നീലഗിരിയിൽ വീണ്ടും പൈതൃക തീവണ്ടിയുടെ ചൂളംവിളി; ഏറ്റെടുത്ത് സഞ്ചാരികൾ
text_fields112 വർഷങ്ങൾ പഴക്കമുള്ള നീലഗിരി പർവത റെയിൽവേയുടെ തീവണ്ടി വീണ്ടും പുനരാരംഭിച്ചപ്പോൾ ഏറ്റെടുത്ത് സഞ്ചാരികൾ. കോവിഡിനെ തുടർന്ന് ഒമ്പത് മാസങ്ങൾക്ക് ശേഷമാണ് പാസഞ്ചർ ട്രെയിൻ സർവിസ് പുനരാരംഭിക്കുന്നത്.
ആദ്യ നാളുകളിൽ തന്നെ മുഴുവൻ സീറ്റുകളും നിറഞ്ഞു. നേരത്തെ ഡിസംബറിൽ ചാർട്ടർ ചെയ്തവർക്കായി ട്രെയിൻ സർവിസ് നടത്തിയിരുന്നു. ഇത് ഏറെ വിമർശനങ്ങളാണ് വിളിച്ചുവരുത്തിയത്. പവർത ട്രെയിൻ സർവിസ് സ്വകാര്യവത്കരിച്ചുവെന്ന ആക്ഷേപം വരെ ഉയർന്നു. ഇത് നിഷേധിച്ച് അധികൃതർ രംഗത്തെത്തിയതോടെയാണ് സഞ്ചാരികൾക്ക് ആശ്വാസമായത്.
തമിഴ്നാട് സർക്കാർ ഇ-പാസിൽ വരുത്തിയ ഇളവുകളെ തുടർന്ന് നിരവധി പേരാണ് ഊട്ടിയുടെ മനോഹാരിത ആസ്വദിക്കാനായി എത്തുന്നത്. കൂടുതൽ സഞ്ചാരികൾ വരാൻ തുടങ്ങിയതോടെ ട്രെയിൻ സർവിസും പുനരാരംഭിക്കുകയായിരുന്നു.
കോവിഡ് മാനദണ്ഡങ്ങൾ പാലിച്ചാണ് സർവിസ് നടത്തുന്നത്. ഓൺലൈനായിട്ട് റിസർവ് ചെയ്തവർക്ക് മാത്രമാണ് യാത്ര ചെയ്യാനാവുക.
ഏഷ്യയിലെ ഏറ്റവും പുരാതനവും ദൈർഘ്യമേറിയതുമായ മീറ്റർ ഗേജുകളിലൊന്നാണ് നീലഗിരിയിലേത്. മനോഹരമായ താഴ്‌വരകളിലൂടെയും മലനിരകളിലൂടെയുമണ് ഇത് കടന്നുപോകുന്നത്.
യുനസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടതിനാൽ പൈതൃക തീവണ്ടി എന്നും ഇത് അറിയപ്പെടുന്നു. മണിക്കൂറിൽ ശരാശരി 10.4 കിലോമീറ്റർ വേഗതയിലാണ് ഇതിന്‍റെ സഞ്ചാരം. സമുദ്ര നിരപ്പിൽനിന്ന് 330 മീറ്റർ ഉയരത്തിലുള്ള മേട്ടുപ്പാളയത്തുനിന്ന് 46 കിലോമീറ്റർ അകലെ സമുദ്രനിരപ്പിൽനിന്ന് 2200 മീറ്റർ ഉയരത്തിലുള്ള ഊട്ടിയിലേക്കാണ് ട്രെയിൻ സഞ്ചരിക്കുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.