മില്ലേനിയം വീലിലെ ലണ്ടൻ കാഴ് ചകള്‍
text_fieldsബ്രിട്ടീഷ് സമയം ഏഴുമണിക്ക് ഹീത്രോയിലെ സുരക്ഷാപരിശോധനകൾ കഴിഞ്ഞ് പുറത്തിറങ്ങുമ്പോൾ ലണ്ടൻ നഗരത്തിൽ സന്ധ്യാദീപങ്ങൾ തെളിഞ്ഞുതുടങ്ങുന്നേ ഉണ്ടായിരുന്നുള്ളൂ. വാച്ചിലെ സൂചി അഞ്ചരമണിക്കൂർ പിന്നിലേക്ക് തിരിച്ചുവെച്ച്, ഹോട്ടലിലേക്കുള്ള പ്രയാണത്തിനായി ടെർമിനലിനു പുറത്ത് തയാറായിനിന്നു. പുറത്ത് തണുപ്പാണെങ്കിലും ഹോട്ടലിനകത്ത് ഊഷ്മളമായ അന്തരീക്ഷം. ഹീത്രോയിലേക്കുള്ള വ്യോമപാതക്ക് തൊട്ടുതാഴെയാണ് ഹോട്ടൽ 'ഹിൽട്ടൺ ലണ്ടൻ'. വേഗത്തിൽ ഫ്രഷായശേഷം കൂട്ടുകാരായ ജോയിക്കും പ്രമോദിനും ഗിരീഷിനുമൊപ്പം പുറത്തിറങ്ങി.
ലണ്ടൻതെരുവുകളിൽ വലിയ ചരിത്രം ഒളിഞ്ഞുകിടപ്പുണ്ട്. ഏതുകാലത്തെയും അതിജീവിക്കുന്ന സാംസ്കാരികസമ്പന്നതയുണ്ട് ഇവിടെ. യൂറോപ്പിലെ ഏറ്റവും ചെലവേറിയ നഗരംകൂടിയാണ് ലണ്ടൻ. ചോലമരങ്ങൾ അതിരിടുന്ന നടപ്പാതകളിലൂടെ, വശ്യസുന്ദരമായ ഉദ്യാനങ്ങളിലൂടെ, ജനപ്രിയങ്ങളായ നഗരചത്വരങ്ങളിലൂടെ, തെംസിനു കുറുകെ നിർമിച്ച നൂറ്റാണ്ടുകളുടെ ചരിത്രമെഴുതിയ പാലങ്ങളിലൂടെ, വിസ്മൃതിയിലാണ്ടുപോയ പഴയകാലത്തെ കൺമുന്നിൽ പ്രതിഷ്ഠിക്കുന്ന ചിത്രകലാബംഗ്ലാവുകളിലൂടെ സാവധാനം നടന്നുനീങ്ങി. തെംസിന്റെയും ലണ്ടൻ ബ്രിഡ്ജിെന്റയും ചിത്രങ്ങള്‍ പകര്‍ത്താൻ മത്സരിക്കുകയാണ് സഞ്ചാരികള്‍. കഫേകളുടെയും ഹോട്ടലുകളുടെയും നദിക്കഭിമുഖമായി നിരത്തിയിട്ട ഇരിപ്പിടങ്ങളില്‍ ചെന്നിരിക്കാം, ഒരു എസ്പ്രസോയോ കാപ്പുച്ചിനോയോ നുകര്‍ന്ന് നഗരചിത്രങ്ങളില്‍ മുഴുകിയിരിക്കാം.
