Begin typing your search above and press return to search.
proflie-avatar
Login
exit_to_app
exit_to_app
cordelia cruise
cancel
Homechevron_rightTravelchevron_rightExplorechevron_rightമുംബൈയിൽനിന്ന്​...

മുംബൈയിൽനിന്ന്​ കൊച്ചിയിലേക്കൊരു​ ആഡംബര കപ്പൽ യാത്ര; അസുലഭം ആ ദിനങ്ങൾ

text_fields
bookmark_border

ആകാശത്തിന്​ ഓറഞ്ച്​ നിറത്തിൻെറ മേലാപ്പ്​ നൽകി സൂര്യൻ മെല്ലെ ഉയർന്നുവരികയാണ്​. വിശാലമായ നീലക്കടലിൽ ഡോൾഫിനുകൾ ഉയർന്നുചാടി കുതിച്ചുപായുന്നു. കടലമ്മ കനിയുമെന്ന പ്രതീക്ഷയിൽ ചെറുബോട്ടുകൾ മീൻതേടി പോകുന്നുണ്ട്​. വെള്ളത്തിനടിയിലെ മീനുകളെ കൊക്കിലൊതുക്കാൻ ഊഴം കാത്തുനിൽക്കുന്ന കടൽപക്ഷികൾ വട്ടമിട്ട്​ പറക്കുന്നു​.

കൊർഡെലിയ എന്ന ആഡംബര കപ്പലിൻെറ മുകളിലെ ഡെക്കിലാണ്​ ഞങ്ങളിപ്പോൾ നിൽക്കുന്നത്​. ഇതുപോലെയൊരു പ്രഭാതം ജീവിതത്തിൽ ഇന്നുവരെ ഉണ്ടായിട്ടില്ല. അത്രക്ക്​ മനോഹരം. കഴിഞ്ഞദിവസം ​മുംബൈയിൽനിന്ന്​ പുറപ്പെട്ട കപ്പൽ കൊച്ചിയെ ലക്ഷ്യമാക്കി പതിയെ നീങ്ങുകയാണ്​.


രണ്ട്​ രാത്രിയും ഒരു പകലും നീളുന്ന കപ്പൽ യാത്രയിൽ ഭാഗമാകാൻ കൊച്ചിയിൽനിന്നും വിമാനം കയറിയാണ്​ രാജ്യത്തിൻെറ സാമ്പത്തിക തലസ്​ഥാനത്തെത്തിയത്​. ജീവിതത്തിൽ ഇതുവരെ ആഡംബര കപ്പലിൽ യാത്ര ചെയ്യാത്തതുകൊണ്ട്​ അതിൻറെ ആകാംക്ഷ നാട്ടിൽനിന്ന്​ ബാഗുമെടുത്ത്​ വരുേമ്പാൾ തന്നെയുണ്ട്​​.

മുംബൈ എയർപോർട്ടിൽനിന്നും സീ പോർട്ടിലേക്ക്‌ ബസിലാണ് യാത്ര. ഏകദേശം 50ഓളം യാത്രക്കാരുണ്ട് ബസിൽ​. കേരളം കൂടാതെ തമിഴ്നാട്, ആന്ധ്ര പ്രദേശ്​ തുടങ്ങിയ സ്ഥലങ്ങളിൽ നിന്നുള്ള യാത്രക്കാരാണ്​ കൂടെ​.


ഉച്ചക്ക് ഒരു മണിക്ക്‌ സീ പോർട്ടിലെത്തി. അവിടെ സെക്യൂരിറ്റി ചെക്കിങ്​ നടത്തണം. എയർപോർട്ടിലേതിന്​ സമാനമാണ്​ സീ പോർട്ടിലെ സുരക്ഷാ പരിശോധനകൾ. അതെല്ലാം കഴിഞ്ഞ്​ കപ്പലിൻെറ അടുത്തെത്തി. 11 നിലയുള്ള വലിയൊരു ആഡംബര കപ്പൽ. ആ വമ്പൻ കപ്പൽ ഒറ്റനോട്ടത്തിൽ ​തന്നെ ഞങ്ങളുടെ മനം കീഴടക്കി. ആവേശം പരകോടിയായി ഉയരുകയാണ്​.


