കൽബ ഹാങിങ് ഗാർഡൻസ്
text_fieldsഅനേകം സുന്ദര കാഴ്ചകളുടെ മണ്ണാണ് ഷാർജ. എമിറേറ്റിന്റെ ഭാഗമായ ഉപ നഗരങ്ങളിലേക്ക് യാത്ര ചെയ്താൽ യു.എ.ഇയുടെ മലയോരക്കാഴ്ചകളും കടൽ കാഴ്ചകളുമൊക്കെയായി കണ്ണിന് വലിയ വിരുന്ന് തന്നെയായിരിക്കും സന്ദർശകന് ലഭിക്കുക. മനോഹരവും ശാന്തസുന്ദരവുമായ അത്തരമൊരു പ്രദേശമാണ് കൽബ.
പച്ചവിരിച്ച വഴിയോരങ്ങളും നീലക്കടലും കൂറ്റൻ പർവത ഭാഗങ്ങളുമെല്ലാം നിറഞ്ഞ വടക്കൻ ഇമാറാത്തിന്റെ അസാധാരണമായ ദൃശ്യാനുഭവം. കൽബയിലേക്ക് എത്തുന്ന സന്ദർശകരെ സ്വീകരിക്കാൻ പുത്തനൊരു കേന്ദ്രം കൂടി ഒരുങ്ങിയിരിക്കുകയാണിപ്പോൾ. ‘ഹാങിങ് ഗാർഡൻസ്’ എന്നുപേരിട്ട ഈ കേന്ദ്രം പച്ചപ്പും പർവ്വതക്കാഴ്ചകളും എല്ലാം സംയോജിപ്പിച്ച സുന്ദര പ്രദേശമാണ്.
16ലക്ഷം ചതുരശ്രഅടി വിസ്തീർണത്യിലാണ് ഈ ഉദ്യാനം ഒരുക്കിയിട്ടുള്ളത്. ഒരു ലക്ഷത്തിലേറെ ചെടികൾ നട്ടുപിടിപ്പിച്ച ഇവിടെ ഹരിതഭംഗി നിറഞ്ഞുനിൽക്കുന്നു. സമുദ്ര നിരപ്പിൽ നിന്ന് 281മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഉദ്യാനം ഷാർജ-കൽബ റോഡിന് സമീപത്തായാണ് നിർമിച്ചിട്ടുള്ളത്. ഷാർജയിൽ നിന്ന് കൽബയിലേക്ക് പോകുമ്പോൾ കൽബ ടണൽ കഴിഞ്ഞ ഉടനെ വലതു ഭാഗത്തായാണ് ഗാർഡൻ കാണാന സാധിക്കുക. പ്രകൃതിയെ സ്നേഹിക്കുന്നവർക്ക് മനസ്സ് നിറയാൽ മാത്രം കാഴ്ചകൾ ഈ തോട്ടത്തിൽ ഒരുക്കിയിട്ടുണ്ട്.
മനോഹരമായ വെള്ളച്ചാട്ടം, പൂക്കൾ നിറഞ്ഞ അന്തരീക്ഷം, മുകളിൽ നിന്ന് താഴേക്ക് നോക്കുമ്പോൾ കൽബ നഗരത്തിന്റെ മനോഹരമായ കാഴ്ച എന്നിവ ആരെയും ആകർഷിക്കുന്നതാണ്. പ്രശാന്തമായ അന്തരീക്ഷം കുടുംബങ്ങൾക്ക് തിരക്കിട്ട ജീവിതത്തിനിടയിൽ ഒരൽപം വിനോദത്തിന് യോജിച്ച കേന്ദ്രമാക്കി ഈ പൂന്തോട്ടത്തെ മാറ്റുന്നു. കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ അനുഭവിക്കാവുന്ന നിരവധി സംവിധാനങ്ങൾ ഇവിടെ ഒരുക്കിയിട്ടുണ്ട്.
പൂന്തോട്ടത്തിൽ 760മീറ്റർ നീളത്തിൽ റണ്ണിങ് ട്രാക്ക് സജ്ജീകരിച്ചിട്ടുണ്ട്. ഇതിലൂടെ വ്യായാമം ചെയ്ത് സമയം ചിലവിടാം. അതോടൊപ്പം വിശ്രമത്തിനും ഭക്ഷണം കഴിക്കാനും സാധിക്കുന്ന രൂപത്തിൽ സെൻട്രൽ റസ്റ്ററന്റും ഒരുക്കിയിട്ടുണ്ട്. ഇവിടെ 215പേർക്ക് ഒരേ സമയം ഇരിക്കാവുന്നതാണ്. കുട്ടികൾക്ക് കളിക്കാനായി പ്രത്യേക ഏരിയ ഇവിടെയുണ്ട്. അതിൽ തന്നെ വിവിധ പ്രായത്തിലുള്ളവർക്കായി മൂന്ന് പ്രത്യേകം പ്രത്യേകം സ്ഥലങ്ങളുമുണ്ട്. റെസ്റ്റ് റൂം, പ്രാർഥനാ ഹാൾ, കഫ്റ്റീയകൾ, റസ്റ്ററൻറുകൾ എന്നിങ്ങനെ വേറെയും സംവിധാനങ്ങളുണ്ട്.
ഗാർഡന്റെ ഭംഗി ആസ്വദിക്കാൻ ട്രെയിൽ സഞ്ചാരത്തിനുള്ള സൗകര്യവും ഇവിടെ ഒരുക്കിയിട്ടുണ്ട്. 820മീറ്റർ നീളത്തിൽ സഞ്ചരിക്കുന്ന ട്രെയിനിലിരുന്നാൽ എല്ലാ കാഴ്ചകളും കാണാം. അതോടൊപ്പം മലകയറ്റിന് തൽപരായവർക്ക് മൂന്ന് ഭാഗങ്ങളിലൂടെ കയറാനുള്ള അവസരവുമുണ്ട്.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.