'ഇഷ്ടമുള്ള ഒന്നിനെയും കൂട്ടിലടച്ചു വളര്‍ത്തരുത്... പ്രത്യേകിച്ച് അവളെ'
text_fieldsആയിഷ
'സുന്ദര ദുനിയാവ് വിശാലമായി ചുറ്റും പരന്നു കിടക്കുന്നു... എന്നിട്ടുമെന്തേ നിങ്ങള്‍ പോയിക്കണ്ടില്ല' എന്ന വേദവാക്യം... ഇത്രയൊക്കെ മതിയായിരുന്നു ആയിശക്ക് ഭൂമി ഒരുക്കിവെച്ച സൗന്ദര്യം ഒറ്റക്കും കൂട്ടായും കാണാനും കാണിക്കാനും. ആയിഷയുടെ ജീവിതത്തില്‍ കല്യാണത്തിനുമുമ്പ് യാത്ര ഒരു വിഷയമേ അല്ലായിരുന്നു. ഭര്‍ത്താവിെൻറ നിര്‍ബന്ധത്തിന് വഴങ്ങി ഒരു ഹണിമൂണ്‍ ട്രിപ്. അതുപോലും പോയത് വിവാഹം നടന്ന് ആറുമാസം കഴിഞ്ഞാണ്.
മൂന്ന് പെണ്‍കുട്ടികള്‍ മാത്രമുള്ള വീട്ടില്‍നിന്ന് വിവാഹം ചെയ്ത് കൊണ്ടുവരുമ്പോള്‍തന്നെ ആയിശ സബ്‌നുവിനോട് ഒരു കാര്യം ആവശ്യപ്പെട്ടിരുന്നു. പഠനത്തോടൊപ്പം ജോലിചെയ്തിരുന്ന തനിക്ക് വിവാഹശേഷവും അത്തുടരണം. മാതാപിതാക്കള്‍ക്ക് ഇനിയും താങ്ങാവണം. പ്ലസ് ടു പൂര്‍ത്തിയാക്കിയ ആയിശ വിവാഹ ശേഷം 'അയാട്ട' കോഴ്‌സിന് ചേർന്നു. ആറു മാസത്തെ കോഴ്‌സ് പൂര്‍ത്തിയാക്കിയപ്പോഴേക്കും കുഞ്ഞ് ജീവിതത്തിലേക്ക് വന്നു. മകന്‍ ദാനില്‍ മുഹമ്മദിന് രണ്ടു വയസ്സായ ശേഷം ട്രെയിനിങ് പൂര്‍ത്തിയാക്കി ടിക്കറ്റിങ് ജോലിയില്‍ പ്രവേശിച്ചു. കോഴിക്കോട് അരക്കിണർ സ്വദേശിനിയായ ആയിഷ ഇന്ന് അറിയപ്പെടുന്ന യാത്രാസംഘാടകയാണ്.
യാത്രപ്രാന്തിയുടെ ക്യാമ്പ്
അരങ്ങേറ്റം
ജോലിസ്ഥലത്തേക്ക് ദിവസവും 30 കി.മീ യാത്ര. ബിസിനസ് ടൈം ആയിരുന്നതിനാല്‍ നല്ല തിരക്കും. അങ്ങനെ മൂന്നുവര്‍ഷം തുടര്‍ച്ചയായി ജോലിചെയ്തു. യാത്ര, ഓഫിസ്, വീട് എന്നതിലേക്ക് ചുരുങ്ങിപ്പോയിരുന്നു ജീവിതം. സമ്മർദം കൂടിയപ്പോള്‍ ഭർത്താവാണ് ആയിശയോട് പറഞ്ഞത്, ഒരു ലേഡീസ് ക്യാമ്പിനെക്കുറിച്ച്. വാഗമണിലേക്കുള്ള ആ യാത്രകഴിഞ്ഞ് തിരിച്ചുവരുമ്പോള്‍ ആയിശക്ക് പുതിയ കുറച്ച് കൂട്ടുകാരെ കിട്ടി. കുറേ നാളായി മനസ്സിനെ വരിഞ്ഞുമുറുക്കിയ കെട്ടുകളെല്ലാം പതിയെ ആ യാത്രയിലൂടെ അയഞ്ഞപ്പോള്‍ ഇനി ഇടക്കൊന്ന് യാത്രപോയേ പറ്റൂ എന്ന് തോന്നിത്തുടങ്ങി.