അമേരിക്കൻ കമ്പനിയായ റോയൽ കരീബിയൻെറ പഴയ ഒരു ക്രൂയിസ്​ കപ്പലാണ് കൊർഡെലിയ​ (cordelia). കപ്പൽ പഴയതാണെങ്കിലും ആഡംബരങ്ങൾ ആധുനികമാണ്​. ഫൈവ്​സ്​റ്റാറിന്​ സമാനമായ എല്ലാ സൗകര്യങ്ങളും ഇതിലുണ്ട്. സ്വിമ്മിങ്​ പൂൾ, ബാറുകൾ, റെസ്റ്റോറൻറ്, ഫിറ്റ്നസ് ഏരിയ, പ്ലേയിങ്​ ഏരിയ, ഷോപ്പിങ് കേന്ദ്രങ്ങൾ, കാസിനോ, തിയറ്ററുകൾ തുടങ്ങിയവയെല്ലാം ഈ ഒഴുകും കൊട്ടാരത്തെ സമ്പന്നമാക്കുന്നു.


794 റൂമുകളുള്ള കപ്പലിൽ 1800 യാത്രക്കാരെ വഹിക്കാൻ കഴിയും. എണ്ണൂറോളം ജീവനക്കാരും ഇതിലുണ്ട്​. കു​ട്ടികൾക്കായുള്ള വലിയ ​േപ്ലയിങ്​ ഏരിയയും ഇതിനെ വ്യത്യസ്​തമാക്കുന്നു. അതുകൊണ്ട്​ തന്നെ കുടുംബവുമായി വരുന്നവരും ടെൻഷനടിക്കേണ്ട. ഇതിനെല്ലാം പുറമെ ലൈവ്​ മ്യൂസിക്​ ഷോ, ക്വിസ്​ ​മത്സരങ്ങൾ, ഗെയിമുകൾ എന്നിവയും യാത്രക്കാർക്കായി ഒരുക്കിയിരിക്കുന്നു​.


മുംബൈയിൽനിന്ന് വൈകീട്ട്​ ആറ്​ മണിയോടെ യാത്ര തുടങ്ങി. റൂമെല്ലാം അതിഗംഭീരവും മനോഹരവുമായിരുന്നു. നടുക്കടലിൽനിന്നുള്ള സൂര്യാസ്​തമയവും സൂര്യോദയവുമെല്ലാം നിറകാഴ്​ചയൊരുക്കി. വിവിധതരം ഭക്ഷണങ്ങൾ രുചിച്ചുനോക്കുകയായിരുന്നു ഞങ്ങളുടെ പ്രധാന പരിപടി. ഏത്രവേണമെങ്കിലും കഴിക്കാനുള്ള സൗകര്യമുണ്ട്​. കപ്പലിലെ മുക്കും മൂലയിലും ഞങ്ങൾ ചെന്നെത്തി. ഒന്നാമത്തെയും രണ്ടാമത്തെയും നിലയിൽ ഒഴികെ ബാക്കി എല്ലാ സ്ഥലങ്ങളിലും നടന്നുകാണാൻ കഴിയും. മുകളിലേക്ക്​ പോകാനും ഇറങ്ങാനും ലിഫ്​റ്റുകളുണ്ട്​.


മുകളിലത്തെ ഡെക്കിൽ മനോഹരമായ കസേരകൾ ഒരുക്കിയിരിക്കുന്നു​. ഇവിടെയിരുന്നു കടൽകാഴ്​ചകൾ ആസ്വാദിക്കാൻ പ്രത്യേക രസം തന്നെയാണ്​. വെയിൽ ഇല്ലാത്തപ്പോഴെല്ലാം ഇവിടെ വന്നിരിക്കും ഞങ്ങൾ. അല്ലാത്ത സമയങ്ങളിൽ സ്വിമ്മിങ്​ പൂളിൽ നീന്തിത്തുടിച്ചും ഗെയിമുകൾ കളിച്ചുമെല്ലാം സമയം ചെലവഴിച്ചു. കപ്പലിലെ ഓരോ ഭാഗങ്ങളും ഞങ്ങളെ അത്​ഭുതപ്പെടുത്തിക്കൊണ്ടിരുന്നു. ഇതിൽ ചെലവഴിക്കുന്ന ഓരോ നിമിഷവും ഞങ്ങൾ മതിമറന്ന്​ ആസ്വദിക്കുകയായിരുന്നു. ഇതിനെല്ലാം പുറമെ മൊബൈൽ ഫോണിന്​ റെയ്​ഞ്ച്​ ഇല്ലാത്തതും സ്വസ്​ഥമായി കാഴ്​ചകൾ ആസ്വദിക്കാൻ സഹായിച്ചു.


