തേക്കടിയിൽ ‘ജലയാത്ര’യും ഓടിത്തുടങ്ങി
text_fieldsകുമളി: വിനോദസഞ്ചാരികൾക്ക് ആശ്വാസമായി കെ.ടി.ഡി.സിയുടെ ഇരുനില ബോട്ടായ ജലയാത്രയും ഞായാഴ്ച മുതൽ ഓടിത്തുടങ്ങി. തേക്കടിയിലെ ബോട്ടിങ് രംഗത്തെ പ്രതിസന്ധി സംബന്ധിച്ച മാധ്യമം വാർത്തയെ തുടർന്നാണ് അറ്റകുറ്റപ്പണി അടിയന്തരമായി പൂർത്തിയാക്കി ജലയാത്ര സവാരി പുനരാരംഭിച്ചത്. തേക്കടി തടാകതീരത്ത് കെ.ടി.ഡി.സിയുടെ രണ്ട് ഇരുനില ബോട്ടുകൾ അറ്റകുറ്റപ്പണിക്കായി മാറ്റിയിട്ടതുവഴി വലിയ പ്രതിസന്ധിയാണ് രൂപപ്പെട്ടിരുന്നത്. സ്കൂൾ അവധിക്കാലമടുത്തതോടെ സഞ്ചാരികളുടെ തിരക്കേറുന്ന കാലമാണ് ഇനിയുള്ളത്. സഞ്ചാരികൾ എത്തുമ്പോൾ ബോട്ടുകൾ വിശ്രമത്തിലാകുന്നത് തേക്കടി, കുമളി മേഖലയിലെ ടൂറിസം രംഗത്തിന് തന്നെ വലിയ തിരിച്ചടിയായിരുന്നു. ഉന്നത അധികൃതർ ഇടപെട്ടാണ് അറ്റകുറ്റപ്പണി നടത്തുന്നവരെ ദിവസങ്ങൾക്കുള്ളിൽ തേക്കടിയിലെത്തിച്ചത്.
ജലയാത്ര അറ്റകുറ്റപ്പണി പൂർത്തിയാക്കി ഓടിത്തുടങ്ങിയതോടെ കെ.ടി.ഡി.സിയുടെ രണ്ട് ഇരുനില ബോട്ടുകളിലുമായി 240 പേർക്കും വനംവകുപ്പ് ബോട്ടിൽ 60പേർക്കും യാത്ര ചെയ്യാനാവും. ഇതുവഴി ഒരുദിവസം 1500 പേർക്കാണ് തേക്കടിയിൽ ബോട്ട് സവാരിക്ക് അവസരം ലഭിക്കുക. അറ്റകുറ്റപ്പണിക്കായി മൂന്നുവർഷമായി കരയിൽ വിശ്രമിക്കുന്ന ജലരാജ, വനംവകുപ്പിന്റെ ഇരുനില ബോട്ട് എന്നിവകൂടി ഓടിത്തുടങ്ങുന്നതോടെ തേക്കടിയിലെ ബോട്ട് ടിക്കറ്റ് ദൗർലഭ്യം ഒരു പരിധിവരെ ഇല്ലാതാകുമെന്നാണ് ഈ രംഗത്തുള്ളവർ കരുതുന്നത്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.