ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് നാളെ 46 വയസ്സ്
text_fieldsചെറുതോണി: ഇടുക്കി ജലവൈദ്യുത പദ്ധതിക്ക് ശനിയാഴ്ച 46 വയസ്സ് തികയുന്നു. ഏഷ്യയിലെ ഏറ്റവും വലിയ ആർച് ഡാമായ ഇടുക്കി 1976 ഫെബ്രുവരി 12ന് രാവിലെ ഒമ്പതിനാണ് അന്നത്തെ പ്രധാനമന്ത്രി ഇന്ദിര ഗാന്ധി രാഷ്ട്രത്തിന് സമർപ്പിച്ചത്. 780 മെഗാവാട്ട് ഉൽപാദനശേഷിയുള്ള ഈ പദ്ധതി ഇന്നും ഊർജ വിസ്മയമായി തുടരുന്നു.
1919ൽ ഇറ്റലിക്കാരനായ ജേക്കബ് എന്ന എൻജിനീയറാണ് ഇടുക്കിയിൽ അണക്കെട്ടിന്റെ സാധ്യത ആദ്യം നിർദേശിച്ചത്. തിരുവിതാംകൂർ സർക്കാർ നിർദേശം തള്ളി. 1922ൽ മലങ്കര എസ്റ്റേറ്റ് സൂപ്രണ്ടായിരുന്ന ഡബ്ല്യു.ജെ. ജോൺ നായാട്ടിന് എത്തിയപ്പോൾ സഹായിയായി കൂടിയ കരുവെള്ളായൻ കൊലുമ്പൻ എന്ന ആദിവാസി മൂപ്പൻ കുറവൻ, കുറത്തി മലകൾക്കിടയിലൂടെ കുതിച്ചൊഴുകുന്ന പെരിയാർ പരിചയപ്പെടുത്തി.
ഇവിടെ അണകെട്ടി വൈദ്യുതി ഉൽപാദിപ്പിക്കാമെന്ന് ജോൺ, സഹോദരനും എൻജിനീയറുമായിരുന്ന പി.ജെ. തോമസിന്റെ സഹായത്തോടെ 1932ൽ തിരുവിതാംകൂർ സർക്കാറിനെ അറിയിച്ചു. തുടർന്ന് ആഞ്ചലോ, ഒമേദയോ, ക്ലാന്തയോ മാസലെ എന്നീ എൻജിനീയർമാർ 1937ൽ ഇടുക്കിയിലെത്തി പഠനം നടത്തി.
1947ൽ തിരുവിതാംകൂർ ഇലക്ട്രിക്കൽ എൻജിനീയറായിരുന്ന ജോസഫ് ജോൺ സമർപ്പിച്ച വിശദ പദ്ധതി റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ഇടുക്കിയിലും ചെറുതോണിയിലും അണകെട്ടി മൂലമറ്റത്ത് വൈദ്യുതി നിലയം സ്ഥാപിക്കാൻ തീരുമാനിച്ചു. 1956ൽ സംസ്ഥാനവും 1957ൽ കേന്ദ്ര ജലവൈദ്യുത കമീഷനും തുടർപഠനം നടത്തി. പദ്ധതിയുടെ രൂപകൽപന 1963ൽ ആസൂത്രണ കമീഷൻ അംഗീകരിച്ചു. 1966ൽ പദ്ധതിക്ക് കാനഡ സഹായം വാഗ്ദാനം ചെയ്തു.
1967ൽ ഇരുരാജ്യവും കരാർ ഒപ്പിട്ടു. ആദ്യം വനം വെട്ടിത്തെളിച്ച് റോഡും പാലങ്ങളും നിർമിച്ചു. വ്യത്യസ്തങ്ങളായ മൂന്ന് അണക്കെട്ടാണ് ഇടുക്കി പദ്ധതിക്കുള്ളത്. ഇടുക്കിയിൽ പെരിയാറിനുകുറുകെയും ചെറുതോണിയിൽ പോഷകനദിയായ ചെറുതോണിയാറിന് കുറുകെയും അണകെട്ടി സംഭരിക്കുന്ന ജലം തുറന്ന ചാനലിലൂടെ കിളിവള്ളിത്തോടുമായി യോജിപ്പിച്ച് കുളമാവിൽ മറ്റൊരു ഡാം കെട്ടി തുരങ്കത്തിലൂടെ മൂലമറ്റത്തെ വൈദ്യുതി നിലയത്തിൽ എത്തിച്ചാണ് ഉൽപാദനം.
ഉയരംകൊണ്ട് ഇന്ത്യയിൽ രണ്ടാമതും ലോകത്ത് 16ാം സ്ഥാനത്തുമാണ് ഇടുക്കി ഡാം. 2000 ദശലക്ഷം ടണ്ണിലേറെ വെള്ളം ശേഖരിക്കാൻ ശേഷിയുണ്ട്. പ്രതിവർഷം 900 കോടിയുടെ വൈദ്യുതി ഉൽപാദിപ്പിക്കുന്നു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.