യാത്രയിലെ രണ്ടാം പ്രഭാതത്തിൽ കപ്പൽ കൊച്ചിയോടടുത്തു. സ്വന്തം നാട്ടിലേക്കാണ്​ വരുന്നതെങ്കിലും ഇതിൽനിന്ന്​ ഇറങ്ങാൻ മനസ്സനുവദിക്കുന്നില്ല. അത്രക്കും ഈ കപ്പൽ ഞങ്ങളെ പ്രലോഭിപ്പിക്കുന്നുണ്ടായിരുന്നു. കൊച്ചിയിലെ വെല്ലിങ്​ടൺ ഐലൻഡിൽ പുതുതായി നിർമിച്ച ഇൻറർനാഷനൽ ക്രൂയിസ്​ ടെർമിനലിലാണ്​ കപ്പൽ നങ്കൂരമിട്ടത്‌. നല്ലൊരു ശതമാനം യാത്രക്കാർ ഇവിടെയിറങ്ങി.


കോവിഡ്​ വന്നശേഷം കൊച്ചിയിലെത്തുന്ന ആദ്യ ആഡംബര കപ്പലായതിനാൽ തന്നെ കേരള സർക്കാറിൻെറയും ടൂറിസം വകുപ്പിൻെറയും വമ്പൻ സ്വീകരണവും ലഭിച്ചു. കൊച്ചിയിൽനിന്ന്​ ബാക്കി യാത്രക്കാരുമായി രാത്രി കപ്പൽ ലക്ഷദ്വീപിലേക്ക്​ പോകും. ഒരിക്കൽ കൂടി ​യാത്ര ചെയ്യണമെന്ന്​ ഉറപ്പിച്ച്, സെൽറ്റിക്​ ഭാഷയിൽ​ കടലിൻെറ മകളെന്ന്​ അർത്ഥം വരുന്ന 'കൊർഡെലിയ' ആഡംബര കപ്പലിനോട്​ യാത്ര പറഞ്ഞ്​ ഞങ്ങൾ കൊച്ചിയുടെ തിരക്കിലേക്ക്​ നടന്നകന്നു.


20,000 രൂപ മുതൽ പാക്കേജുകൾ

ഇന്ത്യൻ റെയി​ൽവേക്ക്​ കീഴിലെ ഐ.ആർ.സി.ടി.സിയാണ് കൊർഡെലിയ ക്രൂയിസ്​ കപ്പൽ​ സർവിസ്​ ഓപറേറ്റ്​ ചെയ്യുന്നത്​. 20,000 രൂപ മുതലുള്ള പാക്കേജുകൾ ഇതിൽ ലഭ്യമാണ്​. കൊച്ചിയിൽനിന്നും ഈ കപ്പലിൽ കയറാൻ സാധിക്കും. കൊച്ചിയിൽനിന്നുള്ള പാക്കേജ്​ ആരംഭിക്കുന്നത്​ 30,000 രൂപ മുതലാണ്. ഐ.ആർ.സി.ടി.സിയുടെ വെബ്​സൈറ്റ്​ വഴിയും യാത്ര ബുക്ക്​ ചെയ്യാം. നിലവിൽ മാ​സ​ത്തി​ൽ ര​ണ്ടു ക​പ്പ​ലു​ക​ളാണ്​ കൊ​ച്ചി ​വ​ഴി സ​ർ​വി​സ്​ ന​ട​ത്താൻ ഉദ്ദേശിക്കുന്നത്​. ​മുംബൈയിൽനിന്ന്​ ഗോവ വഴിയും സർവിസുണ്ട്​.


ഇതിൽ വൈഫൈ സൗകര്യം ലഭ്യമാണ്​. ഇതിനായി ഒരു ദിവസത്തേക്ക് 20 ഡോളറാണ് ചാർജ്. ഭക്ഷണം സൗജന്യമാണെങ്കിലും മദ്യത്തിന്​ പണം നൽകണം. കൂടാതെ ലക്ഷദ്വീപ്, കൊച്ചി, മുംബൈ, ഗോവ എന്നിവിടങ്ങളിലെ സൈറ്റ്​സീയിങ്ങിനും അധിക തുക നൽകണം. സ്വന്തമായി കറങ്ങാൻ സാധിക്കുന്നവർക്ക്​ അങ്ങനെയുമാവാം.









Show Full Article
Girl in a jacket

Don't miss the exclusive news, Stay updated

Subscribe to our Newsletter

By subscribing you agree to our Terms & Conditions.

Thank You!

Your subscription means a lot to us

Still haven't registered? Click here to Register

TAGS:cordelia cruise
News Summary - Luxury cruise from Mumbai to Kochi
Next Story