർത്തിയായിയെങ്കിലും ഒന്നാം ലോകമഹായുദ്ധകാലത്ത് ഈ കെട്ടിടം ശിശുക്ഷേമകേന്ദ്രമായും സൈനിക ആശുപത്രിയായും ഉപയോഗിക്കപ്പെട്ടു.
1920ലാണ് മ്യൂസിയം കമ്മിറ്റിക്ക് കൈമാറുന്നത്. 1922 ജനുവരി പത്തിന് അന്നത്തെ ബോംബെ ഗവർണറുടെ ഭാര്യ, ലേഡി ലോയ്ഡാണ് മ്യൂസിയം ഉദ്ഘാടനം ചെയ്തത്. 1998ൽ ഇത് ഛത്രപതി ശിവാജി മഹാരാജ് വാസ്തു സംഗ്രഹാലയ എന്ന് പുനർനാമകരണം ചെയ്യപ്പെട്ടു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.