ഉംറ ടിക്കറ്റിങ് മാത്രമായി ഓഫിസ് തുറന്ന് അവിടെ ജോലിക്കാരെയും നിശ്ചയിച്ചതോടെ ഇടക്ക് ഒഴിവുസമയങ്ങള്‍ വീണുകിട്ടി. അതോടെ ചില ഇവൻറുകളില്‍ പങ്കെടുക്കാനായി. അത് യാത്രയുടെ ഗതി എളുപ്പമാക്കി. മൂന്നു നാല് വര്‍ഷം കൊണ്ട് യാത്രാഭ്രാന്ത് വല്ലാതെയങ്ങ് തലയില്‍ കയറുകയായിരുന്നു. അപ്പോഴേക്കും യാത്രയോട് വളരെ പിരിശപ്പെട്ട ആയിശ തനിച്ചും കുടുംബത്തോടൊപ്പവും പോയിപ്പോയി എട്ടു രാജ്യങ്ങളിലും 18 സംസ്ഥാനങ്ങളിലും ചുറ്റിയടിച്ചു. ൈഫ്ലറ്റ് ടിക്കറ്റിങ് മിനിറ്റുകൾ കൊണ്ട് ചെയ്തിരുന്ന പണിയായിരുന്നിട്ടും ഇപ്പോള്‍ അതെല്ലാം പാടെ മറന്നു. കാരണം ചിന്തയില്‍ മുഴുവന്‍ യാത്രയുടെ ചിത്രങ്ങളാണ്.
യാത്ര ജീവിതവുമായി വല്ലാതെ കൂട്ടുകൂടിയപ്പോള്‍ ആയിശക്ക് ചിലര്‍ പരിഹസിച്ചുകൊണ്ടും പ്രശംസിച്ചുകൊണ്ടും ചാര്‍ത്തിക്കൊടുത്ത വിശേഷണമാണ് 'യാത്രപ്രാന്തി'. എന്നാല്‍, ആ വിളി വല്ലാതെ ഇഷ്ടപ്പെട്ടതിനാല് സ്വന്തം പേരായി സ്വീകരിച്ചു. ഇപ്പോള്‍ 'യാത്രാപ്രാന്തത്തി; എത്ര ഇഷ്ടം കൊണ്ടാണെങ്കിലും ഇഷ്ടമുള്ള ഒന്നിനെയും കൂട്ടിലടച്ചു വളര്‍ത്തരുത്... പ്രത്യേകിച്ച് അവളെ...' എന്ന ഇൻസ്റ്റഗ്രാം പേജില്‍ യാത്രാപ്രാന്തിക്ക് നിരവധി ഫോളോവേഴ്‌സ് ഉണ്ട്. കൂടാതെ രണ്ട് വാട്‌സ്ആപ് ഗ്രൂപ്പുകളും.
യാത്രയുടെ നേട്ടങ്ങൾ
യാത്ര ജീവിതവുമായി ഇഴുകിച്ചേര്‍ന്നാല്‍ നേട്ടങ്ങള്‍ ഒരുപാടുണ്ടെന്നാണ് ആയിശയുടെ പറച്ചില്‍. സംസാരിക്കാനും കൂട്ടുകൂടാനും ഒരുപാടാളുകള്‍. ഏതു നാട്ടില്‍ പോയാലും ഇവിടെ ആരെങ്കിലും ഉണ്ടോ എന്ന് ചോദിച്ചു സ്റ്റാറ്റസ് ഇടേണ്ട താമസം, തുരുതുരാ വരുന്ന മറുപടികള്‍. വ്യത്യസ്ത തരത്തിലും രുചിയിലുമുള്ള ഭക്ഷണവൈവിധ്യം...
''ചെറുതും വലുതുമായ എല്ലാ യാത്രകളും നന്നായി ആസ്വദിച്ചിട്ടുണ്ട്. ആദ്യമായി മണാലിയില്‍ പോയി പാരാഗ്ലൈഡിങ് ചെയ്തത് മറക്കില്ല. കുടുംബത്തോടൊപ്പം പോയ ശ്രീലങ്കന്‍ യാത്ര ഒരിക്കലും മറക്കാനാവില്ല. പ്രസിഡൻറ് രാജപക്‌സയുടെ വീട്ടിലായിരുന്നു രാത്രി ഭക്ഷണം. പ്രസിഡൻറിെൻറ പ്രത്യേക വിരുന്നും അത്രയും നിയമപാലകരുടെ അകമ്പടിയില്‍ അവിടെ ചുറ്റിയടിച്ചതും അവിസ്മരണീയ അനുഭവമാണ്.''
