മഞ്ഞുമലകൾ അതിരുകാക്കുന്ന ആപ്പിൾ ഗ്രാമത്തിലേക്ക് പോകാം
text_fieldsമൂന്നാറിൽ വരുന്നവർ സാധാരണ പോകാൻ സാധ്യതയില്ലാത്ത സുന്ദരഗ്രാമത്തെ പരിചയപ്പെടുത്തുന്ന കുറിപ്പ് വൈറലായി. 'മഞ്ഞുമലകൾ അതിരുകാക്കുന്ന ആപ്പിൾ ഗ്രാമം' എന്ന തലക്കെട്ടിലാണ് മാധ്യമപ്രവർത്തകനും സഞ്ചാരിയുമായ ഹാറൂൺ എസ്.ജി സമൂഹമാധ്യമത്തിൽ കുറിപ്പ് പങ്കുവച്ചത്. കേരളത്തിൽ ആപ്പിൾ വിളയുന്ന കാന്തല്ലൂരെന്ന സുന്ദരഗ്രാമത്തെക്കുറിച്ചാണ് കുറിപ്പ് പ്രതിപാദിക്കുന്നത്.
മൂന്നാറിൽനിന്ന് ഇരവികുളം നാഷനൽ പാർക്കും തേയിലത്തോട്ടങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ചന്ദനക്കാടും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞുനിൽക്കുന്ന മറയൂർവഴി 53 കിലോമീറ്ററാണ് കാന്തല്ലൂർക്കുള്ളത്. ഇൗ വഴിയിലാണ് കരിമ്പിൻ നീര് കാച്ചിക്കുറുക്കി 'മറയൂർ ശർക്കര' നിർമിക്കുന്ന കേന്ദ്രങ്ങളുള്ളത്. കുളിരുകോരുന്ന തണുത്ത കാലാവസ്ഥയും കൃഷിത്തോട്ടങ്ങളും പലനിറത്തിലും മധുരങ്ങളിലുമുള്ള പഴവർഗങ്ങളുമാണ് സഞ്ചാരികളെ കാന്തല്ലൂരിലേക്ക് ആ കർഷിക്കുന്നതെന്ന് കുറിപ്പുകാരൻ പറയുന്നു. കുറിപ്പിെൻറ പൂർണരൂപം താഴെ.
മൂന്നാറിൽ വരുന്നവരൊക്കെ മാട്ടുപ്പെട്ടി ഡാമും ടോപ്സ്റ്റേഷനും വട്ടവടയുമൊക്കെ സന്ദർശിച്ച് മടങ്ങുന്നതല്ലാതെ കേരളത്തിൽ ആപ്പിൾ വിളയുന്ന കാന്തല്ലൂരെന്ന സുന്ദരഗ്രാമത്തെക്കുറിച്ച് അധികം കേട്ടിട്ടുണ്ടാവില്ല. മൂന്നാറിൽനിന്ന് ഇരവികുളം നാഷനൽ പാർക്കും (രാജമല) തേയിലത്തോട്ടങ്ങളും മനോഹരമായ വെള്ളച്ചാട്ടങ്ങളും പിന്നിട്ട് ചന്ദനക്കാടും കരിമ്പിൻ തോട്ടങ്ങളും നിറഞ്ഞുനിൽക്കുന്ന മറയൂർവഴി 53 കിലോമീറ്ററാണ് കാന്തല്ലൂർക്ക്. മറയൂരിലെ ഏക പെട്രോൾ പമ്പിൽനിന്ന് വലത്തോട്ട് തിരിഞ്ഞ് പതിനാല് കിലോമീറ്റർ. ഈ പമ്പ് ചിലപ്പോൾ പണിമുടക്കാറുള്ളതുകൊണ്ട് മൂന്നാറിൽനിന്ന് ഇന്ധനം നിറക്കുന്ന കാര്യം മറക്കരുത്.
പാലക്കാടുനിന്ന് വരുന്നവർക്ക് പൊള്ളാച്ചി-ഉദുമൽപേട്ട്-ചിന്നാർ വഴിയും ഇവിടെ എത്തിച്ചേരാം. മലബാറുകാർക്ക് ഈ വഴിയായിരിക്കും കൂടുതൽ സൗകര്യപ്രദം. മറയൂരിൽനിന്ന് നോക്കെത്താദൂരത്തോളം പരന്നുകിടക്കുന്ന കരിമ്പിൻതോട്ടങ്ങൾക്ക് നടുവിലൂടെയാണ് പിന്നീടുള്ള യാത്ര. ചുറ്റും കോട്ടപോലെ ഉയന്നുനിൽക്കുന്ന മഞ്ഞുമലകളും വെള്ളച്ചാട്ടങ്ങളും പച്ചപ്പുകളും... പോകുംവഴിയാണ് കരിമ്പിൻ നീര് കാച്ചിക്കുറുക്കി 'മറയൂർ ശർക്കര' നിർമിക്കുന്ന കേന്ദ്രങ്ങൾ. ശുദ്ധമായ മറയൂർ ശർക്കര വാങ്ങി വേണം യാത്ര തുടരാൻ.
