മഴയത്ത് ഒരു ഗവി യാത്ര പോയാലോ?
text_fieldsമഴ നമുക്കൊരു വികാരമാണ്, എങ്കിൽ മഴയിൽ ഒരു യാത്ര കൂടി ആയാലോ?. മണ്ണിടിച്ചിലും മരങ്ങളുടെ വീഴ്ചയും മഴക്കാല യാത്രക്ക് പലപ്പോഴും തടസ്സമാകാറുണ്ടെങ്കിലും മൺസൂൺ യാത്ര വിസ്മയം പകരുന്നത് തന്നെയാണ്. മൺസൂൺ കാലത്ത് യാത്രക്ക് തെരഞ്ഞെടുക്കാവുന്ന സ്ഥലമാണ് ഗവി.
‘ഓർഡിനറി’ എന്ന മലയാള സിനിമ റിലീസ് ആയ ശേഷമാണ് ഗവി ടൂറിസം ഭൂപടത്തിൽ കൂടുതൽ ശ്രദ്ധിക്കപ്പെട്ടത്. സിനിമയുമായി ഗവിക്ക് കാര്യമായ ബന്ധമൊന്നും ഇല്ലെങ്കിലും സഞ്ചാരികളുടെ ഹൃദയത്തിൽ ആ പ്രദേശം ഇടംനേടി. ഇന്ന് ഗവിയെ തേടി ഏറ്റവും കൂടുതൽ ആളുകൾ എത്തുന്നത് മലബാറിൽ നിന്നാണ്, പ്രത്യേകിച്ച് മലപ്പുറത്തുനിന്ന്. സിനിമയിൽ പരാമർശിക്കും പോലെ വിശാലമായപ്രദേശമോ ആൾക്കാരോ ഗവിയിൽ യാത്ര അവസാനിപ്പിക്കുന്ന കെ.എസ്.ആർ.ടി.സി ബസോ ഇല്ല.
ഞങ്ങളുടെ യാത്ര പത്തനംതിട്ടയിൽ നിന്നുള്ള കെ.എസ്.ആർ.ടി.സിയിൽ ആയതിനാൽ അന്നത്തെ ഞങ്ങളുടെ ‘ബിജു മോനോനും കുഞ്ചാക്കോ ബോബനും’ ഷാജിയും സാബുവുമായിരുന്നു. പുലർച്ചെ അഞ്ചരക്കും ആറരക്കും ആരംഭിക്കുന്ന രണ്ട് കെ.എസ്.ആർ.ടി.സി ബസുകളാണ് പത്തനംതിട്ടയിൽനിന്ന് ഗവി വഴി കുമളിയിലേക്കുള്ളത്. അഞ്ചരക്ക് ഒരു ബസ് കുമളിയിൽ നിന്നുമുണ്ട്. സമുദ്രനിരപ്പിൽനിന്ന് ഏകദേശം 3,400 അടി ഉയരത്തിൽ സ്ഥിതി ചെയ്യുന്ന ഗവിയിൽ കൊടുംവേനലിൽപ്പോലും വൈകീട്ടായാൽ ചൂട് 10 ഡിഗ്രിയിലേക്ക് എത്തും. പത്തനംതിട്ട ജില്ലയിലെ സീതാതോട് ഗ്രാമപഞ്ചായത്തിന്റെ ഭാഗമായ ഗവിക്കാർക്ക് അവരുടെ പഞ്ചായത്ത് ആസ്ഥാനത്തേക്ക് എത്താൻപോലും 70 കിലോമീറ്ററിലധികം സഞ്ചരിക്കണം എന്നത് നമ്മളിൽ പലർക്കും ആലോചിക്കാൻപോലും കഴിയാത്ത കാര്യമാണ്. പുൽമേടുകളാൽ സമ്പന്നമായ മൊട്ടക്കുന്നുകളാണ് ഗവിയുടെ മറ്റൊരു പ്രത്യേകത.
വനംവകുപ്പിൽ മുൻകൂട്ടി ബുക്ക് ചെയ്യുന്നവർക്ക് ഗവിയിൽനിന്ന് ട്രക്കിങ് ഉണ്ട്. ഇവിടെനിന്ന് നോക്കിയാൽ ശബരിമലയുടെ വിദൂര ദർശനം ലഭിക്കും. അത്യപൂർവങ്ങളായ പുഷ്പങ്ങളും മരങ്ങളും ഇവിടെയെത്തുന്ന പ്രകൃതിസ്നേഹികളെ ആകർഷിക്കാറുണ്ട്. പക്ഷിനിരീക്ഷകർക്കും ഏറ്റവും അനുയോജ്യമായ പ്രദേശമാണ് ഗവി. മലമുഴക്കി വേഴാമ്പൽ മുതലുള്ള അപൂർവയിനം പക്ഷികളുടെയും കടുവ, ആന, പുലി, കരടി തുടങ്ങി വന്യമൃഗങ്ങളുടെയും ആവാസ കേന്ദ്രം കൂടിയാണ് ഈ മേഖല.
