തണുപ്പിൽ മുങ്ങി മൂന്നാർ; ബുധനാഴ്ച രേഖപ്പെടുത്തിയത് കേരളത്തിലെ കുറഞ്ഞ താപനില
text_fieldsമൂന്നാർ: ക്രിസ്മസും പുതുവത്സരവും അടുത്തതോടെ തണുപ്പിൽ മുങ്ങി മൂന്നാർ. സംസ്ഥാനത്തെ ഏറ്റവും കടുത്ത തണുപ്പാണ് കഴിഞ്ഞ ദിവസം മൂന്നാറിൽ അനുഭവപ്പെട്ടത്. ഡിസംബർ, ജനുവരി മാസങ്ങളിലാണ് മൂന്നാറിൽ ഏറ്റവും കൂടുതൽ തണുപ്പ് അനുഭവപ്പെടുന്നത്. ഈ സമയമാണ് മൂന്നാർ സന്ദർശകരെക്കൊണ്ട് നിറയുന്നതും. ഈ സീസണിൽ ഏറ്റവും കൂടുതൽ തണുപ്പ് ബുധനാഴ്ചയാണ്. 5.5 ഡിഗ്രി ആയിരുന്നു താപനില. കേരളത്തിലെ തന്നെ ഏറ്റവും കുറഞ്ഞ താപനിലയാണ് മൂന്നാറിൽ രേഖപ്പെടുത്തിയത്.
ഈ മാസം തുടക്കം മുതൽ മൂന്നാറിൽ തണുപ്പ് ആരംഭിച്ചിരുന്നു. ഇതോടെയാണ് തളർന്നുകിടന്ന വിനോദസഞ്ചാര മേഖലയിൽ ഉണർവ് ഉണ്ടായത്. മീശപ്പുലിമല, രാജമല, സൈലൻറ് വാലി എന്നിവിടങ്ങളിൽ തണുപ്പ് വർധിച്ചതോടെ സന്ദർശകരുടെ എണ്ണത്തിലും വർധനയുണ്ടായി.
സംസ്ഥാനത്തിന് അകത്തുള്ള സഞ്ചാരികളാണ് കഴിഞ്ഞ കുറേ ദിവസങ്ങളായി ഇവിടെ എത്തുന്നത്. ഇതിൽതന്നെ ഹിൽ സ്റ്റേഷനുകളായ കൊളുക്കുമലയും മീശപ്പുലിമലയും കാണാൻ യുവാക്കളുടെ സംഘങ്ങളും എത്തുന്നുണ്ട്.
കാർഷിക ഗ്രാമങ്ങളായ വട്ടവടയും കാന്തല്ലൂരും കാണാൻ എത്തുന്നവരുടെ എണ്ണത്തിലും വൻ വർധനയാണ്. ഹൈഡൽ ടൂറിസം വകുപ്പിനു കീഴിലുള്ള മാട്ടുപ്പെട്ടി, കുണ്ടള ജലാശയങ്ങളിൽ കഴിഞ്ഞ ദിവസങ്ങളിൽ തിരക്ക് വർധിച്ചു.
വരയാടുകളുടെ കേന്ദ്രമായ രാജമലയിലും സന്ദർശകർ എത്തിയത് വിനോദസഞ്ചാര മേഖലക്ക് ഉണർവായി. പുതുവർഷത്തിൽ പുറത്തുനിന്നുള്ള കൂടുതൽ വിനോദസഞ്ചാരികൾ എത്തുമെന്ന പ്രതീക്ഷയിലാണ് ടൂർ ഓപറേറ്റർമാർ.
Don't miss the exclusive news, Stay updated
Subscribe to our Newsletter
By subscribing you agree to our Terms & Conditions.