കാരവന്‍ ടൂറിസം പാക്കേജുമായി കെ.ടി.ഡി.സി; റൂട്ട് കുമരകം-വാഗമണ്‍-തേക്കടി, ഒരു രാത്രിക്ക് 3999 രൂപ
text_fieldsതിരുവനന്തപുരം: സംസ്ഥാനത്തെ ആദ്യ കാരവന്‍ ടൂറിസം പാക്കേജിന് കേരള ടൂറിസം ഡെവലപ്മെന്‍റ് കോര്‍പറേഷന്‍ (കെ.ടി.ഡി.സി) തുടക്കമിട്ടു. സംസ്ഥാന കാരവന്‍ ടൂറിസം പദ്ധതിക്ക് ഊര്‍ജമേകുന്ന ആകര്‍ഷകമായ 'കാരവന്‍ ഹോളിഡെയ്സ്' പാക്കേജ് വിനോദസഞ്ചാരികള്‍ക്ക് പ്രകൃതിയോട് ഒത്തിണങ്ങിയ ഏറ്റവും മികച്ച യാത്രാനുഭവമാണ് പ്രദാനം ചെയ്യുന്നത്.
സൗജന്യ പ്രഭാതഭക്ഷണവും പാര്‍ക്കിങ്ങും ലഭ്യമാക്കുന്ന മിതമായ നിരക്കിലുള്ള പാക്കേജാണിത്. ആഡംബര കാരവനുകളില്‍ എല്ലാ സൗകര്യങ്ങളോടും കൂടിയ ഈ പാക്കേജിന് ഒരു സഞ്ചാരിക്ക് 3999 രൂപയും നികുതിയും യാത്രക്കും ഒരു രാത്രിയിലെ താമസത്തിനുമായി നല്‍കണം. ഇതിനുപുറമേ, കിലോമീറ്ററിന് 40 രൂപ ക്രമത്തില്‍ യാത്രാനിരക്ക് നിജപ്പെടുത്തിയിട്ടുണ്ട്. ഒരു കാരവനില്‍ നാലു മുതിര്‍ന്നവര്‍ക്കും രണ്ടു കുട്ടികള്‍ക്കും വരെ യാത്ര ചെയ്യാം.
ആദ്യഘട്ടത്തില്‍ കുമരകം-വാഗമണ്‍-തേക്കടി റൂട്ടാണ് പാക്കേജിന് തെരഞ്ഞെടുത്തിരിക്കുന്നത്. പ്രഭാതത്തില്‍ കുമരകം കായലോരത്തുനിന്നും യാത്ര തുടങ്ങി നൂറ് കിലോമീറ്ററോളം സുന്ദരക്കാഴ്ചകള്‍ ആസ്വദിച്ച് മധ്യകേരളത്തിലൂടെ യാത്രചെയ്ത് ഉച്ചക്ക് വാഗമണില്‍ എത്തും. വാഗമണിലെ കാരവന്‍ മെഡോസില്‍ വിനോദസഞ്ചാരികള്‍ക്ക് സൗജന്യ പാര്‍ക്കിങ്ങിനും തീ കായാനും സൗകര്യമുണ്ട്.
അടുത്ത ദിവസം ഇക്കോടൂറിസം ഹബ്ബായ തേക്കടിയിലേക്ക് തിരിക്കും. അവിടെയുള്ള കെ.ടി.ഡി.സിയുടെ ഹോട്ടലുകളില്‍ താമസിക്കാം. ഒരു ദിവസം തങ്ങിയുള്ള യാത്രയോ മുഴുവന്‍ റൂട്ടിലേക്കുള്ള യാത്രയോ സഞ്ചാരികളുടെ ഇഷ്ടാനുസരണം തെരഞ്ഞെടുക്കാം.
കേരളത്തിലെ വിനോദസഞ്ചാര പ്രവര്‍ത്തനങ്ങള്‍ വീണ്ടും സജീവമായതിനാല്‍ ആകര്‍ഷകമായ ഈ ടൂര്‍പാക്കേജിന് ഏറെ പ്രധാന്യമുണ്ടെന്ന് കെ.ടി.ഡി.സി ചെയര്‍മാന്‍ പി.കെ. ശശി പറഞ്ഞു. ടൂറിസം മേഖലയിലെ പങ്കാളികള്‍ക്ക് കോവിഡ് മഹാമാരിയാലുണ്ടായ മാന്ദ്യത്തില്‍നിന്നും അതിവേഗം കരകയറാന്‍ ഈ പാക്കേജ് സഹായകമാകുമെന്ന് ടൂറിസം ഡയറക്ടര്‍ വി.ആര്‍. കൃഷ്ണതേജ പറഞ്ഞു. അടുത്തിടെ പ്രഖ്യാപിച്ച കാരവന്‍ ടൂറിസം പദ്ധതിയുടെ ഭാഗമായി ആദ്യമായി നടപ്പാക്കുന്ന പാക്കേജാണിതെന്ന് കെ.ടി.ഡി.സി മാനേജിങ് ഡയറക്ടര്‍ വി. വിഘ്നേശ്വരി പറഞ്ഞു.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.