അതിശൈത്യം, കൊടുംചൂട്, കനത്ത മഴ; അനുഭവിച്ചറിയാം ഇന്ത്യയിലെ അസാധാരണ സ്ഥലങ്ങൾ
text_fieldsവൈവിധ്യങ്ങൾ നിറഞ്ഞ നാടാണ് ഇന്ത്യ. ജാതി, മതം, സംസ്കാരം, ഭാഷ, ഭക്ഷണ രീതികൾ എന്നിവയിൽ മാത്രമല്ല, ഒാരോ നാടിൻെറയും ഭൂപ്രകൃതിയിൽ വരെ വൈവിധ്യങ്ങൾ നിറഞ്ഞിരിക്കുന്നു. മഴയും ചൂടും മഞ്ഞുമെല്ലാം ഈ നാടുകളെ വ്യത്യസ്തമാക്കുന്നു.
രാജ്യത്തിൻെറ മിക്ക ഭാഗങ്ങളും ശരാശരി താപനിലയെക്കാൾ മുകളിലോ താഴെയോ രേഖപ്പെടുത്തുന്നുണ്ടെങ്കിലും, ചിലയിടങ്ങളിൽ ഇതിൻെറ തീവ്രമായ അനുഭവം നമുക്ക് ലഭിക്കും. ഇത്തരത്തിൽ ലോകത്ത് തന്നെ റെക്കോർഡുകളിൽ ഇടംപിടിച്ച് സ്ഥലങ്ങൾ ഇന്ത്യയിലുണ്ട്. അവയിൽ ചിലത് ഇവിടെ പരിചയപ്പെടാം.
മൗസിൻറാം
മേഘാലയയിലെ ഈസ്റ്റ് ഖാസി ഹിൽസ് ജില്ലയിലാണ് മൗസിൻറാം സ്ഥിതി ചെയ്യുന്നത്. ലോകത്തിലെ തന്നെ ഏറ്റവും ഈർപ്പമുള്ള സ്ഥലമെന്ന റെക്കോർഡ് ഈ ഗ്രാമത്തിനാണ്. ശരാശരി 11,872 മില്ലിമീറ്റർ മഴയാണ് ഇവിടെ ലഭിക്കാറ്. ഗിന്നസ് ബുക്ക് ഓഫ് വേൾഡ് റെക്കോർഡ് അനുസരിച്ച് ഈ സ്ഥലത്ത് 1985ൽ 26,000 മില്ലിമീറ്റർ മഴ രേഖപ്പെടുത്തി.
മേഘാലയ സന്ദർശിക്കുേമ്പാൾ ഒരിക്കലും ഒഴിവാക്കാൻ പാടില്ലാത്ത സ്ഥലമാണിത്. തലസ്ഥാനമായ ഷില്ലോങിൽനിന്ന് 60 കിലോമീറ്റർ അകലെ ബംഗ്ലാദേശ് അതിർത്തിക്ക് അടുത്തായിട്ടാണ് ഈ പ്രദേശം.
ഫലോഡി
ഇന്ത്യയിലെ ഏറ്റവും ചൂടേറിയ സ്ഥലമാണ് ഫലോഡി. ഇവിടെ താപനില 51 ഡിഗ്രി സെൽഷ്യസ് വരെ ഉയരും. താർ മരുഭൂമിയിലെ ബഫർ സോണിലാണ് ഈ പ്രദേശം. താപനില ഉയരാനുള്ള കാരണവും ഇത് തന്നെ.
ഉയർന്ന താപനിലയാണെങ്കിലും നിരവധി പേർ ഇവിടെ അധിവസിക്കുന്നുണ്ട്. കൂടാതെ ധാരാളം സഞ്ചാരികളാണ് ഇവിടേക്ക് എത്താറ്. ജയ്പുരിൽനിന്ന് 400 കിലോമീറ്റർ അകലെ, പൊഖ്റാന് സമീപമാണ് ഫലോഡി.
ദ്രാസ്
കാർഗിലിനും സോജിലാ പാസിനും ഇടയിലാണ് ഈ മനോഹരമായ പട്ടണം സ്ഥിതി ചെയ്യുന്നത്. ജനങ്ങൾ താമസിക്കുന്ന ലോകത്തിലെ രണ്ടാമത്തെ തണുപ്പേറിയ നാടാണിത്. ലഡാക്കിലേക്കുള്ള വാതിൽ എന്നാണ് ഇത് അറിയപ്പെടുന്നത്. സമുദ്രനിരപ്പിൽ 10,800 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടെ ശരാശരി താപനില -23 ഡിഗ്രി സെൽഷ്യസാണ്.
വിനോദസഞ്ചാരികൾക്ക് സന്ദർശിക്കാൻ കഴിയുന്ന ഇന്ത്യയിലെ ഏറ്റവും തണുപ്പുള്ള സ്ഥലമാണിത്. ശൈത്യകാലത്ത് താപനില -45 ഡിഗ്രി സെൽഷ്യസ് വരെ എത്താറുണ്ട്. 1995 ജനുവരിയിൽ -60 ഡിഗ്രി സെൽഷ്യസ് വരെ താപനില കുറഞ്ഞു. സർവകാല റെക്കോർഡാണിത്.
കുട്ടനാട്
കേരളത്തിൻെറ സ്വന്തം കുട്ടനാട് ആണ് ഇന്ത്യയിലെ ഏറ്റവും താഴ്ന്ന പ്രദേശം. സമുദ്രനിരപ്പിൽനിന്ന് നാല് മുതൽ പത്ത് അടി താഴെയാണ് ഇവിടെ കൃഷി നടത്തുന്നത്. ഇന്ത്യയുടെ നെതർലാൻഡ്സ് എന്നും ഇവിടം അറിയപ്പെടുന്നു. ഇത്രയും താഴ്ന്ന ഭാഗത്ത് കൃഷി നടത്തുന്ന ലോകത്തിലെ ചുരുക്കം സ്ഥലങ്ങളിൽ ഒന്നാണ് കുട്ടനാട്.
ലേഹ്
11,500 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്നു ലേഹ് പട്ടണം ഇന്ത്യയിലെ ഏറ്റവും വരണ്ട സ്ഥലമാണ്. വളരെ കുറഞ്ഞ മഴയാണ് ഇവിടെ ലഭിക്കുന്നത്. ശൈത്യകാലത്ത് ഇവിടെ താപനില മരവിപ്പിക്കുന്ന അവസ്ഥയിലെത്തും.
ലഡാക്കിലെ അതിമനോഹരമായ ഹിമാലയൻ കൊടുമുടികളുടെ താഴ്വാരത്താണ് ഈ പട്ടണം. ഇവിടത്തെ പ്രകൃതി സൗന്ദര്യം ആസ്വദിക്കാൻ വിദൂര പ്രദേശങ്ങളിൽനിന്നുപോലും നിരവധി സഞ്ചാരികളാണ് എത്താറ്. റൈഡർമാരുടെ പ്രിയനാട് കൂടിയാണിവിടം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.