നോര്‍ത്ത് ഈസ്റ്റിലേക്കുള്ള ആദ്യയാത്ര അരുണാചല്‍ പ്രദേശിലേക്കായിരുന്നു. യൂറോപ്യന്‍ രാജ്യങ്ങളിലേക്ക് പോവാനിരുന്നപ്പോഴാണ് കോവിഡ് വരുന്നത്. സ്വിറ്റ്‌സര്‍ലന്‍ഡിലേക്ക് ഡിസംബറില്‍ കൂട്ടുകാരോടൊപ്പം പോകാനിരുന്നതായിരുന്നു. അതുപോലെ കശ്മീര്‍, മണാലി, ഗോവ പോലുള്ള സ്ഥലങ്ങളിലേക്ക് ടീമിെൻറ ടിക്കറ്റിങ് വരെ പൂർത്തിയായ അഞ്ചോ എട്ടോ യാത്രകള്‍ ഉണ്ടായിരുന്നു. എല്ലാം കോവിഡ് കാരണം ഒഴിവാക്കേണ്ടി വന്നു.
എന്ന സാധ്യത
''കല്യാണം, പിന്നെയൊരു ഹണിമൂണ്‍. അതുകഴിഞ്ഞാല്‍ പിന്നെ കുടുംബം, കുട്ടികള്‍, ജോലി. ഇതിനിടക്ക് ആഗ്രഹങ്ങളെ മക്കളോ മാതാപിതാക്കളോ സമയമോ ചുറ്റുപാടോ മറ്റെന്തെങ്കിലുമോ വന്ന് മൂടിവെക്കും. അങ്ങനെയുള്ള ഒരുപാട് പേരുണ്ട് നമുക്ക് ചുറ്റും. അത്തരക്കാരില്‍ കൂടുതലും സ്ത്രീകളാണ്. അത്തരക്കാര്‍ക്ക് സുരക്ഷിതമായ, നന്നായി ആസ്വദിക്കാന്‍ പറ്റുന്ന യാത്രകള്‍ വലിയൊരു താങ്ങാണെന്ന് പറയുന്നു അവർ. ഷീ ക്യാമ്പിങ്ങിെൻറ സാധ്യത തെളിയുന്നത് അങ്ങനെയാണ്. പക്ഷേ, യാത്രചെയ്യുന്നതു പോലെയല്ല യാത്രചെയ്യാന്‍ ഇഷ്ടപ്പെടുന്നവരെ യാത്രചെയ്യിക്കുന്നത്. ഗേള്‍സ് ഓണ്‍ലി ട്രിപ്പുകളില്‍ സെക്യൂരിറ്റിക്കു വേണ്ടി കൂടെ ആളുണ്ടാവുമെന്ന് ആദ്യം തന്നെ അതിനായി ഉണ്ടാക്കിയ ഗ്രൂപ്പില്‍ അറിയിക്കും'' - പെണ്‍കൂട്ടത്തെ കൂടെകൂട്ടിയുള്ള യാത്രാ ഒരുക്കത്തെപ്പറ്റി ആയിശ പറഞ്ഞത് ഇങ്ങനെയാണ്.
യാത്രപ്രാന്തിയുടെ ക്യാമ്പ്
ഒരു യാത്ര ആസൂത്രണം ചെയ്താല്‍ യാത്രാപ്രാന്തിയുടെ ഇൻസ്റ്റ പേജിലൂടെയാണ് ആദ്യം തന്നെ അത് അനൗണ്‍സ് ചെയ്യുന്നത്. വാട്‌സ്ആപ്പിലും പബ്ലിഷ് ചെയ്യും. പിന്നെ മുമ്പ് വന്ന ആളുകളില്‍നിന്ന് കേട്ടറിഞ്ഞെത്തുന്നവരാണ് കൂടുതലും. മിക്‌സഡ് ക്യാമ്പുകളും നടത്തുന്നുണ്ട്. ഞങ്ങള്‍ക്ക് അടുപ്പക്കാരുള്ള സ്ഥലങ്ങളിലാണ് ക്യാമ്പ് സംഘടിപ്പിക്കാറുള്ളത്. മണാലിയിലേക്ക് ഇനിയുള്ള യാത്ര ചെന്നാല്‍ 'മണാലിയിലെ ജിന്ന്' ഡോ. ബാബ് സാഗറിനൊപ്പമായിരിക്കും. അദ്ദേഹത്തിെൻറ ആപ്പിള്‍ തോട്ടവും ഫാം ഹൗസും ചുറ്റിക്കറങ്ങാനും അദ്ദേഹത്തോട് സംവദിക്കാനും അവസരമുണ്ടാക്കും. ഓരോ നാട്ടിലെയും സംസ്‌കാരവും ജീവിതശൈലിയും അടുത്തറിയാനാവുന്ന തരത്തില്‍ ഇത്തരം യാത്രകള്‍ ഒരുക്കുന്നതിലാണ് ഇപ്പോഴത്തെ ശ്രദ്ധ.