ചരിത്രഗീതികൾ ഒഴുകുന്ന തെംസ്
നദീതടങ്ങളില്‍ ഉയിര്‍കൊണ്ട സംസ്കാരങ്ങളെപ്പറ്റി പഠിക്കുമ്പോഴാണ് തെംസിനെക്കുറിച്ച് ആദ്യമായറിയുന്നത്. അതില്‍പ്പിന്നെ, അതിന്റെ ഗീതികള്‍ എത്ര കേട്ടു! എത്രയെത്ര ഭാഷകളില്‍, കഥകളില്‍, കവിതകളില്‍ അഴകുള്ള പുഴയായി തെംസ് ഒഴുകി. തെംസിന്റെ വടക്കേക്കരയിലാണ് ലണ്ടന്‍ ടവര്‍. ഇംഗ്ലണ്ടിനുമേലുള്ള നോര്‍മന്‍ അധിനിവേശത്തില്‍ വിജയശ്രീലാളിതനായ വില്യം ഒന്നാമനാണ് ടവറിന്റെ നിർമാണത്തിന് തുടക്കമിട്ടത്. മിഡീവല്‍ കാലത്തെ കോട്ട-കൊട്ടാരങ്ങളുടെ മാതൃകയില്‍, നോര്‍മന്‍ ശിൽപരചനാരീതിയിലാണ് ഇത് പണിതീര്‍ത്തിട്ടുള്ളത്. നഗരത്തെ സംരക്ഷിക്കാനുള്ള കോട്ടയായും തന്റെ അധികാരമുറപ്പിക്കാനായി എതിരാളികളെ തടവിലിടാനുള്ള ജയിലായും പീഡനയറകളായും രാജകുടുംബാംഗങ്ങള്‍ക്ക് താമസിക്കാനുള്ള രാജകൊട്ടാരമായും ഇവിടം വര്‍ത്തിച്ചു. വര്‍ഷത്തില്‍ രണ്ടര മില്യണ്‍ സന്ദര്‍ശകര്‍ കടന്നെത്തുന്ന ഇവിടം യുനെസ്കോയുടെ ലോകപൈതൃകപട്ടികയില്‍ ഇടംപിടിച്ചിട്ടുണ്ട്.
ബക്കിങ്ഹാം കൊട്ടാരം
ബക്കിങ്ഹാം കൊട്ടാരത്തിനു മുന്നിലെത്തുമ്പോള്‍ ഇളംവെയില്‍ പരന്നൊഴുകിത്തുടങ്ങിയിരുന്നു. സഞ്ചാരികള്‍ വന്നണയുന്നതേയുള്ളൂ. രാജ്ഞി കൊട്ടാരത്തിനകത്തില്ലെന്നു വെളിവാകുംവിധം പാലസിനുമുകളില് ബ്രിട്ടന്റെ യൂനിയന്‍ ഫ്ലാഗ് പാറിക്കളിക്കുന്നുണ്ട്. മഹാറാണി അകംപൂകുമ്പോള് മുകളിലുയരുന്നത് മഞ്ഞയും ചുവപ്പും നിറങ്ങളിലുള്ള സവിശേഷമായ പതാകയാവും. നമുക്ക് അകത്തുകടക്കാനുള്ള അനുവാദമില്ലെന്നു സൂചിപ്പിച്ചുകൊണ്ട് മുഖ്യകവാടങ്ങള് രണ്ടും അടഞ്ഞുകിടക്കുകയാണ്.
വെസ്റ്റ്മിന്‍സ്റ്ററിന്റെ ഭാഗമാണ് ബക്കിങ്ഹാം പാലസ്. 400 വര്‍ഷമായി ബ്രിട്ടീഷ് രാജാധിപത്യത്തിന്റെ സ്വത്ത്. എലിസബത്ത് രാജ്ഞിയുടെ ഔദ്യോഗിക വസതിയും ബ്രിട്ടീഷ് രാജകുടുംബത്തിന്റെ ഭരണസിരാകേന്ദ്രവുമാണിവിടം.