ഉൾക്കാടുകളിൽ ചില ഗോത്രവർഗക്കാർ താമസിക്കുന്നുണ്ടെങ്കിലും എൺപതുകളുടെ ആദ്യം ശ്രീലങ്കയിൽനിന്ന് കുടിയിറക്കപ്പെട്ട തമിഴ് വംശജരാണ് ഇവിടെ അധികവും. ഗവി ഇവരുടെ നാടാണെന്നുതന്നെ പറയാം. പതിറ്റാണ്ടുകളായി ഗവി മേഖലയിലുള്ള ശ്രീലങ്കൻ വംശജരായ ഈ തമിഴരുടെ സംരക്ഷണത്തിനാണ് കേരള വനംവികസന കോർപറേഷൻ നിയന്ത്രിത വിനോദ സഞ്ചാരം അനുവദിച്ചിരിക്കുന്നത്. ഇവിടെ നടത്തുന്ന ഏലകൃഷി വലിയ പ്രതിസന്ധി നേരിട്ടപ്പോഴാണ് തൊഴിലാളി സംരക്ഷണത്തിനായി വിനോദസഞ്ചാര രംഗത്തേക്ക് കോർപറേഷൻ ഇറങ്ങിയത്.
കിലോമീറ്ററുകളോളം നീളത്തിൽ കാടിന്റെ ഹൃദയത്തിലൂടെയുള്ള യാത്ര വിനോദ സഞ്ചാരികളിൽ പലർക്കും നവ്യാനുഭവമാകും. കാടിന്റെ നിശ്ശബ്ദതയാസ്വദിച്ച് മറ്റ് ശല്യങ്ങളൊന്നുമില്ലാതെ വന്യമൃഗങ്ങളെ കാണാനായി ട്രക്കിങ്ങിന് പോകാനും വനപാലകരുടെ സുരക്ഷയിൽ കാടിനുള്ളിലെ ടെന്റിൽ താമസിക്കാനും അവസരമുണ്ട്. ഇതിനു പുറമെ ബോട്ടിങ്ങും സാധ്യമാണ്.
ശബരിഗിരി ജലവൈദ്യുത പദ്ധതിയുടെ ഭാഗമായ എട്ടു തടാകങ്ങളിൽ ഒന്നാണ് ഗവിയിലേത്. കേരളത്തിലെ ഏറ്റവും വലിയ രണ്ടാമത്തെ ആർച്ച് ഡാമായ കക്കി ഉൾപ്പെടെ ആറ് ഡാമുകളിലൂടെയുള്ള യാത്ര വിസ്മയം പകരുന്നതാണ്. ഇവയെല്ലാം കെ.എസ്.ഇ.ബിയുടെ നിയന്ത്രണത്തിലുമാണ്.
മനുഷ്യ ഇടപെടലിന്റെ ആധിക്യം മൃഗങ്ങളുടെ ആവാസ വ്യവസ്ഥക്ക് തന്നെ ഭീഷണി സൃഷ്ടിച്ചിരിക്കുന്നതിനാൽ സന്ദർശനാനുമതി നിശ്ചിത എണ്ണം വിനോദ സഞ്ചാരികൾക്ക് മാത്രമായി പരിമിതപ്പെടുത്തിയിരിക്കുന്നു. പത്തനംതിട്ട ആനമൂഴിയിൽനിന്ന് ഒരുദിവസം സഞ്ചാരികളുടെ 30 സ്വകാര്യ വാഹനങ്ങളേ ഗവി വഴി കടത്തിവിടുകയുള്ളൂ. ആനമൂഴി ചെക്പോസ്റ്റ് മുതൽ വള്ളക്കടവ് ചെക്പോസ്റ്റ് വരെയുള്ള ദൂരം നിബിഡവനത്താൽ സമ്പുഷ്ടമാണ്.
ഗവി ടൂറിസത്തിന്റെ സാധ്യതകൾ മനസ്സിലാക്കി കെ.എസ്.ആർ.ടി.സി ടൂറിസം പാക്കേജുകൾ ആരംഭിച്ചിട്ടുണ്ട്. പുറമെ മഴക്കാല ഗവിയുടെ സൗന്ദര്യം ആസ്വദിക്കാൻ കെ.എസ്.ആർ.ടി.സി ബജറ്റ് ടൂറിസം സെൽ വിവിധ പക്കേജുകളും നടത്തിവരുന്നുണ്ട്. കെ.എസ്.ആർ.ടി.സിയുടെ മഴക്കാല യാത്രയുടെ കൂടുതൽ വിവരങ്ങൾക്ക് ജില്ല കോ ഓഡിനേറ്റർ: 9744348037, പത്തനംതിട്ട ഡിപ്പോ കോ ഓഡിനേറ്റർ: 9495752710, 9995332599, പത്തനംതിട്ട ഡിപ്പോ: 0468 2222366 എന്നിവരുമായി ബന്ധപ്പെടാം.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.