സുരക്ഷ വേണം
നാച്വറല്‍ ക്യാമ്പുകളില്‍ കൂടുതലും കുട്ടികളാണ് വരുന്നത്. അമ്മമാരും ഉണ്ടാവാറുണ്ട്. എന്നാലും കുട്ടികള്‍ക്കാണ് ടെൻറിലെ താമസം, ട്രക്കിങ്, റിവര്‍ ബാത്ത് പോലുള്ളവയോട് കൂടുതല്‍ ഇഷ്ടം. യാത്രക്ക് മുമ്പുതന്നെ ഒരു വാട്‌സ്ആപ് ഗ്രൂപ്പുണ്ടാക്കി ലൊക്കേഷന്‍ ഫോട്ടോകള്‍ അയച്ചുകൊടുക്കും. ഭക്ഷണം, താമസം, മറ്റ് സന്തോഷങ്ങള്‍, എന്തൊക്കെ കൈയില്‍ വെക്കണം; വെക്കാന്‍ പാടില്ല തുടങ്ങി എല്ലാം ഗ്രൂപ്പില്‍ അറിയിക്കും. ആളുകളെ കൊണ്ടുപോകുന്നതിനു മുമ്പ് സ്ഥലം സന്ദര്‍ശിച്ച് സുരക്ഷ ഉറപ്പുവരുത്തിയതിനുശേഷം മാത്രമേ അപേക്ഷകള്‍ പരിഗണിക്കാറുള്ളൂ. ബന്ധപ്പെടാനുള്ള ഫോണ്‍ നമ്പറുകള്‍ വീട്ടുകാര്‍ക്കും കൈമാറും. ഓരോരുത്തരും ക്യാമ്പ് കഴിഞ്ഞ് വീട്ടിലെത്തിയ ശേഷം മറുപടി വന്നാല്‍ മാത്രമേ ഉത്തരവാദിത്തം പൂര്‍ത്തിയായി എന്നു തോന്നാറുള്ളൂ.
വ്യത്യസ്ത അഭിരുചികളുള്ളവരാണ് ക്യാമ്പിന് എത്തിച്ചേരുന്നത്. പല ഭാഗത്തുനിന്നും വരുന്നവരുണ്ടാകും. കഴിഞ്ഞ യാത്രകളില്‍ ഡോക്ടര്‍മാര്‍, ബാങ്ക് ഉദ്യോഗസ്ഥര്‍, മാധ്യമപ്രവര്‍ത്തകര്‍, എയര്‍ഹോസ്റ്റസുമാര്‍... തുടങ്ങി പല വിഭാഗത്തില്‍ ജോലിചെയ്യുന്നവര്‍ എന്നോടൊപ്പം ഉണ്ടായിരുന്നു. എന്നാല്‍, വരുന്നവരെല്ലാം യാത്ര എന്ന ഒറ്റ വികാരത്തിന് ചുവടുപിടിച്ച് എത്തിയതുകൊണ്ടുതന്നെ വളരെ എളുപ്പമാണ് ഇവരെയെല്ലാം നിയന്ത്രിക്കാന്‍.
അടുത്ത ഒരു മണാലി ട്രിപ്പിലേക്ക് രജിസ്റ്റര്‍ ചെയ്തത് തമിഴ്‌നാട് എന്‍ജിനീയറിങ് കോളജിലെ 42 വിദ്യാര്‍ഥികളാണ്. പലതരത്തിലുള്ള ആളുകളും വരാറുണ്ട്. കഴിഞ്ഞ മണാലി യാത്രയില്‍ കൂടെ കണ്ണൂരില്‍ നിന്നുള്ള പന്ത്രണ്ടോളം റിട്ടയേഡ് അധ്യാപികമാരാണുണ്ടായിരുന്നത്. നല്ല മഞ്ഞുവീഴ്ചയുള്ള സമയത്ത്് അവര്‍ പാരാഗ്ലൈഡിങ്ങും മറ്റും ചെയ്യുന്നത് കണ്ട് അന്ധാളിച്ചുപോയിരുന്നു. ഇവര്‍ അഞ്ചാറു മാസം കൂടുമ്പോള്‍ പ്ലാന്‍ ചെയ്ത് പല ഭാഗത്തേക്കും യാത്ര ചെയ്യുന്നവരാണ്. യാത്രപ്രാന്തിയെപ്പറ്റി കേട്ടറിഞ്ഞ് മണാലിയാത്രയില്‍ ചേര്‍ന്നതായിരുന്നു. ഒരിക്കല്‍ ഗോവയിലേക്കുള്ള ലേഡീസ് ഓണ്‍ലി ട്രിപ്പില്‍ മൂന്നുനാല് റിട്ടയേഡ് ആയ, പ്രായംചെന്ന അമ്മമാര്‍ വന്നിരുന്നു. ഒരു മാതാവ് അവരുടെ ഭിന്നശേഷിയുള്ള മകനെയും കൂട്ടിയായിരുന്നു വന്നത്.