വിക്ടോറിയ സ്മാരകം
വിക്ടോറിയ രാജ്ഞിയുടെ സ്മാരകം ബക്കിങ്ഹാം കൊട്ടാരത്തിന്റെ എതിര്‍വശത്താണ്. പതിനെട്ടടി ഉയരമുള്ള പീഠത്തില്‍ ഒരു ഗോളവും ചെങ്കോലുമേന്തുന്ന ശിൽപം. പീഠത്തിന്റെ വശങ്ങളില് സത്യത്തിന്റെയും നീതിയുടെയും മാലാഖമാരുടെ രൂപം കൊത്തിവെച്ചിരിക്കുന്നു. സത്യദേവതയുടെ കൈയില്‍ ഒരു കണ്ണാടിയുണ്ട്; കാല്ക്കീഴില് ഞെരിഞ്ഞമരുന്ന ഒരു സര്‍പ്പവും. സമീപമിരിക്കുന്ന വനിത ഒരു ഹസ്തലിഖിത രേഖയില്‍ നേരിനെത്തേടുന്നു. തൊട്ടപ്പുറത്തുള്ള സുന്ദരശിശു പനയോലക്കൊടികള് പിടിച്ചുനിൽപാണ്. മറുഭാഗത്ത്, ഹെല്‍മറ്റും പടച്ചട്ടയുമണിഞ്ഞ് വാളേന്തി നില്ക്കുന്ന നീതിദേവത തന്റെ പാദത്തിനരികിലുള്ള വിതുമ്പുന്ന കന്യകയെ ആശ്വസിപ്പിക്കുന്നു. നീതിത്തുലാസ്സുമായി ഒരു കുഞ്ഞുണ്ട് അരികില്‍. കൊട്ടാരത്തിന് അഭിമുഖമായുള്ള ശിൽപമാകട്ടെ മാതൃത്വത്തിന്റെതാണ്- മുലയൂട്ടുന്ന ഒരമ്മ. സമീപം രണ്ടു ശിശുക്കള്‍. ദീനദയാലുവായ ഈ മാതാവ് രാഷ്ട്രത്തിന്റെതന്നെ സംരക്ഷകയാവാം.
ഏറ്റവുമുയരെ ഒരു ഗോളത്തിനു മുകളില്‍ ചിറകുവിരിച്ചുനില്ക്കുന്നത് വിജയത്തിന്റെ ദേവതയാണ്. ഒരു കൈ നീണ്ടുനില്ക്കുന്നു. മറുകൈയിൽ നീളമുള്ള പനയോലയും. താഴെ, വശങ്ങളില് ധീരതയുടെയും സ്ഥിരതയുടെയും രൂപങ്ങളാണ്. ധീരദേവത ഹെല്‍മറ്റണിഞ്ഞു കൈയില്‍ ദണ്ഡുമായി നില്ക്കുമ്പോള് സ്ഥിരതയുടെ ദേവത ഒരു കോമ്പസുമായി നിലകൊള്ളുന്നു. രണ്ടുപേരും അണിഞ്ഞ മേലങ്കി ഇളംതെന്നലില്‍ പാറുന്നപോലെയാണ് ചിത്രീകരിച്ചിരിക്കുന്നത്. മുന്നിലും പിന്നിലും ചിറകുവിരിച്ചുനില്ക്കുന്ന കഴുകന്മാരെയും കാണാം- സാമ്രാജ്യത്തിന്റെ അടയാളം. 1901ല്‍ വിക്ടോറിയ രാജ്ഞി മണ്മറഞ്ഞപ്പോഴാണ് മെമ്മോറിയല്‍ ഗാര്‍ഡന്‍സ് ഡിസൈന്‍ ചെയ്യപ്പെടുന്നത്.
വിന്‍സര്‍ കാസിലും ലണ്ടൻ വീലും
ആയിരത്തോളം വര്‍ഷം പഴക്കമുള്ള ആയിരം മുറികളുള്ള വിന്‍സര്‍ കാസിലിലാണ് ഇപ്പോള്‍ രാജ്ഞിയുടെ വാരാന്ത്യവാസം. ബക്കിങ്ഹാം പാലസില്‍ പത്തുവര്‍ഷത്തോളം നീണ്ടുനില്‍ക്കുന്ന നവീകരണജോലികള്‍ തുടങ്ങുമ്പോള്‍ അവര്‍ അങ്ങോട്ട് പൂർണമായും താമസം മാറ്റും.
ലണ്ടന്‍ മഹാനഗരം പുതിയ സംവത്സരത്തിലേക്കു പാദമൂന്നിയതിന്റെ ഓർമക്കായി നിർമിച്ചതാണ് തെംസിന്റെ കരയില്‍ വെസ്റ്റ്മിന്‍സ്റ്റര്‍ പാലത്തിനരികിലുള്ള മില്ലേനിയം വീല്‍ അഥവാ ലണ്ടന്‍ ഐ. പുതിയ മില്ലേനിയത്തില്‍ ലണ്ടന്‍ നഗരത്തിന് പുതിയൊരു ഐക്കണ്‍ രൂപപ്പെടുത്താന്‍ നടത്തിയ മത്സരത്തിലൂടെയാണ് ഇങ്ങനെ ഒരാശയം ഉദയംകൊണ്ടത്. 1999 ഡിസംബര്‍ 31ന് അന്നത്തെ പ്രധാനമന്ത്രി ടോണി ബ്ലെയര്‍ ഉദ്ഘാടനം നിര്‍വഹിച്ച ഈ യന്ത്രയൂഞ്ഞാലില് കയറിയാല്‍ 24 മൈല്‍ ചുറ്റളവിലുള്ള നഗരദൃശ്യങ്ങള്‍ കാണാം.
