കെ.എസ്.ആർ.ടി.സി മലപ്പുറം-മൂന്നാർ ഉല്ലാസയാത്ര: ഇനി രണ്ട് പകലും രാത്രിയും, ടിക്കറ്റ് നിരക്ക് 1600 രൂപ
text_fieldsമലപ്പുറം: കെ.എസ്.ആർ.ടി.സി വിജയകരമായി നടപ്പാക്കിയ മൂന്നാർ ഉല്ലാസയാത്ര സർവിസിൽ കൂടുതൽ പരിഷ്കാരങ്ങൾ. രണ്ട് രാത്രിയും രണ്ട് പകലും മൂന്നാറിൽ കാഴ്ചകൾ കണ്ട് ചെലവഴിക്കാനുള്ള അവസരമാണ് ഒരുക്കുന്നത്. 1600 രൂപയാണ് ടിക്കറ്റ് നിരക്ക്. നിലവിലെ സർവിസുകളിൽ യാത്ര ചെയ്യുന്നവർക്ക് ഒരു പകലും രാത്രിയുമാണ് മൂന്നാറിൽ കിട്ടുക.
ഇതിന് സൂപ്പർ ഫാസ്റ്റ് ബസ്സിൽ 1000, എ.സി 1500 എന്നിങ്ങനെയാണ് നിരക്ക്. വെള്ളിയാഴ്ചകളിൽ രാത്രി എട്ടിന് പുതിയ സർവിസ് അയക്കാൻ ഏറെക്കുറെ ധാരണയായിട്ടുണ്ട്. രാത്രി വൈകി മൂന്നാറിൽ എത്തും. അടുത്ത രണ്ട് പകലുകളും ഇടക്കുള്ള രാത്രിയും അവിടെ ചെലവഴിക്കും. പ്രത്യേകം ഒരുക്കിയ ബസിലാണ് ഉറക്കം. രണ്ടാമത്തെ പകലും കഴിഞ്ഞ് രാത്രി ഏഴിന് ക്യാമ്പ് ഫയറിനുശേഷം എട്ടിന് തിരിക്കും. പുലർച്ച മലപ്പുറത്തെത്തും.
കെ.എസ്.ആർ.ടി.സി പുതുതായി അവതരിപ്പിക്കുന്ന ബി.എസ് 6 സൂപ്പർ ഫാസ്റ്റ് ബസിലായിരിക്കും യാത്ര. എൻജിനിൽ നിന്നുള്ള മലിനീകരണ വായുവിന്റെ അളവ് നിയന്ത്രിക്കുന്നുവെന്നതാണ് ബി.എസ് 6 ബസിന്റെ പ്രത്യേകത. ടാറ്റാ മോട്ടോഴ്സ് കെ.എസ്.ആർ.ടി.സിക്ക് സൗജന്യമായി നൽകിയ ആദ്യ ബസ് തന്നെ മലപ്പുറം ഡിപ്പോക്ക് ലഭിച്ചു.
ഇത് കഴിഞ്ഞ ബുധനാഴ്ച ഡിപ്പോയിലെത്തി. മെച്ചപ്പെട്ട ഇന്ധനക്ഷമതയും കുറഞ്ഞ പരിപാലനച്ചെലവും വാഗ്ദാനം ചെയ്യുന്നുണ്ട്. മൂന്നാറിലേക്ക് ബുധനാഴ്ചകളിൽ നടത്തുന്ന സാധാരണ ഉല്ലാസയാത്ര സർവിസിനും പുതുതായി അവതരിപ്പിക്കുന്ന രണ്ട് രാത്രിയും രണ്ട് പകലും സർവിസിനും ഈ ബസാണ് അയക്കുകയെന്ന് ജില്ല ട്രാൻസ്പോർട്ട് ഓഫിസർ വി.എം. അബ്ദുന്നാസർ അറിയിച്ചു.
ആദ്യ പകൽ
തേയില ഫാക്ടറി, മ്യൂസിയം, ടോപ് സ്റ്റേഷൻ, കുണ്ടള തടാകം, എക്കോ പോയൻറ്, മാട്ടുപ്പെട്ടി ഡാം, ഫ്ലവർ ഗാർഡൻ.
രണ്ടാം പകൽ
എട്ടാം മൈൽ വ്യൂ പോയൻറ്, വാകുവറായി വ്യൂ പോയൻറ്, ലക്കം വാട്ടർ ഫാൾസ്, ചന്ദന മരക്കാടുകൾ, കരിമ്പിൻ ശർക്കര നിർമാണ ഫാക്ടറി, പെരുമല വ്യൂ പോയൻറ്, കാന്തല്ലൂർ ആപ്പിൾ തോട്ടം.
എട്ടിന് വണ്ടർലയിലേക്ക് ലേഡീസ് ഒൺലി സർവിസ്
വനിതാദിനത്തോടനുബന്ധിച്ച് മാർച്ച് എട്ടിന് കെ.എസ്.ആർ.ടി.സി സ്ത്രീകൾക്ക് മാത്രമായി കൊച്ചി വണ്ടർല അമ്യൂസ്മെൻറ് പാർക്കിലേക്ക് ഏകദിന ഉല്ലാസയാത്ര സർവിസ് നടത്തും. 1350 രൂപയാണ് ടിക്കറ്റ് നിരക്ക്. രാവിലെ അഞ്ചിന് ബസ് പുറപ്പെടും.
10ന് മുമ്പ് വണ്ടർലയിലെത്തും. അവിടെ പ്രവേശന ഫീസിൽ 50 ശതമാനം ഇളവുണ്ടാവും. വൈകുന്നേരത്തെ മടക്കയാത്രയിൽ ലുലു മാളും സന്ദർശിക്കും. രാത്രി 12ഓടെ മലപ്പുറത്ത് തിരിച്ചെത്തും. 48 സീറ്റുകളാണുള്ളത്. ബുക്കിങ് ചൊവ്വാഴ്ച ആരംഭിക്കും.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.