തുടരുന്ന സഞ്ചാരങ്ങൾ
ആദ്യത്തെ യാത്ര പ്രഖ്യാപിച്ചത് വാഗമണിലേക്ക് ആയിരുന്നു. നാലുവര്‍ഷം മുമ്പ് ഒരു മിക്‌സഡ് യാത്ര. ആ യാത്രയിലുണ്ടായിരുന്ന പുരുഷന്മാര്‍ക്ക് സ്വന്തമായി ഒരുപാട് ഗ്രൂപ്പുകളും സംവിധാനങ്ങളും എല്ലാമുണ്ട്; എന്നാല്‍ സ്ത്രീകള്‍ക്ക് അത്തരം സംവിധാനങ്ങള്‍ കുറവല്ലേ എന്ന ചിന്ത വന്നു. അവരുടെ ആഗ്രഹങ്ങള്‍ക്ക് ഒപ്പം നില്‍ക്കുമ്പോഴാണ് കൂടുതല്‍ ഉയരത്തിലെത്താനാവുക എന്ന തോന്നലില്‍നിന്നാണ് അവിടെത്തന്നെ ഒരു ലേഡീസ് ഓണ്‍ലി ക്യാമ്പ് അനൗണ്‍സ് ചെയ്തത്. കശ്മീരില്‍ മൂന്നു പ്രാവശ്യം പോയി. ഓരോ വര്‍ഷവും ടൂലിപ് ഗാര്‍ഡന്‍ തുറക്കുമ്പോഴാണ് പോക്ക്. ഈ വര്‍ഷം ഏപ്രിലില്‍ പോവാനിരുന്നത് കൊറോണ കാരണം മാറ്റിവെക്കേണ്ടി വന്നു. മുംബൈയില്‍ പോയ സമയത്ത് റെഡ് സ്ട്രീറ്റ് കാണണമെന്നുണ്ടായിരുന്നു; അവരുടെ യഥാർഥജീവിതം സിനിമയില്‍ കാണുന്നപോലെ ആണോ എന്നറിയാന്‍. അതിനാല്‍ ഒരു ടാക്‌സി എടുത്ത് സ്ട്രീറ്റ് മൊത്തം കറങ്ങിക്കണ്ടു.
യാത്രപ്രാന്തിയുടെ ക്യാമ്പ്
ഓരോ നാട്ടില്‍ ചെല്ലുമ്പോഴും അവിടത്തെ പ്രധാന ടൂറിസ്റ്റ് പ്രദേശങ്ങള്‍ സന്ദര്‍ശിക്കുന്നത് മാത്രമാക്കാതെ അവരിലേക്ക് ഇറങ്ങിച്ചെല്ലാന്‍ ശ്രമിക്കാറുണ്ട്. സിംഗപ്പൂരില്‍ പോയ സമയത്ത് അവിടത്തെ ഒരു കല്യാണത്തിന് പങ്കെടുത്തു. അവരണിഞ്ഞ പോലെ വസ്ത്രങ്ങള്‍ ഞങ്ങളും അണിഞ്ഞു. അവരുടെ ആചാരങ്ങളോടൊപ്പം കൂടി. അവര്‍ക്കിടയില്‍ താമസിച്ച് അവരുടെ നാടന്‍ ഭക്ഷണം കഴിച്ചു. അതോടെ അവരെ അടുത്തറിയാനായി.
ഇതുപോലെ ഓരോ നാട്ടിലും അവിടത്തുകാരോടൊപ്പം സമയം ചെലവഴിച്ച് അവരുടെ സിനിമകള്‍ കണ്ട്, അവരോട് സംസാരിച്ച്, അവരുടെ ഭക്ഷണം കഴിച്ച്, കൂടെ നില്‍ക്കുമ്പോള്‍ ഉള്ള ഒരു രസം യാത്രയില്‍ ഒന്നു വേറെതന്നെയാണ്. മക്കയും മദീനയും അതുപോലെ താജ്മഹലും ആദ്യമായി കണ്ടപ്പോള്‍ സന്തോഷം കൊണ്ട് കണ്ണ് നിറഞ്ഞിരുന്നു.

Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.