അഞ്ചുവര്‍ഷം കഴിഞ്ഞ് ഈ വീല്‍ അഴിച്ചുമാറ്റാനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും വർധിച്ച ജനസമ്മതികാരണം നടന്നില്ല. വീലിന്റെ മധ്യഭാഗത്തെ താങ്ങിനിര്‍ത്തുന്ന രണ്ടു പ്രധാന സ്തംഭങ്ങളുണ്ട്. അവ നങ്കൂരമിട്ടിരിക്കുന്നത് നദീതീരത്ത് ഉയര്‍ത്തിക്കെട്ടിയ അതിബൃഹത്തായ തറയിലാണ്. 135 മീറ്ററാണ് മില്ലേനിയം വീലിന്റെ പൊക്കം. ഉയരത്തിന്റെ കാര്യത്തില്‍ 2006 വരെ ഒന്നാംസ്ഥാനത്ത് നിലയുറപ്പിച്ച ലണ്ടന്‍ ഐ, സിംഗപ്പൂരിലെ 165 മീറ്റര്‍ ഉയരമുള്ള ഫ്ലെയറിനു പിന്നിലാണ് ഇപ്പോള്‍.
അഞ്ചു രാജ്യങ്ങളില്‍നിന്നുള്ള നൂറുകണക്കിന് തൊഴിലാളികള്‍ ഏഴുവര്‍ഷം പണിയെടുത്തു പൂര്‍ത്തീകരിച്ച, വാസ്തുവിദ്യാവൈഭവം വെളിവാക്കുന്ന യന്ത്രവീലില് 32 ഗ്ലാസ് കാപ്സ്യൂളുകള്‍ ഉണ്ട്. ഓരോന്നിലും 25 ആളുകള്‍ക്ക് കയറാം. അടച്ചുറപ്പുള്ള ശീതീകരിച്ച കാപ്സ്യൂളുകളിലൊന്നിൽ ഞങ്ങൾ കയറി. ഒരു സെക്കൻഡില്‍ 26 സെന്റിമീറ്ററാണ് കറക്കത്തിന്റെ വേഗം. 30 മിനിറ്റു വേണം ഒരു ചംക്രമണം പൂര്‍ത്തിയാകാന്‍. താഴെനിര്‍ത്തി ആളുകളെ കയറ്റുന്ന പതിവില്ല. വളരെ പതിയെയാണ് ഇതിന്റെ പ്രയാണം. അതിനാല്‍ കേറാനുമിറങ്ങാനും പ്രയാസം ഒട്ടുമില്ല. എങ്കിലും പ്രായമായവര്‍ക്കും ശാരീരിക വെല്ലുവിളികള്‍ നേരിടുന്നവര്‍ക്കും നിര്‍ത്തിക്കൊടുക്കും.
ഈഫല്‍ ടവര്‍ പാരിസിനെന്നപോലെ ലണ്ടന്‍ ഐ ബ്രിട്ടീഷ് തലസ്ഥാനനഗരിക്ക് പുതിയ വിഹായസ്സുകള്‍ സമ്മാനിക്കുന്നുണ്ട്. സീന്‍ നദീതീരത്തെ അഴകേറിയ ആകാശദൃശ്യങ്ങളാണ് ഈഫല്‍ ടവര്‍ നമുക്ക് പകര്ന്നുതരുന്നതെങ്കില് തെംസ് പുഴക്കരയിലെ കാന്തിയേറും കാഴ്ചകളാണ് മില്ലേനിയം വീലിലൂടെ കറങ്ങിത്തിരിയുമ്പോള്‍ നമ്മുടെ മിഴികളില്‍ നിറയുന്നത്. കാഴ്ചകളൊന്നും നമുക്ക് നഷ്ടമാവില്ല. ഏതുദിശയിലും മനോഹര ദൃശ്യങ്ങൾ. നദിയും നാടും നഗരവും എല്ലാം നമുക്കു ചുറ്റും!
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.