ചൈനീസ് അതിർത്തിയിലെ ഗ്രാമങ്ങൾ സന്ദർശിക്കാൻ ഇതാ അവസരം
text_fieldsരാജ്യാതിർത്തികൾ സന്ദർശിക്കുകയും അവിടങ്ങളിലെ ഗ്രാമങ്ങളിൽ അന്തിയുറങ്ങുകയും ചെയ്യുക എന്നത് പലരുടെയും ആഗ്രഹമായിരിക്കും. അത്തരക്കാർക്ക് ഇതാ ഒരു സന്തോഷ വാർത്ത. ചൈനയുമായി അതിർത്തി പങ്കിടുന്ന ഇന്ത്യയിലെ വിവിധ ഗ്രാമങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ വികസിപ്പിച്ച് സന്ദർശകർക്കായി തുറന്നുകൊടുക്കും.
വൈബ്രന്റ് വില്ലേജ് പദ്ധതിക്ക് കീഴിൽ ചൈനീസ് അതിർത്തിയിലെ ഗ്രാമങ്ങൾ വിനോദസഞ്ചാരികൾക്കായി തുറന്നുകൊടുക്കാനുള്ള പദ്ധതി കേന്ദ്ര സർക്കാർ പ്രഖ്യാപിച്ചു. ഇതുമായി ബന്ധപ്പെട്ട് ആഭ്യന്തര മന്ത്രാലയം വിവിധ സംസ്ഥാനങ്ങളിൽനിന്നുള്ള അതിർത്തി ഗ്രാമങ്ങളിലെ പൊതുജന പ്രതിനിധികളുമായി കൂടിക്കാഴ്ച നടത്തി. ഉത്തരാഖണ്ഡ്, ഹിമാചൽ പ്രദേശ്, സിക്കിം, അരുണാചൽ പ്രദേശ്, കേന്ദ്രഭരണ പ്രദേശമായ ലഡാക്ക് എന്നിവ ഇതിൽ ഉൾപ്പെടും.
പുതുക്കിയ അതിർത്തി പ്രദേശ വികസന പദ്ധതി പ്രകാരം ചൈനയുമായി ഹിമാചൽ പ്രദേശിന്റെ 242 കിലോമീറ്റർ അതിർത്തിയിൽ ഏകദേശം 198 ഗ്രാമങ്ങളുണ്ട്. അവസാനത്തെ അതിർത്തി ഗ്രാമത്തിൽനിന്ന് 10 കിലോമീറ്ററിനുള്ളിൽ സ്ഥിതി ചെയ്യുന്ന ഗ്രാമങ്ങളിലാണ് ആദ്യഘട്ടത്തിൽ പദ്ധതി നടപ്പാക്കുക.
ഇവിടങ്ങളിലെ വികസനത്തിന് ആവശ്യമായ എല്ലാ സൗകര്യങ്ങളും ഒരുക്കും. കൂടാതെ സന്ദർശകരെ സ്വാഗതമേകി കമാനം സ്ഥാപിക്കും. ഇത് അതിർത്തി ഗ്രാമങ്ങളെ തമ്മിൽ ബന്ധപ്പെടുത്താൻ കൂടുതൽ സഹായിക്കും.
ഹിമാചൽ പ്രദേശിലെ ചിത്കുൽ, ചാംഗോ, നംഗിയ എന്നിവ അന്താരാഷ്ട്ര അതിർത്തിയോട് ചേർന്നുള്ള ചില ഗ്രാമങ്ങളാണ്. സംസ്ഥാനത്ത് ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള അന്താരാഷ്ട്ര അതിർത്തിയിൽ ഒമ്പത് ചുരങ്ങളുണ്ട്. ഏഴെണ്ണം കിന്നൗരിലും രണ്ടെണ്ണം ലാഹുൽ സ്പിതിയിലുമാണ്. ഇതെല്ലാം സഞ്ചാരികൾക്ക് അപൂർവ കാഴ്ചയൊരുക്കും.
2022-23 സാമ്പത്തിക വർഷം പദ്ധതിയുടെ പ്രയോജനം ലഭിക്കാൻ വൈബ്രന്റ് വില്ലേജസ് പ്രോഗ്രാമിന് കീഴിൽ അതിർത്തി ഗ്രാമങ്ങളുടെ വികസനത്തിനുള്ള വിശദ പ്രോജക്ട് റിപ്പോർട്ടുകൾ തയാറാക്കി വരികയാണെന്ന് ചീഫ് സെക്രട്ടറി രാം സുഭാഗ് സിങ് പറഞ്ഞു. ബോർഡർ മാനേജ്‌മെന്റ് സെക്രട്ടറിയുമായും കിന്നൗർ, ലാഹുൽ സ്പിതി ജില്ലകളിലെ ഡെപ്യൂട്ടി കമീഷണർമാരുമായും ചർച്ചകൾ നടത്തിയിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
പദ്ധതിക്ക് കീഴിൽ തിരഞ്ഞെടുത്ത ഗ്രാമങ്ങളിൽ വിനോദസഞ്ചാര കേന്ദ്രങ്ങൾ വികസിപ്പിക്കും. റോഡുകൾ നവീകരിക്കും. കൂടാതെ ജനങ്ങൾക്ക് കൂടുതൽ ഉപജീവനമാർഗങ്ങൾ ഒരുക്കാനും പദ്ധതിയുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.