പത്ത് പത്രണ്ട് വർഷം മുമ്പ് ആദ്യമായി കാന്തല്ലൂരിലെത്തുമ്പോൾ വിരലിലെണ്ണാവുന്ന ഹോംസ്റ്റേകൾ മാത്രമാണുണ്ടായിരുന്നത്. ഇന്ന് പതിനായിരം രൂപക്ക് മുകളിൽ ദിവസ വാടകയുള്ള റിസോട്ടുകളുൾപ്പെടെ നൂറിലധികം ഹോംസ്റ്റേകളുമായി സഞ്ചാരികളെ കാത്തിരിക്കുകയാണ് കാന്തല്ലൂർ. കേരളത്തിൽ സമൃദ്ധമായി ആപ്പിൾ വിളയുന്ന സ്ഥലമായതുകൊണ്ട് കേരളത്തിന്റെ കാശ്മീരെന്ന വിളിപ്പേരുകൂടി ഈ കർഷക ഗ്രാമത്തിനുണ്ട്. മൂന്നാർ പോലെയോ കൊടൈക്കനാൽ പോലെയോ തിരക്കുള്ള ഒരു വിനോദ സഞ്ചാരകേന്ദ്രമാണെന്ന് പ്രതീക്ഷിച്ച് നിങ്ങൾ കാന്തല്ലൂർക്ക് വരരുത്. കുളിരുകോരുന്ന തണുത്ത കാലാവസ്ഥയും കൃഷിത്തോട്ടങ്ങളും പലനിറത്തിലും മധുരങ്ങളിലുമുള്ള പഴവർഗങ്ങളുമാണ് സഞ്ചാരികളെ ഇവിടേക്കാകർഷിക്കുന്നത്.
മത്തുതുള്ളികളിൽ പൊതിഞ്ഞുനിൽക്കുന്ന സ്ട്രോബറിയും ആപ്പിളും ഓറഞ്ചും മൊസംബിയും സീതപ്പഴവും പ്ലംസും തേൻമധുരമുള്ള പാഷൻഫ്രൂട്ടും ഇന്ത്യയിൽ അപൂർവമായി മാത്രം വളരുന്ന ബ്ലാക്ക് ബെറിയും ഉൾപ്പെടെ നിരവധി ഫ്രൂട്ട്സുകളുടെ വിശാലമായ തോട്ടങ്ങളാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. ഷുഗറും കൊളസ്ട്രോളും കുറക്കാൻ മരുന്നിനെപോലെ ഫലംചെയ്യുന്ന, ബ്രിട്ടീഷുകാർ നമുക്ക് സമ്മാനിച്ച മരത്തക്കാളിയും (Tree Tomato) ഇവിടെ ധാരാളമായുണ്ട്. ഇതിന്റ പച്ചക്കായ് മീൻകറിയിലിടാനും ഉപയോഗിക്കാം.
മഞ്ഞുവീഴ്ചയും മഴയും ആടിക്കാറ്റുമൊക്കെ നിരന്തര ശല്യക്കാരാണെങ്കിലും മണ്ണിൽ പൊന്നുവിളയിക്കുന്നവരാണ് ഇവിടുത്തെ കർഷകർ. വരിവരിയായി തട്ടുകളാക്കിത്തിരിച്ചുള്ള കാന്തല്ലൂരിലെ കൃഷിത്തോട്ടങ്ങൾ ആരെയും അതിശയിപ്പിക്കും. കാബേജും വെളുത്തുള്ളിയും ബീൻസും കാരറ്റും ചോളവും വിളയുന്ന പാടങ്ങളാണധികവും. ഇവിടെ വിളയുന്ന വെളുത്തുള്ളിക്ക് ഗുണമേന്മ കൂടുതലാണ്. ചുവപ്പും വെള്ളയും നിറങ്ങൾ ഇടകലർന്നതാണ് ഒറിജിനൽ കാന്തല്ലൂർ വെളുത്തുള്ളി. വാങ്ങുമ്പോൾ നിറത്തിന്റെ കാര്യം ശ്രദ്ധിക്കാൻ മറക്കരുത്.
കാഴ്ചകളുടെയും കോടമഞ്ഞിന്റെയും പഴവർഗങ്ങളുടെയും മായാലോകമാണ് കാന്തല്ലൂർ നിങ്ങൾക്കായി കാത്തുവെച്ചിരിക്കുന്നത്. തിരക്കുകളിൽ നിന്നൊഴിവായി മനസ്സിനെയും ശരീരത്തെയും തണുപ്പിക്കാൻ കാന്തല്ലൂർക്ക് പുറപ്പെട്ടോളൂ...കാന്തല്ലൂർ ആ കടമ നിർവഹിച്ചിരിക്കും; തീർച്ച
NB: ജൂലൈ-ആഗസ്റ്റ് മാസങ്ങളിലാണ് ആപ്പിളിന്റെയും പിയറിന്റെയും സബർജില്ലിയുടെയുമൊക്കെ വിളവെടുപ്പ്. പ്ലംസും പീച്ചും ആപ്രിക്കോട്ടുമൊക്കെ എപ്രിൽ-മെയ് മാസങ്ങളിലും. ബാക്കി ഫ്രൂട്ട്സുകളും പച്ചക്കറികളും വിളയുന്നത് ഡിസംബർ-ജനുവരി മാസങ്ങളിലും. മൈനസ് രണ്ട് വരെ തണുപ്പ് കിട്ടാറുള്ള ഡിസംബർ-ജനുവരി മാസങ്ങൾ തന്നെയാവും കാന്തല്ലൂർ യാത്രക്ക് ഏറ്റവും അനുയോജ്യം. ആ സമയത്ത് ഇവിടെ തലചായ്ക്കണമെങ്കിൽ രണ്ട് കമ്പിളിപ്പുതപ്പിന്റെയെങ്കിലും സഹായം വേണ്ടിവരും.. (മൊബൈൽ റെയ്ഞ്ച് ബി.എസ്.എൻ.എല്ലിനും ജിയോക്കും മാത്രം. കാറ്റത്തോ മഴയത്തോ റെയ്ഞ്ച് കിട്ടാതെ വ ന്നാൽ ഞാൻ ഉത്തരവാദിയല്ല കേട്ടോ
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.